Asianet News MalayalamAsianet News Malayalam

ഭക്ഷണത്തിന് രുചി കൂട്ടാനായി ഇവിടെയുള്ളവർ ചേർക്കുന്നത് വിവിധതരം മണ്ണ്!

ഈ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ സ്വാദോടെ കഴിക്കുന്നു. പേർഷ്യൻ ഗൾഫിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 

people from this island add soil in their food
Author
Hormuz Island, First Published Nov 12, 2021, 3:46 PM IST

നൂറ്റാണ്ടുകളായി മനുഷ്യർ അവരുടെ ഭക്ഷണത്തിന് രുചി കൂട്ടാനായി സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ പാചകരീതിയും, രുചികളുമുണ്ട്. ഇന്ത്യയിൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മസാലകൾക്ക് അതിന്റേതായ പ്രത്യേകതയുണ്ട്. എന്നാൽ, രുചി കൂട്ടാനായി കറികളിൽ മണ്ണും, ചെളിയും(Soil, Mud) വാരിയിടുന്ന ഒരു ദ്വീപ് ലോകത്തിലുണ്ട്. അതിലും വിചിത്രമായ കാര്യം, മണ്ണ് കറികളിൽ ചേർത്താൽ ഭക്ഷണത്തിന് വലിയ രുചിയാണെന്നാണ് അവിടത്തുകാർ പറയുന്നത്.  

ഇറാനിലെ ഹോർമുസ് ദ്വീപിനെ(Hormuz Island of Iran)ക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആഹാരത്തിൽ മണ്ണ് വാരി ഇടരുതെന്നാണ് നമ്മളൊക്കെ സാധാരണ പറയാറുള്ളത്. എന്നാൽ, അവിടത്തുകാരെ സംബന്ധിച്ചിടത്തോളം, ഭക്ഷണത്തിൽ മണ്ണ് വാരി ഇട്ടാലേ രുചി വരൂ. അവിടത്തെ മണ്ണിന് നല്ല രുചിയാണെന്നും, അത് ചേർക്കുന്ന ഭക്ഷണത്തിന്റെ ഗുണവും രുചിയും വർദ്ധിക്കുമെന്നും അവിടത്തുകാർ വിശ്വസിക്കുന്നു. വിവിധ നിറത്തിലുള്ള പർവതങ്ങളുള്ള ഈ സ്ഥലത്തെ റെയിൻബോ ദ്വീപ് എന്നും വിളിക്കുന്നു. വ്യത്യസ്‌ത നിറങ്ങളിലുള്ള പർവതങ്ങളിലെ മണ്ണിനും പല സ്വാദാണ്. നമ്മൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതുപോലെ ദ്വീപിലെ നിവാസികൾ ഈ മണ്ണും ഭക്ഷണത്തിൽ കലർത്തുന്നു.

ഈ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ സ്വാദോടെ കഴിക്കുന്നു. പേർഷ്യൻ ഗൾഫിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഉപ്പ് കുന്ന് കൂടികിടക്കുന്ന പർവ്വതങ്ങളും ഇവിടെയുണ്ട്. ഈ പർവതങ്ങളിലെ സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പഠനങ്ങൾ നടന്നു വരികയാണ്. “ദശലക്ഷക്കണക്കിന് വർഷങ്ങളായി ഈ കുന്നുകളിൽ ധാതുക്കൾ അടിഞ്ഞുകൂടുകയും, അത് ക്രമേണ മണ്ണായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. അവയുടെ രുചി വളരെ സവിശേഷമാണ്. മണ്ണിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയുള്ളവർ അതിന്റെ രുചി തിരിച്ചറിയുന്നത്" ബ്രിട്ടനിലെ ചീഫ് ജിയോളജിസ്റ്റ് ഡോ. കാതറിൻ ഗുഡ്‌നൗഫ് പറഞ്ഞു.  

 

Follow Us:
Download App:
  • android
  • ios