ഒരു ഫാമിൽ ആളുകൾ ആടുകളെ കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ജർമ്മൻ ഫാമിലെ വീഡിയോയാണ് അത്. ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് തോന്നുന്നവർക്ക് ഒരാശ്വാസത്തിനായി ആടുകളെ കെട്ടിപ്പിടിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുകയാണ് ആ ഫാം. നിലവിലുള്ള കൊവിഡ്-19 മഹാമാരി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം ആളുകൾക്ക് പഴയപോലെ പരസ്പരം കാണാനും ഇടപഴകാനുമുള്ള അവസരം കുറവാണ്. എന്നാൽ, അത്തരം സന്ദർഭത്തിൽ ഒറ്റപ്പെടലും, ഏകാന്തതയും അനുഭവപ്പെടുന്ന  ആളുകൾക്കായിട്ടാണ് ഫാം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ മനസ്സിന് ഉന്മേഷവും ആരോഗ്യവും ഉണ്ടാകുന്നു എന്നാണ് ഫാം അവകാശപ്പെടുന്നത്.

"സന്ദർശകരെ വളരെ ഇഷ്ടപ്പെടുന്ന ആടുകൾ ഇവിടെയുണ്ട്" പടിഞ്ഞാറൻ ജർമ്മനിയിലെ ഹട്ടിംഗെനിനടുത്തുള്ള ഒരു ഫാമിനെ പറ്റിയുള്ള വിദ്യാഭ്യാസ പരിപാടി നടത്തുന്ന ലെക്സ വോസ് പറയുന്നു. മൃഗങ്ങളുമായി കൂടുതൽ അടുക്കാൻ അവർ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
"ആടുകളെ സന്ദർശിക്കാൻ ആളുകളെ ഞാൻ അനുവദിക്കുന്നു. മാസ്കുകളിൽ നിന്നും സാമൂഹിക അകലത്തിൽ നിന്നും രക്ഷപ്പെട്ട് ആടുകളുമായി ചേർന്ന് പ്രകൃതിയുടെ മടിത്തട്ടിൽ അൽപസമയം ചിലവഴിക്കുന്നത് വളരെ ഉന്മേഷദായകമാണ്" അവർ പറഞ്ഞു.

മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ഒരു വ്യക്തിക്ക് ഈ ഫാം സന്ദർശിക്കാൻ സാധിക്കുകയുള്ളൂ. അവർക്ക് ആടുകളുമായി എത്ര അടുക്കണമോ അത്രയും അടുക്കാം. ഇങ്ങനെ ആടുകളുമായുള്ള സമയം ചെലവഴിക്കാൻ ഫാം പ്രത്യേകം ഫീസൊന്നും ഈടാക്കുന്നില്ല എങ്കിലും, സന്ദർശകരോട് ഫാമിന്റെ പ്രവർത്തനത്തിനായി ഒരു തുക സംഭാവനയായി അവർ ആവശ്യപ്പെടുന്നുണ്ട്.    

ഫാമിലെ തന്റെ സെഷൻ ശരിക്കും ആസ്വദിച്ചു എന്ന് സന്ദർശകരിലൊരാളായ തെരേസ് പഫെർ പറയുന്നു. “ഇപ്പോൾ നമ്മൾ പരസ്പരം അടുക്കുന്നത് ഒഴിവാക്കുന്നു. നമ്മൾ എല്ലായ്പ്പോഴും സാമൂഹിക അകലത്തിലാണ്. ഞാൻ പലപ്പോഴും ആടുകളെ മേക്കുന്നിടത്ത് പോകാറുണ്ട്. എന്നാൽ, ആളുകളെ കാണുമ്പോൾ അവ ഓടിപ്പോകും. എന്നാൽ, ഇവിടെ അത് വളരെ വ്യത്യസ്തമാണ്. ഇത് മഹത്തരമാണ്" അവർ പറഞ്ഞു.

അത്തരം മനോഹരമായ വീഡിയോകൾ കാണുന്നത് നിങ്ങൾക്ക് നല്ല അനുഭവം നൽകുക മാത്രമല്ല, സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. രസകരമായ മൃഗത്തിന്റെ അല്ലെങ്കിൽ പക്ഷിയുടെ വീഡിയോകൾ മനുഷ്യരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്നും സമ്മർദ്ദം കുറയ്ക്കാൻ അത് സഹായിക്കുമെന്നും ഗവേഷകർ തെളിയിച്ചിട്ടുണ്ട്. സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും, നിങ്ങളെ ശാന്തരാക്കാനും അവയ്ക്ക് കഴിയുന്നു. 

പ്രചാരം നേടി പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പിയും

ഇതുപോലെ നേരത്തെ നെതർലാൻഡിൽ ആളുകൾ പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പി പ്രചാരം നേടിയിരുന്നു. മാനസിക സമ്മർദ്ദം കുറക്കാനും മനസ് ശാന്തമായിരിക്കാനും വേണ്ടി തന്നെയാണ് അവിടെയും ഈ തെറാപ്പി തുടങ്ങിയത്. ഫാമിലേയ്ക്ക് ഒരു ടൂർ നടത്തിക്കൊണ്ടാണ് ഈ പരിപാടി ആരംഭിക്കുന്നത്. രണ്ട്, മൂന്ന് മണിക്കൂർ പശുവിനോടൊപ്പം അവിടെ നമ്മൾ വിശ്രമിക്കുന്നു. പശുവിന്റെ ഊഷ്മളമായ ചൂട്, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വലുപ്പം എന്നിവ കാരണം അവയെ ആലിംഗനം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം ശാന്തി അനുഭവപ്പെടുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. മൃഗത്തിന്റെ പുറത്ത് ചാരിക്കിടക്കുന്നതും, അവയെ തലോടുന്നതും, അല്ലെങ്കിൽ അവയെ നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്.  

ഗ്രാമീണ ഡച്ച് പ്രവിശ്യകളിൽ ഒരു ദശകത്തിലേറെയായി ഈ ആരോഗ്യകരമായ വിനോദം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രകൃതിയോടും ജീവിതത്തോടും ആളുകളെ അടുപ്പിക്കുന്ന ഇത് ഇപ്പോൾ അവിടെ കൂടുതൽ പ്രചാരം നേടുകയാണ്. ഇന്ന്, റോട്ടർഡാം, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഫാമുകൾ പശു-ആലിംഗന സെഷനുകൾ വരെ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആളുകൾ അത് ഇഷ്ടപ്പെടുന്നുമുണ്ട്. 

അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് എന്ന ജേണലിൽ 2007 -ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, പശുക്കൾക്ക് കഴുത്തിലും മുകളിലുമുള്ള ഭാഗങ്ങളിലും മസാജ് ചെയ്യുമ്പോൾ വല്ലാത്ത റിലാക്സേഷനാണ് അനുഭവപ്പെടുന്നത് എന്നാണ്. കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും, പശുക്കൾക്കും, മനുഷ്യർക്കും ഒരുപോലെ ഒരു പോസിറ്റീവ് തരംഗം ഉണ്ടാക്കാൻ ഇതിനാകുമെന്നും പഠനം പറയുന്നു.  

(ചിത്രങ്ങൾ പ്രതീകാത്മകം)