Asianet News MalayalamAsianet News Malayalam

ഭൂമിക്കടിയിൽ പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ചൊരു പള്ളി! അറിയാം കൊളംബിയയിലെ സാൾട്ട് കത്തീഡ്രലിനെ കുറിച്ച്

നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നു കാണുന്ന സാൾട്ട് കത്തീഡ്രലിനെ അവർ ഒരുക്കിയെടുത്തത്. ചുവരുകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഞ്ചുവർഷത്തോളം എടുത്തത്രേ.

made entirely of salt underground Catholic church in Zipaquira Catedral de Sal aka The Salt Cathedral  rlp
Author
First Published Aug 20, 2023, 3:04 PM IST

വാസ്തുവിദ്യയുടെ വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കുന്നതും കാലം എത്ര പിന്നിട്ടാലും അത്ഭുതം നിറയ്ക്കുന്നതുമായ നിരവധി നിർമ്മിതികൾ നമ്മുടെ ലോകത്തുണ്ട്. അക്കൂട്ടത്തിൽ സന്ദർശകരിൽ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാൾട്ട് കത്തീഡ്രൽ (salt cathedral). 

സാൾട്ട് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയിൽ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ടൺ പാറ ഉപ്പ് വേർതിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിർമ്മിച്ച കത്തീഡ്രൽ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. 

ഖനിത്തൊഴിലാളികൾ ഗുഹകൾക്കുള്ളിൽ നിർമ്മിച്ച ഒരു ചെറിയ കൂടാരത്തിൽ നിന്നാണ് സാൾട്ട് കത്തീഡ്രൽ പിറവികൊണ്ടത്. എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങൾ, സ്ഫോടനങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാർത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാർത്ഥനകൾക്കായി ഇത്തരത്തിൽ ഒരു ചെറിയ കൂടാരം തൊഴിലാളികൾ നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

ഉപ്പ് വേർതിരിച്ചെടുത്തതിന് ശേഷം, ഉപേക്ഷിക്കപ്പെട്ട കുഴികൾ മൂടുന്നതിനു പകരം ഖനി തൊഴിലാളികൾ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാതകൾ നിർമ്മിച്ചു. പിന്നീട് 1953 -ൽ കൊളംബിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതൊരു പള്ളിയാക്കി മാറ്റാനുള്ള അനുവാദം കത്തോലിക്ക വിശ്വാസികൾ നേടിയെടുത്തു. എന്നാൽ, 1990 -കൾ ആയപ്പോഴേക്കും ഘടനാപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കത്തീഡ്രൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ആ സമയത്താണ് റിട്ടയേഡ് മൈനിങ് എൻജിനീയറായ ജോർജ് കാസ്റ്റൽബ്ലാങ്കോയും 127 ഓളം ഖനിത്തൊഴിലാളികളും ഏതാനും ശില്പികളും ചേർന്ന് ഭൂമിക്കടിയിൽ തന്നെ കത്തീഡ്രലിന്റെ മറ്റൊരു പതിപ്പ് നിർമിക്കാനായി മുന്നോട്ടുവന്നത്.

അതൊരു  വലിയ സംരംഭമായിരുന്നു. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നു കാണുന്ന സാൾട്ട് കത്തീഡ്രലിനെ അവർ ഒരുക്കിയെടുത്തത്. ചുവരുകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഞ്ചുവർഷത്തോളം എടുത്തത്രേ. അടച്ചുപൂട്ടിയ പഴയ കത്തീഡ്രലിൽ നിന്നും കൂറ്റൻ ഉപ്പു ബലിപീഠത്തെ അതേപടി തന്നെ പുതിയ കത്തീഡ്രലിലേക്ക് മാറ്റി സ്ഥാപിച്ചു. 16 ടൺ ആണ് ഈ ബലിപീഠത്തിന്റെ ഭാരം. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഇത് ഇല്ലെങ്കിലും, കൊളംബിയയുടെ സാൾട്ട് കത്തീഡ്രലിനെ "കൊളംബിയയിലെ ആദ്യത്തെ അത്ഭുതം" ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോൾ വിനോദസഞ്ചാരികളും  തീർഥാടകരും ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നു.  പ്രതിവർഷം ഏകദേശം 600,000 സന്ദർശകരെങ്കിലും ഇവിടെയെത്തുന്നുണ്ടെന്നാണ് ടൂർ കോഡിനേറ്റർമാർ പറയുന്നത്.
 

Follow Us:
Download App:
  • android
  • ios