ദക്ഷിണ കൊറിയയിലെ പോപ് കള്‍ച്ചര്‍ പിന്തുടരുന്നതിലൂടെ സംഭവിക്കാവുന്ന അപകടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് റോഡോംഗ് സിന്‍മുന്‍ പത്രം യുവാക്കളെ വിലക്കിയിരിക്കുന്നത്. 'തോക്കുകൾ എടുക്കുന്ന ശത്രുക്കളേക്കാൾ അപകടകരമാണ് ബൂർഷ്വാസിയുടെ നിറംപിടിപ്പിച്ചെത്തുന്ന പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ നുഴഞ്ഞുകയറ്റം' എന്ന് ലേഖനത്തില്‍ പറയുന്നു. 

ദക്ഷിണ കൊറിയയുടെ ഭാഷ സംസാരിക്കാതെ, ഉത്തരകൊറിയയുടെ അന്തസുള്ള ഭാഷ വേണം സംസാരിക്കാനെന്ന് ഉത്തരകൊറിയയിലെ യുവാക്കളോട് രാജ്യത്തിലെ മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ ഔദ്യോഗിക പത്രം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല. ദക്ഷിണ കൊറിയയുടെ ഫാഷന്‍, ഹെയര്‍ സ്റ്റൈല്‍, സംഗീതം ഇവയൊന്നും അനുകരിച്ച് പോകരുത് എന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നു. 

ഇത് ഒരു പുതിയ നിയമത്തിന്‍റെ ഭാഗമാണ്. ഇത്തരത്തിൽ, വിദേശത്തുള്ള എന്തും അനുകരിക്കുന്നതിന് കഠിനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. നിയമലംഘനം നടത്തിയാല്‍ തടവുശിക്ഷയോ ഒരുപക്ഷേ വധശിക്ഷ തന്നെയോ നേരിടേണ്ടി വരും എന്നാണ് ഉത്തരകൊറിയയിലെ മാധ്യമങ്ങളുടെ മുന്നറിയിപ്പെന്ന് ബിബിസി എഴുതുന്നു. 

ദക്ഷിണ കൊറിയയിലെ പോപ് കള്‍ച്ചര്‍ പിന്തുടരുന്നതിലൂടെ സംഭവിക്കാവുന്ന അപകടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് റോഡോംഗ് സിന്‍മുന്‍ പത്രം യുവാക്കളെ വിലക്കിയിരിക്കുന്നത്. 'തോക്കുകൾ എടുക്കുന്ന ശത്രുക്കളേക്കാൾ അപകടകരമാണ് ബൂർഷ്വാസിയുടെ നിറംപിടിപ്പിച്ചെത്തുന്ന പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ നുഴഞ്ഞുകയറ്റം' എന്ന് ലേഖനത്തില്‍ പറയുന്നു. കൊറിയ കേന്ദ്രീകരിച്ചുള്ള പ്യോംഗ്യാംഗ് ഭാഷയാണ് ഉന്നതം. അതുപയോഗിക്കണം എന്നും ഉത്തരകൊറിയ ആവശ്യപ്പെടുന്നു. 

നേരത്തെ കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലെ പോപ് സംസ്കാരത്തെ വിശേഷിപ്പിച്ചത് 'യുവാക്കളെ നശിപ്പിക്കുന്ന കാന്‍സര്‍' എന്നാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ദക്ഷിണ കൊറിയയില്‍ നിന്നോ, ജപ്പാനില്‍ നിന്നോ, യുഎസ്സില്‍ നിന്നോ ഉള്ള എന്തെങ്കിലും മാധ്യമങ്ങള്‍ വലിയ തോതില്‍ പിടിക്കപ്പെട്ടാല്‍ ഉത്തരകൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ വരെ കിട്ടാം. അതുപോലെ തന്നെയാണ് അവ കാണുന്നതും. കണ്ടു കഴിഞ്ഞാല്‍ 15 വര്‍ഷം വരെ തടവാണ് ശിക്ഷ. 

ഇത്തരം അപകടങ്ങളെല്ലാം ഉള്ളപ്പോഴും ദക്ഷിണ കൊറിയയില്‍ നിന്ന് പലതും ഉത്തരകൊറിയയിലേക്ക് ഒളിച്ചു കടത്തപ്പെടുന്നുണ്ട്. 'മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടണമെന്ന തീരുമാനമെടുത്തതിന്, ദക്ഷിണ കൊറിയന്‍ ഡ്രാമകള്‍ കാണുന്നത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്' എന്ന് ഉത്തരകൊറിയയിലെ യുവാക്കളില്‍ ചിലര്‍ പറഞ്ഞതായി ബിബിസി എഴുതുന്നു. 

നേരത്തെയും ഉത്തര കൊറിയയിലെ ഫാഷൻ നിയമങ്ങളെ കുറിച്ചടക്കം വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അവിടെ സ്ത്രീകൾക്ക് മുടി വെട്ടിയിടുന്നതിന് പോലും പരിധികളുണ്ട്. നീളൻ മുടി കെട്ടിവയ്ക്കുകയോ പിന്നിയിടുകയോ തന്നെ ചെയ്യണം എന്നാണ് നിയമം. അതുപോലെ ലിപ്സ്റ്റിക്കിന്റെ നിറം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാനുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കിന് പകരം ഇളം പിങ്ക് വേണം ഉപയോ​ഗിക്കാൻ. ഫാഷൻ അനുകരിക്കുന്നവരെ മുതലാളിത്തവുമായി ബന്ധപ്പെട്ടവരായിട്ടാണ് രാജ്യം കണക്കാക്കുന്നത് എന്ന് ഉത്തര കൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് മാറിയ അഭിനേത്രി നാരാ കാം​ഗ് നേരത്തെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.