Asianet News Malayalam

​ഗവേഷകരെ അമ്പരപ്പിച്ച് ഒമ്പതാം നൂറ്റാണ്ടിലെ ​ഗുഹ, അകത്ത് വിശാലമായ മുറികൾ, വാതിലുകൾ, ജനലുകൾ...

'1200 വര്‍ഷത്തിലേറെ പഴക്കമുള്ള വളരെ വ്യക്തമായി കാണാവുന്ന ഇത്തരം കെട്ടിടങ്ങള്‍ ചരിത്രകാരന്മാരും പുരാതന ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും തിരിച്ചറിതെ കിടന്നുവെന്നത് അസാധാരണം തന്നെ' എന്നാണ് ആർ‌എ‌യുവിലെ പുരാവസ്തു പ്രൊഫസർ മാർക്ക് ഹോർട്ടൺ പറഞ്ഞത്. 

ninth century cave found
Author
Derbyshire, First Published Jul 20, 2021, 10:08 AM IST
  • Facebook
  • Twitter
  • Whatsapp

നൂറ്റാണ്ടുകൾ പഴക്കമുള്ള, താമസത്തിനായി ഉപയോ​ഗിച്ചിരുന്ന ഒരു ​ഗുഹ അതുപോലെ തന്നെ കേടുപാടുകളൊന്നും അധികമില്ലാതെ നിലനിൽക്കുന്നത് കണ്ടാൽ അദ്ഭുതം തോന്നും അല്ലേ? ഡെർബിഷെയറിൽ, ഒമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഒരു രാജാവ് താമസിച്ചിരുന്നതായിരിക്കാം എന്ന് കരുതപ്പെടുന്ന ഒരു ഗുഹ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ആംഗ്ലോ സാക്സണ്‍ ഗുഹ ഏറെയൊന്നും കേടുപാടുകള്‍ കൂടാതെയാണ് കണ്ടെത്തിയിരിക്കുന്നത് എന്ന കാര്യമാണ് ചരിത്രകുതുകികളെയും ​ഗവേഷകരെയും അമ്പരപ്പിക്കുന്നത്. ഇത്രയും കാലം എന്തുകൊണ്ട് അത് ആരുടെയും കണ്ണിൽ പെട്ടില്ല എന്നതും അമ്പരപ്പായി അവശേഷിക്കുന്നു.  

ഡെർബിഷയറിലെ ഈ ഗ്രേഡ് II- ലിസ്റ്റുചെയ്ത ആങ്കർ ചർച്ച് ഗുഹകൾ പതിനെട്ടാം നൂറ്റാണ്ടിലേതാണ് എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍, പുതുതായി നടന്ന ഒരു പഠനം അത് തെറ്റാണ് എന്ന് തെളിയിക്കുകയായിരുന്നു. ഗുഹ പണിതിരിക്കുന്ന രീതി, അതിലുണ്ടായിരുന്ന ഒരു ചാപ്പല്‍ എന്നിവയെല്ലാം അത് മധ്യകാലഘട്ടത്തില്‍ നിന്നുള്ളതാണ് എന്ന തോന്നല്‍ ഉറപ്പിക്കുന്നതായി. യുകെ -യിലെ ഏറ്റവും പഴയ ഇത്തരത്തിലുള്ള വാസസ്ഥലമായിരിക്കണം ഇതെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. 

വെസെക്സ് ആർക്കിയോളജിയുമായി ചേർന്ന് പ്രവർത്തിക്കുന്ന റോയൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി (RAU) കൾച്ചറൽ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ പുരാവസ്തു ഗവേഷകരാണ് ഫോർമാർക്കിനും ഇംഗ്ലിബിക്കും ഇടയിലുള്ള ഗുഹകളുടെ സർവേ നടത്തിയത്. പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എഡ്മണ്ട് സൈമൺസ് പറഞ്ഞത്: 'ഡെർബിഷെയറിലെ ഈ വിചിത്രമായ ഗുഹ പതിനെട്ടാം നൂറ്റാണ്ടിലേതാണ് എന്നതിനേക്കാള്‍ ഒമ്പതിനാം നൂറ്റാണ്ടിലേതാണ് എന്നാണ് തെളിവുകൾ പറയുന്നത്' എന്നാണ്. 

വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര എന്നിവയൊക്കെയുള്ള യുകെ -യിലെ ഏറ്റവും പഴക്കം ചെന്ന വാസസ്ഥലമായിരിക്കാം ഇതെന്നും കരുതപ്പെടുന്നു. പിന്നീട് വിശുദ്ധനായി തീര്‍ന്ന ഏതെങ്കിലും രാജാവായിരിക്കാം ഇവിടെ ജീവിച്ചിരുന്നത് എന്ന് കരുതുന്നു. 

കൃത്യമായ അളവെടുക്കല്‍, ഡ്രോണ്‍ സര്‍വേ, വാസ്തുവിദ്യ മനസിലാക്കല്‍ എന്നിവയൊക്കെ അടങ്ങിയ വിശദമായ പഠനമാണ് നടന്നത്. ഗുഹയിലെ മുറികളുടെ ഇടുങ്ങിയ വാതിലുകളും ജനലുകളും സാക്സൺ വാസ്തുവിദ്യയുമായി സാമ്യമുള്ളതാണെന്ന് ഗവേഷകർ പറയുന്നു. അത്തരം ഗുഹകൾ പലപ്പോഴും മധ്യകാല സന്യാസികളുമായി ബന്ധപ്പെട്ടിരിക്കെ, ആങ്കർ ചർച്ച് ഗുഹകളും സെന്റ് ഹാർഡൾഫും തമ്മിൽ ഐതിഹാസിക ബന്ധമുണ്ടെന്നും പഠനം നടത്തിയ സംഘം പറഞ്ഞു. 

പതിനാറാം നൂറ്റാണ്ടിൽ അച്ചടിച്ച ഒരു പുസ്തകത്തിന്റെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്, 'ട്രെന്റ് നദിയിൽ നിന്ന് അല്പം അകലെ ഒരു മലഞ്ചെരിവിലായി സെന്റ് ഹാർഡൾഫിന് ഒരു സ്ഥലം ഉണ്ട്' പ്രാദേശിക നാടോടിക്കഥകളിലും ഹാര്‍ഡള്‍ഫ് ഈ ഗുഹ കൈവശപ്പെടുത്തിയിരുന്നതായി പറയുന്നുണ്ട്.

എ.ഡി 806 -ൽ നോർത്തേംബ്രിയയിലെ രാജാവായിരിക്കെ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഗുഹകളിൽ നിന്ന് അഞ്ച് മൈൽ അകലെയുള്ള ലീസെസ്റ്റർഷെയറിലെ ബ്രീഡൺ ഓഫ് ദി ഹില്ലിൽ സംസ്‌കരിക്കുകയും ചെയ്ത എർഡ്‌വൾഫ് രാജാവുമായി ഹാർഡൽഫിനെ ആധുനിക വിദഗ്ദ്ധര്‍ താരതമ്യപ്പെടുത്തുണ്ട്. 

സൈമൺസ് പറയുന്നു: 'സാക്സൺ കെട്ടിടങ്ങളുമായുള്ള വാസ്തുവിദ്യാ സാമ്യതയും ഹാർഡുൾഫ് / എർഡ്‌വൾഫുമായുള്ള സാമ്യവും നാടുകടത്തപ്പെട്ട രാജാവിനെ പാർപ്പിക്കാനാണ് ഈ ഗുഹകൾ നിർമ്മിച്ചതെന്നോ വിപുലപ്പെടുത്തിയിരിക്കുന്നതെന്നോ വ്യക്തമാക്കുന്നതാണ്.'

'1200 വര്‍ഷത്തിലേറെ പഴക്കമുള്ള വളരെ വ്യക്തമായി കാണാവുന്ന ഇത്തരം കെട്ടിടങ്ങള്‍ ചരിത്രകാരന്മാരും പുരാതന ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും തിരിച്ചറിതെ കിടന്നുവെന്നത് അസാധാരണം തന്നെ' എന്നാണ് ആർ‌എ‌യുവിലെ പുരാവസ്തു പ്രൊഫസർ മാർക്ക് ഹോർട്ടൺ പറഞ്ഞത്. ഏതായാലും ഇത്രയും വലിയൊരു ​ഗുഹ ​ഗവേഷകരുടെ കണ്ണിൽ പെടാതെ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന ആശ്ചര്യത്തിലാണ് എല്ലാവരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios