Asianet News MalayalamAsianet News Malayalam

ബഷീറിന്റെ നാരായണിക്ക് പിന്നീട് എന്താണ് സംഭവിച്ചത്?

ബഷീറിന്റെ മതിലുകളിലെ നായികയായ നാരായണി ആരാണ്? അവര്‍ ശരിക്കും ഉണ്ടായിരുന്നോ.നാരായണിയെത്തേടിപ്പോയ സജിന്‍ പി. ജെ എഴുതുന്നു 

making of the documentary narayaniye thedi by sajin pj
Author
Thiruvananthapuram, First Published Jul 5, 2021, 5:40 PM IST

ബഷീറിന്റെ മതിലുകളിലെ നായികയായ നാരായണി ആരാണ്? അവര്‍ ശരിക്കും ഉണ്ടായിരുന്നോ? ഈ ചോദ്യത്തിനു പിന്നാലെ നടത്തിയ യാത്രകളാണ് 'നാരായണിയെത്തേടി' എന്ന ഡോക്യുമെന്ററി. വിചിത്രമായ യാത്രകളുടെയും അന്വേഷണങ്ങളുടെയും സിനിമാറ്റിക് അനുഭവങ്ങളെക്കുറിച്ച് അതിന്റെ സംവിധായകന്‍ സജിന്‍ പി.ജെ എഴുതുന്നു

 

Read more: നാരായണി ഉള്ളതാണെന്ന് ഫാബി ബഷീര്‍,  ഇല്ലെന്ന് കാരശ്ശേരി, ഫിക്ഷനാവാമെന്ന് എംടി

 

അത് ആരംഭിക്കുന്നത് ഒരു ഉച്ച സമയത്താണ്. ഭൂമി തലയില്‍ നേരിപ്പോടുമായി നില്‍ക്കുന്ന സമയം. മുറ്റത്തെ മന്ദാരങ്ങളുടെ നിഴലുകള്‍ ഒളിവില്‍ പോയിരിക്കുന്നു. അത്തിമരത്തിന്റെ ശിഖരങ്ങളിലൂടെ സൂര്യന്‍ താഴേയ്ക്കു വരുന്നു. താഴെ ചെത്തിയുടെ തീക്കുടന്നകളെ അത് പൊള്ളിക്കുന്നു. 

ഉച്ചയൂണിന് ശേഷം ഞാന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ കാര്‍പോര്‍ച്ചില്‍ ഇരിക്കുകയാണ്. അപ്പോള്‍ ഹാരിസ് മാഷ് പടികള്‍ ഇറങ്ങി അവിടേയ്ക്ക് വന്നു. കയ്യില്‍ ഒരു ഡിവിഡി ഉണ്ട്. 'പോരുന്നോ? മതിലുകള്‍ ഒന്ന് കൂടി കാണാം.' ഞാന്‍ കൂടെ കൂടി. യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (ഐ. ആര്‍) പഠന വകുപ്പില്‍ അക്കാലത്ത് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വന്ന കുട്ടികളെ ഇന്ത്യന്‍ സിനിമ പഠിപ്പിച്ചിരുന്നത് മാഷാണ്. അവരെ അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍' കാണിക്കാനുള്ള പോക്കാണ്. താറിട്ട റോഡില്‍ നിന്നും മാറി ഉണങ്ങിയ പുല്‍ത്തഴപ്പുകള്‍ കുത്തിപ്പോറിക്കുന്ന ഇടവഴിയിലൂടെ ഞാനും മാഷും ഐ. ആറിലേക്ക് കയറിപ്പോയി.

സിനിമ തുടങ്ങും മുന്നേ കുറച്ച് കാര്യങ്ങള്‍ പറഞ്ഞിട്ട് മാഷ് കുട്ടികളെ അവരുടെ പാട്ടിനു വിട്ടു. അവര്‍ കസേരകളില്‍ കാല്‍ പൊക്കിയിരുന്നും, കൂട്ടുകാരിയുടെ ചുമലില്‍ തല ചായ്ച്ചും യാത്ര തുടങ്ങി. ഏറ്റവും പിന്നിലത്തെ നിരയില്‍ ബാല്‍ക്കണിയില്‍ ആണെന്ന ഭാവത്തില്‍ ഞാനും ഇരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ബഷീര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് വരുന്ന രംഗമാണ്. ജയിലറോടൊപ്പം അയാള്‍ മതിലിനോരം പറ്റി നടക്കുന്നു. നോവലില്‍ ഇവിടെ വെച്ചാണ് ബഷീറിന് പെണ്ണിന്റെ മണം കിട്ടുന്നത്. 

'ആരാ അവിടെ ചൂളമടിക്കുന്നത്'
സിനിമ പുരോഗമിക്കുകയാണ്. ഇടയ്ക്ക് ജയിലിലെ ഒരു സാധാരണ ദിവസത്തിന്റെ വിരസതയിലേക്ക് മതിലിനപ്പുറത്ത് നിന്നും നാരായണിയുടെ 'ആരാ അവിടെ ചൂളമടിക്കുന്നത്' എന്ന ചോദ്യം വന്നു വീഴുന്നു. ഞാന്‍ അവിടെ ഉടക്കി നിന്നു പോയി. സിനിമ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ബഷീറും നാരായണിയും കൂട്ടുകാരായി, പ്രണയത്തിന്റെ ചതുപ്പിലേക്ക് അവര്‍ പതിയെ താണു താണു പോയി. ഞാനോ, ഞാന്‍ അവിടെ തന്നെ നില്‍ക്കുകയാണ്. ആ മതിലിനോട് ചേര്‍ന്ന്. അപ്പുറത്തെ ആ സ്ത്രീശബ്ദം, അത് ശരിക്കും നാരയാണിയാണോ? അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു? ജയില്‍ വാസം കഴിഞ്ഞ് വെളിയില്‍ വന്നുവോ? എപ്പോഴെങ്കിലും ബഷീര്‍ അവരെയോ അവര്‍ ബഷീറിനെയോ നേരിട്ട് കണ്ടിട്ടുണ്ടോ? 'Why should I be free? Who wants freedom?' എന്ന് ബഷീര്‍ അനശ്വരതയിലേക്ക് നടന്നു കയറി. നാരായണിയോ? അടൂരിലൂടെ കെ.പി.എ.സി. ലളിതയിലേക്ക് പരകായ പ്രവേശം നടത്തി അവര്‍ ഒഴിവായോ?

 

making of the documentary narayaniye thedi by sajin pj

ഡോ. വിസി ഹാരിസ്

 

അലച്ചിലിന്റെ തുടക്കം 

സിനിമ കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും തിരിയെ നടക്കുമ്പോള്‍ പോക്കുവെയില്‍ മന്ദാരങ്ങള്‍ക്ക് നിഴലുകള്‍ തിരിച്ചു നല്‍കിയിരുന്നു. അപ്പോളാണ് ഞാന്‍ മാഷോട് നാരായണിയുടെ അഭാവത്തെ കുറിച്ച് ഒരു ലേഖനം എഴുതിയാലോ എന്ന ചിന്ത പങ്കുവെക്കുന്നത്. മാഷ് കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു നമുക്കൊരു ഡോക്യുമെന്ററി ചെയ്യാം എന്ന്. അങ്ങനെയാണ് നാരയാണിത്തേടി ഞങ്ങള്‍ അലയാന്‍ തീരുമാനിക്കപ്പെട്ടത്. എഴുത്ത് പോലെ അല്ലേല്ലോ സിനിമ. അതിനു മുതല്‍ മുടക്കുണ്ട്. പണം രൊക്കം കയ്യില്‍ വേണം. പക്ഷേ എവിടുന്ന്? ഒടുവില്‍ ഞങ്ങള്‍ തന്നെ പണം മുടക്കാന്‍ തീരുമാനിച്ചു. എന്റെയും കൂട്ടുകാരി അനുവിന്റെയും പി.എച്ച്.ഡി ഫെലോഷിപ്പ് കുറച്ചൊക്കെ എടുക്കാം, കുറച്ചു പണം മാഷും സംഭാവന ചെയ്യും. അതുകൊണ്ട് തുടങ്ങുക തന്നെ.

ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് ഫോട്ടോഗ്രഫി ഭ്രമം കുട്ടന് (ശ്രീജിത്ത്) ആയിരുന്നു കൂടുതല്‍. അവന്‍ ഛായാഗ്രഹണം ഏറ്റെടുത്തു. അങ്ങനെ വാടകയ്ക്ക് എടുത്ത KRO 4334 എന്ന മഹിന്ദ്ര ജീപ്പില്‍ നാരായണിയെ തേടിയുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. പുലരിയില്‍ പുകപോലെ കോട പടര്‍ന്നിരുന്ന ഒരു ദിവസം ഞാനും, മാഷും, അനുവും, കുട്ടനും, ജയനും വൈക്കത്തേക്ക് പോയി. അവിടെ ബഷീറിന്റെ കുടുംബാംഗങ്ങള്‍ പലരും ഞങ്ങളോട് അവരുടെ ഓര്‍മ്മകള്‍ പറഞ്ഞു. ബഷീറിന്റെ സുഹൃത്ത് വൈക്കം ചിത്രഭാനു ബഷീറിലെ മജീഷ്യനെ പറ്റി സംസാരിച്ചു. ആനവാരി രാമനായരും, പൊന്‍കുരിശ് തോമയും, മണ്ടന്‍ മുത്താപ്പയും, എട്ടുകാലി മമ്മൂഞ്ഞും, സൈനബയും, പോലീസ് മൂരാച്ചികളും, ഒറ്റക്കണ്ണന്‍ പോക്കറും എന്നുവേണ്ട പാത്തുമ്മയും, അബ്ദുല്‍ ഖാദറും വരെ സൈ്വര്യവിഹാരം നടത്തിയ തലയോലപ്പറമ്പ് ചന്തയും പരിസരങ്ങളും, ബഷീര്‍ പഠിച്ച സ്‌കൂള്‍ വരെ ഞങ്ങള്‍ അരിച്ച് പെറുക്കി. അവിടെ എങ്ങും നാരായണിയുടെ പൊടിപോലും കണ്ടില്ല! അങ്ങനെ ഒരു സ്ത്രീ ഉണ്ടാവില്ല എന്ന് തന്നെ അനിയന്‍ അബ്ദുല്‍ ഖാദര്‍ തറപ്പിച്ചു പറഞ്ഞു. ചിത്രഭാനുവിനെ സംബന്ധിച്ച് അതൊരു മാന്ത്രിക വിദ്യ ആണ്. ബഷീറിന്റെ അതുല്യമായ 'ഹലി ഹലിയോഹലി ഹൂലാലോ' ടൈപ്പ് ഒരെണ്ണം. പക്ഷേ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല.

സാധാരണ സിനിമാ പിടുത്തം പോലെ ഒറ്റയടിക്കങ്ങ് ചെയ്തു പോകാവുന്ന ഒന്നല്ല ഈ അന്വേഷണം എന്ന് ഞങ്ങള്‍ക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു. ബഷീറിനെയും അദ്ദേഹത്തിന്റെ രചനകളുടെ പിന്നാമ്പുറങ്ങളേയും അറിയാവുന്നവര്‍ വേണം. അവര്‍ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറാവണം. അവരെ പോയി കാണണം. സംഗതി എളുപ്പമുള്ള പണിയല്ലേയല്ല. പിന്നെ എല്ലാത്തിന്റെയും അടിസ്ഥാനമായ പണം. അത് വരണമെങ്കില്‍ ഒന്നുകില്‍ എനിക്കും അനുവിനും ഫെലോഷിപ്പ് കിട്ടണം അല്ലെങ്കില്‍ മാഷിന് ശമ്പളത്തില്‍ നിന്ന് മാറ്റിവെക്കാന്‍ പറ്റണം. പരിപാടി ആദ്യ രംഗത്തില്‍ തന്നെ കര്‍ട്ടന്‍ വീണേക്കും എന്ന സമയത്ത് ശ്രീജിത്ത് തന്നെയാണ് ചെറിയെ (ചെറി ജേക്കബ് കെ) ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീടങ്ങോട്ട് നാരായണിയെ തേടിപ്പോകാന്‍ പണം കണ്ടെത്തുന്നതിന് മാത്രം കൂടുതല്‍ പരീക്ഷ പേപ്പറുകള്‍ നോക്കുവാനായി ചെറി എം.ജി. യൂണിവേഴ്‌സിറ്റിയുടെ വാല്യുവേഷന്‍ ക്യാമ്പുകളില്‍ പോവുക പോലും ചെയ്തു!

വൈക്കം കഴിഞ്ഞാല്‍പ്പിന്നെ ബഷീര്‍ എന്ന പേരിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് കോഴിക്കോട് ആണല്ലോ. അതുകൊണ്ട് അവിടെ പോകാതെ പറ്റില്ല. അവിടെ ഫാബിയുണ്ട് (ഫാബി ബഷീര്‍), അനീസുണ്ട് (മകന്‍), ഷാഹിനയുണ്ട് (മകള്‍), എം.ടിയുണ്ട്, പുനലൂര്‍ ബാലനുണ്ട്. പിന്നെ സര്‍വ്വം സാക്ഷിയായ ബേപ്പൂര്‍ തുറമഖവുമുണ്ട്. അവിടെ ചരിത്രം അറിയാക്കയങ്ങള്‍ പോലെ ചുഴലി ചുറ്റുന്നുണ്ട്. 'വിനീതനായ ചരിത്രകാരന്‍' എന്ന് സ്വയം വിശേഷിപ്പിച്ച ബഷീറിനെ അവിടുത്തെ വൈലാലില്‍ വീടിന് നന്നായി അറിയാം. അവിടെ ഇരുന്നിട്ടാണ് ഭൂമിയുടെ അവകാശികളെ കുറിച്ച് അദ്ദേഹം പ്രവാചകന്‍ ആയത്. ഭ്രാന്തിന്റെ മലരികളില്‍ ആടിയുലഞ്ഞതും, പുനലൂര്‍ ബാലന്റെ രൂപത്തിലും വന്നേക്കാവുന്ന 'അവനെ' തിരിച്ചറിഞ്ഞതും, ചരിത്രപ്രസിദ്ധമായ കഠാര ചുഴറ്റി 'അവനെ' ആട്ടിയകറ്റിയതും, അനേകമനേകം കഥകള്‍ മെനഞ്ഞതും ഒക്കെ അവിടുന്നു തന്നെ. അപ്പോള്‍ പിന്നെ പോവുകയല്ലാതെ വേറെ വഴിയില്ല.

 

making of the documentary narayaniye thedi by sajin pj

ബഷീറും ഫാബിയും

 

കടല്‍ക്കളി

കോഴിക്കോട് മാഷിന്റെ നാടാണ്. കടല്‍ത്തീരത്ത് രാവിലെ മാഷിന്റെ ബൈറ്റ് എടുത്തുകൊണ്ട് നില്‍ക്കെ തീരത്തേക്ക് പതിയെ വന്നു തൊടുന്ന തിരമാലകളെ എനിക്ക് ഫ്രെയിമില്‍ വേണമായിരുന്നു. 

ട്രൈപോഡ് ഉപ്പുവെള്ളത്തില്‍ ഇറക്കി വെച്ചാല്‍ അപകടമാണ്. ക്യാമറ കയ്യില്‍ പിടിച്ച് പകര്‍ത്താമെന്നു വെച്ചാല്‍ പിന്നില്‍ നിന്ന് ഒരു വന്‍തിരയില്‍ ക്യാമറാമാനും ക്യാമറയും വീണു പോയേക്കാം. അങ്ങനെ സംഭവിച്ചാല്‍ സംഗതി മൊത്തം പാളും. ക്യാമറയുടെ വിലകൂടി കൊടുക്കേണ്ട ഗതികേട് വരും. അതുകൊണ്ട് ഞാനും കുട്ടനും ആ ഷോട്ട് ആദ്യം വേണ്ടെന്നു വെച്ചു. 

പക്ഷേ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല. കടല്‍ അങ്ങനെ കാമുകിയെ പോലെ വന്ന് കാലില്‍ തലോടുകയാണ്. കൊതിപ്പിക്കുന്ന സ്പര്‍ശം. എല്ലാ ദിവസവും സൂര്യന്‍ മുങ്ങിനിവരുന്ന കടല്‍. ഭൂമിയിലെ മടുപ്പിക്കാത്ത ഏക വിശാലത. ഞാന്‍ നേരെ കുട്ടന്റെ അടുത്ത് ചെന്ന് പറഞ്ഞു 'എടാ ഞാന്‍ തിര വരുന്നത് നോക്കാം. നീ ഷൂട്ട് ചെയ്യു.' അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'നമുക്ക് ശരിയാക്കാടാ.' ഹാന്‍ഡ് ഹെല്‍ഡായി ഷൂട്ട് ചെയ്യുമ്പോള്‍ ചെറിയ തിര പോലും ദൃശ്യത്തിന് ഇളക്കം തട്ടിക്കുന്നതിനാല്‍ ഒടുവില്‍ ഞങ്ങള്‍ ട്രൈപോഡ് ഉപയോഗിക്കാന്‍ തന്നെ തീരുമാനിച്ചു. മാഷ് ബഷീറിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ വലിയ തിര വരുന്നുണ്ടോ എന്ന് നോക്കി കടലിനു നേരെ നിന്നു. കുട്ടന്‍ മാത്രമാണ് ആ ദൃശ്യം ക്യാമറയില്‍ കാണുന്നത്. 

തിര വരുമ്പോള്‍ മാത്രമേ ഡയലോഗ് പറഞ്ഞിട്ട് കാര്യമുള്ളൂ. അതും ചെറിയ തിര. നോക്കി നില്‍ക്കെ ഒരു തിര വന്നു. കാഴ്ചയില്‍ ചെറുതായി തോന്നിയത് കൊണ്ട് ഞാന്‍ കുട്ടനോട് ക്യാമറ ഓണ്‍ ചെയ്‌തോളാന്‍ പറഞ്ഞിട്ട് മാഷിനോട് ആക്ഷനും പറഞ്ഞു തിരയുടെ ശക്തി കണ്ണാല്‍ അറിയാന്‍ ശ്രമിച്ചു ഉദ്വേഗത്തോടെ തിരിഞ്ഞു നിന്നു. എങ്ങാനും തിര വലുതായാല്‍, അതിന്റെ ശക്തിയില്‍ ക്യാമറാമാനും ക്യാമറയും മറിഞ്ഞു വീണാല്‍! പക്ഷേ കടലിനോളം മനുഷ്യനെ വായിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഈ ഡോക്യുമെന്ററിയില്‍ എനിക്കേറ്റവും ഇഷ്ടപെട്ട ഷോട്ട് പകര്‍ത്താന്‍ പറ്റിയത് അങ്ങനെ ആണ്. ചെറുങ്ങനെ വന്ന് മുട്ടൊപ്പം നനച്ച് എന്നെയും കടന്ന് കടല്‍ ട്രൈപോഡിന്റെ പാതി മാത്രം നനച്ച് മാഷ് ഇരുന്ന ഇടത്തിലേക്ക് പതിയെ വന്നു സ്വയം വിരിച്ചിട്ടിട്ട് വന്നപോലെ ഇറങ്ങി പോയി.

പക്ഷേ നാരായണി മാത്രം അപ്പോളും ആ വലിയ മതിലിന്റെ അപ്പുറത്ത് മറഞ്ഞു നിന്നു. ഞങ്ങള്‍ക്ക് അവരെ തേടി പോകാന്‍ ഒരുപാട് ദൂരം ഇനിയുമുണ്ട്. പോകുക തന്നെ, വേറെ വഴിയില്ല. വൈലാലില്‍ വീട്ടു മുറ്റത്തെ മാങ്കോസ്റ്റിന്‍ അതിന്റെ താഴെ ചാരുകസേരയില്‍ കിടന്ന് ലോകത്തോട് സംസാരിച്ച ബഷീറിന്റെ ബാക്കി കഥകളെല്ലാം പറഞ്ഞെങ്കിലും നാരായണിയെ മാത്രം പൊതിഞ്ഞു പിടിച്ചു! കുറുക്കനെ എറിഞ്ഞ അവാര്‍ഡ് ഫലകം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സമ്മാനമായി നല്‍കിയ ഡോക്ടറേറ്റ് ഒക്കെ വെറുതെ നോക്കിയിരുന്നതല്ലാതെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. 

അവിടുന്ന് ഞങ്ങള്‍ പോയത് ഫാബി ബഷീറിനെ കാണാനാണ്. ഞങ്ങള്‍ വരുന്നത് അറിഞ്ഞ് ഉത്സാഹവതി ആയിരുന്നു അവര്‍. ചെന്നപ്പോള്‍ തന്നെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച് കഥകള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി. ഫാബിക്ക് നാരായണി നിശ്ചയമായും ഉണ്ടായിരുന്ന യഥാര്‍ത്ഥ വ്യക്തിയാണ്. തന്റെ ഭര്‍ത്താവ് കള്ളം പറയില്ല എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അപ്പോള്‍ ഹാരിസ് മാഷ് ഒരു കുസൃതി ചോദ്യം ചോദിച്ചു. തന്റെ പ്രണയങ്ങളും ചാപല്യങ്ങളും എല്ലാം ബഷീര്‍ ഇങ്ങനെ തുറന്നെഴുതുന്നതില്‍ എപ്പോഴെങ്കിലും ഫാബിക്ക് വിഷമം തോന്നിയിരുന്നോ? ഉടന്‍ വന്നു മറുപടി. 'ഇല്ല മോനെ. പിന്നെ വന്നിട്ടും കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ ചോറല്ലെ!' ഫാബി എന്നാല്‍ സുല്‍ത്താന്റെ ഭാര്യ അല്ല, സുല്‍ത്താന്‍ ഫാബിയുടെ ഭര്‍ത്താവാണ് എന്ന് ഞങ്ങള്‍ക്കപ്പോള്‍ ബോധ്യപ്പെട്ടു.

'അനുരാഗത്തിന്റെ ദിനങ്ങളി'ലെ ദേവിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് മകള്‍ ഷാഹിന സംസാരിച്ചു തുടങ്ങിയത്. മറ്റുള്ളവരുടെ സ്വകാര്യതകള്‍ വെളിപ്പെടുന്നതില്‍ നീരസമുള്ള അവര്‍ പക്ഷേ ഈ ഡോക്യുമെന്ററിയിലെ ഏറ്റവും കാവ്യാത്മകമായ നിരീക്ഷണമാണ് നാരായണിയെക്കുറിച്ച് നടത്തിയിരിക്കുന്നത്. നാരായണി പ്രണയത്തിന്റെ മണമാണ് എന്ന്! ഭ്രാന്തിന്റെ ഇരവുകളില്‍ കുട്ടിയായിരുന്ന ഷാഹിനയെ കട്ടിലില്‍ കിടത്തി കഠാരയുമായി കാവലിരിക്കുന്ന അത്ര വിനീതന്‍ അല്ലാത്ത ഒരു ചരിത്രകാരനെ അവര്‍ ഞങ്ങള്‍ക്ക് പരിചയപെടുത്തി തന്നു. പക്ഷേ അതുകൊണ്ടൊന്നും മതിയാവുന്നില്ല. നാരായണി അപ്പോളേക്കും ഞങ്ങളുടെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. സംസാരിക്കുന്നവര്‍ എല്ലാവരും രണ്ടു തട്ടിലാണ്. ഒന്നുകില്‍ നാരായണി ഉണ്ടായിരുന്നു അല്ലെങ്കില്‍ ഭാവന മാത്രം. പക്ഷേ അതുകൊണ്ട് തീരുന്നതല്ലല്ലോ ഒരു സ്ത്രീയെ തേടിയുള്ള യാത്ര. അതും മലയാളം കണ്ട ഏറ്റവും വലിയ നിഗൂഢതയുടെ ഉടമസ്ഥയെ. അവര്‍ മതിലില്‍ ചേര്‍ത്തു വെച്ച മുലകളുടെ ചൂടറിയാത്ത ഒരു വായനക്കാരനും/രിയും ഉണ്ടാവില്ല. അവള്‍ക്ക് വേണ്ടി മീന്‍ വറുത്തതും മുട്ട പുഴുങ്ങിയതും കൊടുക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്?

 

making of the documentary narayaniye thedi by sajin pj

 

ജയിലിലേക്കുള്ള യാത്ര

ഒടുവില്‍ ഞങ്ങള്‍ അത് തന്നെ തീരുമാനിച്ചു, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പോകുക. നേരത്തെ ആലോചന ഉണ്ടായിരുന്നു എങ്കിലും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നത് ഇപ്പോളാണ്. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ഒരു പകല്‍ തിരുവനന്തപുരത്തെത്തി. ആദ്യം ഒരു തവണ പോയെങ്കിലും ജയിലില്‍ പ്രവേശിക്കാന്‍ അനുവാദം കിട്ടഞ്ഞതിനാല്‍ ഞങ്ങള്‍ക്ക് തിരിച്ചു പോരേണ്ടി വന്നിരുന്നു. 

ഇത്തവണ പക്ഷേ ആ വലിയ വാതിലിന്റെ ചുവട്ടിലെ ചെറിയ ദ്വാരം ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു. കുനിഞ്ഞു വേണം അകത്തു കടക്കാന്‍. നിരീക്ഷണത്തിന്റെയും, നിഗൂഢതയുടെയും, നിശ്ശബ്ദതയുടെയും, നിര്‍വ്വികാരതയുടെയും ഒക്കെ അദൃശ്യവിരലുകള്‍ എപ്പോളും പിന്‍കഴുത്തില്‍ അസ്വസ്ഥപ്പെടുത്തും വിധം ഇഴഞ്ഞു നീങ്ങുന്ന അന്തരീക്ഷം.

വലിയ മതിലിനോട് ചേര്‍ന്നു നടക്കുമ്പോള്‍ ഞങ്ങള്‍ പെണ്ണിന്റെ മണം കിട്ടാനെന്നവണ്ണം നാസാരന്ധ്രങ്ങള്‍ തുറന്നു പിടിച്ചു. എങ്ങാനും നാരായണിയുടെ മണം വന്നാലോ! പഴയ പെണ്‍ ജയിലിനെയും ബഷീര്‍ പാര്‍ത്തിരുന്ന ആണ്‍ ജയിലിനെയും വേര്‍തിരിക്കുന്ന മതിലിനു മുന്നില്‍ ഞങ്ങളെത്തി. അതില്‍ ക്രൂരനായ ആ ജയിലര്‍ കുമ്മായം തേച്ച് അടച്ചു കളഞ്ഞ ദ്വാരം ഞങ്ങള്‍ ശരിക്കും കണ്ടുവോ? 'നാരായണീ...?' ഇല്ല ആരും വിളി കേള്‍ക്കുന്നില്ല. അപ്പോളാണ് ജയിലിലെ അസിസ്റ്റന്റ് വാര്‍ഡന്‍ അക്കാര്യം പറഞ്ഞത്. ഇപ്പോള്‍ ആ മതിലിനപ്പുറത്ത് പെണ്‍ ജയിലല്ല. അത് വേറെ ഒരിടത്തേക്ക് മാറ്റിയിരിക്കുന്നു. പക്ഷേ ഇപ്പോളും അപ്പുറത്ത് നിന്ന് സംസാരിക്കുന്നത് ഇപ്പുറത്ത് നിന്നാല്‍ കേള്‍ക്കാം!

 ദൈവമേ! അപ്പോള്‍ നാരായണി! 

'ആരാ അവിടെ ചൂളമടിക്കുന്നത്' എന്ന അവളുടെ ചോദ്യം! 

അവളുണ്ടായിരുന്നു എന്നോ! 

മുഖത്ത് സുന്ദരമായ മറുകുണ്ടായിരുന്ന അവള്‍ ബഷീറിനെ കാണാന്‍ ആശുപത്രി വരാന്തയില്‍ കാത്തു നിന്നിരുന്നെന്നോ! വരുന്ന ഓരോരുത്തരുടെ കയ്യിലും ചുമന്ന റോസാപ്പൂവ് ഉണ്ടോ എന്ന് ആകാംഷയോടെ അവള്‍ നോക്കിയിരുന്നെന്നോ? ലോകത്തിലെ ഏറ്റവും വലിയ കപ്പലിന്റെ നങ്കൂരം നെഞ്ചത്ത് എടുത്തു വെച്ചപോലെ ഞങ്ങള്‍ സ്തബ്ധരായി പോയി! ഞങ്ങളെ വിട്ട് നാരായണി എന്ന യാനം എങ്ങോട്ടും പോകുന്നില്ല. അവളുടെ കനം താങ്ങാനാവാതെ ഞങ്ങള്‍ ഉറഞ്ഞു പോയി. ഇനി ഏത് അടിയൊഴുക്കിലാണ് ഞങ്ങള്‍ക്ക് ഒന്ന് അനങ്ങാന്‍ ആവുക? നാരായണി ബഷീറിനെ കാത്തു നിന്ന ജയിലിലെ ആശുപത്രി വരാന്തയില്‍ ഹൃദയം നുറുങ്ങി ഞങ്ങള്‍ നിന്നു.


രേഖകളില്‍നിന്നു മാഞ്ഞുപോയവള്‍

ധ്രുവനക്ഷത്രം പോലെ ഒരു തോന്നല്‍. ജയിലിലെ പഴയകാല രേഖകള്‍ പരിശോധിച്ചാലോ? അതെ, അത് അവസാനത്തെ പിടിവള്ളി ആണ്. ഇരട്ടവാലന്‍ തിന്ന മഞ്ഞ പേപ്പറുകള്‍ക്കിടയില്‍ എവിടെ എങ്കിലും ഒരു പേരായിട്ടെങ്കിലും നാരായണി വെളിച്ചപ്പെട്ടാലോ? 

ഞങ്ങള്‍ നേരെ ജയിലറുടെ അടുത്ത് പോയി. ഇടുങ്ങിയ പടികള്‍ കയറി മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ പക്ഷേ അന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള ഒരു രേഖയും ജയിലില്‍ ലഭ്യമായിരുന്നില്ല! എന്റെ നാരായണീ...! 

മരണത്തിന്റെ മണം തങ്ങി നിന്ന കൊലമരത്തിന്റെ ഓരം പറ്റി ഞങ്ങള്‍ തിരിച്ചിറങ്ങി. ഞാനും കുട്ടനും നിരവധി ടേപ്പുകളില്‍ പകര്‍ത്തിയ റഷസുമായി ദിവസങ്ങളോളം ഇരുന്ന് നാരയാണിയെ തേടിയുള്ള യാത്ര എഡിറ്റ് ചെയ്തു. 

ബിജിബാലും ചക്രപാണിയും ചെയ്തു തന്ന പശ്ചാത്തല സംഗീതം നാരായണി എന്ന അദൃശ്യതയുടെ ആഴം കൂട്ടിക്കൊണ്ട് ഇന്നും ഞങ്ങളോടൊപ്പം സഞ്ചരിക്കുന്നു. 

ഇത് എഴുതുമ്പോള്‍ ഹാരിസ് മാഷ് ഇല്ല. ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചുകൊണ്ട് അങ്ങേരും പോയി. എഴുത്തും സിനിമാ സ്വപ്നങ്ങളും എല്ലാം ഒഴിവാക്കി ഞാനും നിശ്ശബ്ദതയിലേക്ക് മടങ്ങിയിരുന്നു, നാരായണിയെ പോലെ. പക്ഷേ ചില സൗഹൃദങ്ങള്‍ ചില നേരങ്ങളില്‍ നമ്മെ വന്നു തൊടും. അപ്പോള്‍ ഓര്‍മ്മകളിലേക്ക് നമ്മളും എടുത്ത് എറിയപ്പെടും.

 

Read more: നാരായണി ഉള്ളതാണെന്ന് ഫാബി ബഷീര്‍,  ഇല്ലെന്ന് കാരശ്ശേരി, ഫിക്ഷനാവാമെന്ന് എംടി

Follow Us:
Download App:
  • android
  • ios