ഈ വിചിത്രമായ അപ്പാർട്മെന്റിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി നെഗറ്റീവ് കമന്റുകൾ അതിന് ലഭിച്ചു. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് പിൻവലിക്കപ്പെട്ടു.
തനിച്ച് താമസിക്കുന്നവരെ സംബന്ധിച്ച് വലിയ വീടോ, ഫ്ലാറ്റോ ഒക്കെ ഒരു അധികഭാരമാണ്. അവർ എപ്പോഴും നോക്കുന്നത് ഒതുങ്ങിയ ചെറിയ ഇടങ്ങളായിരിക്കും. എന്നാൽ, അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നവർക്കായി കാനഡയിലെ ഒരു നഗരമായ വാൻകൂവറിൽ ഒരു പുതിയ അപ്പാർട്ട്മെന്റ് നിർമ്മിക്കുകയുണ്ടായി. ബാത്ത്റൂമിൽ തന്നെയാണ് കിടക്ക ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് ആ അപ്പാർട്ട്മെന്റിന്റെ പ്രത്യേകത. ചിലവേറിയ ഒരു നഗരത്തിന്റെ സ്ഥലലഭ്യത കുറവിന്റെ ഒരു യഥാർത്ഥ ചിത്രം കൂടിയാണ് ഇത്.
ഈ മാസം ആദ്യമാണ് ക്ലാസ്സിഫൈഡിൽ ഈ മൈക്രോ സ്റ്റുഡിയോയുടെ പരസ്യം പ്രത്യക്ഷപ്പെടുന്നത്. പുതിയ ഫ്ലോറിംഗ്, ജനൽ, സിംഗിൾ ബെഡ് എന്നിവ ചേർന്നതാണ് ആ അപ്പാർട്ട്മെന്റ് എന്ന് പരസ്യത്തിൽ പറയുന്നു. അതേസമയം അതിൽ അടുക്കള ഉൾപ്പെടുത്തിയിട്ടില്ല. “മിതമായ നിരക്കിൽ ലോക്ക് ഡൗൺ സമയത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അനുയോജ്യമാണ് ഇതെന്ന്" അതിൽ പറയുന്നു. ടോയ്‌ലറ്റും കിടപ്പുമുറിയും തമ്മിൽ വലിയ ദൂരമില്ലെന്നതാണ് 160 ചതുരശ്രയടിയുള്ള ഈ അപ്പാർട്ട്മെന്റിന്റെ പ്രത്യേകത. ചൂടുവെള്ളവും വൈദ്യുതിയും ഉൾപ്പെടെ, മാസം 41,000 രൂപയാണ് ഇതിന്റെ വാടക.
അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നാണ് വാൻകൂവർ. ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുള്ള ഏഴാമത്തെ നഗരവും ഇത് തന്നെ. എന്നിരുന്നാലും ഒരു ചെറിയ കുളിമുറി ഒരു കിടപ്പ് മുറിയാക്കി പ്രതിമാസം നൂറുകണക്കിന് ഡോളറിന് വാടകയ്ക്ക് നൽകുന്നത് അല്പം കടന്നകൈയാണെന്നാണ് ആളുകളുടെ അഭിപ്രായം. മൂന്നുമാസത്തെയ്ക്കാണ് വാടകയ്ക്ക് നൽകുന്നത്. അടുക്കള ഇല്ലാത്തത് പോലെ, അവിടെ വളർത്തുമൃഗങ്ങളെ അനുവദിക്കുന്നില്ലെന്നതും അവർ പരസ്യത്തിൽ വ്യക്തമാക്കുന്നു.
ഈ വിചിത്രമായ അപ്പാർട്മെന്റിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി നെഗറ്റീവ് കമന്റുകൾ അതിന് ലഭിച്ചു. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് പിൻവലിക്കപ്പെട്ടു. ഒരു വാസസ്ഥലത്തിന് കുറഞ്ഞത് 250 ചതുരശ്ര അടി വലിപ്പം വേണമെന്നും, ബാത്ത്‌റൂമുകൾ ബാക്കി ഭാഗങ്ങളിൽ നിന്ന് വിഭജിക്കേണ്ടതുണ്ടെന്നും, സ്വകാര്യത ഉറപ്പുവരുത്തണമെന്നും, ശബ്ദവും ദുർഗന്ധവും അകറ്റാൻ വാതിൽ വേണമെന്നും അധികൃതർ നിബന്ധന വെയ്ക്കുന്നു. അതേസമയം, ഇത് നഗരത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്നതാണ് വാസ്‌തവം. എന്നാൽ ഇത് ഡിലീറ്റ് ചെയ്തതിന് ശേഷവും ആ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കറങ്ങുന്നു. ആളുകൾ അതിനെ പരിഹസിച്ച് കമന്റുകളും ഇടുന്നു.
