8,000 വര്‍ഷം മുമ്പ് തന്നെ ആഫ്രിക്കന്‍ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നുവെന്ന കണ്ടെത്തല്‍, ലോകത്തെ ആദിമ ജനതയുടെ ജീവിതത്തിലേക്ക് വലിയൊരു വാതിലാണ് തുറക്കുന്നത്.
ലോകത്ത് ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്‍ വരച്ച ചിത്രമായി കരുതിയിരുന്നത് ഒരു പന്നിയുടെ ചിത്രമായിരുന്നു. ഇന്തോനേഷ്യലെ സുലാവേസി ദ്വീപിലെ ലിയാങ് കരാംപ്യാഗ് ഗുഹയില്‍ നിന്നുമാണ് ഈ ചിത്രം കണ്ടെത്തിയത്. 51,200 മുമ്പ് വരയ്ക്കപ്പെട്ടതായി കരുതുന്ന ചിത്രത്തില്‍ ഒരു പന്നിയും വേട്ടക്കാരായ മൂന്ന് മനുഷ്യരെയും കാണാം. അതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മനുഷ്യ ചിത്ര രചനയേക്കാൾ 5,000 വര്‍ഷം പഴക്കമാണ് ഈ ചിത്രത്തിന് കണക്കാക്കിയത്.
കണ്ടെത്തിയ പൗരാണിക ചിത്രങ്ങളിലെല്ലാം തന്നെ രൂപങ്ങൾ മാത്രമേ കണ്ടെത്തിയിരുന്നൊള്ളൂ. അവയില്‍ വസ്ത്രങ്ങളോ മറ്റ് ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. മനുഷ്യ രൂപങ്ങളാണെങ്കില്‍ അവയുടെ കൈയില്‍ ഒരു ആയുധം മാത്രമാകും ഉണ്ടായിരിക്കുക. എന്നാല്‍ 8,000 വര്‍ഷം മുമ്പ് വരച്ച ഒരു ചിത്രത്തില്‍ രണ്ട് സ്ത്രീകൾ മിനി സ്കേർട്ട് ധരിച്ചിരിക്കുന്ന ഗുഹാ ചിത്രം ഗവേഷകരെ അമ്പരപ്പിച്ചു. 8,000 വര്‍ഷം മുമ്പ് തന്നെ മനുഷ്യന് വസ്ത്രധാരണയുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ചിത്രം. ചിത്രം കണ്ടെത്തിയതാവട്ടെ അൾജീരിയയുടെ ഭാഗമായ സഹാറ മരുഭൂമിയിലും. തസിലി ന്ജെർ എന്ന പര്‍വ്വതക്കുട്ടങ്ങൾക്കിടെയിലെ ഗുഹയിലാണ് ഈ ചിത്രം കണ്ടെത്തിയത്.
ഈ പര്‍വ്വത ഗുഹകളിലൊന്നിലാണ് മിനി സ്കേർട്ട് ധരിച്ച രണ്ട് യുവതികളുടെ ചിത്രങ്ങളുള്ളതും. മിനി സ്കേർട്ട് ധരിച്ച രണ്ട് സ്ത്രീകൾ ഒരു നൃത്തം ചെയ്യുന്നതിന് സമാനമായ രീതിയിലാണ് ചിത്ര രചനയുള്ളത്. അതേസമയം ഇവര്‍ക്ക് തലയിലെന്നതും കൗതുകമുണര്‍ത്തുന്നു. തലയുടെ സ്ഥാനത്ത് നീണ്ട ഒരു വര മാത്രമാണ് ഉളളത്. മറ്റൊരു ചിത്രത്തില്‍ ഈ വര ഇല്ലാതെ തലയുടെ സ്ഥാനത്ത് ഒന്നും വരയ്ക്കാത്ത ചിത്രവുമുണ്ട്. ഈ ചിത്രത്തിന്‍റെ കൂടെ പുതപ്പ് വച്ച് പുതച്ച് നില്‍ക്കുന്ന രണ്ട് പട്ടികളുടേതിന് സമാനമായ ചിത്രവുമുണ്ട്. കൈകൾ ചേര്‍ത്ത് പിടിച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട് വളച്ച്, അല്പമൊന്ന് കുനിഞ്ഞ് എന്തോ പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നത് പോലെ നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമായിരുന്നു അത്. സാംസ്കാരികമോ ആത്മീയമോ ആയ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളാകാമതെന്ന് പുരോവസ്തു ഗവേഷകര്‍ കരുതുന്നു.
മിനി സ്കേർട്ട് ധരിച്ച് രണ്ട് സ്ത്രീകൾ എന്നതിന് അപ്പുറത്ത് ഈ ചിത്രത്തിന് വലിയ സാംസ്കാരി, ചരിത്ര മൂല്യമുണ്ട്. ഇരുണ്ട ആഫ്രിക്കയെന്നും മറ്റും വിളിച്ച് യൂറോപ്യന്‍ കോളനി ശക്തികൾ ഇന്നും ആധുനിക അടിമത്വത്തിന്‍ കീഴിൽ നിര്‍ത്തിയിരിക്കുന്ന ആഫ്രിക്കയില്‍ 8,000 വര്‍ഷം മുമ്പ് തന്നെ വസ്ത്രധാരണം നിലനിന്നിരുവെന്ന കണ്ടെത്തല്‍ ചരിത്ര പാഠങ്ങളുടെ പുനർരചനയ്ക്ക് നിര്‍ബന്ധിതമാക്കുന്നു. ഈ ചിത്രങ്ങൾക്ക് 6,000 മുതല്‍ 8,000 വരെ വര്‍ഷത്തെ പഴക്കം മുണ്ടാകുമെന്നാണ് കരുതുന്നത്. ചരിത്രാധീത കാലത്തെ ഗുഹാ ചിത്രങ്ങൾക്ക് പേരുകേട്ടതാണ് 72,000 സ്ക്വയർ കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന തസിലി ന്ജെറിലെ പര്‍വ്വത ശൃംഖലകൾ. യുനെസ്കോ 1982 -ല്‍ പ്രദേശത്തെ ലോക പൈതൃക മേഖലയായി പ്രഖ്യാപിച്ചിരുന്നു.


