Asianet News MalayalamAsianet News Malayalam

ആ പെണ്‍കുട്ടി ഇപ്പോഴുമെന്റെ ഹൃദയത്തൊട്ടിലില്‍ കിടക്കുന്നു, ഞാനവള്‍ക്ക് താരാട്ട് പാടുന്നു

തൊട്ടുമുമ്പ് ഞാന്‍, 2021-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ താന്‍സാനിയന്‍ വേരുകളുള്ള ബ്രിട്ടീഷ് എഴുത്തുകാരനായ  അബ്ദുല്‍റസാഖ് ഗുര്‍നയുടെ 'പറുദീസ' വായിക്കുകയായിരുന്നു. നോവലിലെ യൂസഫ് അസീസ് അമ്മാവനോടൊപ്പം ഇറങ്ങി തിരിക്കുമ്പോള്‍ ആയിരുന്നിരിക്കണം ഒരുപക്ഷേ, എന്റെ ചിന്തകളുടെ വഴികളിലൂടെ ഒരു അഞ്ചു വയസ്സുകാരി ഓടി മറഞ്ഞത്.

memory of a girl child who enslaved by her mother and step father by Raheema Sheikh mubarak
Author
First Published Nov 1, 2022, 4:43 PM IST

പാഠപുസ്തകങ്ങളില്ലാത്ത കളിപ്പാട്ടങ്ങളില്ലാത്ത നിറമുള്ള ഉടുപ്പുകളില്ലാത്ത ഒരു രാജ്യം അവള്‍ക്ക് ചുറ്റിലും രൂപപ്പെട്ടു. അമ്മയുടെ പുതിയ ബന്ധത്തിലെ കുഞ്ഞുങ്ങളെ ഇനി പരിചരിക്കേണ്ടത് അവളാണ്. അമ്മയും അവരുടെ ഭര്‍ത്താവും ജോലിക്കിറങ്ങുമ്പോള്‍ ഒരു അഞ്ച് വയസ്സുകാരിക്കുമേല്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ചുമത്തപ്പെട്ടു.പിന്നെയുള്ള രാത്രികളിലൊന്നും അവള്‍ സ്വസ്ഥമായി ഉറങ്ങിയില്ല.

 

memory of a girl child who enslaved by her mother and step father by Raheema Sheikh mubarak

 

 കഴിഞ്ഞു പോയ സന്ധ്യക്കാണ്, എന്നോ നഷ്ടപ്പെട്ടുപോയൊരു കഥയുടെ ഓര്‍മ്മ ചീളുകള്‍ ഞാന്‍ പെറുക്കാന്‍ ശ്രമിച്ചത്. തൊട്ടുമുമ്പ് ഞാന്‍,
2021-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ താന്‍സാനിയന്‍ വേരുകളുള്ള ബ്രിട്ടീഷ് എഴുത്തുകാരനായ  അബ്ദുല്‍റസാഖ് ഗുര്‍നയുടെ 'പറുദീസ' വായിക്കുകയായിരുന്നു. നോവലിലെ യൂസഫ് അസീസ് അമ്മാവനോടൊപ്പം ഇറങ്ങി തിരിക്കുമ്പോള്‍ ആയിരുന്നിരിക്കണം
ഒരുപക്ഷേ, എന്റെ ചിന്തകളുടെ വഴികളിലൂടെ ഒരു അഞ്ചു വയസ്സുകാരി ഓടി മറഞ്ഞത്. ഞൊടിയിട നേരം കൊണ്ട് അവളെനിക്കുള്ളിലെ വിട്ടുമാറാത്ത പനിച്ചൂടാവുകയും അവളെന്റെ ഹൃദയത്തില്‍ അച്ചടക്കമില്ലാത്ത തേങ്ങലായി പരിവര്‍ത്തനപ്പെടുകയും ചെയ്തു.

അവളൊരിക്കലും നോവലിലെ യൂസഫിനെ പോലെയായിരുന്നില്ലല്ലോ. മരങ്ങളുടെ തടി തുളക്കുന്ന പുഴുക്കള്‍ നിറഞ്ഞ തൂണുകള്‍ ആയിരുന്നില്ല അവളുടെ വീടിന്. വരള്‍ച്ചയുടെ കാലമായിരുന്നില്ല അവള്‍ക്ക്. അവിടെ പൂക്കള്‍ എന്നും മൊട്ടിടുകയും ചത്തുപോയവയുടെ വിയോഗമറിയിക്കാതെ വിരിയുകയും ചെയ്തു. എന്നിട്ടും യൂസഫിന്റെത് പോലെ ജീവിതം അവളെയും മറ്റൊരു തുരുത്തിലേക്ക് വലിച്ചിഴച്ചു. യൂസഫ് ഒരു പണയപണ്ടമായിരുന്നു പക്ഷേ അവളോ...?

 

memory of a girl child who enslaved by her mother and step father by Raheema Sheikh mubarak

അബ്ദുല്‍റസാഖ് ഗുര്‍ന

 

എന്നെങ്കിലും ഒരു മടക്കയാത്ര പോലും പ്രതീക്ഷിക്കാന്‍ വയ്യാത്ത പ്രയാണമായിരുന്നു കാലം അവള്‍ക്ക് നിശ്ചയിച്ചത്. ജനനത്തിന് മുന്‍പ് തന്നെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. കുഞ്ഞിന് മൂന്ന് മാസമായിരിക്കെ കടമകള്‍ വൃദ്ധരായ മാതാപിതാക്കളില്‍ ഏല്‍പ്പിച്ച് മറ്റൊരു ജീവിതം തേടി അമ്മയും ഇറങ്ങിപ്പോയി. എങ്കിലും അഞ്ച് വയസ്സുവരെ സ്‌നേഹത്തിന്റെ കരുതലിന്റെ കൈകളില്‍ ആ ജീവിതം സുരക്ഷിതമായിരുന്നു. ആ നാളുകളില്‍ അവള്‍ നല്ല നല്ല സ്വപ്നങ്ങള്‍ കണ്ടിരുന്നിരിക്കണം. അതുകൊണ്ടാവണം ജീവിതം കരുതി വച്ച സകല മുറിവുകളും പോയ കാലത്തിന്റെ ഓര്‍മ്മകള്‍ കൊണ്ടവള്‍ക്ക് പൊതിഞ്ഞുവക്കാന്‍ കഴിഞ്ഞത്.

ഓടി മറഞ്ഞ അവളുടെ ആ നല്ല നാളുകളുടെ വൈകുന്നേരങ്ങളില്‍ തുമ്പികള്‍ മേയാന്‍ ഇറങ്ങുന്ന കുന്നിന്‍ ചെരുവുണ്ടായിരുന്നു. നക്ഷത്രങ്ങള്‍ ചിതറി കിടക്കും പോലെ നിറഞ്ഞു നിന്നിരുന്ന മഞ്ഞ പൂക്കളുണ്ടായിരുന്നു. ചീറി പാഞ്ഞു കൊണ്ട് കൃത്യതയോടെ കടന്നുപോയ തീവണ്ടികളുണ്ടായിരുന്നു. കേട്ടുറങ്ങിയ താരാട്ടുകളും, നിറമുള്ള ഉടുപ്പുകളുമുണ്ടായിരുന്നു. ഒടുവിലത്തെ വാത്സല്യത്തിന്റെ ദിനരാത്രങ്ങള്‍ വേഗത്തില്‍ നീങ്ങവേ യൂസഫിന്റെ ഒരു പ്രഭാതത്തിലേക്ക് കടന്നുവന്ന അസീസ് അമ്മാവനെ പോലെ ഉപേക്ഷിച്ചു പോയ അമ്മ അവളെയും തേടി വന്നു. 

തനിച്ചല്ലാത്ത വരവ്. അവര്‍ക്കൊപ്പം പുതിയ ഭര്‍ത്താവുമുണ്ടായിരുന്നു. എന്തുകൊണ്ടോ സന്ദര്‍ശകന്റെ വരവ് യൂസഫിനെ പോലെ ആസ്വാദിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ആ കുഞ്ഞിക്കണ്ണുകള്‍ ഭയത്തോടെ അതിഥികളെ നോക്കി നിന്നു. അവര്‍ക്ക് അവളെ കൊണ്ടുപോകണം ദൂരെ എങ്ങോട്ടോ. ഒരുപക്ഷേ അവിടം തീവണ്ടി പാതകളില്ലാത്ത, തുമ്പികള്‍ പാറുന്ന തെളിവെയില്‍ നഷ്ടമായ, മഞ്ഞപൂക്കള്‍ വിരിയാത്തൊരിടമായിരിക്കാം. വൃദ്ധദമ്പതികളുടെ എതിര്‍പ്പില്‍ അതിഥികള്‍ പലവട്ടം മടങ്ങി പോകുകയും വീണ്ടും വരികയും ചെയ്തുകൊണ്ടേയിരുന്നു.

അവരുടെ ഓരോ സന്ദര്‍ശനത്തിന് ശേഷവും അവളില്‍ ഭീതിയുടെ ചിലന്തികള്‍ വലകെട്ടി. കടന്നു വരുന്നത് അമ്മയാണ്. പക്ഷേ അമ്മയെന്ന വാക്ക് പോലും അവള്‍ക്ക് അപരിചിതമാണ്. പുതിയ ജീവിതത്തെ സ്വീകരിക്കാന്‍ മാത്രം അവളുടെ ഹൃദയം പാകപ്പെട്ടിട്ടുമില്ല.

സമയങ്ങള്‍ വേഗത്തില്‍ ഇറങ്ങിപോയി. അതിഥികള്‍ ഇപ്പോള്‍ പഴയത് പോലെ വരാറില്ല. അവളിപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. പുത്തന്‍ മണമുള്ള യുണിഫോം, പൊതിഞ്ഞു കെട്ടിയ പുതിയ പുസ്തകങ്ങള്‍... 

അങ്ങനെ അങ്ങനെ ജീവിതത്തിന്റെ നിറം മാറി തുടങ്ങുമ്പോള്‍, എല്ല സന്തോഷങ്ങളും അറുക്കുന്ന ഒരു ദിനം കടന്നു വരികയായിരുന്നു. നശിച്ചൊരു ദിവസത്തിന്റെ ആദ്യത്തില്‍ സ്‌കൂള്‍ വരാന്തയിലേക്ക് അതിഥികള്‍ വീണ്ടും കടന്നു വന്നു. എതിര്‍ക്കാന്‍ ആരുമില്ലെന്ന അവസ്ഥയില്‍ അമ്മയെന്ന അവകാശത്തിന്റെ സ്വാതന്ത്ര്യത്താല്‍ അവര്‍ അവളെ വലിച്ചിഴച്ച് കൊണ്ടുപോയി. അന്നവിടെ ചിന്നി ചിതറി കിടന്നത് അവളുടെ അവസാനത്തെ പാഠപുസ്തകങ്ങളായിരുന്നു. അവളെ പടിയിറക്കിയതോ ഒടുവിലത്തെ വിദ്യാലയത്തില്‍ നിന്നും. അതൊരു തുടക്കമായിരുന്നു. യൂസഫിനെ പോലെ അടിമ ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്. ആ ദുഃഖഭരിതമായ യാത്ര തസ്രാക്കില്‍ നിന്നും ആബിദ പുറപ്പെട്ട യാത്ര പോലെ അനിശ്ചിതത്വങ്ങളുടെ നീണ്ട പാതയിലേക്കായിരുന്നു. ദൂരെ നെറുകയില്‍ മാണിക്യവുമായി കിഴക്കന്‍വണ്ടി പായവേ ആബിദ തേടി പോയ കാളികാവിലെ കുഷ്ടരോഗിയായ അമ്മാവനെ പോലെ അന്ധയായ മുത്തശ്ശിയെ പോലെ പായല് പിടിച്ചു വഴുക്കി തുടങ്ങിയ കുന്നുപോലെ ജീവിതം അവളെയും വലിച്ചിഴച്ചു സഞ്ചാരം തുടര്‍ന്നു.

പാഠപുസ്തകങ്ങളില്ലാത്ത കളിപ്പാട്ടങ്ങളില്ലാത്ത നിറമുള്ള ഉടുപ്പുകളില്ലാത്ത ഒരു രാജ്യം അവള്‍ക്ക് ചുറ്റിലും രൂപപ്പെട്ടു. അമ്മയുടെ പുതിയ ബന്ധത്തിലെ കുഞ്ഞുങ്ങളെ ഇനി പരിചരിക്കേണ്ടത് അവളാണ്. അമ്മയും അവരുടെ ഭര്‍ത്താവും ജോലിക്കിറങ്ങുമ്പോള്‍ ഒരു അഞ്ച് വയസ്സുകാരിക്കുമേല്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ചുമത്തപ്പെട്ടു.

പിന്നെയുള്ള രാത്രികളിലൊന്നും അവള്‍ സ്വസ്ഥമായി ഉറങ്ങിയില്ല. നോവലിലെ യൂസഫിനെ ചുറ്റിയ ഭീരുത്വത്തിന്റെ മറുപിള്ള ഇരുട്ടില്‍ അവളെയും ഭയപ്പെടുത്തി. പക്ഷേ വേദനയുളവാക്കുന്ന കണ്ണുകളോടെ അവള്‍ക്ക് ഓടി പോകാന്‍ മുന്നില്‍ പട്ടാളങ്ങള്‍ ഉണ്ടായിരുന്നില്ല.

തീവ്രമായ ദുഃഖങ്ങളുടെ ആ കാലം കടന്നുപോകുകയും, അവള്‍ വളരുകയും എന്റെ അമ്മയാകുകയും ചെയ്തു. കൗതുകത്തോടെ, കഥ കേള്‍ക്കും പോലെ ഞാനാ ജീവിതം പലകുറി കേട്ടിരുന്നു. എനിക്കൊപ്പം അവരുണ്ടായിരുന്ന കാലമത്രയും ഈ കഥ എനിക്ക് കൗതുകം മാത്രമായിരുന്നു. എന്നാല്‍ അവരെന്നെ പിരിഞ്ഞപ്പോള്‍ ആ അഞ്ച് വയസ്സുകാരി എന്റെ വേദനകളില്‍ വളര്‍ന്നു. ഞാന്‍ ഇടക്കിടെ അവളെ എടുക്കുകയും താലോലിക്കുകയും ചുംബനങ്ങള്‍ നല്‍കുകയും ചെയ്തു. ഒന്നിനും മാറ്റമില്ലതെ ബാല്യം നഷ്ട്ടപ്പെട്ടു പോയ ആ പെണ്‍കുട്ടി ഇപ്പോഴും എന്റെ ഹൃദയത്തിന്റെ തൊട്ടിലില്‍ കിടക്കുന്നു. ഓരോ നിമിഷവും ഞാനവള്‍ക്ക് താരാട്ട് പാടുന്നു. 
 

Follow Us:
Download App:
  • android
  • ios