തേജസ്സറ്റ തേര് ഒരു മൂലയില്‍ ധ്യാനത്തിലിരിക്കുന്നു. നെയ്യും തേങ്ങയും മണക്കാത്ത തിടപ്പളളി ഇന്നവിടെയുണ്ട്. സ്‌നേഹത്തിന്റെ നെയ്യേറിയ ഉണ്ണിയപ്പം ഒളിച്ചുതരാന്‍ ഇന്നെനിക്ക് അവിടെയാരുമില്ല . രുചിയും മണവും സ്‌നേഹവും ഭൂമിയില്‍ ബാക്കിവച്ചുകൊണ്ട് ചിലരങ്ങനെ കടന്നുപോകും. ഒരു മഴക്കാലത്ത് അവര്‍ നമ്മളെ ഒറ്റക്കാക്കും.

 

 

തട്ടകത്തെ അരകുര്‍ശ്ശി ഭഗവതിക്ഷേത്രത്തോളം ആത്മബന്ധമുള്ള ആരാധനാലയങ്ങള്‍ വേറെയില്ല . മേല്‍വിലാസത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന ശിവന്‍കുന്നിലെ ശിവക്ഷേത്രമായാലും, ഇന്ന് ഏറെ പോകാറുള്ള, മുന്‍പ് ഏകാദശിക്കും അഷ്ടമിരോഹിണിക്കും മാത്രം പോയിരുന്ന ഗോവിന്ദപുരത്തെ കൃഷ്ണന്റെ അമ്പലം ആണെങ്കിലും സ്വന്തമെന്ന് പറയാന്‍ സാധിക്കാത്ത എന്തോ ഒരു അകല്‍ച്ച അവിടങ്ങളിലെല്ലാം പണ്ട് അനുഭവപ്പെട്ടിരുന്നു . അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് ഈ ഗണപതിയമ്പലം .

ഓര്‍മ്മവച്ച നാളുകളില്‍ അച്ഛന് വയറിങ്ങ് ജോലിയായിരുന്നു . ഉണ്ണികൃഷ്ണന്‍ മാമയുടെ കൂടെ പോയി പണിപഠിച്ചതും, സ്വന്തമായി കരാറെടുത്ത് പണിക്കാരനായതും എല്ലാം അച്ഛന്‍ ഇന്നും അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാറുണ്ട് . ബോര്‍ഡില്‍ സര്‍വീസില്‍ കയറിയപ്പോഴും 'വയറിങ്ങ്കാരന്‍ മണി' എന്ന സ്ഥാനപ്പേര് നഷ്ടമാകുന്ന സങ്കടവും അച്ഛന് നന്നേയുണ്ടായിരുന്നു . അന്നാളുകളില്‍ അച്ഛന്റെ കൈപിടിച്ച് ഒരുപാട് തവണ ഈ ക്ഷേത്രവാതില്‍ കടന്നുചെന്നിട്ടുണ്ട് . പുതുതായി ഒരു ജോലി തുടങ്ങുമ്പോഴും ഏറ്റെടുത്ത ജോലി നന്നായി പൂര്‍ത്തിയാക്കുമ്പോഴും ഇവിടെത്തെ ഗണപതിക്ക് 'ഒറ്റ' ( ഒറ്റയപ്പം ) കഴിക്കുന്ന പതിവ് അച്ഛനുണ്ടായിരുന്നു . 

അന്ന് തൊട്ടേ അവിടെ കണ്ടുവരുന്ന ഒരു മുഖമുണ്ട്. വലിയ ചന്ദനക്കുറി തൊട്ട് കോടിമുണ്ട് ഉടുത്ത് ഓടിച്ചാടി നടക്കുന്ന ഒരു ശാന്തിക്കാരന്‍. നല്ല രുചിയില്‍ ഒറ്റയും ഉണ്ണിയപ്പവും ഗണപതിഹോമത്തിന്റെ പ്രസാദവുമൊക്കെ ഉണ്ടാക്കുന്ന , ഇടക്കൊക്കെ കുഞ്ഞു ഡപ്പയില്‍ സൂക്ഷിച്ചിരിക്കുന്ന മൂക്കുപ്പൊടി വലിക്കുന്ന രസികനായ ഗോവിന്ദന്‍കുട്ടി എമ്പ്രാന്തിരി. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു എമ്പ്രാന്തിരി. അതുകൊണ്ടുതന്നെയാകണം അവിടെച്ചെന്ന് കയറുമ്പോഴെല്ലാം ഒരു പ്രത്യേക പരിഗണന ഞങ്ങള്‍ക്ക് അദ്ദേഹം തന്നിരുന്നു. ഒറ്റയാണ് വാങ്ങുന്നതെങ്കിലും സ്‌നേഹത്തോടെ അകത്ത് വച്ച് പൊതിയുന്ന കുഞ്ഞ് ഉണ്ണിയപ്പങ്ങളില്‍ ആ മനുഷ്യന്‍ ആരും കാണാതെ ആ സ്‌നേഹം ഒളിപ്പിച്ചുവച്ചിരുന്നു. ശൂരന്‍പൂരത്തിന് പോകുമ്പോ സുബ്രഹ്മണ്യന്റെ തേരും പൊയ്ക്കോലങ്ങളായ ആനമുഖനെയും , ശൂരപത്മനെയുമെല്ലാം കൊണ്ടുനടന്ന് ഞങ്ങളെ കാണിക്കുന്ന ഒരു പാവം തിരുമേനി. അവിടെനിന്ന് ഷാലിമാറിലേക്കും റോസ്റ്റ് കടയിലേക്കുമെല്ലാം നടന്ന് ചെന്നിരുന്ന വൈകുന്നേരങ്ങളെ ഒരിറ്റ് നനവോടെയല്ലാതെ ഓര്‍ക്കാനേ സാധിക്കുന്നില്ല .

ഇന്ന് ചിങ്ങം ഒന്നാണ് . ഇന്ന് രാവിലെയും അവിടെ പോയിരുന്നു. ഒറ്റപ്പെടലും ശാന്തതയും തിരിച്ചറിയാതെ അവിടങ്ങളിലൂടെ നടന്നു. കണ്ണിന് കാണാന്‍ ഇല്ലാത്ത എന്തൊക്കെയോ വിജനമാക്കിയ മുറ്റത്ത് പണ്ട് ഞാന്‍ കണ്ടുപേടിച്ച പൊയ്ക്കോലങ്ങളൊക്കെയും മണ്ണില്‍ അലിഞ്ഞുപോയിരിക്കുന്നു. തേജസ്സറ്റ തേര് ഒരു മൂലയില്‍ ധ്യാനത്തിലിരിക്കുന്നു. നെയ്യും തേങ്ങയും മണക്കാത്ത തിടപ്പളളി ഇന്നവിടെയുണ്ട്. സ്‌നേഹത്തിന്റെ നെയ്യേറിയ ഉണ്ണിയപ്പം ഒളിച്ചുതരാന്‍ ഇന്നെനിക്ക് അവിടെയാരുമില്ല . 

രുചിയും മണവും സ്‌നേഹവും ഭൂമിയില്‍ ബാക്കിവച്ചുകൊണ്ട് ചിലരങ്ങനെ കടന്നുപോകും. ഒരു മഴക്കാലത്ത് അവര്‍ നമ്മളെ ഒറ്റക്കാക്കും. ഒരിടംകൂടി എനിക്ക് അനാഥമായിരിക്കുന്നു. ഇനി ഒറ്റക്ക് തിരിച്ചുനടക്കണം. ചെന്ന് കയറാന്‍ മുന്‍പുണ്ടായിരുന്ന ഒന്നും ഇന്ന് അതുപോലെയില്ല . ഉള്ളതെല്ലാം അനുകരണങ്ങള്‍ മാത്രം . ഒന്നുണ്ട്, ഓരോ തിരിച്ചുനടത്തവും ഒരു പ്രതീക്ഷയാണ് . പുറകില്‍നിന്നും ഒരു പിന്‍വിളി ഉണ്ടായാലോ എന്ന വെറും പ്രതീക്ഷ.