Asianet News MalayalamAsianet News Malayalam

യേശുദാസിനെ സംഗീതച്ചിറക് നല്‍കി പറത്തി വിട്ട സംഗീത സംവിധായകന്‍

ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടയും അടിപൊളി സംഗീതത്തിന്റെ തട്ടുമുട്ടും അദ്ദേഹത്തിന് ഒരു പോലെ വഴങ്ങി. വേദനയും പ്രണയവും വിരഹവും സന്തോഷവും വരികളില്‍ നിന്ന് ഉയര്‍ന്നെഴുന്നേറ്റ് ശ്രോതാക്കളുടെ ഹൃദയത്തിലേറ്റി അദ്ദേഹത്തിന്റെ ഈണങ്ങള്‍. 

Profile Raveendran Master music director in Malayalam film industry
Author
First Published Nov 9, 2022, 4:50 PM IST

സംഗീത കോളേജിലെ പഠനം കുളത്തൂപ്പുഴ രവിയെ രവീന്ദ്രന്‍ മാസ്റ്ററാക്കി വളര്‍ത്താനുള്ള മണ്ണ് ഒരുക്കിയെങ്കില്‍ കൈ പിടിച്ച് കൂടെ നടന്നത് അന്നത്തെ സഹപാഠി യേശുദാസ്. സൗഹൃദമോ സഹകരണമോ അല്ല, രണ്ടു പേരുടെയും കൂട്ട്  ചരിത്രത്തില്‍ ബാക്കി വെച്ചിരിക്കുന്നത്- അനശ്വര ഗാനങ്ങള്‍.

 

Profile Raveendran Master music director in Malayalam film industry

 

പ്രതിഭാധനന്‍മാര്‍ക്ക് ഒരു കാലത്തും ഒരു പഞ്ഞവും ഇല്ലാതിരുന്ന മലയാള ചലച്ചിത്ര ഗാന രംഗത്ത് ഗാംഭീര്യവും തനത് സൗന്ദര്യവുമുള്ള ഈണങ്ങളുടെ പെരുമഴ പെയ്യിച്ച രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മവാര്‍ഷികമാണ് ഇന്ന്. 81 മെഴുകുതിരികളുടെ തെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ശാന്തമുഖം ഇന്ന് വിളങ്ങിയേനെ. ആശംസാത്തിരികളുടെ വെട്ടത്തിന് പകരം തന്നിട്ട് പോയ മനോഹര ഗാനങ്ങളുടെ ഓര്‍മപ്പെരുക്കത്തില്‍ ഓരോ മലയാളിയും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു.

സംഗീത കോളേജിലെ പഠനം കുളത്തൂപ്പുഴ രവിയെ രവീന്ദ്രന്‍ മാസ്റ്ററാക്കി വളര്‍ത്താനുള്ള മണ്ണ് ഒരുക്കിയെങ്കില്‍ കൈ പിടിച്ച് കൂടെ നടന്നത് അന്നത്തെ സഹപാഠി യേശുദാസ്. സൗഹൃദമോ സഹകരണമോ അല്ല, രണ്ടു പേരുടെയും കൂട്ട്  ചരിത്രത്തില്‍ ബാക്കി വെച്ചിരിക്കുന്നത്- അനശ്വര ഗാനങ്ങള്‍.  സുന്ദര ഈണങ്ങളുടെ ചിറക് നല്‍കി തന്നെ പറത്തി വിട്ട സംഗീത സംവിധായകനെന്ന് മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ വെറുതെ പറഞ്ഞതല്ല. ഇടക്കൊരിട സിനിമാപാട്ടുകളുടെ ലോകത്ത് നിന്ന് ഒരിത്തിരി മാറി നിന്ന യേശുദാസിനെ ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ, പ്രമദവനത്തിലൂടെ നടത്തിച്ച് തിരികെ എത്തിച്ചതും അതേ സ്‌നേഹിതന്‍ തന്നെ.
 

1979-ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മലയാള ചലച്ചിത്ര ഗാനരംഗത്ത് ചുവട് വെക്കുന്നത്. 'താരകേ മിഴിയിതളില്‍ കണ്ണീരുമായി' എത്തിയ താരക രവീന്ദ്രന്‍ മാസ്റ്ററുടെ വരവ് അറിയിച്ച പാട്ടായി.  81-ല്‍ തേനും വയമ്പും എന്ന സിനിയിലെ തേനും വയമ്പും, ഒറ്റക്കമ്പി നാദം, തുടങ്ങിയ പാട്ടുകള്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം ഉറപ്പിച്ചു. പിന്നീടിങ്ങോട്ട് 'ചിരിയോ ചിരി', 'ഇത്തിരി പൂവേ ചുവന്ന പൂവേ', 'തമ്മില്‍ തമ്മില്‍', 'ദേശാടനക്കിളി കരയാറില്ല', 'സുഖമോ ദേവി', 'യുവജനോത്സവം', 'അമരം',  'കിഴക്കുണരും പക്ഷി', 'അഹം', 'കമലദളം', 'രാജശില്‍പി', 'ആറാം തമ്പുരാന്‍', 'സൂര്യഗായത്രി', 'കളിപ്പാട്ടം',  'വെങ്കലം', 'മഴയെത്തും മുമ്പേ', 'അയാള്‍ കഥയെഴുതുകയാണ്', 'കന്‍മദം', 'അരയന്നങ്ങളുടെ വീട്', 'മഴ', 'അമ്മക്കിളിക്കൂട്', 'മിഴി രണ്ടിലും,' 'ആറാം തമ്പുരാന്‍' തുടങ്ങി 200-ലധികം സിനിമകളില്‍ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഈണങ്ങള്‍  പാറിക്കളിച്ചു. 

മരണാനന്തരം പ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും മുന്നിലെത്തിയ 'വടക്കുംനാഥനി'ലും അമൂല്യ ഗാനങ്ങള്‍. വിശ്രുതരായ ഗാനരചയിതാക്കളുടെ ഭാവനക്ക് രവീന്ദ്രന്‍മാസ്റ്റര്‍ ഭാവനയും സൗന്ദര്യവും ഇഴ ചേര്‍ത്തുള്ള ഈണങ്ങള്‍ നല്‍കി. പല തലമുറ ഗായകര്‍ ആ ഗാനങ്ങളേറ്റു വാങ്ങുന്നത് അനുഗ്രഹവും ഭാഗ്യവുമായി കണ്ടു. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടയും അടിപൊളി സംഗീതത്തിന്റെ തട്ടുമുട്ടും അദ്ദേഹത്തിന് ഒരു പോലെ വഴങ്ങി. വേദനയും പ്രണയവും വിരഹവും സന്തോഷവും വരികളില്‍ നിന്ന് ഉയര്‍ന്നെഴുന്നേറ്റ് ശ്രോതാക്കളുടെ ഹൃദയത്തിലേറ്റി അദ്ദേഹത്തിന്റെ ഈണങ്ങള്‍. 

 

 

ഒരു ദേശീയ അംഗീകാരം കിട്ടാന്‍ കാത്തുനിന്നത് 92 വരെ. (പ്രത്യേക പരാമര്‍ശം). 'ഭരതം' എന്ന ചിത്രത്തിലെ ഗായക സഹോദരന്‍മാരുടെ കയറ്റിറക്കങ്ങളുടെ ആരോഹണവും അവരോഹണവും മനോഹരമാക്കി അവതരിപ്പിച്ച ഈണങ്ങള്‍ക്ക് അക്കൊല്ലത്തെ സംസ്ഥാന പുരസ്‌കാരവും കിട്ടിയിരുന്നു. 'നന്ദന'ത്തിലെ പാട്ടുകളും രവീന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലേക്ക് സംസ്ഥാന പുരസ്‌കാരം എത്തിച്ചിരുന്നു. 

 

 

രവീന്ദ്രന്‍ മാസ്റ്ററെ അതുല്യ പ്രതിഭയാക്കുന്നത്  പുരസ്‌കാരങ്ങളുടെ നിറവല്ല മറിച്ച് തലമുറകള്‍ കൈമാറിയ പ്രിയമാണ്. 'പ്രമദവന'വും 'ഹരിമുരളീരവ'വും അന്നും ഇന്നും സംഗീതപ്രേമികളുടെ ഫേവറിറ്റ്. മത്സരാര്‍ത്ഥികളുടെ അളവുകോല്‍.  ഏഴു സ്വരങ്ങളില്‍ തേനും വയമ്പും ചേര്‍ത്ത രവീന്ദ്രന്‍മാസ്റ്റര്‍ക്ക്  പ്രണാമം.


 

Latest Videos
Follow Us:
Download App:
  • android
  • ios