Asianet News MalayalamAsianet News Malayalam

അതിന് ഞാന്‍ കോഴിയല്ലല്ലോ സാറേ; ഒരു ഫേക്ക് വാര്‍ത്തയുടെ കഥ!

പിന്നോട്ടു നടക്കുന്ന കോഴി. മാധ്യമപ്രവര്‍ത്തന ജീവിതത്തിനിടയിലെ രസകരമായ ഒരനുഭവം. പി ജി സുരേഷ് കുമാര്‍ എഴുതുന്നു 

PG suresh kumar on a hilarious experience in his career
Author
Thiruvananthapuram, First Published Aug 7, 2021, 3:12 PM IST
  • Facebook
  • Twitter
  • Whatsapp

പിന്നോട്ട് മാത്രം നടക്കുന്ന ഒരു കോഴി. തലച്ചോറിലെ ജനിതകവൈകല്യമാണത്രെ കാരണം. മുന്നോട്ട് മാത്രം നടക്കുന്ന കോഴികളെക്കണ്ട് മടുത്ത നാട്ടില്‍ എന്നാപ്പിന്നെ പിന്നോട്ടക്കോഴിയെ എടുത്തിട്ടുതന്നെ കാര്യമെന്നുറപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ തിരിക്കാന്‍ വാക്ക് നല്‍കുമ്പോള്‍ വച്ച ഒരേയൊരുപാധി അരഡസനില്ലെങ്കിലും കൊള്ളാവുന്ന നാല് കഥകള്‍ വേണമെന്നായിരുന്നു. 

 

PG suresh kumar on a hilarious experience in his career

പി ജി സുരേഷ് കുമാര്‍ 


കാലം രണ്ടു പതിറ്റാണ്ടു മുന്നെയാണ്. 

സൂര്യന്‍ വൈകി ഉദിക്കയും നേരത്തെ അസ്തമിക്കുകയും ചെയ്തിരുന്ന കാലമാണ്. മണിക്കണക്കറിയാതെ വാര്‍ത്തക്കായി പരതിയിരുന്ന കാലം. അതിര്‍വരമ്പുകളില്ലാതെ കാടും മേടും നാടും നഗരവും അലഞ്ഞുതിരിഞ്ഞ കാലം. ഭാണ്ഡക്കെട്ടുമായി ജില്ലാ അതിര്‍ത്തി വിട്ട് കാടുകയറിയിറങ്ങി അരഡസന്‍ സ്‌റ്റോറികള്‍ കീശയിലാക്കി മടങ്ങിയിരുന്ന കാലം. 'കണ്ണാടി'യും കൗതുകം ചാലിച്ചരക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സ്‌പെഷ്യലും അന്നത്തെ ഇഷ്ട വിഭവങ്ങള്‍. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന ടെറിട്ടറി. 

അങ്ങനെയിരിക്കെയാണ് ആ കൗതുകക്കഥ കേള്‍ക്കുന്നത്. പറഞ്ഞത് ചില്ലറക്കാരനല്ല. അറിയപ്പെടുന്ന പരിസ്ഥിതി ഗവേഷകന്‍. കേട്ടപ്പോഴേ കൊതി കൂറി.

പിന്നോട്ട് മാത്രം നടക്കുന്ന ഒരു കോഴി. തലച്ചോറിലെ ജനിതകവൈകല്യമാണത്രെ കാരണം. മുന്നോട്ട് മാത്രം നടക്കുന്ന കോഴികളെക്കണ്ട് മടുത്ത നാട്ടില്‍ എന്നാപ്പിന്നെ പിന്നോട്ടക്കോഴിയെ എടുത്തിട്ടുതന്നെ കാര്യമെന്നുറപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ തിരിക്കാന്‍ വാക്ക് നല്‍കുമ്പോള്‍ വച്ച ഒരേയൊരുപാധി അരഡസനില്ലെങ്കിലും കൊള്ളാവുന്ന നാല് കഥകള്‍ വേണമെന്നായിരുന്നു. 

പരിസ്ഥിതി ഗവേഷകന്‍ പെര്‍ഫക്ട്് ഓക്കെ അടിച്ചു. 

പുലര്‍ച്ചെ വിട്ടു. കൊട്ടാരക്കര കടന്ന് പുത്തൂരെത്തണം. കോഴി കാത്തിരിക്കും. അയ്യപ്പണ്ണനും ഗോപനും സ്വാമിയും ഞാനുമടങ്ങുന്ന സംഘത്തിനൊപ്പം ആയൂരില്‍ നിന്ന് ഗവേഷകനും ഒപ്പം. പുത്തൂ മുക്ക് തിരിഞ്ഞ് വളവെത്തിയപ്പോള്‍ വീട് കാട്ടിത്തന്നു. ഇടത്തരം വീട്. ഗൃഹനാഥന്‍ ഒരു പലചരക്ക് വ്യാപാരി. വീടിന്റെ വെള്ള കീറിയപ്പോഴേ തലയെണ്ണിത്തീര്‍ക്കാനാവാത്ത പുരുഷാരം. എല്ലാവരും കാത്ത് പുറത്ത്. കോഴി കൂട്ടിലും. 

ഗൃഹനാഥന്‍ രാജന്‍ ഓടിയെത്തി.

'തുറന്നുവിട്ടിട്ടില്ല. നിങ്ങള്‍ വരാന്‍ കാത്തിരിക്കയായിരുന്നു.'

 

PG suresh kumar on a hilarious experience in his career

അന്ന് ചിത്രീകരണത്തിനു പോയ മുതിര്‍ന്ന ക്യാമറാമാന്‍ അയ്യപ്പനും പി ജി സുരേഷ്‌കുമാറും
 

ആളിനെ വകഞ്ഞുമാറ്റി ഒരുവിധം അയ്യപ്പണ്ണന്‍ ക്യാമറ വച്ചു. ഗൃഹനാഥന്‍ സ്‌ലോമോഷനില്‍ കോഴിക്കൂടിനടുത്തേക്ക്. പുറത്തിറങ്ങിയാല്‍ പിന്നോട്ടോടുന്ന കുക്കുടനെ ഒപ്പാന്‍ ഇരുവശവും കഷ്ടി പത്തടി സ്ഥലം നീക്കിയിട്ടു ശ്വാസം അടക്കിപ്പിടിച്ചുനിന്നു. ആള്‍ക്കൂട്ടം തോളോടുതോള്‍ തള്ളി ഇരമ്പുകയാ.

രാജന്‍ കൂടിന്റെ കൊളുത്ത് മെല്ലെ വലിച്ചു. 

ശ്വാസം അടക്കി ഞങ്ങളും. 

കോഴി തല മെല്ലെ പുറത്തേക്കൊന്നുനീട്ടി. 

ചാരിയ പടിയിലേക്ക് കാലെടുത്ത് വച്ചതും, അത് ഒറ്റ വിടല്‍!

പിന്നോട്ടല്ല മുന്നോട്ട്. 

ഓടുകയാണോ പറക്കുകയാണോ എന്നുറപ്പില്ലാതെ നിലവിളിച്ച് കോഴി കുതിച്ചു. മുന്നോട്ട് കുതിക്കുന്ന കോഴിക്ക് പിന്നാലെ കൂടിനിന്ന ജനക്കൂട്ടവും വയലിലേക്ക്. കോഴിമറയും മുമ്പേ എന്റെ കണ്ണ് ഗവേഷകന്റെ മുഖത്തേക്ക് തിരിഞ്ഞു. അയാള്‍ തല കുനിച്ചു.

'അല്ല അത് തീറ്റ തിന്നാന്‍ തലകുനിക്കുമ്പോഴാണ് പിന്നോട്ട് പോകുന്നത്. ഇതിപ്പോ ആള്‍ക്കൂട്ടം കണ്ട് ഭയന്നതാ' എന്നൊരു തള്ളും. 

മുഷ്ടിമുറുക്കി പല്ലിറുമ്മി നിശ്ശബ്ദനായി നില്‍ക്കാനായതിനാല്‍ ഞാന്‍ വാ തുറന്നില്ല. ആ മൌനത്തിനിടയില്‍ വയലിലേക്കോടിയ നാട്ടുസംഘം കോഴിയെ പിടികൂടിയിരുന്നു. അവര്‍ അതിനെ രാജന്റെ കയ്യില്‍ കൊടുത്തു. 

വീണ്ടും നോക്കാമെന്ന് രാജന്‍. 

മെല്ലെ റോഡിലേക്ക് കയറിയ എന്റെ ചെവിയില്‍ നമ്മുടെ ഗവേഷകന്‍ ഒരു നല്ല ബുദ്ധി ഉപദേശിച്ചു.

'കോഴിയെ ഒരു കയറില്‍കെട്ടി പിന്നോട്ടുവലിക്കാം. അഡ്ജസ്റ്റ് ചെയ്ത് ഷൂട്ടുചെയ്യാം. ഇന്നലെ പ്രാദേശിക ചാനലിന്റെയാള്‍ വന്നങ്ങനെ എടുത്തു.' 

വീണ്ടും പല്ലിറുമ്മി ഞാന്‍ റോഡിലേക്ക് കയറുമ്പോള്‍ കോഴിയുമായി രാജന്‍ മുന്നില്‍ വന്നു തടുത്തു.

'ഞാന്‍ ഈ കോഴി കാരണം ഇപ്പോ കോഴിരാജന്‍ എന്നാ നാട്ടില്‍ അറിയപ്പെടുന്നത്. ഞാന്‍ കോഴിയല്ലല്ലോ സാറേ. ഇവിടെവരെ വന്നിട്ട് എന്റെ അവസ്ഥയെങ്കിലും ഒന്നെടുത്തിട്ട് പോകൂ' -എന്നായി. 

''ചേട്ടന്‍ കോഴിയല്ലല്ലോ പോട്ടെ'' എന്ന് പറഞ്ഞ് ഞങ്ങളും. 

ഇന്ന് എഴുതാന്‍ ഒരു കാരണം ഉണ്ട്. അത് തല്‍ക്കാലം ചിത്രീകരിക്കാനാവാതെ പോയ ഏഷ്യാനെറ്റ് സ്‌പെഷ്യലായിത്തന്നെ ഇരിക്കട്ടെ. 

 

Follow Us:
Download App:
  • android
  • ios