യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ പാപുവാ ന്യൂഗിനിയിലേക്ക് നടത്തിയ  യാത്ര.

 

 

നഗരകാഴ്ചകളും ഗ്രാമക്കാഴ്ചകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതാണ്ടൊക്കെ കണ്ടു കഴിഞ്ഞു. കാടും കാഴചയില്‍ നിന്ന് മറഞ്ഞു. ഇനി എന്താണ് ബാക്കിയുള്ളത്?

കടല്‍...അതെ, കടല്‍ വിളിക്കുന്നു. 

നീല ഓര്‍ഗന്‍സ സാരി പുതച്ചു ശാന്തയായി കണ്ണാടി തെളിമയില്‍ പസിഫിക് സമുദ്രം. അവളില്‍ പവിഴപ്പുറ്റുകള്‍.
കാഴ്ചയുടെ നിറവ്. എന്നിലും കാല്പനികതയുടെ ഉണര്‍വ്. 

ഞാന്‍ കണ്ട കടലൊന്നും ഇങ്ങനെ ആയിരുന്നില്ല, ഞാന്‍ ഓര്‍ത്തു. നിന്ന നില്‍പ്പില്‍ വിധം മാറുന്നവളായിരുന്നു അത്. തീരത്തെ ആക്രമിക്കുന്നവള്‍. പ്രാണന്‍ എടുക്കുന്നവള്‍. 

അതു വെച്ചുനോക്കുമ്പോള്‍, ഇതൊരു കടലാണോ? എന്റേത് ന്യായമായൊരു സംശയമായിരുന്നു .

മഴക്കാറും കാറ്റും വരുമ്പോള്‍ ചെറുതായൊന്ന് പിണങ്ങും, നേരിയ തിരയിളക്കം. അത്രേ ഉള്ളു.

 

 

പിന്നെ അവിടെ ഒരാള്‍ നില്‍പ്പുണ്ട്, സാജു ദൂരേക്ക് കൈകള്‍ ചൂണ്ടി. 

ഓവന്‍ സ്റ്റാന്‍ലി മലനിരകള്‍. കാറ്റുകളെ യു ടേണ്‍ അടിച്ചു മാറ്റിവിടുന്നവന്‍. പസഫിക് സമുദ്രത്തിന്റെ തോഴന്‍. അവളുടെ നീലസാരിയില്‍ ചുളിവുകള്‍ വീഴാതെ കാക്കുന്നവന്‍. ആരാധനയോടെ ഞാനും ഓവന്‍ സ്റ്റാന്‍ലി മലനിരകളിലേക്ക് ഒരു നിമിഷം കണ്ണു പായിച്ചു.

സുഹൃത്ത് പസിഫിക്കിനെ അറിഞ്ഞിട്ടുണ്ട്. വാരാന്ത്യങ്ങളില്‍  കുടുംബവുമൊത്ത് ഈ തീരങ്ങളിലിരുന്ന് അസ്തമയഭംഗി കാണാറുണ്ട്. 

കടല്‍ വിശേഷങ്ങള്‍ പിന്നെയും തുടര്‍ന്നു കൊണ്ടേയിരുന്നു. കറുത്ത മണ്ണുള്ള ബീച്ചുകളും വെളുത്ത മണ്ണുള്ള ബീച്ചുകളും 
തെളിനീരില്‍ ആര്‍ത്തുല്ലസിക്കുന്ന കുട്ടിക്കൂട്ടങ്ങളും. 

''കാറ്റുള്ള സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സര്‍ഫിംഗിന് വിദേശികള്‍ വരാറുണ്ട് ഇവിടെ.  അവരുടെ കയ്യില്‍ മുന്തിയ ഇനം സര്‍ഫ് ബോര്‍ഡുകളാണ്. പക്ഷെ  വെറും മരക്കഷണങ്ങളുമായി ഗംഭീരപ്രകടനം നടത്തി ഗ്രാമത്തിലെ കുട്ടികള്‍ അവരെ അത്ഭുതപ്പെടുത്തും''-ചങ്ങാതി പറഞ്ഞു നിര്‍ത്തി.

മിടുമിടുക്കരാണവര്‍, ഞാന്‍ പറഞ്ഞു. 

 

 

''Shout our name from the Mountain to the Sea'
Pappua New Guinea..''

''കില കില പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ പാടിയ ദേശീയഗാനത്തില്‍ കടലിനെയും പര്‍വ്വതത്തെയും കുറിച്ച് പാടുന്നുണ്ടല്ലോ?''-കടലു കാണ്‍കെ, ഞാന്‍ സാജുവിനോട് ചോദിച്ചു. 

'അതോ, ഓവന്‍ സ്റ്റാന്‍ലി പര്‍വ്വതവും പസിഫിക് സമുദ്രവും തമ്മില്‍ അങ്ങനെയാരു വൈബ് ഉണ്ട്. ദേശത്തിന്റെ വികാരങ്ങളില്‍ അവരും കേറിക്കൂടിയിരിക്കുന്നു. അതാണ് ആ ദേശീയ ഗാനത്തില്‍ മുഴങ്ങി കേള്‍ക്കുന്നത്.''-സാജു പറഞ്ഞു. 

എന്റെ കണ്ണിലിപ്പോള്‍, കടലിനും പര്‍വ്വതനിരയ്ക്കുമിടയിലെ പാട്ടിന്റെ വഴി. 

''റോസിന് അറിയാമോ, ഇവിടുത്തെ കുട്ടികള്‍ കണ്ടു പഠിക്കാന്‍ മിടുക്കരാണ്, പ്രതിഭ ഉള്ളവരാണ്. പൂര്‍ണതക്കുവേണ്ടി മണിക്കൂറുകളോളം അവര്‍ മിനക്കെടും.''

''അത് മതിയല്ലോ. അതല്ലേ, അവരുടെ ഭാവിയെ മാറ്റിമറിക്കുന്നത്.'' ഞാന്‍ പറഞ്ഞു. 

എനിക്ക് സാജുവില്‍ നിന്ന് ജോ കൂനന്റെ കഥ കൂടി കേള്‍ക്കണമായിരുന്നു. കാരണം ഞാന്‍ ആദ്യ ദിവസം കണ്ട ചിത്രങ്ങളിലൊന്നില്‍ ''ശിലായുഗത്തില്‍ നിന്നും ആധുനികതയിലേക്ക്' എന്നൊരു തലക്കെട്ട് കണ്ടിരുന്നു. മലനിരകളുടെ മകനായ ജോ കൂനന്‍ എന്ന സമര്‍ത്ഥനായ സ്‌കൂള്‍ ടോപ്പര്‍ പരമ്പരാഗത ഗോത്രവേഷമണിഞ്ഞ്,കോട്ടും സ്യൂട്ടും ഇട്ട എന്റെ സുഹൃത്തില്‍ നിന്ന് അവാര്‍ഡ് മേടിക്കുന്നു. പോര്‍ട്ട് മോര്‍സ് ബിയിലെ അന്നത്തെ പത്രങ്ങള്‍ ഏറെ ആഘോഷിച്ച ഒരു ചിത്രം.

''അര്‍പ്പണമനോഭാവം ഉള്ള പുതു തലമുറയുടെ പ്രതീകം ആണ് ജോ. മലയിറങ്ങി വന്ന് പഠിച്ചവന്‍. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ എഞ്ചിനീയര്‍ ആണ്.'' -ഒന്ന് നിര്‍ത്തിയിട്ട് സുഹൃത്ത് തുടര്‍ന്നു.


 

 

രാഷ്ട്രപിതാവായ മൈക്കിള്‍ സോമാരെയോട് ഒരിക്കല്‍, അതായത് സ്വാതന്ത്ര്യത്തിനായി അദ്ദേഹം ആഗ്രഹിച്ചു നടന്ന നാളുകളില്‍ രണ്ട് വെള്ളക്കാര്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി.

മിസ്റ്റര്‍ സൊമാരെ, നിങ്ങളുടെ ഇടയില്‍ എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, പൈലറ്റുമാര്‍, അധ്യാപകര്‍, അഡ്വക്കേറ്റ്‌സ് ആരുമില്ലല്ലോ. സ്വാതന്ത്ര്യം കിട്ടിയാല്‍, എങ്ങനെ നിങ്ങള്‍ ഈ രാജ്യത്തെ ഭരിക്കും?''

മൈക്കിള്‍ സോമാരെ അധികമൊന്നും ആലോചിക്കാതെ നടന്നു പോകുന്ന ഒരു പറ്റം സ്ത്രീകളിലേക്കു അവരുടെ നോട്ടം എത്തിച്ചു .

''നോക്കൂ, പരമ്പരാഗത രീതിയില്‍ പുല്‍പ്പാവാടയിട്ടു നടന്നു പോകുന്ന ഞങ്ങളുടെ സ്ത്രീകളുടെ മറയ്ക്കാത്ത മാറിടങ്ങള്‍ നിങ്ങള്‍ കണ്ടില്ലേ. അവരില്‍ നിന്ന് നിങ്ങള്‍ പറഞ്ഞ ഈ നാടിന് വേണ്ടവരെല്ലാം ഒരിക്കല്‍ പുറത്തു വരും. അവര്‍ ഈ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കും.'' 

 

 

''റോസിനറിയുമോ ഞങ്ങളുടെ സ്‌കൂളില്‍ പാലാക്കാരുണ്ട്''-സാജു ചിരിയോടെ പറഞ്ഞു. 

പാലാക്കാരോ? എനിക്ക് അതിശയമായി. 

''അതെ, പാലാക്കാര്‍. പക്ഷേ, അതിവിടെ ഒരു സര്‍നെയിം ആണ്, പാലാ. ഇവിടെ ഒരു പ്രൊവിന്‍സില്‍ നിറയെ പാലാക്കാര്‍ ആണ് ''

സാജു ചിരിച്ചു. 

ഞങ്ങളുടെ പത്താം ക്ലാസില്‍ മാത്രം മൂന്ന് പാലാക്കാര്‍ ഉണ്ട്. PALA GABRIER, PALA TAMARA, PALA VAKILVI. ആ പേരു കേള്‍ക്കുമ്പോഴെല്ലാം എനിക്കു ചിരി വരും...''

സുഹൃത്ത് ചിരി അടക്കുന്നില്ല. 

 

 

പിന്നെയും ഉണ്ടായിരുന്നു നഗര വര്‍ത്തമാനങ്ങള്‍.

''ഓസ്ട്രേലിയയില്‍ റഗ്ബി നടക്കുമ്പോള്‍ ഇവിടെ നിശ്ചലമാകും. അറിയാമോ?''

''അതെന്താണ് അങ്ങനെ? കളി അവിടെ അല്ലേ?''-ഞാന്‍ ചോദിച്ചു. 

ബ്രിസ്ബേനും ന്യൂ സൗത്ത് വെയ്ല്‍സും ഇഞ്ചോടിഞ്ചു പോരാടുമ്പോള്‍ ബ്ലൂസിനും മെറൂണ്‍സിനും വേണ്ടി ഇന്നാട്ടുകാര്‍ അണിചേരും. തങ്ങളുടെ ടീമിനെ ആവേശം കൊള്ളിച്ചുകൊണ്ട് വീടുകളും പൊതുസ്ഥലങ്ങളും ഉണരും. ഫലമോ ട്രൈല്‍ ഫൈറ്റിനെ തുടര്‍ന്ന്, അന്ന് ഹോസ്പിറ്റല്‍ കേസുകള്‍ കൂടും.'' 

സാജു പറഞ്ഞപ്പോള്‍ ഞാനത് ഭാവനയില്‍ കാണാന്‍ ശ്രമിച്ചു. 

''ഓരോ ട്രൈബല്‍ ഫൈറ്റിനുശേഷവും ഇവര്‍ വേഗത്തില്‍ സമാധാന ഉടമ്പടി ഉണ്ടാക്കും. ഒരുമിച്ചിരുന്ന്, ആഹാരം കഴിച്ച് അവര്‍ പിരിയും''

സാജു പറഞ്ഞു. 

 

 

കുറേ ആയി മനസ്സില്‍ നിറഞ്ഞു നിന്ന ഒരു ചോദ്യം ഞാന്‍ സാജുവിനോട് ചോദിച്ചു. 

''ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യപോലൊരു വികസ്വര രാജ്യത്ത് നിന്നും ജോലി തേടി പാപുവ ന്യൂഗിനി പോലുള്ള ഒരു അവികസിത രാജ്യത്തിലേക്ക് വന്ന ആളല്ലേ സാജു. അനുഭവങ്ങള്‍ എവിടെയാണ് എത്തിച്ചിരിക്കുന്നത?''

'റോസ്, ഞാനിതെന്നും ആലോചിക്കാറുണ്ട്. അന്നേരമൊക്കെ തോന്നുന്ന ഉത്തരം ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് M (M-M M) -ല്‍ എത്തിച്ചേരും. തുടക്കത്തില്‍ ഞാന്‍  Mis-fit ആണെന്നാണ് തോന്നിയത്. ഇതെന്ത് രാജ്യമാണ് എന്നൊരു തോന്നല്‍. തുടര്‍ന്ന് Mechanical എന്ന എന്ന അവസ്ഥയിലായി. ഇപ്പോള്‍ സന്തോഷത്തോടെ പറയട്ടെ, ഈ രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ എന്നാലാവുന്ന വിധം  പ്രവര്‍ത്തിക്കാന്‍ സജ്ജമായ Missionary സ്പിരിറ്റ് ആണ് എന്നില്‍ നില്‍ക്കുന്നത്. An Educator with a Missionary Spirit.''

 

 

എന്റെ മുന്നിലിപ്പോള്‍ പാപുവാ ന്യൂഗിനിയുടെ അഴകുള്ള കുറേ ചിത്രങ്ങളുണ്ട്. 

അതിലൊന്നില്‍, സായാഹ്നസൂര്യന്‍  നിറച്ചാര്‍ത്തു നല്‍കിയ പറുദീസയുടെ വര്‍ണ്ണപ്പൊലിമ. 

മറ്റൊന്നില്‍, കാനനത്തിലെ കിളികള്‍ കോര്‍ട്ഷിപ് ഡാന്‍സിലൂടെ ഇണയെ ആകര്‍ഷിക്കുന്നു. 

ആരാണ് അവരെ ചുവന്ന കോളര്‍ ഉള്ള കുപ്പായവും കറുത്ത ഹെല്‍മെറ്റും ഇടുവിച്ചത്. 

ആരാണ് അവരെ താളത്തില്‍ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്ക് ഊര്‍ന്നിറങ്ങാനും നൃത്തം ചെയ്യാനും പഠിപ്പിച്ചത്. 

കണ്ടില്ലേ, ഓവന്‍ സ്റ്റാന്‍ലി ഒരു കോട്ടപോലെ കാറ്റുകളെ തടയുന്നത്.

കണ്ടില്ലേ, സമുദ്രനീലിമയില്‍ സൂര്യന്‍ മുഖം പൂഴ്ത്തി വിരി വക്കുന്നത്.

പിന്നെയും കാണുന്നില്ലേ, കാനനപാതയിലെ വള്ളിപ്പടര്‍പ്പുകളിലെ ആ നെയ്ത്തുകാരെ. 

അവര്‍ എത്ര വേഗത്തിലാണ് വലകള്‍ ഉപേക്ഷിക്കുന്നതും പുതിയത് നെയ്യുന്നതും. 
 
