ഭൂരിപക്ഷം ഗള്‍ഫ് പ്രവാസികള്‍ക്ക് താല്‍കാലിക വാസസ്ഥലങ്ങളാണ് അവിടെയുള്ളത്. കിടക്കാനും സ്വപ്നം കാണാനുമായുള്ള പതിനെട്ടു ചതുരശ്ര  അടിയില്‍ കുറവുള്ള ഇടവും ശൗചാലയത്തിലെ ഉപയോഗ അവകാശവുമാണ് അവര്‍ക്കുള്ളത്. കുബ്ബൂസും  തൈരും ചോറും പരിപ്പു കറിയും എന്ന നിലയില്‍ ഏറ്റവും പരിമിതമായ ഭക്ഷണമാണ് പലര്‍ക്കുമുള്ളത്. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് അവരവരുടേതായ പ്രാദേശിക രുചികളിലുള്ള വിഭവങ്ങളുണ്ടാക്കി കഴിക്കുകയും കുറച്ചു പാട്ടും കളിയുമായി കഴിയുക മാത്രമാണ് ആര്‍ഭാടം . ചിലരെങ്കിലും നിര്‍ഭാഗ്യവശാല്‍ ദുശ്ലീലങ്ങളില്‍ അകപ്പെട്ടു പോവുകയും ദുരിതാവസ്ഥയില്‍ ചെന്നെത്താറുമുണ്ട് .

 

 

പ്രവാസ മനോഭാവം രക്തത്തിലുള്ള ജനതയാണ് നമ്മള്‍. ചന്ദ്രനില്‍ ചെന്നാലും അവിടെ ചായക്കടയിട്ട് ഒരു മലയാളി കാണുമെന്ന പറച്ചില്‍ ആ നിലയ്ക്ക് തമാശയുമല്ല. ചരിത്രകാലങ്ങളോളം വേരുള്ളതാണ് മലയാളിയുടെ പുറപ്പെട്ടുപോക്കുകള്‍. 

നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാഗ്യാന്വേഷികളായി മറ്റിടങ്ങളിലേക്ക് പുറപ്പെട്ടവരാണ് മലയാളി. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ അത് സജീവമായി. കൊളമ്പിലേക്കും പേര്‍ഷ്യയിലേക്കും സിലോണിലേക്കും മാത്രമല്ല, ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലേക്കും യൂറോപ്പിലേക്കുമൊക്കെ മലയാളികള്‍ ചെന്നുപെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഒറീസയിലും ബംഗാളിലുമൊക്കെ  നിരവധി പേര്‍ തൊഴില്‍തേടി  പോയിരുന്നു. കൊളോണിയല്‍ കാലത്ത്, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവര്‍ ആദ്യകാല പ്രവാസികളായിരുന്നു. സ്വാതന്ത്ര്യാനന്തരം വിദ്യഭ്യാസം സാര്‍വത്രികമായതും ഈ ഒഴുക്കു വര്‍ദ്ധിപ്പിച്ചു. അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാനും പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ട് പോകുവാനുള്ള മലയാളികളുടെ സ്വഭാവ വൈഭവവും ,വിധേയത്തം കാണിക്കാനുള്ള കഴിവും കാരണം മലയാളികള്‍ പുതിയ ഇടങ്ങളില്‍ വേഗം വേരുപിടിച്ചു. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് കോളനികളില്‍പ്പെട്ട ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍ (ഇന്നത്തെ ശ്രീലങ്ക), ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍) എന്നിവിടങ്ങളിലൊക്കെ മലയാളികള്‍ ജോലി സാധ്യതയും മെച്ചപ്പെട്ട കൂലിയും തേടി എത്തിപ്പെട്ടിട്ടുണ്ട്. അവിടെ എസ്റ്റേറ്റ് ജോലിക്കാരായും കച്ചവടക്കാരായി പോയവരും ഉണ്ട്. തടവുകാരായി പോര്‍ട്ട് ബ്ലേര്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളിലേക്കു നാടുകടത്തപെട്ടവരും ഉണ്ടായി.

1930 കള്‍ക്കുശേഷം പേര്‍ഷ്യയിലേക്കും, 1950-ന് ശേഷം ആഫ്രിക്കയിലെ പല സ്ഥലങ്ങളിലേക്കും ആളൊഴുക്കുണ്ടായി. നേഴ്‌സുമാരും ഡോക്ടര്‍മാരും അമേരിക്കയിലേക്കും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലെക്കും പോയിത്തുടങ്ങി. 

1950 കളിലാണ് ഗള്‍ഫില്‍ പെട്രോള്‍ വാണിജ്യാടിസ്ഥാനത്തില്‍  ഖനനം ചെയ്തു തുടങ്ങുന്നത്. ബഹ്‌റൈന്‍, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, യു എ ഇ ,എന്നിവിടങ്ങളിലൊക്കെ ഖനനം തുടങ്ങിയെന്ന കേട്ടറിവോടെ മലയാളികള്‍ അങ്ങോട്ട് പോകുവാന്‍ തുടങ്ങി. ആദ്യകാലത്ത് എത്തിപ്പെട്ടവര്‍ മണലാരണ്യത്തില്‍ എയര്‍ കണ്ടീഷനോ മറ്റോ ഇല്ലാതെ വളരെ കഷ്ടപ്പെട്ടായിരുന്നു കഴിഞ്ഞത്.

1971 മുതല്‍ 1983 വരെയാണ് ഗള്‍ഫ് ബൂം എന്നറിയപ്പെടുന്ന കാലഘട്ടം. ഈ കാലഘട്ടത്തിലാണ്  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയുണ്ടായത് .ദീര്‍ഘ വീക്ഷണമുളള ഭരണാധികാരികളായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ തലപ്പത്തുള്ളവര്‍. പെട്രോളില്‍ നിന്ന് നല്ല വരുമാനം വന്ന് തുടങ്ങിയപ്പോള്‍ ആധുനിക രീതിയിലുളള രാജ്യം കെട്ടിപ്പടുക്കുവാന്‍ ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അതനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടായി. വിദ്യാഭ്യാസത്തില്‍ പിറകോട്ടായിരുന്ന ഒരു പാട് ചെറുപ്പക്കാര്‍ക്ക്  നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിച്ചു. വിദ്യാസമ്പന്നര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെയുള്ള ബ്ലൂകോളര്‍ ജോലിയും ലഭിച്ചു. മലയാളി ചെറുപ്പക്കാരുടെ സ്വപ്നവും പ്രതീക്ഷയുമായി ഗള്‍ഫ് മാറി. ഈ കാലഘട്ടത്തിലാണ്  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയുണ്ടായിരുന്നത്.

1983 ല്‍ പെട്രോളിന്റെ വില ഇടിയുകയും പലരുടേയും  ശമ്പളം വെട്ടിച്ചുരുക്കുകയും പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. ചിലര്‍ക്കെങ്കിലും  നാട്ടിലേക്കു തിരിച്ചു പോകേണ്ടിയും വന്നു. പക്ഷേ തിരിച്ചു പോയാല്‍ നാട്ടില്‍ പട്ടിണി എന്ന ബോധ്യവും ബാധ്യതകളും പ്രാരബ്ദങ്ങളും  പലരേയും അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. അവിടെയൊക്കെ കാലം കരുതി വെച്ച പല അവസരങ്ങള്‍ ഉണ്ടായി.

