Asianet News MalayalamAsianet News Malayalam

മനുഷ്യര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ആസ്‍തിയുള്ള വളര്‍ത്തുമൃഗങ്ങളുമുണ്ട്...

സമ്പന്നരുടെ പട്ടികയിൽ നായ്ക്കൾ മാത്രമല്ല ഉള്ളത്, ഒരു കോഴിയുമുണ്ട്. 

richest pets in the world
Author
Thiruvananthapuram, First Published Aug 24, 2020, 8:21 AM IST

സമ്പന്നരെന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി എത്തുന്ന പേരുകൾ ബിൽ ഗേറ്റ്സിന്റെയും, അംബാനിയുടെതുമൊക്കെയായിരിക്കും. എന്നാൽ, സമ്പന്നരുടെ കൂട്ടത്തിൽ കോഴിയേയും, നായയെയും ഒക്കെ എത്രപേർക്ക് ചിന്തിക്കാനാകും. പ്രയാസമാണ് അല്ലെ? എന്നാൽ, മനുഷ്യരെ പോലെ സമ്പന്നതയുടെ മടിത്തട്ടിൽ കഴിയുന്ന മൃഗങ്ങളുമുണ്ട് നമ്മുടെ ഈ ലോകത്ത്. വളർത്തുമൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഉടമസ്ഥർ തങ്ങളുടെ കാലം കഴിഞ്ഞാലും മൃഗങ്ങൾ കഷ്‍പ്പെടരുതെന്ന് കരുതി അവരുടെ പേരിൽ സ്വത്ത് ഉപേക്ഷിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ അത് കോടികളാകാം. എന്നാൽ, അതിലൊരു ചോദ്യമുള്ളത് ഈ കോടികൾ വച്ച് അവ എന്ത് ചെയ്യാനാണ് എന്നതാണ്. എന്ത് തന്നെയായാലും ആരും അസൂയപ്പെടുന്ന ഒരു ആഡംബര ജീവിതമായിരിക്കും അവ നയിക്കുന്നുണ്ടാവുക എന്നതിൽ സംശയമില്ല. 

ട്രൗബിൾ: പേര് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു പ്രശ്‌നമുണ്ടല്ലോ എന്ന് തോന്നുമെങ്കിലും, അവളുടെ ജീവിതം പക്ഷേ പ്രശ്‍നരഹിതമായിരുന്നു. ട്രബിൾ ദി മാൾട്ടീസ് എന്നാണ് അവളുടെ മുഴുവൻ പേര്. അവളുടെ ഉടമയായ റിയൽ എസ്റ്റേറ്റ് വ്യവസായി ലിയോന ഹെല്‍സ്ലി മരിച്ചതിന് ശേഷം മൂന്ന് വർഷം കൂടി ട്രബിൾ ജീവിച്ചു. ഹെൽ‌സ്ലി തന്റെ പ്രിയപ്പെട്ട നായയ്ക്ക് 12 മില്യൺ ഡോളർ വിലമതിക്കുന്ന എസ്റ്റേറ്റാണ് മരണശേഷം കൈമാറാൻ ആഗ്രഹിച്ചിരുന്നതെങ്കിലും, ഒരു ജഡ്‍ജി ട്രബിളിന് “2 ദശലക്ഷം ഡോളർ” മാത്രമേ ലഭിക്കൂ എന്ന് വിധിക്കുകയുണ്ടായി. ഉള്ളതാവട്ടെ എന്ന് കരുതി അവളും അങ്ങ് ജീവിച്ചു. 2010 വരെ വളരെ ആർഭാടപൂർവം ജീവിച്ച അവൾ തന്റെ പന്ത്രണ്ടാം വയസ്സിൽ മരണപ്പെട്ടു.  

richest pets in the world

ട്രെക്കി നായ്ക്കൾ: ‘സ്റ്റാർ ട്രെക്കിന്റെ’ (1966 - 1969) സ്രഷ്ടാവായ ജീൻ റോഡ്ഡെബെറിയുടെ വിധവയായിരുന്നു മജൽ ബാരറ്റ്-റോഡ്ഡെബെറി. 2008-ൽ അവർ  മരിച്ചപ്പോൾ, നായ്ക്കൾക്ക് 4,000,000 ഡോളർ വീതം അവർ മാറ്റി വച്ചിരുന്നു. മറ്റൊരു ദശലക്ഷം, ജീവനക്കാരനായ റെയ്‌നെൽഡ എസ്റ്റുപിനിയനും അവർ നൽകി. മൃഗങ്ങളെ പരിപാലിക്കാൻ എസ്റ്റുപിനിയനെ ചുമതലപ്പെടുത്തിയിട്ടാണ് അവർ പോയത്.  

richest pets in the world

ഗിഗു ദി ചിക്കൻ: സമ്പന്നരുടെ പട്ടികയിൽ നായ്ക്കൾ മാത്രമല്ല ഉള്ളത്, ഒരു കോഴിയുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആ കോഴിയുടെ പേര് ജിഗൂ എന്നാണ്. ഏകദേശം 10 മില്യൺ ഡോളർ ആസ്‍തിയാണ് അതിനുള്ളത്. പ്രസാധകനായ മൈൽസ് ബ്ലാക്ക്വെല്ലിന് ഭാര്യ മരണപ്പെട്ടതോടെ തന്റെ പണം ഏൽപ്പിക്കാൻ കൊള്ളാവുന്ന വിശ്വസ്‍തനായ ഒരു മനുഷ്യനും ഇല്ലെന്ന് തോന്നി. അങ്ങനെ ബ്ലാക്ക്വെൽ അത് തന്റെ വളർത്തുകോഴിയ്ക്ക് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.  

ടോമാസിനോ: തെരുവിൽ അലഞ്ഞുതിരിഞ്ഞു ടോമാസിനോയെ കോടീശ്വരിയായ മരിയ അസുന്ത എടുത്തു വളർത്തുകയായിരുന്നു. വൃദ്ധയായ ആ സ്ത്രീയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ വലിയൊരു ആശ്വാസമായിരുന്നു ടോമാസിനോ. അസുന്ത മരിച്ചപ്പോൾ അവരുടെ 13 മില്യൺ ഡോളർ സമ്പാദ്യം അവർ പൂച്ചയ്ക്ക് കൊടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ പൂച്ചയായി ടോമാസിനോ മാറി.

ബ്ലാക്കി ദി ക്യാറ്റ്: ലോകത്തിലെ ഏറ്റവും ധനികയായ പൂച്ചയാണ് ബ്ലാക്കി. അവളുടെ ആസ്‍തി 25 മില്യൺ ഡോളറാണ്. ഉടമ ബെൻ റിയ തന്റെ പ്രിയപ്പെട്ട പൂച്ചയ്ക്ക് മരണശേഷം മാറ്റിവച്ചതായിരുന്നു ഈ തുക. വർഷങ്ങളായി ബന്ധുക്കളിൽ നിന്നെല്ലാം അകന്നു കഴിയുകയായിരുന്ന ബെൻ തന്റെ മരണശേഷം ഒരു ചില്ലിക്കാശുപോലും ആർക്കും കൊടുക്കാൻ ആഗ്രഹിച്ചില്ല. ആ ഏകാന്തതയിൽ അദ്ദേഹത്തിന് കൂട്ടായത് ബ്ലാക്കിയാണ്. അതുകൊണ്ട് തന്നെ തന്റെ കാലം കഴിഞ്ഞാലും ബ്ലാക്കി കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.  


 

Follow Us:
Download App:
  • android
  • ios