ഇക്വഡോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ‌ഡോക്രൈനോളജിയിൽ നിന്നുള്ള ഹോർമോൺ വിദഗ്ധനായ ഡോ. ജെയിം ഗുവേര-അഗ്യൂറെയും, സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഡോ. വാൾട്ടർ ലോംഗോയും കഴിഞ്ഞ കുറച്ച് പതിറ്റാണ്ടായി ഈ ലാരൺ ഗ്രൂപ്പിനെക്കുറിച്ച് പഠിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാൻസർ കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആളുകളിൽ ഭീതിജനിപ്പിച്ച് ഈ രോഗം വളരെ വേഗത്തിലാണ് വർദ്ധിക്കുന്നത്. നമ്മുടെ രാജ്യം മാത്രമല്ല, ലോകം മുഴുവനും ഇതിനെതിരെ പൊരുതുകയാണ്. എന്നാൽ കാൻസർ ഇതുവരെ ബാധിക്കാത്ത ഒരു സമൂഹമുണ്ട് ഇക്വഡോറിലെ വിദൂര ഗ്രാമങ്ങളിൽ. കാൻസർ മാത്രമല്ല, പ്രമേഹവും അവിടത്തെ ആളുകളെ ബാധിക്കുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നുവെന്നത് വൈദ്യശാസ്ത്രത്തെ ഇന്നും കുഴപ്പിക്കുന്നു.

ഇന്ന് അവിടെ ആകെ അവശേഷിക്കുന്നത് നൂറോളം പേരാണ്. എന്നാൽ അവരെല്ലാം ലാരോൺ സിൻഡ്രോം എന്ന അവിശ്വസനീയമായ ജനിതക വൈകല്യത്താൽ കഷ്ടപ്പെടുന്നവരാണ്. ഈ വൈകല്യമുള്ളവർക്ക് 4 അടിയിൽ കൂടുതൽ ഉയരമുണ്ടാവില്ല. അവർക്ക് വളർച്ചാ ഹോർമോൺ ഉണ്ടെങ്കിലും, ശരീരത്തിന് അത് ഉപയോഗിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. അതേസമയം ഈ വൈകല്യമുള്ളവർക്ക് ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങിയവ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യുന്നത് മൂലമാണ് അവർക്ക് ലാരോൺ സിൻഡ്രോം വരുന്നതെന്നാണ് അനുമാനിക്കുന്നത്. എന്നാൽ, അതോടൊപ്പം അവർ ജീവിതശൈലി രോഗങ്ങളിൽ നിന്ന് പൂർണ്ണമായും പ്രതിരോധശേഷിയുള്ളവരായും കാണുന്നു. 

സാധാരണ മനുഷ്യരിൽ, ഹോർമോൺ വർദ്ധനവ് ചെറുപ്രായത്തിൽ തന്നെ സ്തന, പ്രോസ്റ്റേറ്റ് അല്ലെങ്കിൽ ബൗവൽ കാൻസർ എന്നിവ ഉണ്ടാകാൻ കാരണമാകുമെന്ന് ഡിസ്കവറി മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ കോശങ്ങൾ ഐ‌ജി‌എഫ്-1 ഉൽ‌പാദിപ്പിക്കുന്നില്ല. ഐ‌ജി‌എഫ് -1 ഇല്ലാത്തതുകൊണ്ട് അവർക്ക് ഡി.എൻ.എ. തകരാറ് സംഭവിക്കുന്നത് കുറയുകയും, ഇത് കാൻസർ പോലുള്ള രോഗങ്ങൾ വരാതെ കാക്കുകയും ചെയ്യുന്നു എന്നും ഗവേഷകർ കണ്ടെത്തി.

ഇക്വഡോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ‌ഡോക്രൈനോളജിയിൽ നിന്നുള്ള ഹോർമോൺ വിദഗ്ധനായ ഡോ. ജെയിം ഗുവേര-അഗ്യൂറെയും, സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഡോ. വാൾട്ടർ ലോംഗോയും കഴിഞ്ഞ കുറച്ച് പതിറ്റാണ്ടായി ഈ ലാരൺ ഗ്രൂപ്പിനെക്കുറിച്ച് പഠിക്കുന്നു. ലാരോൺ രോഗികൾ അമിതമായി ഭക്ഷണം കഴിക്കുകയും, അമിതവണ്ണവും മൂലം കഷ്ടപ്പെടുന്നവരുമാണ്. എന്നിട്ടും പക്ഷേ പ്രമേഹത്തെ അവർ ഭയക്കുന്നില്ല. ലാറോൺ രോഗികൾ ഒരു ശരാശരി വലുപ്പമുള്ള വ്യക്തിയേക്കാൾ കൂടുതൽ കാലം ജീവിക്കുന്നതായും ഗവേഷകർ കണ്ടെത്തി. അപകടമരണമാണ് കൂടുതലും. കാരണം അവരുടെ ഉയരക്കുറവ് തന്നെ. ഇത് കൂടാതെ ചിലർ അപസ്മാരം പോലുള്ള തകരാറുകളും നേരിടുന്നു.

ലാരോൺ സിൻഡ്രോം ഉള്ളവരിൽ ഈ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ജൈവശാസ്ത്രപരമായ പാത നമുക്ക് മനസിലാക്കാൻ സാധിച്ചാൽ, സാധാരണ മനുഷ്യരിലും അത് പുനഃസൃഷ്‌ടിക്കാൻ സാധിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അങ്ങനെ ചെയ്താൽ, പ്രമേഹം, ക്യാൻസർ എന്നിവയാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞേക്കും. കൂടാതെ അൽഷിമേഴ്സ്, മറ്റ് അസുഖങ്ങൾ എന്നിവയും തടയാം. ഇത് ആളുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, കൂടുതൽ വർഷം ആരോഗ്യത്തോടെ ഇരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.