മംഗോളിയയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലേക്കും മാന്‍ഡറിന്‍ ചൈനീസ് വ്യാപിപ്പിക്കാനുള്ള നയവുമായി ചൈനീസ് സര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നര്‍ മംഗോളിയ ഗവണ്‍മെന്‍റ് പറയുന്നതനുസരിച്ച് എല്ലാം മംഗോളിയക്കാരും മൂന്ന് നിര്‍ബന്ധിത വിഷയങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചൈനീസ് ഭാഷയില്‍ സാഹിത്യം, ചരിത്രം, എത്തിക്സ് എന്നിവയാണ് പഠിക്കേണ്ടത്. സാംസ്‍കാരികമായ തുടച്ചുനീക്കലാണ് ചൈന ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. 

ഞങ്ങള്‍ക്ക് ഞങ്ങളുടെ മാതൃഭാഷ സംസാരിക്കാന്‍ അനുവാദമില്ലാതെയായിക്കഴിഞ്ഞാല്‍ അത് പതിയെ ഇല്ലാതെയാവുകയും നമ്മുടെ വംശം തന്നെ നശിക്കുകയും ചെയ്യും' എന്ന് മംഗോളിയക്കാരിയായ ലിലി (സാങ്കല്‍പികനാമം) പറയുന്നു. 'സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ അടുത്ത സിന്‍ജിയാങ്ങായി ഞങ്ങള്‍ മാറും. ഇത് അതിന്‍റെ തുടക്കം മാത്രമാണ്' എന്നും ലിലി ആശങ്കപ്പെടുന്നു. നേരത്തെ ന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിച്ചിരുന്ന സ്ഥലങ്ങളില്‍ അവരുടേതായ ഭാഷ പഠിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചൈനീസ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നുവെങ്കിലും സമീപകാലത്തായി സിന്‍ജിയാങ് അടക്കം പ്രവിശ്യകളില്‍ കൂടുതലായി ദേശീയ ഭാഷയായ ചൈനീസ് ഉപയോഗിക്കണമെന്ന നിര്‍ദേശങ്ങള്‍ വന്നിരുന്നു. 'സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക്' എന്നാണ് സര്‍ക്കാര്‍ കാരണം പറഞ്ഞിരുന്നത്. 

ഇത്തരം പ്രവണതകള്‍ ന്യൂനപക്ഷത്തെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള ചൈനീസ് സര്‍ക്കാരിന്‍റെ ലക്ഷ്യത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നേരത്തെ തന്നെ റൈറ്റ്സ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവുമധികം മംഗോളുകള്‍ താമസിക്കുന്നത് ചൈനയിലാണ്. അതിലേറെയും ഇന്നര്‍ മംഗോളിയയിലും. അവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മംഗോളിയന്‍ സംസാരിക്കുകയും പഴയ ഉയ്ഘുര്‍ അക്ഷരമാലയില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന അക്ഷരം ഉപയോഗിച്ച് എഴുതുകയും ചെയ്യുന്നവരാണ്. 

ഇവിടെ കുടുംബങ്ങള്‍ക്ക് കുട്ടികളെ മംഗോളിയന്‍ ഭാഷ പഠിപ്പിക്കുന്ന സ്‍കൂളുകളിലേക്കും മാന്‍ഡറിനില്‍ പഠിപ്പിക്കുന്ന ഹാന്‍ ചൈനീസ് സ്‍കൂളുകളിലേക്കും അയക്കാന്‍ സാധിക്കുമായിരുന്നു. നേരത്തെ മംഗോളിയന്‍ സ്‍കൂളുകളില്‍ മിക്ക വിഷയങ്ങളും മംഗോളിയനിലാണ് പഠിപ്പിച്ചിരുന്നത്. ചൈനീസ് ഭാഷയില്‍ പ്രത്യേകം കോഴ്‍സായിരുന്നു. പക്ഷേ, സപ്‍തംബര്‍ മുതല്‍ പ്രൈമറി, സെക്കന്‍ഡറി സ്‍കൂളുകളില്‍ ഒന്നാം ഗ്രേഡില്‍ ചൈനീസ് ഭാഷയില്‍ സാഹിത്യം പഠിപ്പിച്ചു തുടങ്ങി. തുടര്‍ന്നുവരുന്ന വര്‍ഷങ്ങളില്‍ ചരിത്രവും എത്തിക്സും പഠിക്കേണ്ടിവരുമെന്നാണ് ആഗസ്‍ത് 26 -നിറങ്ങിയ സര്‍ക്കാര്‍ നോട്ടീസ് പറയുന്നത്. മംഗോളുകളില്‍ ഭൂരിഭാഗം പേരും ഈ പുതിയ മാറ്റം തങ്ങളുടെ ഭാഷയും സംസ്‍കാരവും ഇല്ലാതാവാന്‍ ഇത് കാരണമായിത്തീരുമോ എന്ന ഭയത്തിലാണ് കഴിയുന്നത്. 

പുതിയ ഭാഷാ നയത്തെക്കുറിച്ചുള്ള ചർച്ചകൾ ജൂണിൽ പുറത്തുവന്നതിനുശേഷം ഒമ്പത് ജനപ്രിയ മംഗോളിയൻ ബാൻഡുകളടക്കം ഒപ്പിട്ട 4,200 -ത്തിലധികം അപേക്ഷകളാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് പറയുന്നു. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയില്‍ ഈ പുതിയ ഭാഷാ നയവുമായി ബന്ധപ്പെട്ട ഹാഷ്‍ടാഗുകള്‍ ഇടുന്നത് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. മംഗോളിയക്കാരും ഹാന്‍ ചൈനീസായിട്ടുള്ളവരുമെല്ലാം ഭാഷാനയവുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. 'ഞാന്‍ എന്‍റെ കുട്ടികളെ മംഗോളിയന്‍ പഠിപ്പിക്കും, അവര്‍ക്ക് മംഗോളിയന്‍ പേരുകള്‍ നല്‍കും. എന്നെ മെരുക്കാന്‍ ശ്രമിക്കരുത്. ഞാന്‍ സ്വതന്ത്രനാണ്, നമ്മളെല്ലാവരും സ്വതന്ത്രരാണ്' എന്നാണ് വെയ്ബോയില്‍ ഒരാള്‍ കുറിച്ചത്. 

പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു രക്ഷിതാവ് പറയുന്നത്, കുട്ടികളെ സ്‍കൂളിലയച്ചില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന പ്രാദേശിക ഉദ്യോഗസ്ഥരുടെ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ ഭാഷാ നയത്തെ തുടര്‍ന്ന് മംഗോളിയയിലെ ഭൂരിഭാഗം രക്ഷിതാക്കളും ഇപ്പോള്‍ കുട്ടികളെ സ്‍കൂളിലേക്ക് വിടാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. ഓണ്‍ലൈനില്‍ പ്രചരിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കാണിക്കുന്നത് സ്‍കൂളുകള്‍ക്ക് മുന്നില്‍ രക്ഷിതാക്കള്‍ ഒത്തുകൂടുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. യൂണിഫോം ധരിച്ച കുട്ടികള്‍ 'ഞങ്ങളുടെ മാതൃഭാഷയെ സംരക്ഷിക്കുക' എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോകളും പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും മംഗോളിയന്‍ ഭാഷയുടെ പ്രയോഗം കുറച്ചുകൊണ്ടുവരുന്ന ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും അതിനെ അപലപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ ഇനി മക്കളെ ചൈനീസും ഇംഗ്ലീഷും മാത്രം പഠിപ്പിച്ചാല്‍ മതിയല്ലോ എന്ന് ആശ്വസിക്കുന്നുമുണ്ടെന്ന് ഹോംകോംങ് യൂണിവേഴ്‍സിറ്റിയിലെ ചൈനീസ് എത്‍നിക് മൈനോറിറ്റി ലാംഗ്വേജ് റിസര്‍ച്ചറായ ലോറെറ്റ കിം പറയുന്നു. 

പുതിയ ഭാഷാ നയത്തെ കുറിച്ചുള്ള പ്രതിഷേധം കനക്കുന്നതിനിടെ തിങ്കളാഴ്‍ച ഇന്നര്‍ മംഗോളിയ ഗവണ്‍മെന്‍റ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത് ഇത് കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് വര്‍ധിപ്പിക്കുമെന്നും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരവും ലഭിക്കുമെന്നുമാണ്. മറ്റ് അഞ്ച് പ്രവിശ്യകളിലെ മൈനോറിറ്റി ലാംഗ്വേജ് സ്‍കൂളുകളിലും നയം നടപ്പിലാക്കും. 

'ബൈനു'വിനും നിരോധനം

മംഗോളിയന്‍ ഭാഷയിലുള്ള ഏക സാമൂഹ്യ മാധ്യമവും അടച്ചുപൂട്ടിച്ച് ചൈന. ആഗസ്‍ത് 23 ഞായറാഴ്‍ചയാണ് ചൈനീസ് അധികൃതര്‍ ചൈനയിലെ ഒരേയൊരു മംഗോളിയന്‍ സാമൂഹിക മാധ്യമം 'BAINU'  നിരോധിച്ചത്. മംഗോളിയൻ വംശീയ ഭാഷയെ ദുർബലപ്പെടുത്തുന്നതിനും ചൈനീസ് താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് റൈറ്റ്സ് ഗ്രൂപ്പുകള്‍ ആരോപിച്ചു. യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതേണ്‍ മംഗോളിയന്‍ ഹ്യുമന്‍ റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ നടപടിയെ ശക്തമായി അപലപിച്ചു. ചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയില്‍  400,000 പേര്‍ BAINU -വിന്‍റെ ഉപയോക്താക്കളാണ്. 

