Asianet News MalayalamAsianet News Malayalam

കാട്ടില്‍പ്പാര്‍ക്കുന്ന ആനകള്‍ക്ക് നാട്ടിലെന്താണ് കാര്യം?

പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍ പുറത്തിറക്കിയ 'നാടോടികള്‍' എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍. കെ. പി റഷീദ് എഴുതുന്നു

reveiw of Nadodikal a documentary on man wild elephant conflicts by KP Rasheed
Author
Thiruvananthapuram, First Published May 23, 2021, 2:03 PM IST

'കാട്ടില്‍നിന്നും എന്തിനാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്'. പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ പശ്ചാത്തലത്തില്‍ ഈ ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം തേടുകയാണ് ഡോക്യുമെന്ററി. ഇതോടൊപ്പം മറ്റനേകം ചോദ്യങ്ങള്‍ക്കും അതുത്തരം തേടുന്നുണ്ട്. കാടിറങ്ങുന്ന ആനകളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്താണ്, മനുഷ്യരെ ആക്രമിക്കാനാണോ കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്, കാടോരങ്ങളിലെ മനുഷ്യര്‍ കാട്ടാനകളെ ശത്രുവായിത്തന്നെയാണോ കാണുന്നത്, കാട്ടാനകള്‍ എന്തുകൊണ്ടാണ് ഇവിടെ കൊല്ലപ്പെടുന്നത്, കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടാനും കൃഷി നശിക്കാനും വീടുകളും മറ്റും തകരാനും കാരണമെന്താണ്-ഇങ്ങനെ പല ചോദ്യങ്ങള്‍. 

 

 

 

ഇന്ത്യന്‍ രാഷ്ട്രീയത്തെയും സോഷ്യല്‍ മീഡിയയെയുമൊക്കെ പിടിച്ചു കുലുക്കിയ ഒരാനക്കഥ ഓര്‍മ്മയില്ലേ? കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യം പാലക്കാട്ട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ ഗര്‍ഭിണിയായ ഒരു കാട്ടാന കൊല്ലപ്പെട്ട സംഭവം. പൈനാപ്പിളില്‍ ഒളിപ്പിച്ചു വെച്ച് പടക്കം കടിച്ചാണ് ആ ആന ദാരുണമായി കൊല്ലപ്പെട്ടത്.  വായും മുഖവുമെല്ലാം തകര്‍ന്ന ആനയുടെ ദയനീയാവസ്ഥ പുറത്തുവന്നതോടെ രാജ്യവ്യാപക പ്രതികരണങ്ങളാണ് ഉണ്ടായത്. വിവാദം മറ്റ് പല വശങ്ങളിലേക്ക് വഴി മാറിയെങ്കിലും കാടു വിട്ട് നാട്ടിലേക്കിറങ്ങുന്ന ആനകളും കാടിനോടു ചേര്‍ന്നു ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വ്യാപ്തി അത് ബോധ്യപ്പെടുത്തി.

ആദ്യമായല്ല കേരളത്തില്‍ ഇങ്ങനെ കാട്ടാനകള്‍ കൊല്ലപ്പെടുന്നത്. ഇതുപോലെ വായക്കുള്ളില്‍ പടക്കം പൊട്ടിയും കാടിനു നടുവിലൂടെ പോവുന്ന റോഡില്‍ വാഹനങ്ങളിടിച്ചും ട്രെയിനിടിച്ചും വൈദ്യുതി കമ്പി പൊട്ടിവീണുമെല്ലാം നിരവധി ആനകളാണ് നമ്മുടെ നാട്ടില്‍ ഇല്ലാതാവുന്നത്. ഇതൊന്നും നടന്നത് കാടുകളിലല്ല. കാടിനു പുറത്താണ്. കാടിറങ്ങുന്ന ആനകളാണ് കൊല്ലപ്പെടുന്നത്. കാടിനോടു ചേര്‍ന്ന സ്ഥലങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതും വീടുകളും മറ്റും തകര്‍ക്കുന്നതും മനുഷ്യരെ കൊല്ലുന്നതും ഇതോടു കൂട്ടിവായിക്കുമ്പോഴേ 'മനുഷ്യനും കാട്ടു മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം' എന്ന് പേരിട്ടുവിളിക്കുന്ന ഈ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവൂ.

 

reveiw of Nadodikal a documentary on man wild elephant conflicts by KP Rasheed

 

'നാടോടികള്‍' എന്ന ഡോക്യുമെന്ററി

ഈ പശ്ചാത്തലത്തിലാണ്, ആനകളെയും മനുഷ്യരെയും ഈ വിഷയത്തിന്റെ ഗൗരവം അറിയിക്കേണ്ടത് അനിവാര്യമായി വരുന്നത്. ആനകളെ ഇക്കാര്യം അറിയിക്കുക എളുപ്പമല്ല. പിന്നെയുള്ളത് മനുഷ്യരാണ്. അവരെ ബോധവല്‍ക്കരിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളുണ്ട്.  മനുഷ്യരോട് ഈ വിഷയത്തിന്റെ യഥാര്‍ത്ഥ അവസ്ഥകള്‍ വിശദീകരിക്കേണ്ട ആ ബാധ്യതയില്‍നിന്നാണ് 'നാടോടികള്‍' എന്ന ഡോക്യുമെന്ററി പിറക്കുന്നത്. കാട്ടുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ പെട്ട്, അവരുടെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട് നട്ടംതിരിയുന്ന വനംവകുപ്പിലെ മനുഷ്യര്‍ തന്നെയാണ് അതിനു മുന്നിട്ടിറങ്ങിയത്. വനം വകുപ്പിന്റെ പാലക്കാട് ഡിവിഷന്റെ മുന്‍കൈയില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി ഈ കാലയളവില്‍ ഒരു ലക്ഷത്തോളം തവണ യൂ ട്യൂബില്‍ കണ്ടുകഴിഞ്ഞു എന്നത് മാത്രം മതി, മനുഷ്യരില്‍ അവബോധമുണ്ടാക്കാനുള്ള ഈ ശ്രമം എത്ര വിജയകരമായിരുന്നു എന്നു മനസ്സിലാക്കാന്‍.

സൂരജ് വര്‍മ്മയാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. കണ്‍സപ്റ്റും ഫോട്ടോഗ്രാഫിയും  അനീഷ് ശങ്കരന്‍ കുട്ടിയാണ്. നിഖില്‍ വര്‍മ്മയാണ് എഡിറ്റും സൗണ്ട് ഡിസൈനും നിര്‍വഹിച്ചത്. റൂഡി ഡേവിഡാണ് സംഗീതം. നറേഷന്‍ സിദ്ധാര്‍ത്ഥ. പാലക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരിയാണ് മുഖ്യ ഉപദേശകന്‍. കാടിറങ്ങി റെയില്‍വേ ലൈനിലൂടെ കടക്കുന്ന ആനയുടെ പേടിപ്പിക്കുന്ന ഒരു ദൃശ്യത്തില്‍നിന്നു തുടങ്ങി, രണ്ടാനകള്‍ നദീനിലാവില്‍ കാട്ടിലേക്ക് കയറിപ്പോവുന്ന സ്വപ്നഭരിതമായ ദൃശ്യത്തിലാവസാനിക്കുന്ന ഡോക്യുമെന്ററി സാങ്കേതികമായും കലാപരമായും ഏറെ മുന്നിലാണ്.

'കാട്ടില്‍നിന്നും എന്തിനാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്'. പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ പശ്ചാത്തലത്തില്‍ ഈ ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം തേടുകയാണ് ഡോക്യുമെന്ററി. ഇതോടൊപ്പം മറ്റനേകം ചോദ്യങ്ങള്‍ക്കും അതുത്തരം തേടുന്നുണ്ട്. കാടിറങ്ങുന്ന ആനകളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്താണ്, മനുഷ്യരെ ആക്രമിക്കാനാണോ കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്, കാടോരങ്ങളിലെ മനുഷ്യര്‍ കാട്ടാനകളെ ശത്രുവായിത്തന്നെയാണോ കാണുന്നത്, കാട്ടാനകള്‍ എന്തുകൊണ്ടാണ് ഇവിടെ കൊല്ലപ്പെടുന്നത്, കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടാനും കൃഷി നശിക്കാനും വീടുകളും മറ്റും തകരാനും കാരണമെന്താണ്-ഇങ്ങനെ പല ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങള്‍ എന്നാല്‍, പരസ്പരബന്ധിതമാണ്. മനുഷ്യനും ആനയും പ്രകൃതിയിലെ ഭാഗമാണ് എന്നതിനാല്‍ സ്വാഭാവികമാണ് ഈ പരസ്പര ബന്ധം.

 

reveiw of Nadodikal a documentary on man wild elephant conflicts by KP Rasheed

 

എന്തു കൊണ്ട് ഇവിടെ ആനകള്‍ കാടിറങ്ങുന്നു?

അതറിയണമെങ്കില്‍ ആദ്യം പാലക്കാട് വനം ഡിവിഷന്‍ ഉള്‍പ്പെടുന്ന സവിശേഷമായ ഭൂമിശാസ്ത്രം അറിയണം. പശ്ചിമഘട്ടത്തെ കുറിച്ചും പാലക്കാട് ഗ്യാപ്പിനെ കുറിച്ചും അറിയണം.

ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ് പശ്ചിമഘട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന തുടര്‍ച്ചയായ മലനിരകളാണ് ഇത്. ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളാണ് ഇതിനാവരണം. മലകളുടെ ഈ തുടര്‍ച്ച മുറിയുന്നത് മൂന്ന് സ്ഥലങ്ങളിലാണ്. പാലക്കാട്ടും ഗോവയിലും ചെങ്കോട്ടയിലും. ഇതിലെ ഏറ്റവും വലിയ വിടവ്, പാലക്കാട് ഗ്യാപ്പ് എന്നറിയപ്പെടുന്ന പാലക്കാട് ചുരമാണ്. നാല്‍പ്പത് കിലോ മീറ്റര്‍ നീളമുള്ള പാലക്കാട് ഗ്യാപ്പാണ് ഇവിടത്തെ വനഭൂമിയെയും വന്യമൃഗങ്ങളുടെ ജീവിതത്തെയും സവിശേഷമാക്കുന്നത്.

ആ ഗ്യാപ്പ് ചെറിയ ഒന്നല്ല. കിലോ മീറ്ററുകളുടെ ആ വിടവ് അതിനപ്പുറമിപ്പുറമുള്ള മൃഗങ്ങളുടെ ജീവിതത്തെ തന്നെ നിര്‍ണയിക്കുന്ന ഒന്നായി കാലങ്ങള്‍ കൊണ്ട് മാറിയിരിക്കുന്നു. ഇവിടത്തെ ആനകളുടെ കാര്യവുമതെ. കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ് ആനകള്‍. ഒരുപാട് ഭക്ഷണം ആവശ്യമുള്ള ജന്തുക്കള്‍. ചെറിയ സ്ഥലമൊന്നും പോരാ അവയ്ക്ക് ജീവിക്കാന്‍. അതിനാല്‍, ഒരിടത്തുമുറച്ചു നില്‍ക്കാതെ അന്നത്തിനായുള്ള പാച്ചിലുകളാണ് അവരുടെ രീതി. ആ പാച്ചിലുകളെ നടുക്ക് വെച്ചു മുറിക്കുകയാണ് സത്യത്തില്‍ പാലക്കാടന്‍ ഗ്യാപ്പ്. കിലോ മീറ്ററുകള്‍ നീണ്ട ഈ വിടവ് മുറിച്ചുകടക്കുക എളുപ്പമല്ലാത്തതിനാല്‍, അവര്‍ മറ്റു വഴികള്‍ തേടുന്നു. കൂട്ടത്തിലെ മുതിര്‍ന്ന ആനയുടെ തലച്ചോറില്‍ മുദ്രവെക്കപ്പെട്ട വഴികളുടെ ജനിതക സ്മൃതികളിലൂടെയാണ് അവയുടെ സഞ്ചാരം.

സ്വതവേ മുറിഞ്ഞ ആ സഞ്ചാരപഥങ്ങളാണ് കാലങ്ങള്‍ കൊണ്ട് പിന്നെയും മുറിഞ്ഞത്. വികസന പ്രവര്‍ത്തനങ്ങളായിരുന്നു അതിനുള്ള കത്തികളിലൊന്ന്. റിസര്‍വ് വനത്തെ മുറിച്ചു കൊണ്ട് 70-കളില്‍ നിലവില്‍ വന്ന 13 കിലോ മീറ്റര്‍ നീണ്ട റെയില്‍വേ ലൈന്‍ അതിലൊന്നാണ്. അതിനിരുവശത്തും വനമാണ്. അവിടെയുള്ളത് തീവണ്ടി സമയങ്ങളെക്കുറിച്ച് ഒരു പിടിയുമില്ലാത്ത കാട്ടാനകളാണ്. അതിനാലാണ് ഒരു വശത്തെ കാട്ടില്‍നിന്നും അപ്പുറത്തേക്കു നടന്ന് അവ മരണത്തിലേക്ക് മറഞ്ഞത്.

പിന്നെ വന്നു, വ്യവസായ മേഖലകള്‍, വന്‍കിട ഖനന പദ്ധതികള്‍, ക്വാറികള്‍. കാടു കയ്യേറിയുള്ള കൃഷിയും കാടോരത്തെ കെട്ടിടങ്ങളുമെല്ലാം വീണ്ടും വീണ്ടും വെട്ടിക്കുറച്ചത്, ആനയുടെ സഞ്ചാര പഥങ്ങള്‍ തന്നെയാണ്.  കാടിന്റെ തുടര്‍ച്ചകള്‍ മുറിയുകയും ആവാസവ്യവസ്ഥ കുറയുകയും ചെയ്തതോടെ, തൊട്ടുമുന്നിലെ നാട്ടുവഴികളിലേക്ക് ഇറങ്ങിനടക്കുകയല്ലാതെ ആനകള്‍ക്ക് മറ്റു വഴിയില്ലാതായി.

എന്നാല്‍, ആ ഇറങ്ങിനടത്തം മനുഷ്യര്‍ക്കും കൃഷിക്കും ഉണ്ടാക്കിയ നാശം ചെറുതായിരുന്നില്ല. ഭക്ഷണത്തിനും വെള്ളത്തിനും മറ്റുമായി കാടിറങ്ങിയ ആനക്കൂട്ടങ്ങള്‍ കൃഷി വ്യാപകമായി നശിപ്പിച്ചു. നെല്ലിന്റെയും ചോളത്തിന്റെയും പനയുടെയും സീസണ്‍ നോക്കി കാടിറങ്ങി വരുന്ന ആനകളെക്കുറിച്ച് പറയുന്നുണ്ട്, ഈ ഡോക്യുമെന്ററിയില്‍ ഒരു കര്‍ഷകന്‍.  വീട്ടിലെ ഭക്ഷണം മടുത്ത് ഹോട്ടലിലേക്ക് പോവുന്ന നമ്മുടെ ശീലങ്ങളുമായാണ്, ഭക്ഷണത്തിനായി നാടിറങ്ങുന്നു കാട്ടാനകളെ ഡോക്യുമെന്ററിയിലൊരിടത്ത് ഉപമിക്കുന്നത്. അതെ, അന്നം തന്നെയാണ് കാര്യവും കാരണവും. അന്നത്തിനായാണ് മനുഷ്യര്‍ കാടരികുകളില്‍ താമസിച്ച് കൃഷി ചെയ്യുന്നത്. അന്നന്നത്തെ ജീവിതം മാത്രം മുന്നിലുള്ള തികച്ചും സാധാരണക്കാരാണ് ഈ കൃഷിക്കാരിലേറെയും. ആനകളോ? അവരും കാടിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നത് അന്നം തേടിത്തന്നെയാണ്. എന്നാല്‍, നമ്മള്‍ ഹോട്ടലിലേക്ക് പോവും പോലെ, ഒരധിക സൗകര്യം എന്ന നിലയ്ക്കാണോ അത് എന്നതില്‍ മാത്രമാണ് സംശയം.

 

reveiw of Nadodikal a documentary on man wild elephant conflicts by KP Rasheed

 

മനുഷ്യര്‍ക്കും ആനകള്‍ക്കുമിടയില്‍

ഇതിനിടയ്ക്കാണ്, വനം വകുപ്പിന്റെ സ്ഥാനം. ആന, മനുഷ്യര്‍ എന്നിങ്ങനെ മുഖാമുഖം നില്‍ക്കുന്ന രണ്ട് കൂട്ടരെ പരിഗണിച്ചാല്‍, വനംവകുപ്പ് എന്നത് മനുഷ്യരുടെ സെറ്റപ്പാണ്. അതായത്, ആനകള്‍ക്കു എതിര്‍വശത്തു നില്‍ക്കുന്ന വിഭാഗത്തിന്റെ അധികാരപ്രയോഗ ഇടം. എന്നാല്‍, മനുഷ്യരുടെ കാര്യം നോക്കലല്ല കാടിന്റെ സംരക്ഷണമാണ് വനംവകുപ്പിന്റെ പണി.  കാടെന്നാല്‍ കാട്ടുമൃഗങ്ങള്‍ കൂടെയാണെന്നും വനനിയമങ്ങള്‍ പറയുന്നു. അതിനാല്‍, സ്വാഭാവികമായും അവരുടെ മുന്തിയ പരിഗണന പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും വനത്തിനും വന്യമൃഗങ്ങള്‍ക്കുമൊക്കെയായിരിക്കണം. അതുതന്നെയാണ്, ആനകളടക്കമുള്ള വന്യമൃഗങ്ങളുമായി സംഘര്‍ഷത്തിലാണ്ട മറ്റു മനുഷ്യര്‍ പലപ്പോഴും അവരെ ശത്രുക്കളായി കാണാനുള്ള കാരണവും. ആ ശത്രുതയുടെ അതേ വഴിക്കുതന്നെയാണ് പലപ്പോഴും വനംവകുപ്പിനെ ഭരിക്കുന്ന ഭരണാധികാരികളും നില്‍ക്കുക. അതിനു കാരണം വോട്ടാണ്. ആനയ്ക്ക് വോട്ടില്ല, ആളുകള്‍ക്ക് വോട്ടുണ്ട്. അവരുടെ പ്രയാസങ്ങള്‍ കാണുകയും അതിനു പരിഹാരം കാണുകയും ചെയ്തില്ലെങ്കില്‍ ഭരണവും അധികാര വ്യവസ്ഥയും നിലനില്‍ക്കില്ല. അതിനാല്‍, മുകളില്‍നിന്ന് മനുഷ്യര്‍ക്ക് അനുകൂലമായും ധാര്‍മ്മിക ബാധ്യതയില്‍നിന്ന് ആനകള്‍ക്ക് അനുകൂലമായും നിലപാട് എടുക്കുക എന്ന ധര്‍മ്മസങ്കടത്തിന്റെ മുനമ്പിലാണ് സദാ വനംവകുപ്പുകാരുടെ നില്‍പ്പ്.

ഈ നില്‍പ്പിന്റെ തുടര്‍ച്ചയാണ് വനം വകുപ്പ് ഇടപെടലുകളെല്ലാം. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അടിസ്ഥാനതലത്തില്‍ പരിഹരിക്കുകയല്ല, അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയാണ് അവരുടെ മുന്നിലെ മുഖ്യപരിഗണന. അതിനു വേണ്ട വഴികളാണ് കാലാകാലങ്ങളില്‍ അവര്‍ കൈക്കൊള്ളുന്നത്. പല കാരണങ്ങളാല്‍ കാടിറങ്ങാന്‍ നിര്‍ബന്ധിതരാവുന്ന ആനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ അവര്‍ ജാഗ്രത കാണിക്കുന്നത് അതിനാലാണ്. പല മാര്‍ഗങ്ങളാണ് അതിനു സ്വീകരിക്കുന്നത് എന്ന് ഡോക്യുമെന്ററി വിശദമായി പറയുന്നു. വൈദ്യുതി കമ്പിവേലികള്‍, ആനയെ കാട്ടിലേക്ക് തന്നെ ഓടിക്കാനുള്ള ദ്രുതകര്‍മ്മ സേനകള്‍, നാട് പറ്റിയ സ്ഥലമല്ലെന്ന് ബോധ്യപ്പെടുത്താനുള്ള കുങ്കിയാനകള്‍, സുരക്ഷാ ഗോപുരങ്ങളില്‍നിന്നുള്ള മേല്‍നോട്ടങ്ങള്‍, ഒപ്പം, റെയില്‍വേ ലൈനില്‍ ആനയ്ക്ക് അപകടം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍. ആന നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവയെല്ലാം. ആന കാടിറങ്ങുന്നതിന്റെ കാരണങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളല്ല. അതേതെങ്കിലും വനപാലകര്‍ക്ക് മാത്രമായി ചെയ്യാനാവുന്ന കാരണങ്ങളല്ല എന്നും ഭരണകൂടത്തിന്റെ നയപരമായ സമീപനത്തില്‍നിന്നും ഉണ്ടാവേണ്ടതാണെന്നും പറയാതെ പറയുകയാണ് ഈ ഡോക്യുമെന്ററി. ഇത്രയും പറഞ്ഞത്, വനത്തിന്റെയും വന്യമൃഗങ്ങളുടെയും പക്ഷത്തുനിന്നുള്ള ആലോചനകളാണ്.

 

reveiw of Nadodikal a documentary on man wild elephant conflicts by KP Rasheed

 

ബോധവല്‍കരണത്തിന്റെ ഫലപ്രാപ്തി
എന്നാല്‍, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അതല്ല കാര്യം. ആനയുടെ ശല്യം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് അവരെ കൃത്യമായി ബോധിപ്പിക്കുന്നുണ്ട് ഈ ഡോക്യുമെന്ററി. തങ്ങളുടെ വനമേഖലയിലെ ആനകളെ പേരു വിളിച്ച് തരംതിരിക്കാനും ഓരോ ആനകളുടെയും സഞ്ചാര പഥങ്ങള്‍ തിരിച്ചറിയാനും അവ മനുഷ്യര്‍ നിര്‍ണയിച്ച അതിര്‍ത്തി കടക്കാതെ കാക്കാനും ബദ്ധശ്രദ്ധരാണ് വനംവകുപ്പ്. അതിനെല്ലാം ഫലമുണ്ടെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. 2018-നു ശേഷം ആനകള്‍ മനുഷ്യരെ കൊല്ലുന്നത് പൂര്‍ണ്ണമായി ഇല്ലാതായെന്നും കൃഷി നശിപ്പിക്കുന്നത് കുറഞ്ഞെന്നും ഡോക്യുമെന്ററിയില്‍ അവര്‍ പറയുന്നു. എന്നാല്‍, ഇതേ കാലയളവില്‍ എത്ര ആനകള്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തിനെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നുണ്ട്.

ഇതുതന്നെയാണ് ഈ ഡോക്യുമെന്ററിയുടെ മുഖ്യപരിമിതി. മനുഷ്യകേന്ദ്രിതമായ ചിന്തകള്‍, പരിഹാര മാര്‍ഗങ്ങള്‍. പാരിസ്ഥിതികവും ഭൗമികവുമായ വഴികളില്‍നിന്നു തെന്നി പ്രായാഗികമായ മനുഷ്യകേന്ദ്രിത ചിന്തകളാണ് അവ മുന്നോട്ടുവെയ്ക്കുന്നത്. 'നാടോടി' എന്ന പേരില്‍ പോലും അതുണ്ട്. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ജനവിഭാഗങ്ങളെയാണ് നാടോടികള്‍ എന്ന് പറയുന്നത്. ഇവിടെ ആനകളുടെ അവസ്ഥ അതല്ല. താല്‍പ്പര്യപ്രകാരമുള്ള സഞ്ചാരമല്ല അവരുടേത്. ഒരിടത്തും ഇരിപ്പുറക്കാത്ത നൊമാദുകളുടെ വഴികളുമല്ല. സ്വന്തം ആവാസ സ്ഥാനങ്ങള്‍ ഇല്ലാതാവുന്നതിലുള്ള നിസ്സഹായതയാണ് അവരെ മരണം പാഞ്ഞുവരുന്ന പാളങ്ങളിലേക്കും പടക്കങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പഴങ്ങളിലേക്കും വഴി നടത്തുന്നത്. ഇക്കാര്യം എന്നാല്‍, ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന സാധാരണ കര്‍ഷകരില്‍ പലരുടെയും വാക്കുകളിലുണ്ട്. ശല്യക്കാരനായ മൃഗം എന്നതിനപ്പുറം, കാടിറങ്ങുന്ന ആനയെ അവര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്.  

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്നാല്‍, ഈ ഡോക്യുമെന്ററിയുടെ മാത്രം പരിമിതിയാണെന്നും പറയാനില്ല. മറ്റനേകം കാരണങ്ങള്‍ അതിനുണ്ട്. ഡോക്യുമെന്ററി എടുക്കുന്നത് മനുഷ്യര്‍ ആയതിലുള്ള പരിമിതി, അവരെ അതിനു പ്രേരിപ്പിക്കുന്ന അധികാര ബലതന്ത്രങ്ങള്‍ മനുഷ്യകേന്ദ്രിതമായതിലുള്ള പരിമിതി എന്നിങ്ങനെ പല കാരണങ്ങള്‍.. അതിനപ്പുറം, ഇത് ആനകളെ കാണിക്കാനുള്ള ഡോക്യുമെന്ററിയല്ല എന്നതും മനുഷ്യര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ളതാണ് എന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍, മുകളില്‍ പറഞ്ഞ പരിമിതികളെ നമുക്ക് കണ്ടില്ലെന്നു വെക്കാനാവും. പകരം, ഒരു ലക്ഷത്തോളം മനുഷ്യരോട്, എന്തു കൊണ്ടാണ് ആനകള്‍ കാട്ടിലേക്ക് ഇറങ്ങുന്നത് എന്നു പറയാനുള്ള അവസരം സൃഷ്ടിക്കുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിക്കാനുമാവും. കാരണം, ഇതെഴുതുന്നത് ഒരാനയല്ല, ആനയുടെ മുഖാമുഖം നില്‍ക്കുന്ന മനുഷ്യരില്‍പ്പെട്ട ഒരാളാണ്. മനുഷ്യര്‍ക്ക് വായിക്കാന്‍ മാത്രമാണ് ഇതെഴുതപ്പെടുന്നതും.

 

Follow Us:
Download App:
  • android
  • ios