1982 സെപ്റ്റംബര്‍ രണ്ടിന് വൈപ്പിനിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചത് 77 പേര്‍. കാഴ്ചശക്തി പോയത് 66 പേര്‍ക്ക്. ചലനശേഷി പോയതും തളര്‍ന്നു കിടപ്പായതും 150 പേര്‍.  ഇന്ന് ആ സങ്കടയോര്‍മയുടെ നാല്‍പതാം വാര്‍ഷികം. പി ആര്‍ വന്ദന എഴുതുന്നു

എളങ്കുന്നപ്പുഴയില്‍ മദ്യം കഴിച്ചവര്‍ തളര്‍ന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളില്‍ മുന്നറിയിപ്പു പ്രചാരണം തുടങ്ങി. ഇതിന് പിന്നാലെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ബോധ്യപ്പെട്ട ജനം ഉണര്‍ന്നു. മദ്യപിച്ചവരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചു. ഞാറക്കല്‍ ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കെല്ലാം വൈപ്പിന്‍ മേഖലയില്‍ നിന്ന് ആളെത്തി.

തോരാമഴയുടെ ദുരിതവും. ഒരിടവേളക്ക് ശേഷം മനസ്സു തുറന്ന് അടച്ചിടലുകളോ ആവലാതികളോ ഇല്ലാതെ ഓണം ആഘോഷിക്കാനുള്ള ആവേശത്തിലും തയ്യാറെടുപ്പിലുമാണ് മലയാളികള്‍. കാലം തെറ്റി പെയ്ത, പെയ്യുന്ന മഴ ഉത്സവമോഹത്തിന് മേല്‍ ഇതുവരെ ആശങ്കയുടെ കാര്‍മേഘ നിഴല്‍ ആയിട്ടില്ല. എല്ലാവരും ഒത്തുകൂടി ഒന്നിച്ച് ആഘോഷിക്കാന്‍ എല്ലാവരും അത്ര മേല്‍ അത്ര നാളായി കാത്തിരിക്കുകയാണ്. 

മലയാളിയുടെ ഏതൊരു ആഘോഷത്തിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തു വരുന്ന മദ്യവില്‍പനക്കണക്ക് ഉത്സവാഘോഷത്തിന്റെ മാനദണ്ഡമാകുന്ന അവസ്ഥയുണ്ട്. അത് കഷ്ടമാണ്. കാരണം വരുമാനം ഓര്‍ത്ത് ധനവകുപ്പിന് സന്തോഷം വരും എന്നത് ഒഴിച്ചാല്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് വേറെ ഏതെങ്കിലും ഒരു മെച്ചം പറയുന്നുണ്ട് എന്ന് കരുതുക വയ്യ. ആഘോഷങ്ങള്‍ എന്നാല്‍ മദ്യം എന്ന അവസ്ഥ ഒരു മാതൃകയൊന്നും അല്ലല്ലോ. മാത്രവുമല്ല, മലയാളി ഓര്‍ത്തിരിക്കേണ്ട ഒരു ദുരന്തത്തിന്റെ ഓര്‍മയും ഏത് ഓണക്കാലത്തും മദ്യവുമായി ചേര്‍ന്ന് കേരളത്തിനുണ്ട്. ഇന്ന് ആ സങ്കടയോര്‍മയുടെ നാല്‍പതാം വാര്‍ഷികം. 

1982 സെപ്റ്റംബര്‍ രണ്ടിന് വൈപ്പിനിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചത് 77 പേര്‍. കാഴ്ചശക്തി പോയത് 66 പേര്‍ക്ക്. ചലനശേഷി പോയതും തളര്‍ന്നു കിടപ്പായതും 150 പേര്‍. ഏതെങ്കിലുമൊക്കെ തരത്തില്‍ ദുരന്തം തകര്‍ത്തത് 650 ലേറെ കുടുംബങ്ങളെ. ഞാറക്കല്‍, മാലിപ്പുറം എളങ്കുന്നപ്പുഴ, പുതുവെപ്പ്, നായരമ്പലം, എടവനക്കാട്, അയ്യമ്പള്ളി തുടങ്ങി 18 കി.മീ. ചുറ്റളവിലുള്ള പ്രദേശമാകെ വിഷമദ്യ ദുരന്ത മേഖലയായി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാരായ ഷാപ്പുകളില്‍ നിന്ന് മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. തിരുവോണനാള്‍ ആഘോഷമാക്കാന്‍ എത്തിയവര്‍. 

എളങ്കുന്നപ്പുഴയില്‍ മദ്യം കഴിച്ചവര്‍ തളര്‍ന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളില്‍ മുന്നറിയിപ്പു പ്രചാരണം തുടങ്ങി. ഇതിന് പിന്നാലെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ബോധ്യപ്പെട്ട ജനം ഉണര്‍ന്നു. മദ്യപിച്ചവരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചു. ഞാറക്കല്‍ ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കെല്ലാം വൈപ്പിന്‍ മേഖലയില്‍ നിന്ന് ആളെത്തി. ഏതാണ്ട് മൂവായിരത്തോളം പേരെയാണ് ഇങ്ങനെ എത്തിച്ചതെന്നാണ് കണക്ക്. ആ നടപടിയാണ് മരണം കുറച്ചത്. അല്ലെങ്കില്‍ ഓണനാളുകളില്‍ വൈപ്പിനില്‍ കുറേയേറെ ചിതകള്‍ കൂടി കത്തിയെരിഞ്ഞേനെ. ഇന്നത്തെ പാലങ്ങളൊന്നും ഇല്ലാത്ത അക്കാലത്ത് മീന്‍ പിടിക്കാന്‍ പോകുന്ന വള്ളങ്ങളിലെല്ലാമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. 

ഓണക്കാലത്തെ വന്‍വില്‍പന കണക്കിലെടുത്ത് ഷാപ്പ് നടത്തിപ്പുകാര്‍ ചാരായത്തില്‍ ചേര്‍ത്ത സ്പിരിറ്റാണ് ദുരന്തമുണ്ടാക്കിയത്. മനുഷ്യജീവന് പുല്ലുവില കൊടുക്കാത്ത ലാഭക്കൊതി. ചുറ്റുമുള്ളവരുടെ ദുരിതം കണ്ട് നെഞ്ച് പിടഞ്ഞവരെല്ലാവരും പ്രതിഷേധസ്വരമുയര്‍ത്തി. വൈപ്പിന്‍ മേഖലയാകെ ജനകീയപ്രതിഷേധം ഉയര്‍ന്നു. ജനം നിരത്തിലിറങ്ങി. മദ്യഷാപ്പുകളും മുതലാളിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. വൈപ്പിനില്‍ നടന്നത് ദുരന്തമല്ല, കൊലപാതകമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി പ്രതിരോധവും പ്രതിഷേധത്തിന്റെ ഭാഗമാക്കി. മദ്യമുതലാളിമാരുടെ പാടങ്ങളില്‍ കൊയ്യാന്‍ ആളെത്താതിരുന്നതും പുറത്തുനിന്ന് എത്തിച്ചത് പാടത്തിറങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതും അങ്ങനെയാണ്. നിയമനിരോധനവും നിരാഹാരവും സത്യാഗ്രഹവും പൊലീസ് ലാത്തിച്ചാര്‍ജും അങ്ങനെ സമരം സംഭവബഹുലമായി ദിവസങ്ങളോളം തുടര്‍ന്നു. 

ഒടുവില്‍ സര്‍ക്കാര്‍ നടപടികളെത്തി. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റായ മീഥൈല്‍ആല്‍ക്കഹോള്‍ ചാരായത്തോട് ചേര്‍ത്തതാണ് മദ്യ ദുരന്തത്തിനിടയാക്കിയതെന്ന് കണ്ടെത്തി. റവന്യൂ, എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. തുടര്‍ന്ന് അബ്കാരികളായ കെ.കെ. വിജയന്‍, കൊച്ചഗസ്തി, ചന്ദ്രസേനന്‍, തിരുമുല്‍പ്പാട് എന്നിവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു, ശിക്ഷിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപയും ചികിത്സക്ക് 4000 രൂപയും നല്‍കി. മേഖലയിലെ 22 അംഗീകൃത മദ്യഷാപ്പുകളും 15 ഉപഷാപ്പുകളും അടച്ചുപൂട്ടി. 

ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ദുരന്തം അതിജീവിച്ച പലര്‍ക്കും തുടര്‍ന്നുള്ള ജീവിതം ദുരിതമയമായിരുന്നു. അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പിന്നെ അവരുടെ വേദന തൊട്ടറിഞ്ഞവര്‍ക്കും പിന്നെ നാടിനാകെയും വൈപ്പിന്‍ എക്കാലത്തും കണ്ണീരോര്‍മയാണ്. പക്ഷേ പിന്നെയും കേരളത്തില്‍ മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. പൂനലൂരിലും കല്ലുവാതുക്കലും മട്ടാഞ്ചേരിയിലും എല്ലാം ദുരന്തത്തിന് പതിപ്പുകളുണ്ടായി. ഒരു ദുശ്ശീലത്തിന് ദുരയുണ്ടാക്കുന്ന അമിതഭാരം കൂടിയാകുമ്പോള്‍ കേരളം കാണേണ്ടിവന്ന ദുരന്തങ്ങള്‍. ആഘോഷങ്ങള്‍ക്ക് നുര പതയേണ്ട എന്ന് തീരുമാനിച്ചാല്‍ തീരുന്നത്. ഏതു കാലത്തും ഏതൊരു കൂട്ടായ്മക്കും ഓര്‍ക്കേണ്ട കാര്യം. നാല്‍പതു വര്‍ഷം കഴിഞ്ഞിട്ടും വൈപ്പിന്‍ കരയോട് ചേര്‍ന്നു നില്‍ക്കുന്ന ആ കണ്ണീരോര്‍മ ഈ ഓണക്കാലത്തെങ്കിലും ഒരു കരുതലായെങ്കില്‍