Asianet News MalayalamAsianet News Malayalam

മനുഷ്യരുടെയോ മൃ​ഗങ്ങളുടെയോ രക്തം കുടിക്കുന്ന മനുഷ്യർ ശരിക്കുമുണ്ടോ? 'വാമ്പയർ'മാരുടെ കഥ!

എങ്ങനെയാണ് ഇവർക്ക് രക്തം ലഭിക്കുന്നത് എന്നത് പലർക്കും ഒരു സംശയമാണ്. ഉറ്റസുഹൃത്തുകൾ ചിലപ്പോൾ സ്നേഹത്തിന്റെ പുറത്ത് ഇവർക്ക് രക്തം നൽകും. മറ്റ് ചിലർ പണത്തിനോ, ലൈംഗിക താൽപ്പര്യങ്ങളുടെ പേരിലോ രക്തം നൽകും. 

story of real Vampires
Author
New Orleans, First Published Jul 10, 2021, 3:31 PM IST

നാമെല്ലാവരും വാമ്പയർമാരെക്കുറിച്ചുള്ള ഒരുപാട് കെട്ടുകഥകൾ കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുള്ളവരാണ്. അതിനി ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പോലുള്ള ക്ലാസിക്കുകളാകട്ടെ ട്വിലൈറ്റ് അല്ലെങ്കിൽ ദി വാമ്പയർ ഡയറീസ് പോലുള്ള ചെറുപ്പക്കാരെ ആകർഷിച്ച ഏറ്റവും പുതിയ കൃതികളോ ആകട്ടെ, വാമ്പയർമാരെക്കുറിച്ചുള്ള ഫാന്റസി എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ, കഥകളിൽ നമ്മൾ കേട്ടിട്ടുള്ള രാത്രിയുടെ ഇരുട്ടിൽ രക്തമൂറ്റിക്കുടിക്കുന്ന വാമ്പയർ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടോ?  

കഥകളിൽ പറയുമ്പോലെ, മരണമില്ലാത്തവരോ, അമാനുഷിക ശക്തിയുള്ളവരോ, രാത്രി മാത്രം പുറത്തിറങ്ങുന്നവരോ അല്ലെങ്കിലും അതിജീവിക്കാൻ രക്തം കുടിക്കേണ്ടിവരുന്ന ഒരുകൂട്ടം ആളുകളുണ്ട് ലോകത്തിൽ. അതൊരു മെഡിക്കൽ അവസ്ഥയാണ് എന്നാണവർ സ്വയം ന്യായീകരിക്കുന്നത്. ഇതിനെ റെൻഫീൽഡ്സ് സിൻഡ്രോം എന്ന് വിളിക്കുന്നു. റെൻഫീൽഡ് എന്നത് ബ്രാം സ്റ്റോക്കറുടെ “ഡ്രാക്കുള” യിലെ കഥാപാത്രത്തിന്റെ പേരാണ്. ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുന്നതിനായി, രക്തം കുടിക്കുന്ന പ്രവണതയാണ് ഇത്. ഇതിനായി മനുഷ്യന്റെയോ, മൃഗത്തിന്റെയോ രക്തം അവർ കുടിക്കുന്നു. അതുകൊണ്ട് തന്നെ വാമ്പയർമാർ എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. അറ്റ്ലാന്റ വാമ്പയർ അലയൻസ് പറയുന്നതനുസരിച്ച്, രക്തം കുടിക്കുന്ന 5,000 വാമ്പയർമാർ യുഎസിലുണ്ട്‌. അവരിൽ 50 ഓളം പേർ ന്യൂ ഓർലിയാൻസിലാണ് താമസിക്കുന്നത്.  

സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ തന്നെ ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ആ വ്യക്തികൾക്ക് പലപ്പോഴും ശരീരത്തിലെ ഊർജ്ജം ചോർന്ന് പോകുന്നപോലെ തോന്നും. രക്തം കഴിക്കുന്നത് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് മനസ്സിലാക്കുന്ന അവർ അതൊരു ശീലമാകുന്നു. രക്തം കുടിക്കുമ്പോൾ തങ്ങൾക്ക് ഒരുതരം ഊർജ്ജം ലഭിക്കുന്നുവെന്ന് അവർ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അവർ രക്തം കുടിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് അവർക്ക് രക്തം ആവശ്യമായി വരുന്നതെന്ന് അവർക്കും അറിയില്ല. എന്നാൽ രക്തം കിട്ടിയിലെങ്കിൽ തങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവർ അവകാശപ്പെടുന്നു. എന്നിരുന്നാലും, എല്ലാ വാമ്പയർമാരും അതിജീവനത്തിനായി രക്തത്തെ ആശ്രയിക്കുന്നില്ല.

എങ്ങനെയാണ് ഇവർക്ക് രക്തം ലഭിക്കുന്നത് എന്നത് പലർക്കും ഒരു സംശയമാണ്. ഉറ്റസുഹൃത്തുകൾ ചിലപ്പോൾ സ്നേഹത്തിന്റെ പുറത്ത് ഇവർക്ക് രക്തം നൽകും. മറ്റ് ചിലർ പണത്തിനോ, ലൈംഗിക താൽപ്പര്യങ്ങളുടെ പേരിലോ രക്തം നൽകും. ഇങ്ങനെ രക്തം നൽകുന്നവരെ അവർ ഡോണർ എന്നാണ് വിളിക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം അവർ രക്തം സ്വീകരിക്കുന്നു. മിച്ചമുള്ള രക്തം, പലപ്പോഴും ശീതീകരിക്കുകയും പിന്നീട് ചായ പോലുള്ള മറ്റ് വസ്തുക്കളുമായി കലർത്തി കഴിക്കുകയും ചെയ്യുന്നു. ഈ ശീലമൊഴിച്ചാൽ മിക്കവരും സാധാരണ ജീവിതം നയിക്കുന്നവരാണ്. അതേസമയം വസ്ത്രധാരണത്തിൽ വ്യത്യസ്തത പുലർത്തുന്നവരുമുണ്ട്. യു എസിൽ വളരെ ചെറിയ ഒരു സമൂഹം മാത്രമാണ് ഇങ്ങനെയുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ ഗവേഷണങ്ങളൊന്നും ഈ വിഷയത്തിൽ നടന്നിട്ടില്ല.
 
അപമാനവും, കളിയാക്കലുകളും ഭയന്ന് വാമ്പയർ കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം ആളുകളും തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാരോട് പോലും പറയാൻ മടിക്കുന്നു. ഒരിക്കൽ രക്തം കഴിക്കാതെ നാല് മാസം വരെ പോയെന്നും, ഒടുവിