Asianet News MalayalamAsianet News Malayalam

മുഖത്ത് മാവോറി ടാറ്റൂ വരുന്ന ഫിൽറ്റർ, വ്യാപകപ്രതിഷേധത്തെ തുടർന്ന് സ്നാപ്‍ചാറ്റ് പിൻവലിച്ചു

സ്ത്രീകൾക്കും പുരുഷന്മാർക്കും ടാറ്റൂ വ്യത്യസ്തമാണ്. പുരുഷന്മാരുടെ ടാറ്റൂകൾ നെറ്റി മുതൽ തൊണ്ട വരെ നീളുന്നു, അതേസമയം സ്ത്രീകളുടെ ടാറ്റൂകൾ സാധാരണയായി ചുണ്ടുകൾ മുതൽ താടി വരെ നീളുന്നവയാണ്.

Snapchat removes filter of Maori tattoo
Author
First Published Sep 9, 2022, 12:04 PM IST

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് ഒരു പ്രത്യേക തരം ഫീച്ചർ ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. മുഖത്ത്, പരമ്പരാഗതമായ മാവോറി ടാറ്റൂകൾ വരുത്താൻ അനുവദിക്കുന്ന ഫീച്ചറാണ് നീക്കം ചെയ്തിരിക്കുന്നത്. ന്യൂസിലാന്റിലെ ​ഗോത്രവിഭാ​ഗമായ മാവോറി സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഫിൽട്ടറുകൾ പിൻവലിച്ചത്.

മാവോറികൾ പച്ച കുത്തുന്നതിനെ വളരെ പവിത്രമായി കണക്കാക്കുന്നവരാണ്. അത് ധരിക്കുന്നയാളുടെ ഐഡന്റിറ്റിയുടെ പ്രധാന അടയാളമായി കണക്കാക്കപ്പെടുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഈ ഫിൽറ്റർ ഉപയോ​ഗിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനത്തത്. 

'മാവോറി ഫേസ് ടാറ്റൂ', 'മാവോറി' തുടങ്ങിയ പേരുകളുള്ള ഫിൽട്ടറുകൾ ഉപയോ​ഗിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങൾ റേഡിയോ ന്യൂസിലാൻഡ്, ജനപ്രിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ കാണിച്ചിരുന്നു. സ്നാപ്‍ചാറ്റിന്റെ കമ്പനിയായ സ്നാപ് ആ ഫിൽറ്റർ നീക്കം ചെയ്തതായി സ്ഥിരീകരിച്ചു. 

ഫേഷ്യൽ ടാറ്റൂകൾ, അല്ലെങ്കിൽ മോക്കോ, നൂറ്റാണ്ടുകളായി മാവോറി സംസ്കാരത്തിന്റെ ഭാഗമായി തുടരുന്നവയാണ്. അവ ഒരു പ്രധാന ചടങ്ങിൽ വച്ചാണ് ദേഹത്ത് പച്ച കുത്തുന്നത്. അത് കൂടാതെ അത് ധരിക്കുന്ന ഓരോരുത്തരുടേയും തനതായ വംശാവലിയും പൈതൃകവും അടയാളപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിട്ടും ഈ ടാറ്റൂ ഉപയോഗിക്കുന്നു.

അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ടാറ്റൂ വ്യത്യസ്തമാണ്. പുരുഷന്മാരുടെ ടാറ്റൂകൾ നെറ്റി മുതൽ തൊണ്ട വരെ നീളുന്നു, അതേസമയം സ്ത്രീകളുടെ ടാറ്റൂകൾ സാധാരണയായി ചുണ്ടുകൾ മുതൽ താടി വരെ നീളുന്നവയാണ്. സോഷ്യൽ മീഡിയയിലാവട്ടെ ഒരുപാട് പേരാണ് ഈ ഒരേ ഫിൽറ്റർ ഉപയോ​ഗിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. 

മാവോറി പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ മോക്കോയോടുള്ള താൽപ്പര്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. ന്യൂസിലൻഡ് മ്യൂസിയം പറയുന്നതനുസരിച്ച്, 2000 മുതൽ, മോക്കോ കൂടുതലായി കാണപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios