Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഉള്ളിലുമില്ലേ മറക്കാനാവാത്ത ഗന്ധങ്ങള്‍, മായാതെ നില്‍ക്കുന്ന ഗന്ധസ്മൃതികള്‍!

 അമ്മയുെട ഗന്ധം, പ്രണയിനിയുടെ  ഗന്ധം, ഭക്ഷണത്തിന്റെ ഗന്ധം, ഗന്ധങ്ങളിലൂടെ ഒരു യാത്ര. റഫീസ് മാറഞ്ചേരി എഴുതുന്നു
 

smells memories and scents by Rafees Maracnhery
Author
First Published Sep 27, 2022, 3:12 PM IST

ആദ്യമറിഞ്ഞത് ഏത് ഗന്ധമായിരിക്കും? ഒട്ടും സംശയമില്ലാതെ പറയാന്‍ ലോകത്തെ സര്‍വ്വ ചരാചരങ്ങള്‍ക്കും പറയാനുണ്ടാവുക അത് അമ്മയുടെ എന്ന് തന്നെയായിരിക്കും. തിരഞ്ഞുപിടിക്കാന്‍  ഓര്‍മ്മയുടെ ഒരു ചെറു നാമ്പ് പോലും കൂട്ടിനില്ലാതെ അങ്ങനെ പറഞ്ഞെങ്കില്‍ അത് ആത്മ ബന്ധം പകര്‍ന്ന അറിയാഗന്ധം കൊണ്ട് കൂടിയായിരിക്കണം. ഒരു പക്ഷെ മാറില്‍ ചാഞ്ഞു കിടക്കും നേരം കുഞ്ഞിളം കൈകള്‍ ഹൃദയാന്തരങ്ങളില്‍ തന്റെ അവകാശമായ മുലപ്പാല്‍ പരതിയത്  ശാസ്ത്രീയ അടിത്തറയില്ലെങ്കിലും നാസിക കാണിച്ചു കൊടുത്ത റൂട്ട് മാപ്പ് പ്രകാരമായിരുന്നിരിക്കണം.

ആദ്യമറിഞ്ഞ ഗന്ധത്തില്‍ നിന്നും  മാറി ഉള്ളം തൊട്ടവ ഏതായിരിക്കുമെന്ന് ഓര്‍ത്താല്‍ അത് പാഞ്ഞെത്തുക പല പല കാലങ്ങളിലേക്കായിരിക്കും. പ്രായത്തിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും പശ്ചാത്തലം മാറുമെങ്കിലും ആദ്യാന്തം നിറഞ്ഞു നില്‍ക്കുന്നത് വയറു നിറച്ച രുചികള്‍ തന്നെയാണ്. ശേഷമേ വികാര വിചാരങ്ങള്‍ക്ക് ഇടമുള്ളൂ! യു.പി പഠന കാലത്ത് ചെമ്പയില്‍ സ്‌കൂളില്‍ ഉച്ചയൂണിനുള്ള മണി മുഴങ്ങുമ്പോള്‍ വീട്ടിലേക്കൊരു ഓട്ടമുണ്ട്. സ്‌കൂളും ചുറ്റുവട്ടത്തുള്ള വിരലിലെണ്ണാവുന്ന വീടും കഴിഞ്ഞാല്‍ പാലമില്ലെങ്കിലും പാലമെന്ന് വിളിപ്പേരുള്ള കുമ്മിപ്പാലം. അത് കഴിഞ്ഞാല്‍ വീട്ടിലേക്കുള്ള അരകിലോമീറ്റര്‍ ദൂരം പാതയരികില്‍ നിറയെ വീടുകള്‍. ഓട്ടത്തിനിടയിലും ഓരോ വീട്ടിലെയും പല പല വിഭവങ്ങളുടെ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കും. നെയ്യുള്ള മത്തി പൊരിച്ചത്, അയല കട്ടി മസാലയില്‍ പൊരിയുന്നത്, മാന്തള്‍ മൊരിയുന്നത്, മോരില്‍ കടുകും ഉണക്കമുളകും വേപ്പിലയും വെളിച്ചെണ്ണയില്‍ വഴന്ന് അലങ്കാരമണിയിക്കുന്നത്.. അങ്ങിനെ നീളും കണ്ടെത്താനുള്ള ശ്രമങ്ങള്‍. വെള്ളിയാഴ്ച്ച ഒട്ടുമിക്ക ഇടങ്ങളിലും  എല്ലിന്‍ കഷ്ണങ്ങള്‍ക്കൊപ്പം തിളച്ചു മറിയുന്ന ഇറച്ചിക്കറിയുടെ ഗന്ധമായിരിക്കും.

പഠിത്തം ഹൈസ്‌കൂളിലേക്ക് മാറിയപ്പോള്‍ ഗന്ധങ്ങളും ഹൈ ക്ലാസിലേക്കുയര്‍ന്നു. നാണുവേട്ടന്റെ ചായക്കടയിലെ കടലക്കറിയുടെ ഗന്ധം നുകര്‍ന്നാണ് പടിയിറങ്ങുക. ഹസ്സന്‍ക്കാടെ കടയിലെ ബീഫ് കറിയുടെ ഗന്ധം, പിന്നേം കുറെ നടന്നാല്‍ ന്യൂ സ്റ്റാറിന് മുന്നിലെ ചാപ്സിന്റെ, അതും കഴിഞ്ഞ് സ്‌കൂളിന് മുന്നിലെത്തിയാല്‍ ഗോവിന്ദേട്ടന്റെ ചായക്കടയില്‍ പലഹാരങ്ങള്‍ ഒരുങ്ങുന്നതിന്റെ.. അങ്ങിനെ നീളും കുടല്‍ കൊതിച്ച ഗന്ധങ്ങള്‍..

സ്‌കൂളിലെത്തിയാല്‍ കണ്ണും മൂക്കും തിരയുക കരള്‍ കൊതിച്ച ഗന്ധമായിരിക്കും. ഈറന്‍ മുടിയില്‍ ലാങ്കിപ്പൂക്കള്‍ ചാര്‍ത്തി വരുന്നവള്‍. ഇഷ്ടമെന്ന് പറഞ്ഞില്ലെങ്കിലും കാണാന്‍ ഇഷ്ടമായിരുന്നവള്‍. എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന മട്ടില്‍ മുടിത്തുമ്പില്‍ ലാങ്കിപ്പൂക്കള്‍ അയയിലിട്ട തുണിപോലെ അവളുടെ ചുവടുകളില്‍ ആടിയാടി നീങ്ങി. ചിലപ്പോഴൊക്കെ ചെമ്പകകങ്ങള്‍ക്കും ആ മുടിത്തുമ്പില്‍ തൂങ്ങിയാടാന്‍ അവസരം കിട്ടി. വെളുത്ത ചെമ്പകവും ചുവന്ന ചെമ്പകവും ഒരേ പോലെ നാലുമണിയിലെ അവസാന ബെല്ല് മുഴങ്ങുമ്പോള്‍ മുഖം കറുപ്പിച്ചു, പക്ഷെ ലാങ്കിപ്പൂക്കള്‍ മാത്രം കുറച്ചധികം നേരം പിടിച്ചു നിന്നു. ആ അതിജീവനത്തിന് തെളിവ് അവളുടെ ചുവടനക്കങ്ങളില്‍ മുടിയിഴകള്‍ തള്ളിയിട്ടവയായിരുന്നു. മുക്കാല സ്‌ക്കൂളിന്റെ  സിമന്റ് തറയില്‍ നിന്നും മലയാളം രണ്ടാം പുസ്തകത്തിലെ താളുകള്‍ക്കിടയില്‍ ഒരു ദിവസം മുഴുവന്‍ കിടന്നപ്പോഴാണ് അവയൊന്ന് മുഖം കറുപ്പിച്ചത്.. പക്ഷെ സുഗന്ധത്തിന് വലിയമാറ്റമൊന്നും വന്നിട്ടുണ്ടാവില്ല.

കുടലു നിറക്കുന്നതിനും കരളു പങ്കിടുന്നതിനുമല്ലാതെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും മണമുണ്ടെന്ന തിരിച്ചറിവുണ്ടാവുന്നത് പ്രായം വീണ്ടും ഉയര്‍ന്നപ്പോഴാണ്. തെരുവില്‍ പലരും ഊതിവിടുന്നത് കണ്ട് നോട്ട് ബുക്കിലെ പേജ് ചീന്തി ചുരുട്ടി വലിച്ചപ്പോള്‍ ഗോപിയേട്ടന്റെ അച്ചടി ശാലയിലേതിന് സമാനമായ  ഗന്ധം ചുറ്റും നിറഞ്ഞു. അത് സഹിക്കാനാവാതെ പിറകെ തുരുതുരാ ചുമയും! അനുരാഗ് തിയറ്ററിലെ ഉച്ച നേരത്തെ ദൈര്‍ഘ്യം കുറഞ്ഞ സിനിമ കാണും സമയത്ത് ബീഡിപ്പുകയുടെ അകമ്പടിയില്‍ മറ്റൊരു മണം. പരമേട്ടന്റെ വര്‍ക് ഷോപ്പിലെ ഡീസലിന്റെയും ഗ്രീസിന്റെയും  നജീബിന്റെ സലൂണിലെ പൗഡറിന്റെ, ഫാര്‍മസിയിലെ മരുന്നിന്റെ, സര്‍ക്കാര്‍ ആശുപത്രിയിലെ ശുചീകരണ ലായനിയുടെ, ഗള്‍ഫുകാരന്റെ വസ്ത്രത്തിന്റെ, കൊപ്രമില്ലിലെ ഉണങ്ങിയ തേങ്ങയുടെ, ചെറുതിന്റെ കടയിലെ പച്ചക്കറികളുടെ... അങ്ങിനെ നീളും പട്ടിക!

വരണ്ട ഭൂമിയില്‍ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ പുതുമഴ ഉമ്മ വെച്ചപ്പോള്‍ പടര്‍ന്ന മനം കുളിരണിഞ്ഞ  മണ്ണിന്‍ മണം,  പലയാവര്‍ത്തി മുഖത്തോട് ചേര്‍ത്ത് വെച്ചിട്ടും മതിവരാതിരുന്ന പുത്തന്‍ പുസ്തകത്തിന്റെ അച്ചടി ഗന്ധം, വീട്ടിലെത്തും മുമ്പേ ഇന്ന് ഇന്നതാണ്  ചോറിന് ഉപവിഭവം എന്നോതിത്തന്ന ഉണക്കമീന്‍ വറുത്ത ഗന്ധം, കൂട് വീടിന്റെ പിന്നാമ്പുറത്തായിട്ടും വീട്ടില്‍ ആടുണ്ടെന്ന് ഉമ്മറത്ത് വന്നു പറഞ്ഞ അജമൂത്ര ഗന്ധം, വെയില്‍  ഒളിച്ചു കളിച്ച നാളുകളില്‍ വസ്ത്രങ്ങള്‍ പകര്‍ന്ന പഴകിയ ഈറന്‍ ഗന്ധം, അലിഞ്ഞുതുടങ്ങും തോറും മണവും കുറഞ്ഞ വാസനസോപ്പ്, സ്‌കൂളിലെ വെപ്പ് പുരയില്‍ നിന്നുയര്‍ന്ന് വിശപ്പിനെ മാടിവിളിച്ച  പയറുകറി, മതി കാത്തിരുന്നതെന്നും കറി റെഡിയായെന്നും കറിവേപ്പിലയുടെ ശീല്‍ക്കാര ശബ്ദത്തിനൊപ്പം ഉമ്മറത്ത് വന്നു പറഞ്ഞതും ഇപ്പോഴും പറയുന്നതുമായ കടുകു വറ മണങ്ങള്‍..  അങ്ങിനെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയാല്‍ എത്രയെത്ര ഗന്ധങ്ങള്‍! വിലപിടിപ്പുള്ള മാസ്മരിക ഗന്ധങ്ങള്‍ പലതും വാരിപ്പൂശാന്‍ കെല്പുണ്ടായിട്ടും ഇന്നും വിടാതെ പിന്തുടരുന്നവ.

ഓര്‍ത്തെടുത്താല്‍ ചിത്രങ്ങള്‍ വരച്ചിടാന്‍ കഴിവുള്ള മണങ്ങള്‍ അങ്ങനെ പലതുണ്ടാവും പലര്‍ക്കും. എങ്കിലും ഉള്ളില്‍ തണുപ്പ് പടര്‍ത്തുന്നത് ചൂടു പകര്‍ന്നൊരു ഗന്ധമായിരുന്നു. അത് അമ്മയുടെ പഴയ സാരിയുടെതായായിരുന്നു. തൊട്ടിലായും വാതിലിന് പിറകെ കര്‍ട്ടനായും  ആ സാരി പല വേഷങ്ങള്‍ അണിയാറുണ്ട്. ഉടുത്തുടുത്ത് നിറം മങ്ങിയ സാരികളില്‍  ചിലത് പുതപ്പായും മാറാറുണ്ട്. അത് മൂടിപ്പുതച്ച് കിടന്നാല്‍ അമ്മയുടെ തലോടലേറ്റ് കിടക്കുന്നൊരു അനുഭൂതിയാണ്. പതുപതുത്ത ബ്ലാങ്കറ്റിനുള്ളില്‍ കാല് പൂഴ്ത്തുമ്പോള്‍ കാലിലേക്ക് ഓര്‍മ്മകള്‍ തണുപ്പ് പടര്‍ത്തുന്നു.  ഓര്‍മ്മയിലെ ഗന്ധങ്ങള്‍ പലതും ഊര്‍ജ്ജവും കൂടിയാണ്. അങ്ങിനെ ഒരു കാലമുണ്ടായിരുന്നു എന്നും ഇനിയൊരു മടങ്ങിപ്പോക്കിന് മടിയില്ലെന്നും അവ ചൊല്ലുന്നുണ്ടോ? അല്ലെങ്കിലും മടങ്ങാന്‍ മടിയില്ലെന്ന നിശ്ചയദാര്‍ഢ്യവും പിന്നിട്ട വഴികളെ കുറിച്ചുള്ള ബോധ്യവും തന്നെയാണല്ലോ മുന്നോട്ടേക്ക് കുതിക്കാന്‍ ആദ്യം വേണ്ടതും!

Follow Us:
Download App:
  • android
  • ios