കോവിഡ് രോഗവും ലോക്ക്ഡൗണും അന്തരീക്ഷാവസ്ഥകളെ മാറ്റിമറിക്കുമ്പോഴും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് റെക്കോര്‍ഡ് നിരക്കില്‍ വര്‍ദ്ധിക്കുന്നു. 2020 മെയ് മാസത്തില്‍ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സൈഡ് നിരക്ക് ദശലക്ഷത്തില്‍ 417.1 ഭാഗങ്ങളായി ഉയര്‍ന്നതായി മൗനലോവ ഒബ്‌സര്‍വേറ്ററിയാണ് രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ അളവാണ് ഇതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യാനോഗ്രഫിയിലെയും നോവയിലെയും (NOAA) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 1958 മുതല്‍ മൗന ലോവ ഒബ്‌സര്‍വേറ്ററിയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അളവ് തുടര്‍ച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ ദശലക്ഷത്തില്‍ 417.1 ഭാഗങ്ങള്‍ (417.1 ppm ),  2019 മെയ് മാസത്തില്‍ രേഖപ്പെടുത്തിയ 414.7 ppm  നേക്കാള്‍ 2.4 പിപിഎം കൂടുതലാണ്. മൗന ലോവയിലെ പ്രതിമാസ കാര്‍ബണ്‍ ഡയോക്‌സൈഡ്  (CO2) നിരക്ക്  2014 -ലാണ്  ആദ്യമായി 400 പിപിഎം പരിധി കടക്കുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി അന്തരീക്ഷം അനുഭവിക്കാത്ത തലത്തിലാണ് ഇപ്പോളത്തെ കാര്‍ബണ്‍ ഡയോക്‌സൈഡ് നിരക്ക്. കോവിഡ് മൂലം പുറംതള്ളലിലുണ്ടായ ചെറിയ കുറവ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ നിരക്കില്‍ വ്യക്തമല്ലെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ആറ് മുതല്‍ 12 മാസം വരെ 20 മുതല്‍ 30 ശതമാനത്തോളം അന്തരീക്ഷ  മലിനീകരണവും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളലും കുറക്കുകയാണെങ്കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വര്‍ദ്ധനവ്  മന്ദഗതിയിലാക്കാന്‍ സാധിച്ചേക്കാം എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.ഹരിതഗൃഹ വാതകങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍  ഉയരുന്നത് തടയുന്നില്ലെങ്കില്‍, പ്രത്യേകിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് അളവില്‍, ഭൂമിയിലെ  വലിയൊരു ഭാഗം  പ്രദേശങ്ങളും വാസയോഗ്യമല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി