Asianet News MalayalamAsianet News Malayalam

ഹോ അവിശ്വസനീയം തന്നെയിത്; 600 വർഷം പഴക്കം, 64 വർഷമായി വെള്ളത്തിൽ, ഒരു വൻ ന​ഗരം

വെള്ളത്തിന്റെ അടിയിലാണെങ്കിലും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടു കിടക്കുകയാണ് ഈ ന​ഗരം എന്നാണ് പറയുന്നത്. ഇന്ന് ഇവിടം സന്ദർശിക്കാനും സാധിക്കും. എന്നാൽ, ആഴമുള്ള സ്ഥലത്ത് ഡൈവിം​ഗ് നടത്തി നല്ല പരിചയമുള്ളവർക്ക് മാത്രമേ അതിന് അനുമതിയുള്ളൂ.

Shicheng underwater city in china 600 years old rlp
Author
First Published Dec 12, 2023, 9:07 PM IST

ചൈനയിൽ വെള്ളത്തിനടിയിൽ മുങ്ങിപ്പോയ ഒരു ന​ഗരമുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു വെള്ളപ്പൊക്കത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിന്റെ ഭാ​ഗമായോ ഒന്നുമല്ല അത് മുങ്ങിയത്. മറിച്ച് സിനാൻ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയാണ് 1959 -ൽ ഷെജിയാങ് പ്രവിശ്യയിലെ ഷിചെങ് നഗരത്തെ മനഃപൂർവം മുക്കിക്കളഞ്ഞത്. 

അങ്ങനെ അത് പതിറ്റാണ്ടുകളായി വെള്ളത്തിനടിയിലാണ് എന്ന് നാഷണൽ ജിയോഗ്രാഫിക് പറയുന്നു. Qiandao തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും 40 മീറ്റർ താഴെയായിട്ടാണ് ഇപ്പോൾ ഈ ന​ഗരം സ്ഥിതി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതിക്ക് വേണ്ടി അന്ന് 300,000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതെന്നും നാഷണൽ ജിയോഗ്രാഫിക് പറയുന്നു. 

600 വർഷം പഴക്കമുള്ള ഈ നഗരത്തിൽ ഇനി എന്തൊക്കെ അവശേഷിക്കുന്നുണ്ട് എന്ന് അറിയുന്നതിന് വേണ്ടി 2001-ൽ  ചൈനീസ് സർക്കാർ ഒരു പര്യവേഷണസംഘത്തെ ഇവിടേക്ക് അയച്ചിരുന്നു. അതോടെ ഷിചെങ്ങിൽ ലോകത്തിനുള്ള താല്പര്യം വർധിച്ചു. 1368 മുതൽ 1912 വരെ ഭരിച്ചിരുന്ന മിംഗ്, ക്വിംഗ് രാജവംശ കാലത്തെ ശിലാ വാസ്തുവിദ്യയാണ് ഇവിടെയുള്ളത് എന്ന് ബിബിസി പറയുന്നു. വു ഷി പർവതം ഇവിടെയടുത്താണ് എന്നതിനാൽ തന്നെ ഷിചെങ്ങിനെ "ലയൺ സിറ്റി" എന്നും വിളിക്കാറുണ്ട്. അഞ്ച് സിംഹങ്ങളുടെ പർവതം എന്നാണ് വു ഷിയുടെ അർത്ഥം. 

2011 -ൽ നാഷണൽ ജിയോഗ്രാഫിക് ചില ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന ഈ ന​ഗരത്തിലെ ഇതുവരെ പുറത്ത് കാണാത്ത പല കാഴ്ചകളും പെടുന്നു. ഈ ഫോട്ടോകളും മറ്റ് പര്യവേഷണ വിവരങ്ങളും നോക്കിയാൽ ഈ ന​ഗരത്തിന് അഞ്ച് പ്രവേശന കവാടങ്ങളാണ് ഉള്ളതെന്ന് കാണാം. അതുപോലെ തന്നെ വിശാലമായ തെരുവുകളാണ് ഇവിടെയുള്ളത്. അതിൽ 265 കമാനപാതകളും ഉണ്ട്. അവയിൽ സിംഹങ്ങൾ, ഡ്രാഗണുകൾ, ഫീനിക്സ്, ചരിത്ര ലിഖിതങ്ങൾ എന്നിവയുടെയെല്ലാം സംരക്ഷി‌ക്കപ്പെട്ട ശിലാഫലകങ്ങളും ഉൾപ്പെടുന്നുവത്രെ. 

വെള്ളത്തിന്റെ അടിയിലാണെങ്കിലും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടു കിടക്കുകയാണ് ഈ ന​ഗരം എന്നാണ് പറയുന്നത്. ഇന്ന് ഇവിടം സന്ദർശിക്കാനും സാധിക്കും. എന്നാൽ, ആഴമുള്ള സ്ഥലത്ത് ഡൈവിം​ഗ് നടത്തി നല്ല പരിചയമുള്ളവർക്ക് മാത്രമേ അതിന് അനുമതിയുള്ളൂ. മാത്രമല്ല, ഈ ന​ഗരത്തിൽ എന്തെല്ലാം ഉണ്ട് എന്നത് ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽ തന്നെ പരിചയമില്ലാത്ത സന്ദർശകർക്ക് അത് വലിയ അപകടങ്ങളുണ്ടാക്കും എന്ന് കരുതപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios