Asianet News MalayalamAsianet News Malayalam

Octopus farm : നീരാളിയിറച്ചിക്ക് വൻഡിമാന്റ്, നീരാളിഫാം തുടങ്ങാൻ നീക്കം, തടയാൻ ശാസ്ത്രജ്ഞരും സംരക്ഷണ വിദഗ്ദരും

അന്താരാഷ്ട്ര ഗവേഷകർ ഈ പദ്ധതിയെ 'ധാർമ്മികമായും പാരിസ്ഥിതികമായും നീതീകരിക്കാനാവാത്തത്' എന്ന് അപലപിച്ചു. കംപാഷൻ ഇൻ വേൾഡ് ഫാമിംഗ് (സിഐഡബ്ല്യുഎഫ്) എന്ന സമര സംഘടന ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ സ്പെയിൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ സർക്കാരുകൾക്ക് കത്തെഴുതിയിരിക്കയാണ്. 

Octopus farm and criticism from conservationists
Author
Canary Islands, First Published Dec 21, 2021, 2:59 PM IST

ലോകത്തിൽ പലയിടത്തും ഇപ്പോൾ നീരാളി(Octopus) ഇറച്ചിയ്ക്ക് വലിയ ഡിമാൻഡാണ്. ഡിമാൻഡ് കൂടിയപ്പോൾ, അവയുടെ വിലയും കൂടി. ഇതോടെ അവയെ വാണിജ്യപരമായി വളർത്താനുള്ള വഴികൾ പലവൻകിട കമ്പനികളും ആലോചിക്കാൻ തുടങ്ങി. ഇപ്പോൾ സ്പാനിഷ് ബഹുരാഷ്ട്ര കമ്പനിയായ 'ന്യൂവ പെസ്കനോവ'(Nueva Pescanova) കാനറി ദ്വീപുകളിൽ(Canary Islands) ലോകത്തിലെ ആദ്യത്തെ നീരാളി ഫാം(Octopus farm) തുടങ്ങാനുള്ള പദ്ധതിയിലാണ്. എന്നാൽ പക്ഷേ, തുടങ്ങുന്നതിന് മുൻപ് തന്നെ ആ ആശയം പൂട്ടിക്കെട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കാരണം ഫാമിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ മുതൽ, ശാസ്ത്രജ്ഞരും സംരക്ഷണ വിദഗ്ദരും ഇതിനെതിരെ രംഗത്ത് വന്നിരിക്കയാണ്.  

Octopus farm and criticism from conservationists

ബിബിസി റിപ്പോർട്ടുകൾ പ്രകാരം വേദനയും വികാരങ്ങളും അനുഭവിക്കാൻ കഴിവുള്ള ബുദ്ധിയുള്ള ഒരു ജീവിയാണ് നീരാളി എന്നാണ് പറയുന്നത്. അത്തരമൊരു ജീവിയെ ഒരിക്കലും ഭക്ഷണത്തിനായി വാണിജ്യപരമായി വളർത്തരുതെന്ന് അവർ അഭിപ്രായപ്പെടുന്നു. നീരാളി വളർത്തൽ എന്ന ആശയം ഉടലെടുത്തത് തന്നെ അതിന്റെ മാംസത്തിന് മാർക്കറ്റിലുള്ള ഉയർന്ന ഡിമാൻഡ് കാരണമാണ്. ഏഷ്യയിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം നീരാളികളെ കഴിക്കുന്നത്. ദക്ഷിണ കൊറിയയിലാണെങ്കിൽ, അവയെ ജീവനോടെയാണ് ഭക്ഷിക്കുന്നത്. ഇത് കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിലും ഇപ്പോൾ നീരാളിക്ക് ഉയർന്ന ഡിമാൻഡാണ്. ഇതോടെ അവയെ പിടികൂടുന്നത് വർധിച്ചു. ഓരോ വർഷവും 350,000 ടൺ നീരാളിയാണ് പിടിക്കപ്പെടുന്നത്. ഇതോടെ കടലിൽ നീരാളികളുടെ എണ്ണം കുറയുകയും, അവയുടെ മാംസത്തിന് വില വർധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നീരാളിയെ ഫാമുകളിൽ വളർത്താമെന്ന ആശയം ഉദിക്കുന്നത്.

അടുത്ത വേനൽക്കാലത്ത് നീരാളികളുടെ വിപണനം ആരംഭിക്കുമെന്നും 2023 മുതൽ അവയെ വിൽക്കുമെന്നും കമ്പനി അറിയിച്ചു. ഫാം പ്രതിവർഷം 3,000 ടൺ നീരാളി ഉൽപ്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കടലിൽ നിന്ന് അനിയന്ത്രിതമായി നീരാളികളെ പിടിക്കുന്നത് തടയാൻ ഇത് സഹായിക്കുമെന്നും കമ്പനി പറയുന്നു.  അതേസമയം അവയെ എങ്ങനെയാണ് വളർത്താൻ ഉദ്ദേശിക്കുന്നത് എന്ന് കമ്പനി വിശദീകരിക്കാൻ മടിക്കുന്നു. ടാങ്കുകളുടെ വലിപ്പം, അവയ്ക്കുള്ള ഭക്ഷണം, അവയെ കൊല്ലുന്ന രീതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോഴും ദുരൂഹമാണ്.  

Octopus farm and criticism from conservationists

നീരാളികൾക്ക് സങ്കീർണ്ണമായ മസ്തിഷ്കമുണ്ട്. നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിൽ അവയുടെ ബുദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അപകടങ്ങളിൽ സ്വയം ഒളിക്കാനും, പ്രതിരോധിക്കാനും അവ ശ്രമിക്കുന്നതും, ടാസ്‌ക്കുകൾ വേഗത്തിൽ പഠിക്കുന്നതും, അക്വേറിയങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതും എല്ലാം അതിനെ സൂചനയാണ്. നീരാളികളെ സംരക്ഷിക്കുന്നവർ പറയുന്നത്, ഈ ജീവികൾ പരിചരിക്കുന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നുവെന്നും, അവരോടൊപ്പം ഇരിക്കുമ്പോൾ സന്തോഷിക്കുന്നുവെന്നുമാണ്. ഈ ജീവികളെ വളർത്തുമൃഗങ്ങളെപ്പോലെയാണ് കരുതേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.  നീരാളികൾക്ക് സുഖം, സന്തോഷം, വേദന, ഉത്കണ്ഠ, പീഡനം എന്നിവ അനുഭവിച്ചറിയാന്‍ കഴിയുമെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ, അവയെ വാണിജ്യ അടിസ്ഥാനത്തിൽ വളർത്തുന്നത് തെറ്റാണെന്ന് സംരക്ഷണ വിദഗ്ധർ അഭിപ്രായപ്പെടുന്നു.      

മാത്രമല്ല, അവയ്ക്ക് സ്വയം സംരക്ഷിക്കാൻ അസ്ഥികളില്ല. അതിനാൽ, ബന്ധനത്തിൽ വളർത്തുമ്പോൾ അവയ്ക്ക് എളുപ്പത്തിൽ പരുക്കേൽക്കാം. ഉദാഹരണത്തിന് ഒരു ടാങ്കിൽ ഒന്നിലധികം നീരാളികൾ ഉണ്ടെങ്കിൽ, അവ പരസ്പരം ഭക്ഷിക്കാൻ തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. ഇത് കൂടാതെ, ഈ ജീവികൾക്ക് യൂറോപ്യൻ നിയമപ്രകാരം അല്പം പോലും നിയമ പരിരക്ഷ ലഭിക്കുകയുമില്ല. ഇത് അവയെ കൂടുതൽ ദുരുപയോഗം ചെയ്യാൻ സാഹചര്യമൊരുക്കും.  

Octopus farm and criticism from conservationists
 
അന്താരാഷ്ട്ര ഗവേഷകർ ഈ പദ്ധതിയെ 'ധാർമ്മികമായും പാരിസ്ഥിതികമായും നീതീകരിക്കാനാവാത്തത്' എന്ന് അപലപിച്ചു. കംപാഷൻ ഇൻ വേൾഡ് ഫാമിംഗ് (സിഐഡബ്ല്യുഎഫ്) എന്ന സമര സംഘടന ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ സ്പെയിൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ സർക്കാരുകൾക്ക് കത്തെഴുതിയിരിക്കയാണ്. 'ഈ മൃഗങ്ങൾ വളരെ ബുദ്ധിയുള്ള ജീവികളാണ്. അതിനാൽ അവയെ യാതൊരു വൈജ്ഞാനിക ഉത്തേജനവുമില്ലാതെ വെറും തരിശായ ടാങ്കുകളിൽ ഇടുന്നത് തീർത്തും തെറ്റാണ്' സിഐഡബ്ല്യുഎഫിന്റെ റിസർച്ച് മാനേജർ ഡോ. എലീന ലാറ പറഞ്ഞു.  


 

Follow Us:
Download App:
  • android
  • ios