Asianet News MalayalamAsianet News Malayalam

Love Debate : കാമപൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നത് യഥാര്‍ത്ഥ പ്രണയമാണോ?

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  ജസീന നാലകത്ത്  എഴുതിയ പ്രണയകുറിപ്പ്

love debate Jaseena Nalakath on Love and lust
Author
Thiruvananthapuram, First Published Mar 2, 2022, 4:51 PM IST

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.

 

love debate Jaseena Nalakath on Love and lust
 

ഒരു മനസ്സ് മറ്റൊന്നില്‍ അലിയാന്‍ കൊതിക്കുന്ന അനിര്‍വ്വചനീയമായൊരു വികാരമാണല്ലോ പ്രണയം. എവിടെ നിന്ന് തുടങ്ങി എവിടെ അവസാനിക്കുമെന്ന് നിശ്ചയമില്ലാതെ ഒഴുകുന്നൊരു സാഗരം. ആര്‍ക്ക് ആരോട് എപ്പോള്‍ തോന്നുമെന്നൊന്നും പ്രവചിക്കാനാവാത്ത വികാരം. പല പ്രണയങ്ങളും കാമപൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നത് കാണാം. അതൊരു യഥാര്‍ത്ഥ പ്രണയമാണോ? ഒരു വ്യക്തിയുടെ ശരീരത്തോട് തോന്നുന്ന ഒരാഗ്രഹം, പ്രണയത്തെ ആ ഒരു നിര്‍വ്വചനത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതിയോ? 

പ്രണയം സുന്ദരവും പവിത്രവുമായൊരു ബന്ധമാണ്. സ്വന്തമെന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്താന്‍ ഒരാളുണ്ടാവുക, അതല്ലേ യഥാര്‍ത്ഥ പ്രണയം? ഈ ലോകത്താരും അത് കൊതിക്കാത്തവരുണ്ടാവില്ല. 

പ്രണയത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുണ്ടോ? രണ്ടുപേരുടെയും ഇഷ്ടങ്ങളില്‍ മാറ്റമുണ്ടായേക്കാം. എപ്പോഴും കൂടെ വേണമെന്ന തോന്നല്‍ പുരുഷനിലും സ്ത്രീയിലുമുണ്ടാകും. പ്രണയം തുറന്നു പറയേണ്ടത് പുരുഷന്മാരാണ് എന്നൊരു തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തില്‍ ചിലര്‍ക്കുണ്ട്. അതുകൊണ്ട് തന്നെയാവും തുറന്നു പറയാത്ത പല പ്രണയങ്ങളും എത്രയോ സ്ത്രീകളുടെ ഉള്ളില്‍ ഇപ്പോഴും മരിച്ചു ജീവിക്കുന്നതും. 

പ്രണയം സെക്‌സിലേക്ക് വഴി മാറുന്നതില്‍ മുന്‍ഗണന പുരുഷന്മാര്‍ക്ക് തന്നെയാണെന്നാണ് കേട്ടറിവ്. അതിനെ എതിര്‍ക്കുന്നതോടെ ചില പ്രണയബന്ധങ്ങള്‍ അവിടെ മുറിഞ്ഞു പോകുന്നു. പ്രണയ സല്ലാപങ്ങള്‍ സെക്‌സ് ടോപിക്കായി ആദ്യം തുടക്കമിടുന്നത് കൂടുതലും പുരുഷന്മാരായിക്കും. ഈ വിഷയം കാത്തിരിക്കുന്ന സ്ത്രീകളും കുറവല്ല. ഒരുപക്ഷേ, പ്രണയം തുറന്നു പറയുന്ന വിഷയം പറഞ്ഞ പോലെ പുരുഷ മേല്‍ക്കോയ്മാ ചിന്താഗതിയുള്ളത് കൊണ്ടാകാം. 

എവിടെയാണ് പ്രണയം പൂര്‍ണ്ണമാകുന്നത്? പരസ്പരം വിവാഹം ചെയ്ത് ജീവിക്കുന്നവരിലാണോ? അപ്പോള്‍ പൂര്‍ത്തീകരിക്കാത്ത പ്രണയങ്ങള്‍ ഭൂമിയില്‍ ഇനിയും അവശേഷിക്കുന്നില്ലേ? പ്രണയ വിവാഹത്തോടെ പല പ്രണയങ്ങളുടെയും നിറം മങ്ങിക്കൊണ്ടിരിക്കുന്നത് നിത്യ കാഴ്ച്ചയാകുന്നു. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ആ പഴയ പ്രണയം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുള്ളൂ. പ്രണയത്തിലാകുമ്പോള്‍ സങ്കല്പിക ലോകത്താണ് ഇരുവരും ജീവിക്കുന്നത്. വിവാഹത്തോടെ അതൊരു പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പായി മാറുന്നു. അവിടെ വെച്ചാണ് നെഗറ്റീവുകള്‍ കണ്ടുതുടങ്ങുന്നത്. പ്രണയിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിച്ചതെല്ലാം പിന്നീടൊരു കുറ്റപ്പെടുത്തലിന് ഹേതുവായിത്തീരുന്നു. കിട്ടുന്നതിന് മുമ്പുള്ള ആവേശമൊന്നും ഒന്നിനും കിട്ടിക്കഴിഞ്ഞാല്‍ കാണില്ല. സ്‌പെഷ്യല്‍ ഫുഡാണെങ്കിലും സ്ഥിരം കഴിച്ചാല്‍ മടുക്കുമല്ലോ... 

അതുകൊണ്ടൊക്കെയാകും സാക്ഷാത്ക്കരിക്കാത്ത സ്വപ്നങ്ങള്‍ കൂടുതല്‍ മനോഹരമായിരിക്കും എന്ന് പറയുന്നത്. രണ്ട് മനസ്സുകള്‍ ഒന്നിച്ചു ചേര്‍ന്ന് എന്തെങ്കിലും സാഹചര്യം കൊണ്ട് വേര്‍പിരിയേണ്ടി വരുന്നവരുടെ പ്രണയാവസ്ഥ അത് വല്ലാത്തൊരു അവസ്ഥയാണ്. ചിലപ്പോള്‍ ഒരു വ്യക്തിക്ക് നിസ്സാരമായിരിക്കാം. മറ്റേയാള്‍ ആ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയില്‍ നീറി നീറി ജീവിതം തുഴഞ്ഞു നീക്കും. പ്രണയമെന്ന ഉന്മാദത്തിന്റെ ലഹരിയാകെ സിരയില്‍ പടര്‍ന്നു പിടിച്ച് ചിലര്‍ സ്വയം ജീവനൊടുക്കും. പ്രണയ സഫല്യം നേടിയവരുടെ ജീവിതത്തിലേക്ക് എത്തി നോക്കിയാല്‍ മനസ്സിലാകും നഷ്ടപ്രണയത്തോളം തീവ്രതയുള്ള പ്രണയം അവര്‍ക്കില്ലെന്ന്. അവര്‍ക്കിനി ഒന്നും സ്വപ്നം കാണാനില്ല, പ്രതീക്ഷിക്കാനില്ല അതുകൊണ്ടൊക്കെയാകും ആ പഴയ പ്രണയത്തിന്റെ മാസ്മരികതയൊക്കെ നഷ്ടപ്പെട്ടത്. 

പ്രണയത്തിന്റെ മൂര്‍ധന്യാവസ്ഥ അനുഭവിക്കുന്ന ഏകപക്ഷീയമായ പ്രണയങ്ങളുണ്ട്. അവിടെ സഫലീകരിച്ച പ്രണയത്തിന്റെ പോരായ്മകളോ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളോ ഒന്നും അലോസരപ്പെടുത്തുന്നില്ല. പകരം പ്രണയത്തിന്റെ വിശാലമായ ലോകത്തേക്ക് ഒരു ജാലകം തുറന്നിട്ടിരിക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തി ഒരിക്കല്‍ പോലും ആ ജാലകപ്പഴുതിലൂടെ നോക്കിയിട്ടില്ല. നോക്കുമെന്ന് പ്രതീക്ഷയുമില്ല. പക്ഷേ, അടങ്ങാത്ത ആഗ്രഹമുണ്ട് ആ വ്യക്തി തന്റെ വിശാലമായ ലോകം ഒരു നോക്കെങ്കിലും കണ്ടെങ്കിലെന്ന്. അവിടെ ഒരുമിച്ചൊരു ജീവിതം പടുത്തുയര്‍ത്താന്‍ കഴിഞ്ഞെങ്കിലെന്ന്. തുറന്നു പറയാന്‍ പേടിയുള്ള ഒരുപാട് പ്രണയങ്ങള്‍ പെയ്യാന്‍ കൊതിക്കുന്ന മേഘത്തുണ്ടുകള്‍ പോലെ പലരുടെയും മനസ്സില്‍ വിങ്ങി നില്‍ക്കുന്നുണ്ട്. ഒരിക്കലും നടക്കാത്ത അങ്ങനെയുള്ള കിനാക്കളും പേറി ജീവിതം മുന്നോട്ട് പോകുന്ന ചിലരിലേക്ക് അപ്രതീക്ഷിതമായി ചിലര്‍ കടന്ന് വരുമ്പോള്‍ മാത്രമാണ് നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച് വേവലാതിയുണ്ടാകുന്നത്. ഇതുവരെ പങ്കുവെക്കാതെ ഒതുക്കി വെച്ചിരുന്ന പ്രണയം അര്‍ഹതപ്പെട്ടവര്‍ക്കോ തന്നെ മനസ്സിലാക്കി വരുന്ന മറ്റൊരാള്‍ക്കോ നല്‍കുമ്പോള്‍ കിട്ടില്ലെന്ന് കരുതിയ പ്രണയം മാറ്റു കൂടിയ പ്രണയത്തിലേക്ക് വഴിതുറക്കുന്നു. 

ഉള്ളില്‍ അടക്കിപ്പിടിച്ച പല പ്രണയങ്ങളുമാണ് ഇന്ന് കഥകളായും കവിതകളായും ഗാനങ്ങളായുമൊക്കെ പിറവിയെടുക്കുന്നത്. നഷ്ടപ്രണയം അനുഭവിക്കുന്നവരും തിരിച്ചു കിട്ടാത്ത പ്രണയം തലോടി ജീവിക്കുന്നവരുമൊക്കെ പുതു പുത്തന്‍ മേഖലകള്‍ കണ്ടെത്തി അതില്‍ വ്യാപൃതരായി ജീവിതം തള്ളി നീക്കുന്നു. കൊന്നൊടുക്കാന്‍ പറ്റാത്തതും ആത്മഹത്യ ചെയ്യാന്‍ മടിക്കുന്നതുമാണ് ഇത്തരം പ്രണയങ്ങള്‍. 

Follow Us:
Download App:
  • android
  • ios