BAINU -വിന്‍റെ നിരോധനം താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സൈറ്റിന്‍റെ ലിങ്ക് ആക്ടീവാണെങ്കിലും ഹോം പേജ് കിട്ടാത്ത അവസ്ഥയാണുള്ളത്. കേന്ദ്രസര്‍ക്കാര്‍, മംഗോളിയന്‍ ഭാഷ സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് റൈറ്റ്‍സ് ഗ്രൂപ്പ് ആരോപിക്കുന്നു. സ്‍കൂളുകളില്‍ നടപ്പിലാക്കുന്ന പുതിയ ഭാഷാനയത്തിന്‍റെയെല്ലാം ബാക്കിയെന്നോണമാണ് പുതിയ നിരോധനവും. എന്നാല്‍, ചൈനീസ് എജുക്കേഷന്‍ അധികൃതരോ എംബസി അധികൃതരോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

BAINU ലഭിക്കാത്ത സാഹചര്യത്തില്‍ ചൈനീസ് മെസേജിംഗ് സൈറ്റായ വീചാറ്റ് ഉപയോക്താക്കള്‍ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗ്രൂപ്പുണ്ടാക്കിയിരിക്കുകയാണ്. മംഗോളിയന്‍ ഭാഷ മംഗോളിയക്കാരുടെ അവസാനത്തെ ഐഡന്‍റിറ്റിയാണെന്നും അതില്ലാതാക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മംഗോളിയന്‍ സംസ്‍കാരവും ഐഡന്‍റിറ്റിയും ഇല്ലാതെയാക്കാനുള്ള ചൈനീസ് സര്‍ക്കാരിന്‍റെ ശ്രമഫലമായി നേരത്തെ തന്നെ മംഗോളിയന്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പകരം മാന്‍ഡറിന്‍ ചൈനീസ് ആണ് മിക്കവരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലോകത്തില്‍ തന്നെ അതിവേഗം വളരുന്ന ഭാഷയായി മാന്‍ഡറിന്‍ ചൈനീസ് മാറിയിട്ടുണ്ട്. സ്വയംഭരണപ്രദേശങ്ങളിലെല്ലാം ഈ ഭാഷ സംസാരിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായുള്ള വിവിധ ശ്രമങ്ങള്‍ ഇതിനകം തന്നെ ചൈനീസ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുകയാണ്. 

'സതേണ്‍ മംഗോളിയ ഹ്യുമന്‍ റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍' ഡയറക്ടറായ എന്‍ഖബ്‍ടു പറഞ്ഞത് മംഗോളിയക്കകത്ത് സാംസ്‍കാരികമായ വംശഹത്യ നടത്തുന്ന ഈ ചൈനീസ് നടപടിയെ ശക്തമായി അപലപിക്കുന്നു എന്നാണ്. 'ഇത് കേവലമൊരു ഭാഷ ഉപയോഗിക്കുന്നതിന്‍റെ പ്രശ്‍നം മാത്രമല്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെക്കാലമായി തങ്ങളെ ഞെരുക്കിക്കൊണ്ടിയിരിക്കുകയാണ്. ഞങ്ങള്‍ക്കാകെ ബാക്കിയുള്ളത് ഞങ്ങളുടെ ഭാഷ മാത്രമാണ്. അതുകൂടി തുടച്ചുമാറ്റപ്പെട്ടാല്‍ മംഗോളിയക്കാരുടേതായ ഒരു ഐഡന്‍റിറ്റിയും നമ്മളില്‍ ശേഷിക്കാതെയാവും' എന്നും എന്‍ഖബ്‍ടു പറയുന്നു. 

ഏതായാലും വര്‍ഷങ്ങളായി രാജ്യത്തിലുടനീളം ഉയ്‍ഘുറുകളടക്കം മൈനോറിറ്റി ഗ്രൂപ്പുകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ബാക്കിയായിട്ടാണ് ചൈനയുടെ ഈ നടപടി വീക്ഷിക്കപ്പെടുന്നത്. സ്വയംഭരണ പ്രദേശമായ മംഗോളിയയിലും സാംസ്‍കാരികമായ അടിച്ചമര്‍ത്തലുകള്‍ ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കുകയാണ്. മംഗോളിയന്‍ ഭാഷ ഒരു അതിജീവന പ്രതിസന്ധി നേരിടുകയാണ് എന്ന കാര്യത്തിലും സംശയമില്ല. 

(വിവരങ്ങള്‍ക്ക് കടപ്പാട്: വൈസ്, ഇങ്ക്സ്റ്റോണ്‍)