Asianet News MalayalamAsianet News Malayalam

തമ്മില്‍ തര്‍ക്കമുണ്ടോ? തല്ലി തീര്‍ക്കാം; പെറുവില്‍ ഇന്നും തുടരുന്ന വിചിത്രമായ ആചാരം !

തങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഇടവും സമൂഹത്തിന് മുന്നിൽ ശാരീരിക ശക്തി പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍, ഇവിടെ പ്രരാതിക്കാര്‍ക്ക് വേണ്ടി മറ്റൊരാള്‍ അടിക്കാന്‍ വരില്ല. മറിച്ച് പരാതിക്കാര്‍ തന്നെ തമ്മില്‍ തല്ലി തീരുമാനമുണ്ടാക്കണം. 

Peruvian custom of fighting to settle disputes bkg
Author
First Published Sep 25, 2023, 10:35 AM IST


ചേകവന്മാരുടെ ചരിത്രങ്ങളടങ്ങിയ വടക്കന്‍ നാടോട്ടി പാട്ടുകളില്‍ പണം വാങ്ങി അങ്കം വെട്ടുന്ന ചേകന്മാരുടെ ധാരാളം കഥകളുണ്ട്. ഇത്തരം അങ്കങ്ങള്‍ പലപ്പോഴും രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിനായിട്ടായിരിക്കും നടക്കുക. പരാതിക്കാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ രണ്ട് പേര്‍ തമ്മില്‍ പണം വാങ്ങി അങ്കം വെട്ടുന്നു. അങ്കത്തിന് ഏത് ചേകവന്‍ ഇറങ്ങണമെന്ന് പരാതിക്കാര്‍ക്ക് തീരുമാനിക്കാം. ഇത്തരം അങ്കത്തില്‍ ന്യായം ആരുടെ ഭാഗത്ത് എന്നതിലല്ല. മറിച്ച് അങ്കത്തില്‍ ജയിക്കുന്നത് ആരാണ് എന്ന് നോക്കിയാണ് പരാതി പരിഹരിക്കപ്പെടുക. സമാനമായ ഒരു പോരാട്ടം ഇന്നും പെറുവില്‍ നടക്കുന്നു. പെറുവിലെ ചുംബിവിൽകാസിലെ വിദൂര ആൻഡിയൻ ഗ്രാമമായ സാന്‍റോ ടോമസിലെ ഒരു വാർഷിക പോരാട്ട ഉത്സവമാണ് തകനകുയ് (Takanakuy) അഥവാ "യുദ്ധം" എന്നറിയപ്പെടുന്ന പേരാട്ടം. 

ചുംബിവിൽകാസിന്‍റെ തലസ്ഥാനമായ സാന്‍റോ ടോമസിൽ ആരംഭിച്ച ഈ സമ്പ്രദായം പിന്നീട് മറ്റ് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു, കുസ്‌കോയും ലിമയും ആയിരുന്നു ആദ്യകാല പ്രധാന കേന്ദ്രങ്ങള്‍. പഴയ കലഹങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പരസ്പരം അടികൂടുന്നതാണ് ഈ ഉത്സവം. ഡിസംബറിലാണ് പ്രധാനമായും ഈ 'അടിയുത്സവം' നടക്കുക. ഒരു വര്‍ഷത്തില്‍ ഗ്രാമത്തിലുണ്ടാകുന്ന എല്ലാ തര്‍ക്കവും, അതില്‍ സ്വത്ത് തര്‍ക്കം മുതല്‍ കുടുംബ കലഹങ്ങള്‍ വരെ ഉള്‍പ്പെടും. കൈ കൊണ്ട് തല്ലി തീര്‍ക്കുകയാണ് ചെയ്യുക. കൊളോണിയൽ കാലഘട്ടത്തിലാണ് ഈ അടിയുത്സവത്തന്‍റെ ആരംഭം എന്ന് കരുതപ്പെടുന്നു, അടിയുത്സവമാണെന്ന് കരുതി വെറുകെ കേറി ആരെയും അടിക്കാന്‍ കഴിയില്ല. അതിന് ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് ഈ ഉത്സവം. തങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഇടവും സമൂഹത്തിന് മുന്നിൽ ശാരീരിക ശക്തി പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍, ഇവിടെ പ്രരാതിക്കാര്‍ക്ക് വേണ്ടി മറ്റൊരാള്‍ അടിക്കാന്‍ വരില്ല. മറിച്ച് പരാതിക്കാര്‍ തന്നെ തമ്മില്‍ തല്ലി തീരുമാനമുണ്ടാക്കണം.

കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറല്‍ !

ഓരോ വർഷവും, ഗ്രാമത്തിലെ ചിലരെ 'കാർഗുഡോ'കളായി (cargudos) തെരഞ്ഞെടുക്കുന്നു, തകനകുയിയുമായി ബന്ധപ്പെട്ട നൃത്തങ്ങളും പരേഡുകളും ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും. ഉത്സവത്തിന്‍റെ ഭാഗമായി കുഞ്ഞ് യേശുവിനെ ആദരിക്കുന്നതിനുള്ള ഘോഷയാത്രയും ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. ആഘോഷത്തില്‍ പങ്കെടുക്കുന്നവർ വിപുലമായ മുഖംമൂടികൾ ഉപയോഗിച്ച് മുഖം മറയ്ക്കുകയും പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് തിരിച്ചറിയപ്പെടാതിരിക്കാൻ അവരുടെ ശബ്ദം പോലും മാറ്റുകയും ചെയ്യുന്നു. പ്രദേശത്തെ പ്രധാന പള്ളിയായ സാന്‍റോ ടോമസിന് ചുറ്റുമുള്ള നിരവധി യുവാക്കൾ, ഗ്രാമവാസികള്‍ക്ക് മുന്നില്‍ തങ്ങളുടെ ധൈര്യം തെളിയിക്കാനുള്ള അവസരമായി തകനകുയിയെ കാണുന്നു. ജയിക്കുന്നവര്‍ക്ക് ഓണററി ടൈറ്റിലുകൾ ലഭിക്കുന്നു, പിന്നീടുള്ള വർഷങ്ങളിലും ഈ പദവി അവര്‍ക്ക് സ്വന്തം. '

ഇന്ത്യോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന് മുകളില്‍ 700 വര്‍ഷം പഴക്കമുള്ള ഗണേശ വിഗ്രഹം; നിത്യപൂജകളോടെ !

കുട്ടികളും സ്ത്രീകളും പോലും തകനാകുയിയിൽ പങ്കെടുക്കുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ പാരമ്പര്യവാദികള്‍ പുരുഷന്മാരെ മാത്രമേ അങ്കത്തിന് അനുവദിക്കൂ. തുറസ്സായ ഒരു സ്ഥലത്താണ് പോരാട്ടം നടക്കുക. തമ്മില്‍ തല്ലുന്നവര്‍ക്ക് ചുറ്റും കാണാനായി വലിയൊരു ആള്‍ക്കൂട്ടമുണ്ടാകും. ഇവരുടെ ആര്‍പ്പ് വിളികള്‍ക്ക് നടുവിലാണ് പോരാട്ടം. പരസ്പരം തല്ല് കൂടുന്നവരില്‍ ആരാണോ ആദ്യം നിലത്ത് വീഴുന്നത് അയാള്‍ പരാജയപ്പെടും എന്നാതാണ് നിയമം. മറ്റ് എങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ റഫറിക്ക് കളിയില്‍ ഇടപെടാം. ചില റഫറിമാര്‍ ചാട്ടവാറുമായിട്ടാകും പോരാട്ടം നിയന്ത്രിക്കാനെത്തുന്നത്.  ആദ്യത്തെ ആള്‍ തറയില്‍ വീണതിന് പിന്നാലെ അതുവരെ തമ്മില്‍ തല്ലിയ രണ്ട് പേരും കൈ കൊടുത്ത് ചിരിച്ച് കൊണ്ട് പിരിയുന്നു. ഇനി തോറ്റയാള്‍ക്ക് തന്‍റെ പരാതി തീര്‍ന്നില്ലെങ്കില്‍ വീണ്ടുമെരു പോരാട്ടത്തിന് കൂടി അവസരം ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios