Asianet News MalayalamAsianet News Malayalam

അടുക്കളയിൽ ആരും ശ്രദ്ധിക്കാതെ കിടന്നൊരു പാത്രം, ലേലത്തിൽ കിട്ടിയത് 13 കോടിക്ക് മുകളിൽ...

ക്വിയാൻലോംഗ് കാലഘട്ടത്തെ (1736-1795) അടയാളപ്പെടുത്തുന്ന ആറ് ചിഹ്നങ്ങൾ പാത്രത്തിലുണ്ടായിരുന്നു. ഇതിന്റെ നീലനിറത്തെ 'സാക്രിഫൈസ് ബ്ലൂ' എന്നും വിളിക്കാറുണ്ട്. 

old Chinese vase sold for 13 crores
Author
Thiruvananthapuram, First Published May 19, 2022, 11:29 AM IST

1980 -കളിൽ വളരെ ചെറിയ തുകയ്ക്ക് വാങ്ങിയ ഒരു ചൈനീസ് പാത്രം (Chinese vase) ഇപ്പോൾ ലേലത്തിൽ വിറ്റത് ഏകദേശം 13 കോടിക്ക് മുകളിൽ രൂപയ്ക്ക്. ഒരു അടുക്കളയിൽ സൂക്ഷിച്ച, പതിനെട്ടാം നൂറ്റാണ്ടിൽ നിന്നുമുള്ള ഈ പാത്രം £1,449,000 -നാണ് ഇപ്പോൾ വിറ്റിരിക്കുന്നത്. 

രണ്ടടി ഉയരം വരുന്ന തിളങ്ങുന്ന നീല നിറത്തിലുള്ള ഈ പാത്രം ക്വിയാൻലോംഗ് (Qianlong) ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് കരുതുന്നു. ഒരു കോടിയോ ഒന്നരക്കോടിയോ വില കിട്ടിയേക്കാം എന്ന് കരുതിയ പാത്രമാണ് 13 കോടിക്ക് വിറ്റിരിക്കുന്നത്. ഒരു സർജന്റെ ഉടമസ്ഥതയിലായിരുന്നു ഈ പാത്രം ഉണ്ടായിരുന്നത്. അതയാൾ തന്റെ മകന് കൊടുത്തു. എന്നാൽ, മകന് ഇതിന്റെ പ്രാധാന്യത്തെ കുറിച്ചോ, പഴക്കത്തെ കുറിച്ചോ, വിലയെ കുറിച്ചോ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. 

ബെർക്ക്‌ഷയർ ആസ്ഥാനമായുള്ള ഡ്രെവീറ്റ്‌സ് ലേലക്കാർ പറയുന്നത്, ഒരു പുരാവസ്തു വിദ​ഗ്‍ദ്ധൻ പരിശോധിക്കുന്നത് വരെ ഇതിന്റെ മൂല്യമോ വിലയോ ചരിത്രപ്രാധാന്യമോ ആർക്കും മനസിലായിരുന്നില്ല എന്നാണ്. ടെലഫോണിലൂടെയാണ് വിൽപന നടന്നത്. ഒരു ഇന്റർനാഷണൽ ബയറാണ് ഇത് വാങ്ങിയിരിക്കുന്നത്.

old Chinese vase sold for 13 crores

ലേലസ്ഥാപനത്തിൽ നിന്നുള്ള മാർക്ക് ന്യൂസ്റ്റെഡ് പറഞ്ഞു: "ലേലത്തിന് കിട്ടിയിരിക്കുന്ന ഈ അസാധാരണമായ ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ചൈന, ഹോങ്കോംഗ്, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നും ലേലത്തിൽ വ്യാപകമായ താൽപ്പര്യം പ്രകടിപ്പിച്ചതിനും ‍ഞങ്ങൾ സാക്ഷികളായി. അതുകൊണ്ട് തന്നെ ലേലം മത്സരാധിഷ്ഠിതമായി തീർന്നു."

ക്വിയാൻലോംഗ് കാലഘട്ടത്തെ (1736-1795) അടയാളപ്പെടുത്തുന്ന ആറ് ചിഹ്നങ്ങൾ പാത്രത്തിലുണ്ടായിരുന്നു. ഇതിന്റെ നീലനിറത്തെ 'സാക്രിഫൈസ് ബ്ലൂ' എന്നും വിളിക്കാറുണ്ട്. ഇംപീരിയൽ അൾത്താർ ഓഫ് ഹെവനി(Imperial Altar of Heaven) -ൽ ഇത് ഉപയോ​ഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. 

നീലയും വെള്ളിനിറവും കലർന്ന ഇത്തരം പാത്രങ്ങൾ അപൂർവമാണ് എന്ന് ലേലക്കാർ പറയുന്നു. ഇതിൽ വരച്ചു ചേർത്തിരിക്കുന്ന കൊറ്റിയും വവ്വാലും ദീർഘായുസിന്റേയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് എന്ന് കരുതുന്നു. 

Follow Us:
Download App:
  • android
  • ios