1980 മുതല്‍ 1988 വരെ നീണ്ടുനിന്ന  ഇറാന്‍-ഇറാഖ് യുദ്ധം, അതു കഴിഞ്ഞ് 1990 ആഗസ്ത് രണ്ടിനു തുടങ്ങി 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഇറാഖ് - കുവൈത്ത് യുദ്ധം എന്നിങ്ങനെ ഭീതിയുടെ  ദിനങ്ങള്‍ അനേകമുണ്ടായി. എന്നാല്‍ യുദ്ധാനന്തരം ലഭിച്ച അവസരങ്ങളിലൊക്കെ മലയാളികള്‍ അവിടെ പിടിച്ചു നിന്നു . വീണ്ടും യുദ്ധങ്ങളുണ്ടായി. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, സിറിയ, യമന്‍ എന്നിങ്ങനെ പല വിധ സംഘര്‍ഷങ്ങള്‍. മുല്ലപ്പൂ  വിപ്ലവങ്ങള്‍. ഇപ്പോഴും നിലനില്‍ക്കുന്നതാണ് സിറിയന്‍ സംഘര്‍ഷാവസ്ഥ.

 

ദുബായ് ക്രീക്ക്. ഒരു പഴയ ചിത്രം
 

ഈ അരക്ഷിതാവസ്ഥയിലാണ് ഒരു ഗള്‍ഫ് പ്രവാസി അവിടെ തന്നെ പിടിച്ചു നില്‍ക്കുന്നത്. ഇതിനിടയില്‍ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യകാലങ്ങളില്‍ ധനികരായ ചിലര്‍ 1990 കള്‍ക്കുശേഷം ശതകോടീശ്വരന്‍മാരായി മാറി. ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെ  ശമ്പളം ക്രമാതീതമായി കുറഞ്ഞു. ഇന്ത്യന്‍ രൂപയുടെ വിലയിടിവ് കൊണ്ട് ഉണ്ടായ വിനിമയ നേട്ടങ്ങള്‍ കൊണ്ടും കൂടിയാണ് ഏറ്റവും താഴെത്തട്ടിലുള്ളവര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും, വിദ്യാസമ്പന്നരായവിഭാഗത്തിനു കുടുംബസമേതം മാന്യമായ ജീവിതം നയിക്കാനുള്ള വേതനം ഇപ്പോഴും അവിടെനിന്നും ലഭിക്കുന്നു.അപവാദമായി തീരെ വിദ്യാഭ്യാസമില്ലാത്ത ധനികരേയും കൂലി വേല ചെയ്യുന്ന വിദ്യാസമ്പന്നരേയും കാണാം.

ഭൂരിപക്ഷം ഗള്‍ഫ് പ്രവാസികള്‍ക്ക് താല്‍കാലിക വാസസ്ഥലങ്ങളാണ് അവിടെയുള്ളത്. കിടക്കാനും സ്വപ്നം കാണാനുമായുള്ള പതിനെട്ടു ചതുരശ്ര  അടിയില്‍ കുറവുള്ള ഇടവും ശൗചായത്തിലെ ഉപയോഗ അവകാശവുമാണ് അവര്‍ക്കുള്ളത്. കുബ്ബൂസും  തൈരും ചോറും പരിപ്പു കറിയും എന്ന നിലയില്‍ ഏറ്റവും പരിമിതമായ ഭക്ഷണമാണ് പലര്‍ക്കുമുള്ളത്. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് അവരവരുടേതായ പ്രാദേശിക രുചികളിലുള്ള വിഭവങ്ങളുണ്ടാക്കി കഴിക്കുകയും കുറച്ചു പാട്ടും കളിയുമായി കഴിയുക മാത്രമാണ് ആര്‍ഭാടം . ചിലരെങ്കിലും നിര്‍ഭാഗ്യവശാല്‍ ദുശ്ലീലങ്ങളില്‍ അകപ്പെട്ടു പോവുകയും ദുരിതാവസ്ഥയില്‍ ചെന്നെത്താറുമുണ്ട് .

ഒരു കാലത്ത് വിദേശ സിഗരറ്റ് പാക്കറ്റുകള്‍, നിവ്യ ക്രീം, ബ്രുട്ട്  പെര്‍ഫ്യൂം കുപ്പികള്‍, ലുങ്കികള്‍, ഹൗസ് കോട്ട് , നൈറ്റി, ടേപ്പ് റെക്കോര്‍ഡര്‍ എന്നിവയൊക്കെയായിരുന്നു ഗള്‍ഫുകാരുടെ അയാളടങ്ങള്‍. 

പിന്നീടത് കോണ്‍ക്രീറ്റു വീടുകളിലേക്കും മറ്റും മാറി. മക്കള്‍ക്ക് മികച്ച വിദ്യാഥ്യാസം നല്‍കാന്‍ പലരുമിത് ഉപയോഗിച്ചു.  ലോകോത്തരനിലവാരത്തിലേക്കുള്ള കേരളത്തിന്റെ എത്തിച്ചേരലുകളില്‍ ഗള്‍ഫ് ഒരു ചാലകഘടകമായി മാറുകയായിരുന്നു. ഇന്റര്‍നെറ്റ് വഴി ഇപ്പോള്‍ ലോകചലനങ്ങള്‍ അറിയുന്ന മലയാളികള്‍ ആധുനിക ജീവിതശൈലികള്‍ അറിഞ്ഞിരുന്നത് ഗള്‍ഫുകാര്‍ വഴിയായിരുന്നു. മറ്റുള്ള പ്രവാസികളില്‍ നിന്നും ഗള്‍ഫുകാരെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകം, അവര്‍ അവിടെ എപ്പോഴും താല്‍ക്കാലിക താമസക്കാര്‍ മാത്രമാകുന്നു എന്നുള്ളതാണ്. സ്വന്തമായി വീട് വെക്കാനോ സ്ഥലം വാങ്ങുവാനോ ഉള്ള അനുമതിയില്ലാത്തതു കൊണ്ടുതന്നെ അരക്ഷിതബോധം അവിടെ അവര്‍ക്കുണ്ട്. ഗൃഹാതുരത്വവും നാടിനോടും നാട്ടുകാരോടും വീട്ടുകാരോടുമുള്ള സ്‌നേഹവും കലര്‍ന്ന മനോഭാവമാണ് ഭൂരിഭാഗം പ്രവാസികളും വെച്ചുപുലര്‍ത്തുന്നത്. 

സ്വന്തം കുടുംബത്തിലേയും നാട്ടിലേയും എന്താവശ്യത്തിനും തന്നെകൊണ്ടാവുന്നത് അവര്‍ ചെയ്യുന്നു. ഇടത്തരക്കാരും താഴെ തട്ടിലുള്ളവരും രണ്ട് വര്‍ഷം കൂടുമ്പോള്‍  കുറി പിടിച്ചോ സുഹൃത്തുക്കളോട് പണം കടം വാങ്ങിയോ  നാട്ടിലേക്ക് വരികയും കുടുംബത്തിനും നാട്ടുകാര്‍ക്കുമൊപ്പം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ ശ്രമിച്ച് തിരിച്ചുപോവുകയും ചെയ്യുന്നു. ചിലര്‍ എം ടി കഥാ പാത്രങ്ങളെ പോലെ സമ്പന്നരായി വന്ന് നഷ്ടപ്പെട്ടുപോയതെല്ലാം സ്വന്തമാക്കുന്നു. ചിലര്‍ കഴിവിനുമപ്പുറമുള്ള വീടുകള്‍ വെക്കാന്‍ ശ്രമിക്കുന്നു. മുന്നൊരുക്കത്തിന്റെയോ  പ്ലാനിംഗിന്റെയോ അഭാവത്താല്‍ ചിലതൊക്കെ ദുരന്തമാവുന്നു. 

പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് വിദേശ മലയാളികളില്‍ നിന്നും കേരളത്തിലേക്ക് വരുന്നത്. കേരള ബജറ്റിന്റെ വരുമാനത്തിനടുത്തോളം. ഈ പണം കേരളത്തിന്റെ സാമ്പത്തിക ക്രയവിക്രയത്തിലേക്കാണ് ഇഴുകിച്ചേരുന്നത്. അത് ടാക്‌സി, ഓട്ടോ വാടകയായും പൊതുമരാമത്ത് പണിക്കായും, വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ആയും, ഭക്ഷണത്തിലേക്കും എന്നു വേണ്ട, പ്രത്യക്ഷമായും പരോക്ഷമായും അത് വഴിയുള്ള ഒരു നിശ്ചിത അളവ് നികുതിയായും  സര്‍ക്കാരിലേക്കു വന്ന് ചേരുകയും ചെയ്യുന്നു. 

ഏകദേശം 24 ലക്ഷത്തിലധികം മലയാളികള്‍ പ്രവാസികളാണെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. അവരെ ആശ്രയിച്ച് കഴിയുന്നവരുടെ കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ ഒരു കോടി മലയാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. 

സ്വന്തം നാട്ടില്‍ ഒരു പരിധിയില്‍ താഴെ ഇറങ്ങിവന്ന് ശരീരമിളകി ജോലി ചെയ്യുന്നതില്‍ ജാള്യത കാണിക്കുന്നവരാണ് ഒരു വിഭാഗം മലയാളികള്‍. പക്ഷേ തന്റേതല്ലാത്ത നാട്ടില്‍ എത്തിപ്പെട്ടാല്‍ അവര്‍ ഏത് ജോലിയും ചെയ്യാന്‍ തയ്യാറാവുകയും ചെയ്യും. പുറത്തു നിന്നു വരുന്ന  അതിഥി തൊഴിലാളികള്‍ ഇവിടെ ചെയ്യുന്നതും ഇതുതന്നെയാണ്. പ്രവാസത്തിന്റെ മന:ശാസ്ത്രം തന്നെയാണത്.   ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലിന്റെ അന്തസ്സ് പുനര്‍ നിര്‍ണയിച്ചു, കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരം തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കഴിവതും ഒരുക്കേണ്ടതുണ്ട്. അന്യ ദേശത്താകുമ്പോള്‍ നമ്മള്‍ കാണിക്കുന്ന പ്രവര്‍ത്തന മികവും വിജയിക്കാനുള്ള ഇഛാ ശക്ത്തിയും ആര്‍ജ്ജവവും നമ്മുടെ നാട്ടില്‍ തന്നെ ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ സുരക്ഷിതമായ ഒരു ജീവിതം ഇവിടെ തന്നെ കെട്ടിപ്പടുക്കാം. സംസ്ഥാനത്തിന്റെ വികസനത്തിനായി , പരിചയസമ്പന്നമായ ഈ മനുഷ്യ ശക്തി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം.

വിദേശങ്ങളിലേക്കു പറന്ന്, സ്വയം  തൊഴില്‍ കണ്ടെത്തിയ നമ്മുടെ 24 ലക്ഷത്തില്‍പരം സഹോദരങ്ങള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ എന്തായിരിക്കണം നമ്മുടെ നിലപാട്? 

അവര്‍ക്കൊരു വിപത്ത് നേരിട്ടാല്‍ പെട്ടെന്ന് തന്നെ സഹായത്തിന് എത്തുന്ന ഒരു രാജ്യവും ഭരണകൂടവും ഒപ്പമുണ്ടെന്ന ഒരു ബോധ്യം അവര്‍ക്കു നല്‍കണം. ആ ഒരു ആത്മാഭിമാനവും സുരക്ഷാ ബോധവും അവര്‍ക്കുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ ഉണ്ടാവണം. ഇവിടെ ജോലി കൊടുക്കാന്‍ പറ്റാത്തത് കൊണ്ട് അവര്‍ സ്വയം തൊഴില്‍ കണ്ടത്തി അവിടെ ജോലി ചെയ്യുന്നു എന്നേ ഉള്ളു എന്ന് ബോധ്യം വേണം.