കോസ്റ്റാറിക്കയിലെ ഒരു തദ്ദേശീയ സമൂഹമായ ബ്രിബ്രി നിവാസികൾ വിശ്വസിക്കുന്നത് സ്ത്രീകളാണ് ഭൂമിയുടെ അവകാശികൾ എന്നാണ്. പരമ്പരാഗത ആചാരങ്ങൾ സംരക്ഷിക്കേണ്ട ചുമതല പെൺമക്കൾക്കാണ്. ആരാധനാലയങ്ങളിൽ പൂജാകാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നതും സ്ത്രീകൾ തന്നെ.
പുരുഷാധിപത്യ വ്യവസ്ഥിതിയാൽ രൂപപ്പെട്ട ഈ ലോകത്ത് പലപ്പോഴും സ്ത്രീകൾക്ക് അവസരങ്ങൾക്കായി പോരാട്ടങ്ങൾ നടത്തേണ്ടി വരാറുണ്ട്. എന്നാൽ, ലോകത്തിൽ ചിലയിടങ്ങളിൽ സ്ത്രീകളാൽ മാത്രം ഭരിക്കപ്പെടുന്ന ചില സമൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സമൂഹങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതും അത് നടപ്പിലാക്കുന്നതും സ്ത്രീകളാണ്. ഇത്തരത്തിൽ സ്ത്രീകൾ ഏറ്റവും സ്വാധീനം ചെലുത്തുന്ന ചില സമൂഹങ്ങളെ നമുക്ക് പരിചയപ്പെടാം.
ഖാസി
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിൽ, ഖാസി ഗോത്രം പിന്തുടരുന്നത് സ്ത്രീകൾ അധികാരം കയ്യാളുന്ന സമ്പ്രദായമാണ്. ഈ ഗോത്രസമൂഹത്തിൽ അനന്തരാവകാശം സ്ത്രീകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. സ്വത്തും അധികാരങ്ങളും അമ്മയിൽ നിന്ന് പെൺമക്കൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
കൂടാതെ കുടുംബത്തിലെയും, സമൂഹത്തിലെയും തീരുമാനങ്ങളിലും സ്ത്രീകൾ ശക്തമായ പങ്ക് വഹിക്കുന്നു. ഈ ഗോത്രവാസികൾ വിവാഹമോചനത്തെ ഒരു മോശം കാര്യമായി കാണുന്നതേയില്ല. തങ്ങൾക്ക് ചേരുന്ന ഇണകളെ സ്വയം കണ്ടെത്താനും അവരോടൊപ്പം ജീവിക്കാനുള്ള പൂർണസ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ട്. തിരഞ്ഞെടുക്കുന്ന പങ്കാളികളുമായി ചേർന്നു പോകാൻ സാധിക്കുന്നില്ല എങ്കിൽ ഇവർ ഒട്ടും മടികൂടാതെ വിവാഹമോചനത്തിലേക്കും പോകുന്നു.
മോസുവോ
തെക്കുപടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന മോസുവോ ജനതയെ 'ചൈനയിലെ അവസാനത്തെ മാതൃവംശ സമൂഹം' എന്നാണ് വിളിക്കുന്നത്. അമ്മയുടെ പരമ്പരയിലൂടെ സ്വത്ത് പാരമ്പര്യമായി ലഭിക്കുന്ന സാമൂഹിക സംവിധാനമാണ് ഇവരുടേത്.
മോസുവോ വീടുകളിൽ സ്ത്രീകളാണ് തീരുമാനങ്ങൾ എടുക്കുന്നത്. അമ്മമാരും അവരുടെ സഹോദരന്മാരും ചേർന്നാണ് കുട്ടികളെ വളർത്തുന്നത്. വിവാഹം എന്ന പരമ്പരാഗത ആശയത്തിന് പകരം, പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടെ പങ്കാളികളെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനും ആ ബന്ധം യോജിച്ചു പോകുന്നില്ല എന്ന് തോന്നിയാൽ അവസാനിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.
ബ്രിബ്രി
കോസ്റ്റാറിക്കയിലെ ഒരു തദ്ദേശീയ സമൂഹമായ ബ്രിബ്രി നിവാസികൾ വിശ്വസിക്കുന്നത് സ്ത്രീകളാണ് ഭൂമിയുടെ അവകാശികൾ എന്നാണ്. പരമ്പരാഗത ആചാരങ്ങൾ സംരക്ഷിക്കേണ്ട ചുമതല പെൺമക്കൾക്കാണ്. ആരാധനാലയങ്ങളിൽ പൂജാകാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നതും സ്ത്രീകൾ തന്നെ. പുരുഷന്മാർ സമൂഹത്തെ സേവിക്കുന്നുണ്ടെങ്കിലും സ്വത്തോ ആചാരപരമായ അവകാശങ്ങളോ പാരമ്പര്യമായി ലഭിക്കുന്നില്ല.
മിനാങ്‌കബൗ
പടിഞ്ഞാറൻ സുമാത്രയിലെ മിനാങ്‌കബൗ ജനത മാതൃാധിപത്യ സ്വഭാവമുള്ളവരാണ്, അതായത് സമ്പത്തും അധികാരങ്ങളും സ്ത്രീ പരമ്പരയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സമൂഹത്തിൽ, സ്ത്രീകൾ വളരെയധികം ബഹുമാനിക്കപ്പെടുന്നു, കൂടാതെ കുടുംബ, സാമുദായിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതും സ്ത്രീകൾ തന്നെയാണ്. ഭരണത്തിലും ആരാധനാലയങ്ങളുടെ മേൽനോട്ടത്തിലും പുരുഷന്മാരെ ഉൾപ്പെടുത്താറുണ്ടെങ്കിലും പ്രഥമ പരിഗണന സ്ത്രീകൾക്ക് തന്നെയാണ്.
അകാൻ
ഘാനയിലെ അകാൻ ജനതയിൽ, സ്ത്രീകൾ സംസ്കാരത്തിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു, കുടുംബ, സമൂഹ കാര്യങ്ങളിൽ പ്രധാന തീരുമാനമെടുക്കുന്നത് സ്ത്രീകളാണ്.
ഉമോജ
1990-ൽ സ്ഥാപിതമായ കെനിയയിലെ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ഗ്രാമമാണ് ഉമോജ. ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീകൾക്കുള്ള ഒരു സങ്കേതമായി ഇത് പ്രവർത്തിക്കുന്നു. പുരുഷന്മാർക്ക് ഗ്രാമത്തിൽ താമസിക്കാൻ അനുവാദമില്ല. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിച്ചും ഉമോജയിലെ സ്ത്രീകൾ ഇവിടെ ജീവിക്കുന്നു.