പുലര്‍കാലങ്ങളില്‍ മഞ്ഞിന്റെ ഈര്‍പ്പം പുതച്ചു നില്ക്കുന്ന വലകള്‍, ചിലന്തികള്‍,നിശാശലഭങ്ങള്‍, പൂമ്പാറ്റകള്‍...

കീടനാശിനി ഇത് വരെ ഉപയോഗിച്ചിട്ടില്ല ഈ രാജ്യത്ത്. എങ്ങും, പറന്ന് നടക്കുന്ന വണ്ടുകളും തേനീച്ചകളും ചെറു പ്രാണികളും! 

റബ്ബര്‍ തോട്ടങ്ങള്‍ നിറഞ്ഞ നമ്മുടെ നാട് ഓര്‍മ്മവന്നു. നീലനിറമുള്ള തുരിശ് ലായനിയില്‍ പേടിച്ചരണ്ട് എങ്ങോ പറന്ന് പോയ ബാല്യകൗതുകങ്ങള്‍. തുമ്പി, പൂമ്പാറ്റ, ചെറുവണ്ടുകള്‍.


ഇവിടെയോ? 

പച്ചപ്പിന്റെ കമാനത്തില്‍ നിബിഡവനങ്ങള്‍. നിര്‍ലോഭം പൂത്തുനില്ക്കുന്ന ഓര്‍ക്കിഡുകള്‍. വെള്ളവും വെളിച്ചവും വായുവും.  

തിര ഇളകാത്ത  വശ്യമായ സമുദ്രനീലിമയില്‍  സ്ഫടിക തെളിമയില്‍ പവിഴപുറ്റുകള്‍ പേറുന്ന ശാന്തസമുദ്രം .

ഒരു  കുന്നിറങ്ങി മലയിറങ്ങി കൂയ് കൂയ് എന്ന് വിളിച്ചു കൊണ്ട് ഏറ്റവും ഹൃദ്യമായ ഭാഷയില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നവര്‍. അവരുടെ കേശങ്ങള്‍ അലങ്കരിക്കുന്നതിന് ഭൂമിയിലെ പക്ഷികള്‍ കൂടുതല്‍ നിറമുള്ള തൂവലുകള്‍ പൊഴിക്കട്ടെ.   അവയുടെ പ്രജനനം സമൃദ്ധമാകട്ടെ. പഞ്ചവര്‍ണ്ണ തത്തകള്‍ പാട്ടുകള്‍ പാടട്ടെ. വൃക്ഷങ്ങള്‍ ഇലത്തഴപ്പിലും ഫലങ്ങള്‍ അവയുടെ സമൃദ്ധിയിലും അവരെ പരിപാലിക്കട്ടെ .

ചില സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ അവയ്ക്ക് സഞ്ചരിക്കാനായി ഭൂമിയില്‍ സജ്ജരായി ഒരുക്കി  നിര്‍ത്തിയിരിക്കുന്നവരുണ്ട്. അവരെ ബന്ധിപ്പിക്കാന്‍ വാക്കുകളും. 

കുറേ ഏറെ ദൂരം സഞ്ചരിച്ചതിന്റെ മടുപ്പുകളൊന്നുമില്ലാതെ ഞാനും സീറ്റ്‌ബെല്‍റ്റ് അഴിച്ചു വച്ചു, അപ്രാപ്യമായ തീരങ്ങളെ സ്വന്തമാക്കിയതിന്റെ ആനന്ദം ബാക്കിയായി. 

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

രണ്ടാം ഭാഗം: സ്വാതന്ത്ര്യത്തിലേക്കുള്ള  പാത! 

 മൂന്നാം ഭാഗം: എത്ര തിന്നാലും തീരാത്ത വാഴപ്പഴം!

 നാലാം ഭാഗം: ഉപ്പിനോളം വരില്ല, ഇവിടൊരു മധുരവും!

അഞ്ചാം ഭാഗം: പൂര്‍വ്വികരുടെ ചോരമണം തേടി ചില

ആറാം ഭാഗം: ഇവിടെ നിയമപരമായി, വിവാഹം എന്നൊന്നില്ല! 

 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona