അവന്‍ പറഞ്ഞുതുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കുറേ ദൂരെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് അവന്‍ വരുന്നത്. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന ചോദിച്ചപ്പോള്‍ അവന്റെ കണ്ണു നിറഞ്ഞു. പിന്നെ പതിയെ പറഞ്ഞു, എല്ലാവരെയും ഉപേക്ഷിച്ചു പോന്നതാണ്. ഒരു ദിവസം തോന്നി, അപ്പന്റെ കൂടെ കൃഷി ചെയ്തിട്ട് കാര്യമില്ല. ആയിടെ ഡല്‍ഹിയില്‍ നിന്ന് വന്ന കൂട്ടുകാരന്‍ നഗര ജീവിതത്തിന്റെ മാസ്മരികതകളെക്കുറിച്ചു വാചാലനായപ്പോള്‍ ഒരു രാത്രി വീട് വിട്ടിറങ്ങിയതാണ്. എളുപ്പത്തില്‍ പണക്കാരനാവാന്‍, ജീവിതം ആസ്വദിക്കാന്‍. എത്തിപ്പെട്ടത് കൂലിക്ക് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ ഇടയില്‍.

 

 

നിമിത്തങ്ങള്‍, യാദൃശ്ചികതകള്‍ ഇവയുടെ ആകെത്തുകയാണ് ഈ കൊച്ചു ജീവിതം. എത്തേണ്ട വഴികളില്‍ ഒരിക്കലും ചെന്നെത്താതെ. എവിടെയൊക്കെയോ അലഞ്ഞുതിരിഞ് ഒടുവില്‍ ചെന്നെത്തുന്നത് പ്രിയ ഇടങ്ങളില്‍ ആവുമെന്ന് യാതൊരു ഉറപ്പുമില്ല. ഇതേ യാദൃശ്ചികത ആവാം കുട്ടിത്തം പൂര്‍ണ്ണമായും വിട്ടു മാറാത്ത ആ പയ്യനെ എന്റെ മുന്‍പില്‍ എത്തിച്ചത്. 

കരിയറില്‍ സെറ്റില്‍ ആകുന്നതിന് ഇടയിലെ ഒന്ന് രണ്ടു മാസങ്ങള്‍ ഡല്‍ഹിയിലെ ഒരു ചെറിയ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. എല്ലാം കൂടി പതിനഞ്ചു ബെഡ്. അതില്‍ത്തന്നെ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ഐ സി യു എന്നിങ്ങനെ സകല ആഡംബരങ്ങളും ഉണ്ട്. കൂടെ ജോലി ചെയ്യുന്ന എല്ലാവരും തന്നെ വേറേ എവിടെയെങ്കിലും ജോലി നോക്കുന്നവരോ, വിസ നോക്കിയിരിക്കുന്നവരോ ഒക്കെ ആണ്. 

രാത്രിയില്‍ ജോലിത്തിരക്കില്ലെങ്കില്‍ രസമാണ്. കാപ്പി ഉണ്ടാക്കലും ഭക്ഷണം കഴിപ്പും ഒക്കെയായി എല്ലാവരും അങ്ങനെ ഇരിക്കും. 

അങ്ങനെ ഒരു രാത്രി, ആരോ കൊണ്ട് വന്ന ഉണക്കക്കപ്പ വേവിച്ചത് മീന്‍ കറി കൂട്ടി ആസ്വദിച്ചുകഴിക്കുന്നതിന്റെ ഇടയിലേക്കാണ് ഏതോ ഒരു വണ്ടി ചീറിപ്പാഞ്ഞു വന്നത്. ഐ സി യു വിന്റെ ജനലില്‍ കൂടി നോക്കിയാല്‍ കാണാം, താഴെ നാലു വണ്ടികള്‍ ഉണ്ട്. നോക്കുമ്പോള്‍, കുറേപ്പേര്‍ ചേര്‍ന്ന് ഒരു പയ്യനെ എടുത്തു കൊണ്ട് വരുന്നു. അവന്റെ പരുവം കണ്ടാല്‍ അറിയാം, ഒട്ടും ബോധമില്ല. കൈകള്‍ വശങ്ങളില്‍ തളര്‍ന്നുതൂങ്ങിക്കിടപ്പുണ്ട്. സത്യം പറഞ്ഞാല്‍ വാടിയ ചേമ്പിന്‍ താള് പോലുള്ള ഒരാളെ അന്നാണ് നേരില്‍ കാണുന്നത്. 

ഉടന്‍ തന്നെ ഐ സി യുവിനോട് ചേര്‍ന്നുള്ള റൂമില്‍ ഉറങ്ങുന്ന ഡ്യൂട്ടി ഡോക്ടറെ വിളിച്ചു. പയ്യനെ ബെഡിലേക്ക് കിടത്താന്‍ കൂടെയുള്ളവരോട് പറഞ്ഞു. അവര്‍ അവനെ കിടത്തിയിട്ട് അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ഞാന്‍ അവരോട് പറഞ്ഞു, ''ഒരാള്‍ക്കേ രോഗിയുടെ കൂടെ നില്ക്കാന്‍ പറ്റൂ. ബാക്കിയുള്ളവര്‍ വെളിയില്‍ നില്‍ക്കണം.'' അതിലൂടെ വന്ന കൊതുകിനോടാണ് ഞാന്‍ പറഞ്ഞതെന്ന മട്ടില്‍ ഒന്നും മൈന്റ് ചെയ്യാതെ അവര്‍ നില്‍ക്കുകയാണ്. ഗുണ്ടകളെ പോലെ തോന്നിക്കുന്നവര്‍.  പലരെയും മദ്യം മണക്കുന്നു. ഉള്ളില്‍ നല്ല പേടിയുണ്ടെങ്കിലും ചാര്‍ജ് നഴ്‌സ് എന്ന അധികാരം വച്ചു ഞാന്‍ അവരെ നിര്‍ബന്ധിച്ചു വെളിയിലേക്കു പറഞ്ഞു വിട്ടു.

ഒടുവില്‍ ബാക്കി വന്ന ആളോട് ഇവന് എന്ത് പറ്റിയതാണ് എന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു, മദ്യപിച്ചതാണ്; കുറച്ചു കൂടിപ്പോയി. ഞാന്‍ ആ പയ്യനെ ഒന്ന് നോക്കി. മുഖം കണ്ടിട്ട് ഈ കൂട്ടത്തില്‍ കൂടേണ്ട ആളല്ല. അപ്പോഴേക്കും ഡോക്ടര്‍ വന്നു. ഉടന്‍ തന്നെ അവന്റെ മൂക്കില്‍ കൂടി ട്യൂബ്  ഇട്ട് വയര്‍ കഴുകാനുള്ള പരിപാടികള്‍ തുടങ്ങി, ഐ വി ഫ്‌ലൂയിഡ് തുടങ്ങി ആകെ ബഹളം. ട്യൂബ് മൂക്കിലൂടെ കടത്തിയതും കുടല്‍ പോലും വെളിയില്‍ വന്നപോലെ അവന്‍ ഒരൊറ്റ ചര്‍ദ്ദി. ഒരൊറ്റ ചാട്ടത്തിന് ബെഡിന്റെ മറു വശത്തേക്ക് മാറിയത് കൊണ്ട് അത് ഉടുപ്പില്‍ ആകാതെ രക്ഷപെട്ടു. അവന്‍ പിന്നെയും ചര്‍ദ്ദിച്ചു. മദ്യത്തിന്റെ പുളിച്ച നാറ്റം. ഞാന്‍ കൂടെ നില്‍ക്കുന്ന ഗുണ്ടാ ചേട്ടനോട് ചോദിച്ചു, എന്തായിരുന്നു ആഘോഷം? നല്ലോണം കുടിച്ചിട്ടുണ്ടല്ലോ. അയാള്‍ ഹിന്ദിയില്‍ എന്തോ പിറുപിറുത്തു. 

കുറേക്കഴിഞ്ഞപ്പോഴേക്കും മദ്യത്തിന്റെ കെട്ടു വിട്ടിട്ടുണ്ടാവണം, അവന്‍ പതുക്കെ കണ്ണ് തുറന്ന് ചുറ്റും നോക്കി. പിന്നെ പറഞ്ഞു തല വല്ലാതെ വേദനിക്കുന്നു. ഞാന്‍ അവന്റെ കണ്ണിലേക്ക് നോക്കി. കൂടെ വന്ന ആരുടെയും മുഖത്തില്ലാത്ത നിഷ്‌കളങ്കത അവന്റെ മുഖത്തുണ്ട്. ആരെയോ ഭയന്ന ഭാവവും. ഡോക്ടറോട് പറഞ്ഞു തലവേദനയ്ക്കുള്ള മരുന്ന് കൊടുത്തു. പിന്നെ ഞാന്‍ അവനോട് പറഞ്ഞു, ഉറങ്ങിക്കോ നന്നായി ഉറങ്ങിയാല്‍ തലവേദന മാറും. 

പിന്നെ ഞാന്‍ എന്റെ മറ്റു പണികളിലേക്ക് തിരിഞ്ഞു. ഇടക്ക് നോക്കുമ്പോള്‍ അവന്‍ എന്തോ ആലോചിച്ചുകിടക്കുന്നത് കണ്ടു. കൂടിയിരിക്കുന്ന ആള്‍ ഒരു കസേരയില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്. ബാക്കിയുള്ള കുറച്ചു പേര്‍ പുറത്തു നില്‍പ്പുണ്ട്. പലരും ഇടയ്ക്കിടെ അകത്തേക്ക് വരികയും രോഗിയെ നോക്കിയിട്ട് പുറത്തേക്ക്പോവുകയും ചെയ്യുന്നു. ഞാന്‍ അവന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ ഉറങ്ങുന്ന കൂട്ടിരുപ്പുകാരന്‍ ചാടി എണീക്കും. രോഗിയോട് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും അയാളാണ് മറുപടി പറയുന്നത്. എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നത്‌പോലെ. 

''ഞാന്‍ അയാളോട് പറഞ്ഞു, ഇനി ഇവിടെ നില്ക്കാന്‍ പറ്റില്ല. വേറെ രോഗികളും ഉണ്ട്. നിങ്ങള്‍ ഇങ്ങനെ വരികയും പോവുകയും ചെയ്താല്‍ അത് ബുദ്ധിമുട്ടാവും.'' 

എന്നോട് തര്‍ക്കിക്കാന്‍ തുടങ്ങിയ അയാളെനിര്‍ബന്ധിച്ചു തന്നെ പുറത്തേക്ക് പറഞ്ഞു വിട്ടു. അയാള്‍ പുറത്തേക്ക് പോയി മറ്റുള്ളവരോട് എന്തോ പറയുന്നത് ഗ്ലാസ് ഡോറില്‍ കൂടെ എനിക്ക് കാണാം.

ഞാന്‍ ആ പയ്യനോട് ചോദിച്ചു, നീ എങ്ങനെ ഇവരുടെ കൂട്ടത്തിലെത്തി?

അവന്‍ പറഞ്ഞുതുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കുറേ ദൂരെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് അവന്‍ വരുന്നത്. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന ചോദിച്ചപ്പോള്‍ അവന്റെ കണ്ണു നിറഞ്ഞു. പിന്നെ പതിയെ പറഞ്ഞു, എല്ലാവരെയും ഉപേക്ഷിച്ചു പോന്നതാണ്. ഒരു ദിവസം തോന്നി, അപ്പന്റെ കൂടെ കൃഷി ചെയ്തിട്ട് കാര്യമില്ല. ആയിടെ ഡല്‍ഹിയില്‍ നിന്ന് വന്ന കൂട്ടുകാരന്‍ നഗര ജീവിതത്തിന്റെ മാസ്മരികതകളെക്കുറിച്ചു വാചാലനായപ്പോള്‍ ഒരു രാത്രി വീട് വിട്ടിറങ്ങിയതാണ്. എളുപ്പത്തില്‍ പണക്കാരനാവാന്‍, ജീവിതം ആസ്വദിക്കാന്‍. എത്തിപ്പെട്ടത് കൂലിക്ക് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ ഇടയില്‍. ഇന്ന് രാത്രി അവന്റെ ധൈര്യം തെളിയിക്കാനുള്ള അവസരമായിരുന്നു. അതിന് മുന്നോടിയായി മദ്യപിച്ചതാണ്. അമ്മയുടെ സ്‌നേഹംചാലിച്ചു ചുട്ടെടുത്ത ചപ്പാത്തി തിന്നു പരിചയിച്ച വയറിന് മദ്യത്തിന്റെ തീക്ഷണത ഉള്‍ക്കൊള്ളാന്‍ ആയില്ല. 

ഞാന്‍ അവനോട് ചോദിച്ചു, നിനക്ക് വീട്ടിലേക്ക് തിരികെ പൊയ്ക്കൂടേ? അപ്പനും അമ്മയും എത്രമാത്രം വിഷമിക്കുന്നുണ്ടാവും. അവന്‍ പറഞ്ഞു, ദീദി എനിക്കിനി രക്ഷപ്പെടാനാവില്ല. ഒരു പ്രാവശ്യം ഇവരുടെ കൂടെകൂടിയാല്‍ പിന്നെ പുറത്തു പോകാന്‍ പറ്റില്ല. കുറ്റ കൃത്യങ്ങളില്‍ അവനും പങ്കാളിയാണ്. പുറത്തു പോയാല്‍പോലീസ് പിടിക്കും, അല്ലെങ്കില്‍ കൂട്ടത്തില്‍ ഉള്ളവര്‍ ശരിപ്പെടുത്തും. ഈ കെണിയില്‍ നിന്ന്‌മോചനമില്ല. ഒരു ഷാജി കൈലാസ് സിനിമ എന്റെ മുന്‍പില്‍ ജീവനോടെ ഇരിക്കുന്നു. നായകനാണെങ്കില്‍ കുട്ടിത്തം വിടാത്ത നിഷ്‌കളങ്ക മുഖമുള്ള ഒരു പയ്യനും.

ഒരു നിമിഷം എന്റെ കണ്ണിലേക്ക് നോക്കിയിട്ട് അവന്‍ ചോദിച്ചു, ദീദി, നിങ്ങള്‍ക്ക് എന്നെ രക്ഷിക്കാന്‍ പറ്റുമോ? അവന്റെ കൂട്ടുകാരനെ ബലമായി പുറത്താക്കിയത് കൊണ്ട് ഞാനെന്തോ ഭയങ്കര ശക്തിശാലിയാണെന്ന് പാവം പയ്യന്‍ ഓര്‍ത്തു കാണും. ഞാനൊന്നും മിണ്ടിയില്ല. ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് എനിക്കറിയാം. 

അവന്‍ സംസാരിക്കുന്നത് കണ്ടു കൊണ്ടാണ് കൂടെയുള്ളവര്‍ കയറി വന്നത്. എന്നോട് അവന്‍ എന്തൊക്കെപറഞ്ഞു കാണുമെന്ന് ഒരു സംശയം അവരുടെ കണ്ണുകളില്‍ തെളിഞ്ഞു. ഞാന്‍ അവന്റെ മരുന്നുകള്‍ പറഞ്ഞുകൊടുക്കുന്ന ഭാവത്തില്‍ നിന്നു. അവര്‍ ഡോക്ടറോട് ആവശ്യപ്പെട്ട് ഉടന്‍ തന്നെ അവനെ ഡിസ്ചാര്‍ജ്
വാങ്ങിക്കൊണ്ടുപോയി. ക്രൂരത നിറഞ്ഞ കണ്ണുകള്‍ ഉള്ള ഒരുത്തന്‍ ഉന്തുന്ന വീല്‍ചെയറില്‍ ഇരുന്ന് അവന്‍ എന്നെതിരിഞ്ഞു നോക്കി. ദൈന്യതയുടെ ആഴം ആ കണ്ണുകളില്‍ കണ്ടെങ്കിലും ഒന്ന് തടയാന്‍ പോലും എനിക്ക് ധൈര്യമുണ്ടായില്ല. നിസ്സഹായതയുടെ മൂടുപടം ചാര്‍ത്തി ഞാന്‍ നിന്നു. 

കുറേക്കാലം അവന്‍ ഒരു നൊമ്പരമായിമനസ്സില്‍ ഉണ്ടായിരുന്നു. 'ദീദി നിങ്ങള്‍ക്ക് എന്നെ രക്ഷിക്കാന്‍ പറ്റുമോ' എന്ന അവന്റെ ചോദ്യം ഇടയ്ക്കിടെ ഓര്‍മ്മവരും. കുറ്റബോധത്തിന്റെയും, നിസ്സഹായതയുടെയും മാറാപ്പു പേറുന്ന മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ എന്നോട് തന്നെ പറയും. അവന്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതല്ലേ? നിനക്ക് എന്ത് ചെയ്യാന്‍ പറ്റും. ചിലപ്പോള്‍ ഓര്‍ക്കും, അവന്‍ അടവുകള്‍ ഒക്കെ പഠിച്ചു തികഞ്ഞ ഒരു ഗുണ്ട ആയിട്ടുണ്ടാവും. മനസ്സിന്റെ ലോല ഭാവങ്ങളെ മൂടി ക്രൂരതയുടെ ഒരു പുതപ്പ് അവനെ പൊതിഞ്ഞിരിക്കാം. മുറുകുന്ന വലയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഇരുണ്ട ലോകത്തിന്റെ കാവലാളായി എവിടെങ്കിലും അവന്‍ കാണും. ചിലപ്പോള്‍ ജയിലില്‍ ആകാം, അല്ലെങ്കില്‍ ആരെങ്കിലും അവനെ കൊന്നു കളഞ്ഞിരിക്കും. 

അപ്പോള്‍ മനസ്സിന്റെ മറുപാതി ഒരു യാത്ര പോവും, നഗരത്തില്‍ നിന്നകലെ ഏതോ ഒരു ഗ്രാമത്തിലേക്ക്. അവിടെ വയലില്‍ വിത്തു വിതക്കുന്ന ഒരപ്പനെ കണ്ടു മുട്ടും. അയാള്‍ തനിയെ ആണ്, ആണ്‍തരി കൂടെയില്ല. മുറ്റത്തുണ്ടാക്കിയ അടുപ്പില്‍ മാവു കുഴച്ചു ചപ്പാത്തി ഉണ്ടാക്കുകയാണ് ഒരമ്മ. ഇടയ്ക്കിടെ അവരുടെ കണ്ണുകള്‍ പടിക്കലേക്ക് നീളുന്നുണ്ട്. 'വരുന്നുണ്ടോ അവന്‍' എന്ന നിശബ്ദമായ അന്വേഷണം ആ കണ്ണുകളില്‍ ഉണ്ട്. പതിവുപോലെ 'അമ്മേ വിശക്കുന്നു' എന്ന് പറഞ്ഞു കൊണ്ട് കുസൃതിക്കണ്ണുള്ള അവന്‍ ഇപ്പോള്‍ വരുമെന്ന് അവര്‍ കരുതുന്നുണ്ട്. ആ ഓര്‍മ്മയില്‍ ചപ്പാത്തിയില്‍ അല്‍പ്പം കൂടി നെയ്യ് പുരട്ടുന്നു ആ അമ്മ. പിന്നെ ദീര്‍ഘനിശ്വാസത്തിനൊപ്പം ഒരു തുള്ളി കണ്ണീര്‍ കൈയിലെ ചപ്പാത്തിയില്‍ വീണു തകരുന്നു. 

മകന്‍ പോയ അന്നു മുതല്‍ കണ്ണീര്‍ കലര്‍ന്നതാണ് അവരുടെ ഭക്ഷണം. അവന്‍ ചെന്ന് പറ്റിയ ഇടത്തേക്കുറിച്ചു എന്തെങ്കിലും അറിയുമോ ആ അമ്മയ്ക്ക്! ഒരു പക്ഷേ എന്നേക്കാള്‍ ധൈര്യമുള്ള ഒരു ദീദി അവനെ രക്ഷപെടാന്‍ സഹായിച്ചിരിക്കുമെന്ന് വെറുതെ ഞാന്‍ ചിന്തിച്ചു കൂട്ടും.

 

............................................

Read more: അലങ്കാര തൊങ്ങലുകള്‍ കൊണ്ട് മൂടാനാവില്ല, നഴ്‌സുമാരുടെ ജീവിതമുറിവുകള്‍
............................................

 

അവന്‍

രാത്രി ഏറെ വൈകിയാണ് പ്രിയപ്പെട്ട കൂട്ടുകാരി വിളിച്ചത്. ഉറക്കച്ചടവില്‍ ഫോണ്‍ എടുത്തു. മറുവശത്തു നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ല. നമ്പര്‍ ഒന്ന് കൂടി നോക്കി. അതെ അവള്‍ തന്നെയാണ്. പതിയെ തേങ്ങലിന്റെ ഒരു ചീള് കാതില്‍ പതിഞ്ഞു. എടീ  എന്ന് വിളിച്ചപ്പോള്‍ 'ഉം' എന്നൊരു മൂളല്‍. ഇനി എനിക്കൊന്നും ചെയ്യാനില്ല, എന്റെ മനസ്സും കാതുകളും അവള്‍ക്ക് വേണ്ടി തുറന്നു വെക്കുക എന്നതല്ലാതെ. ഞാന്‍ ഒരക്ഷരവും ചോദിച്ചില്ല. ആയിരക്കണക്കിന് മൈലുകള്‍ക്ക് അപ്പുറത്തു നിന്ന് ഒരമ്മയുടെ നൊമ്പരം കാതിലേക്ക് ഒഴുകി വരികയാണ് . പതിനാറു വയസ്സുകാരന്‍ മകന് വീട് മടുത്തു. അവന് എങ്ങോട്ടെന്നില്ലാതെ പോകണം. നിയന്ത്രണങ്ങള്‍ ഒന്നും അവന് സഹിക്കാന്‍ പറ്റുന്നില്ല. അമ്മ സമ്മതിച്ചാല്‍ എവിടേക്ക് പോകുന്നു എന്ന് പറയും. അല്ലെങ്കില്‍ ആരോടും പറയാതെയാവും യാത്ര. പണ്ടത്തെ കാലമല്ല. പിള്ളേര്‍ക്ക് പോകണം എന്ന് തോന്നിയാല്‍ അവര്‍ പോകും.

ഞാന്‍ അവളോട് പറഞ്ഞു, നീ ഫോണ്‍ അവന് കൊടുക്കൂ. ചെറുതിലേ കണ്ടതാണ് എങ്കിലും ഇടയ്ക്ക് അമ്മയോട് സംസാരിക്കുമ്പോള്‍ അവനോടും സംസാരിക്കാറുണ്ട്. ആ ഒരു ബലത്തിലാണ് ചോദിച്ചത്. മറുതലയ്ക്കല്‍ അമ്മയും അവനും കൂടി ഒരു ശീതസമരം നടക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. ഒടുവില്‍ അവന്‍ ഫോണില്‍ വന്നു. ഹലോ പറഞ്ഞ പാടെ അവന്‍ പറഞ്ഞു, ആന്റി ഉപദേശിക്കണ്ട. എല്ലാവരുടെയും ഉപദേശം കൊണ്ട് മടുത്തിരിക്കുകയാണ്. 

ഞാന്‍ പറഞ്ഞു, 'എടാ നീ മലയാളം നന്നായി പറയുന്നുണ്ടല്ലോ'. അവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. ഞാന്‍ അവനോട് പറഞ്ഞു. 'നീ പോകരുത് എന്ന് പറയാനല്ല, പോകണം എന്ന് പറയാനാണ് ആന്റി നിന്നെ വിളിച്ചത്'. 

അവന് ആകെ കണ്‍ഫ്യൂഷന്‍. ഞാന്‍ അവനോട് പറഞ്ഞു, 'എടാ കോളേജ് കഴിഞ്ഞുപോയാല്‍ നിനക്ക് എവിടെങ്കിലും ഒരു ജോലി കിട്ടും. കറങ്ങാന്‍ പോകണമെങ്കിലും കാശ് വേണ്ടേ?' കുറേ സമയം അവനോട് സംസാരിച്ചു. ഒടുവില്‍ പുറപ്പെട്ട് പോക്ക് കുറച്ചു കൂടി വൈകിക്കാം എന്ന് അവന്‍ സമ്മതിച്ചു.

 

............................................

Read more: പ്രസവാനന്തര വിഷാദങ്ങളില്‍  മണിച്ചേച്ചിമാരുടെ ജീവിതം 
.....................................


അമ്മ

മനസ്സ് വീണ്ടും കുറേ വര്‍ഷങ്ങള്‍ പിന്നിലേക്ക് പോവുകയാണ്. നഴ്‌സിംഗ് പഠിക്കുന്ന സമയം. കൊട്ടിയത്ത് നിന്ന് ഇടുക്കിയിലേക്ക് നല്ല ദൂരമുണ്ട്. കൊല്ലത്തു നിന്ന് കോട്ടയം വരെ ട്രെയിനിന് വന്നു. അവിടെനിന്ന് ബസിനാണ് ഇടുക്കിക്കുള്ള യാത്ര. ഒരു സൈഡ് സീറ്റ് സംഘടിപ്പിച്ചു ഞാന്‍ പതുക്കെ ചാരിയിരുന്ന് ഉറങ്ങാന്‍ നോക്കി. ബസ് പുറപ്പെടാന്‍ ഇനിയും സമയമുണ്ട്. സ്ഥിരം പോകുന്ന ബസ് ആയത് കൊണ്ട് കണ്ടക്ടറെയും കിളിയെയും ഒക്കെ അറിയാം. കിളി പ്രിന്‍സ് ചേട്ടന്‍ ആണെങ്കില്‍ നാട്ടുകാരനും. ഒരുറക്കത്തിലേക്ക് ചാഞ്ഞുവീണപ്പോഴാണ് ആരൊ അടുത്തു വന്ന് ഇരുന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഒരമ്മച്ചി. മുഷിഞ്ഞ സാരി, കറുപ്പ് വീണ കണ്‍ തടങ്ങള്‍. ഞാന്‍ ഇത്തിരി ഒതുങ്ങിയിരുന്നു. ഇടയ്ക്കിടെ അവര്‍ പുറത്തേക്ക് എത്തി നോക്കുന്നുമുണ്ട്. ആരെയോ തിരയുന്നത് പോലെ. ബസ് പുറപ്പെടാന്‍ സമയമായി. പ്രിന്‍സ് ചേട്ടന്‍ ആളെ വിളിച്ചു കയറ്റുന്നു, കണ്ടക്ടര്‍ ബെല്ലടിച്ചു. ബസ് അനങ്ങിത്തുടങ്ങി. അപ്പോഴാണ് എന്റെ അടുത്തിരുന്ന അമ്മച്ചി എഴുന്നേറ്റ് വാതില്‍ക്കലേക്ക് ഓടിയത്. ചലിച്ചു തുടങ്ങിയ ബസില്‍ ഒരു വിധം ബാലന്‍സ് പിടിച്ചു അവര്‍ വാതില്‍ക്കലെത്തി. പിന്നെ പ്രിന്‍സ് ചേട്ടനോട് പറഞ്ഞു, 'വണ്ടി വിടല്ലേ മോനെ' മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ ചാടിയിറങ്ങി. നോക്കുമ്പോള്‍ അവര്‍ ആരുടെയോ പുറകെ ഓടുകയാണ്. 

ആരെയോ തിരഞ്ഞിട്ട് കാണാതെ അവര്‍ വീണ്ടും തിരിച്ചു വന്ന് ബസില്‍ കയറി. മുന്‍പിലിരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.

എന്റെ തൊട്ടു മുന്‍പിലെ സീറ്റിലാണ് അവര്‍ ഇത്തവണ ഇരുന്നത്. കണ്ടക്ടര്‍ വന്നപ്പോള്‍ അവര്‍ കട്ടപ്പനക്ക് ടിക്കറ്റ് എടുത്തു. അപ്പോള്‍ ഞാനോര്‍ത്തു, ഇവര്‍ ഇറങ്ങിക്കഴിഞ്ഞിട്ടാണ് എനിക്കിറങ്ങേണ്ടത്. ഇനിയും കുറേ മണിക്കൂറുകള്‍ യാത്രയുണ്ട്. സീറ്റിലേക്ക് ചാരിയിരുന്ന് പതിയെ ഞാന്‍ കണ്ണടച്ചു. ചാറ്റല്‍ മഴത്തുള്ളികള്‍ മുഖത്തുവീണപ്പോഴാണ് കണ്ണ് തുറന്നത്. ബസ് കുട്ടിക്കാനം എത്താറായിരിക്കുന്നു. നല്ല മഞ്ഞുണ്ട്. ഒപ്പം ചെറുതായി മഴചാറുന്നുമുണ്ട്. കാണാന്‍ ഇഷ്ടമുള്ള കാഴ്ചയാണ്. പക്ഷേ പനി പിടിച്ചാല്‍ ഒരാഴ്ചത്തെ അവധി പനിക്കിടക്കയിലാകും. പോരാത്തതിന് വീട്ടിലേക്ക് വരുന്നു എന്ന് ഇന്നലെ വിളിച്ചു പറഞ്ഞപ്പോള്‍ അപ്പന്‍ പ്രത്യേകം പറഞ്ഞതാണ് മഞ്ഞു കാണും, തലയൊക്കെ മൂടി ഇരുന്നോളണം എന്ന്. എന്തായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. എന്റെ വശവും മുന്‍പിലത്തെ സീറ്റിന്റെ പകുതിയും കൂടി അടച്ചാണ് ഷട്ടര്‍ വീണത്. ഉടനേ ആ അമ്മച്ചി ബഹളംകൂട്ടാന്‍ തുടങ്ങി. 'കൊച്ചേ ഇത് മൂടിയിട്ടാ എനിക്ക് പുറത്തേക്ക് കാണാന്‍ പറ്റില്ല. ഇത് പൊക്കി വയ്ക്ക്'.

മഴപെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ടൊന്നും അമ്മച്ചി കേള്‍ക്കുന്ന മട്ടില്ല. അവര്‍ പുറത്തേക്കും നോക്കി ഇരിക്കുകയാണ്. എന്തോന്നാവോ ഇത്ര കാഴ്ച്ച കാണാന്‍? ഞാനോര്‍ത്തു. പനി പിടിച്ചാല്‍ എന്റെ കാര്യം അവതാളത്തിലാകും. പക്ഷേ അവരോട് വഴക്കിടാന്‍ വയ്യാത്തത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല. ചുരിദാറിന്റെ ഷാള്‍ തലയിലൂടെ വലിച്ചിട്ട് ഞാനിരുന്നു. 

അടുത്ത മയക്കത്തിലേക്ക് വീണ ഞാന്‍ ഒരു വലിയ ബഹളം കേട്ടാണ് കണ്ണ് തുറക്കുന്നത്. നോക്കുമ്പോള്‍ ഈ അമ്മച്ചി എഴുന്നേറ്റ് നില്‍പ്പുണ്ട്. വണ്ടി നിര്‍ത്തണേ എന്ന് അവര്‍ കണ്ടക്ടറോട് പറയുന്നു. ഇവിടെ സ്‌റ്റോപ്പില്ല എന്ന്പറഞ്ഞ കണ്ടക്ടറോട് അവര്‍ ഒരൊറ്റ അലര്‍ച്ച 'വണ്ടി നിര്‍ത്തടോ, അല്ലെങ്കില്‍ ഞാനിപ്പോ ചാടും.' കൈ രണ്ടും മുകളിലെ കമ്പിയില്‍ പിടിച്ചിട്ടുണ്ട്. ബസിന്റെ ചലനത്തിനൊത്തു മെലിഞ്ഞ ദേഹം ആടിയുലയുന്നു. ഈ ഉണങ്ങിയ ശരീരത്തു നിന്നാണോ ഗര്‍ജ്ജനം പോലെയുള്ള ശബ്ദം പുറപ്പെട്ടതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. പറയുന്നതിനൊപ്പം അവര്‍ വാതില്‍ക്കലേക്ക് നീങ്ങി. 

നിവൃത്തിയില്ലാതെ കണ്ടക്ടര്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ബസ് നില്‍ക്കുന്നതിന് മുന്‍പ് തന്നെ വാതില്‍ക്കല്‍ നിന്ന പ്രിന്‍സ് ചേട്ടനെ തള്ളിമാറ്റി അവര്‍ പുറത്തിറങ്ങി. പിന്നെ പുറകിലേക്ക് ഓടി. ബസിലുള്ള എല്ലാവരും പുറകോട്ടു നോക്കുന്നുണ്ട്. കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി വിടാന്‍ തുടങ്ങിയപ്പോഴാണ് അവരുടെ ബാഗ് സീറ്റിനടിയില്‍ ഇരിക്കുന്നത് കണ്ടത്. ബസിലുള്ള ആള്‍ക്കാര്‍ ഓരോന്ന് പറയാന്‍ തുടങ്ങി. 

'മനുഷ്യനെ മിനക്കെടുത്താന്‍ ഓരോന്ന് ഇറങ്ങിക്കോളും' എന്ന്  തുടങ്ങി 'ഭ്രാന്തായിരിക്കും' എന്ന് വരെയുള്ള കമന്റുകള്‍. പുറത്തേക്ക് നോക്കുമ്പോള്‍ ആ അമ്മച്ചി റോഡരികില്‍ നില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കാണ് പോകുന്നത്. ബസില്‍ നിന്ന് ചാടിയിറങ്ങുമ്പോള്‍ അവരുടെ ഒരു ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയിരുന്നു. മറ്റേ ചെരിപ്പും കൂടി ഊരിക്കളഞ്ഞ അവര്‍ മെറ്റല്‍ ഇളകിക്കിടക്കുന്ന ആ വഴിയിലൂടെ ഓടുകയാണ്. എനിക്ക് കാണാം, ഒരാളുടെ തോളില്‍ അവര്‍ തൊടുന്നു. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉദ്ദേശിച്ച ആളല്ല എന്ന് കണ്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കുന്നു. പിന്നെ അവര്‍ ആ റോഡില്‍ കുത്തിയിരുന്നു.    സാധാരണ ബസിലെ ഒരു ജീവനക്കാരും കാണിക്കാത്ത കരുണയോടെ പ്രിന്‍സ് ചേട്ടന്‍ ചെന്ന് അവരെ പിടിച്ചെഴുന്നേല്പിച്ചു. 'ചേടത്തി കട്ടപ്പനക്കല്ലേ ടിക്കറ്റ് എടുത്തത്. വാ വന്ന് വണ്ടിയേല്‍ കേറ്. ഇനീം ദൂരമുണ്ട്'.

അവര്‍ പതിയെ നടന്ന് വന്ന് വണ്ടിയില്‍ കയറി. സീറ്റില്‍ ഇരുന്നിട്ട് ആരോടെന്നില്ലാതെ അവര്‍ പറഞ്ഞു. 'ഞാന്‍ കരുതി, അത് അവനായിരിക്കും എന്ന്. ബൈക്ക് മേടിച്ചു കൊടുക്കാന്‍ പറഞ്ഞു. എന്റെ കൈയില്‍ എവിടുന്നാ അത്രേം കാശ്. എന്നാ ഞാന്‍ ഒണ്ടാക്കിക്കോളാം എന്നും പറഞ്ഞു വീട്ടീന്ന് ഇറങ്ങിപ്പോയതാ. തിരിച്ചു വരൂന്നും കരുതി നോക്കിയിരുന്നു. ഇപ്പൊ ഒരു വര്‍ഷത്തോളമാകുന്നു. ഓരോരുത്തര് പറയും അവിടെ കണ്ടു, ഇവിടെ കണ്ടൂന്ന്. ഞാന്‍ എല്ലായിടത്തും പോകും'.

ബസില്‍ ആകെ ഒരു നിശ്ശബ്ദത. അവരെ ഭ്രാന്തി എന്ന് വിളിച്ചവര്‍ ഒന്നും  മിണ്ടുന്നില്ല. 

എന്റെ മകന്‍...., അവന്‍ എവിടെയാണ്, അവന് എന്തെങ്കിലും കഴിക്കാന്‍ കിട്ടിക്കാണുമോ, അവന്‍ എന്തെങ്കിലും അപകടത്തിലാണോ എന്നൊക്കെയുള്ള അമ്മ മനസ്സിന്റെ നൊമ്പരങ്ങള്‍ ആ നിശ്ശബ്ദതയിലും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. മഴ ഉറച്ചു പെയ്യാന്‍ തുടങ്ങിയിട്ടും ഷട്ടര്‍ ഇടാന്‍ എന്റെ കൈ പൊങ്ങിയില്ല. അവരും പുറത്തേക്ക് നോക്കിയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഇതിനിടയില്‍ ഒന്നും അവര്‍ കരഞ്ഞതേയില്ല. കണ്ണ് നിറഞ്ഞാല്‍ ആ കണ്ണീര്‍ പാടയ്ക്ക്്് ഇടയിലൂടെ കാഴ്ച മറഞ്ഞാലോ എന്ന് കരുതിയാവണം, അവരുടെ കണ്ണുകള്‍ തെളിഞ്ഞു തന്നെയിരുന്നു. കടന്നു പോകുന്ന ഓരോ മുഖങ്ങളിലും അവര്‍ മകനെ തിരയുകയാവണം. എന്റെ കണ്ണുകള്‍ വീണ്ടും അടഞ്ഞു. ഉറക്കത്തിലല്ല, ഒരു പ്രാര്‍ത്ഥനയില്‍. 

കട്ടപ്പനയില്‍ ബസ് എത്തുമ്പോള്‍ മഴ കനത്തിരുന്നു. കാറ്റത്തു പറന്ന് പോകാന്‍ തുടങ്ങുന്ന കുട ദേഹത്തോട്‌ചേര്‍ത്ത് പിടിച്ചു കൊണ്ട് ആ മെല്ലിച്ച ശരീരം പതുക്കെ നടന്നു നീങ്ങി. കുറേ കണ്ണുകളും കുറച്ചു പേരുടെയെങ്കിലും പ്രാര്‍ത്ഥനയും അവരുടെ പുറകേ ഉണ്ടായിരുന്നു. ഇപ്പോഴും ആശിക്കാറുണ്ട്, അവര്‍ മകനെ കണ്ടുപിടിച്ചു കാണണേ എന്ന്.

 

.....................................

Read more: പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു? 

.....................................

 

കുഞ്ഞുങ്ങള്‍

എന്ന് ഷോപ്പിങ്ങിന് പോയാലും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ കണ്ണുടക്കും. കുറേ കുഞ്ഞുങ്ങളുടെ ഫോട്ടോയും ഡീറ്റൈല്‍സും ഉണ്ട്. കാണാതായ കുട്ടികള്‍. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, അതോ ഓടിപ്പോയതോ? കുടുംബ ബന്ധങ്ങള്‍ നോവ് മാത്രം സമ്മാനിക്കുമ്പോള്‍ വേറെ ഇടങ്ങള്‍ തേടുന്നതാവാം. അല്ലെങ്കില്‍ ആരെങ്കിലും ബലമായി പിടിച്ചു കൊണ്ട് പോയതാവാം. ഓരോ തവണയും അത് കാണുമ്പോള്‍ അമ്മ നെഞ്ചില്‍ ഒരാന്തല്‍ ഉയരും, ഒപ്പം ദൈവമേ എന്ന് നിശ്ശബ്ദമായ നിലവിളിയും.

നന്മ നിറഞ്ഞ, സുരക്ഷിതത്വം നല്‍കേണ്ടുന്ന വീടകങ്ങള്‍ കുഞ്ഞുങ്ങളെ മടുപ്പിച്ചു കളയുകയാണോ? അതോ രക്ഷിതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ വേറേ താവളങ്ങള്‍ തേടാന്‍ അവരെ നിര്‍ബന്ധിക്കുന്നതാണോ? ആര്‍ക്കറിയാം. പിന്‍വിളികള്‍ ഒന്നും കേള്‍ക്കാതെ, കാതുകള്‍ കൊട്ടിയടച്ചു കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതമെന്ന് അവര്‍ക്ക് തോന്നുന്ന ഇടങ്ങളിലേക്ക് യാത്രയാവുകയാണ്.....ഒരു യാത്രാമൊഴി പോലും ബാക്കി വെയ്ക്കാതെ.

കാണാതാവുന്ന കുഞ്ഞുങ്ങള്‍ ബാക്കിയാവുന്നവര്‍ക്ക് തീരാനോവ് നല്‍കിയാണ് യാത്രയാകുന്നത്. കാരണം എന്ത് തന്നെയായാലും ഈ മുറിഞ്ഞു പോക്ക് അവശേഷിപ്പിക്കുന്നത് ജീവിത കാലം മുഴുവന്‍ കരളുരുകികരയാന്‍ വിധിക്കപ്പെട്ട മാതാപിതാക്കന്മാരെയാണ്. 

കുഞ്ഞുങ്ങളേ, നിങ്ങള്‍ പോകണം. എന്നും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാതെ നിങ്ങള്‍ പറക്കുക തന്നെ വേണം. ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറം നിങ്ങള്‍ പറക്കുമ്പോഴും തിരിച്ചു വരാനായി ഒരു കൂടും,  കൂട്ടിലൊരുഅമ്മക്കിളിയും(അച്ഛന്‍ കിളിയും) ഉണ്ടെന്ന് നിങ്ങളോര്‍ക്കുക. ആ ഓര്‍മ്മ നിങ്ങളുടെ ചിറകുകള്‍ക്ക് ബലംനല്‍കും. വീണാലും വീണ്ടും നിങ്ങള്‍ എഴുന്നേല്‍ക്കും. പറക്കുക, ചക്രവാളങ്ങള്‍ക്കപ്പുറം.... പറന്നു തളരുമ്പോള്‍കൂട്ടിലേക്ക് തിരികെ എത്തുക.