അവധി ദിവസത്തെ ലൈവ് ലൊക്കേഷന്‍ അയക്ക് കൊടുത്തില്ലെങ്കില്‍ അവധി നിഷേധിച്ച് ആ ദിവസത്തെ ശമ്പളം കട്ട് ചെയ്യുകയാണ് കമ്പനിയുടെ പുതിയ നയമെന്നും യുവതി.

വധി ദിനത്തിൽ തന്‍റെ മേലുദ്യോഗസ്ഥൻ തന്നോട് ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ടതായി മലേഷ്യൻ യുവതിയുടെ പരാതി. ലീവ് എടുത്തപ്പോൾ പറഞ്ഞ കാരണം സത്യമാണോയെന്ന് കണ്ടെത്തുന്നതിനുള്ള തെളിവായാണ് മേലുദ്യോഗസ്ഥൻ ഇത്തരത്തിൽ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ടതെന്നാണ് യുവതി ആരോപിക്കുന്നത്.

വളരെ വേഗത്തിലാണ് യുവതിയുടെ ഈ ആരോപണം ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി അധികാരിയുടെ ടോക്സിക് സ്വഭാവമാണെന്നും ഈ ജോലിയിൽ ഇനി തുടരരുതെന്നും നിരവധി പേർ യുവതിയോട് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി എത്തിനോക്കാൻ ഒരു തൊഴിലുടമയ്ക്കും അവകാശമില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. 

ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അനുവദിച്ച് കൊടുത്ത് കൊണ്ട് തൽസ്ഥാനത്ത് ജോലിയിൽ തുടരരുതെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. @_nnadrahhh എന്ന പേരിൽ സമൂഹ മാധ്യമത്തില്‍ അറിയപ്പെടുന്ന യുവതിയാണ് തനിക്കുണ്ടായ ഈ ദുരനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്.

അവധി ദിനത്തിൽ യുവതി കുടുംബത്തോടൊപ്പം മലേഷ്യയിലെ ഒരു ദ്വീപിലേക്ക് യാത്ര പോയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, യാത്രയിലുടനീളം താൻ ഉള്ള സ്ഥലത്തിന്‍റെ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ട് കൊണ്ട് മേലധികാരി നിരന്തരം വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തതോടെ തന്‍റെ മനസമാധാനവും സന്തോഷവും നഷ്ടപ്പെട്ടു എന്നാണ് യുവതി പറയുന്നത്. 

ഒടുവിൽ, മേലധികാരിയുടെ ശല്യം അവസാനിക്കുന്നതിനായി താൻ കടൽത്തീരത്ത് നിൽക്കുന്ന ഒരു ചിത്രം അയച്ചുകൊടുത്തെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ മേൽ ഉദ്യോഗസ്ഥർ ജീവനക്കാരുടെ ലൈവ് ലൊക്കേഷനുകൾ ആവശ്യപ്പെടുന്നത് സാധാരണമാണോ എന്ന് തന്‍റെ സമൂഹ മാധ്യമ കുറിപ്പില്‍ ഇവർ ചോദിച്ചു. ലൈവ് ലൊക്കേഷൻ അയച്ച് കൊടുത്തില്ലെങ്കിൽ ആ ദിവസത്തെ അവധി നിഷേധിച്ച് ശമ്പളം കട്ട് ചെയ്യുന്നതാണ് കമ്പനിയുടെ പുതിയ നിയമമെന്നും ഇവർ പറയുന്നു.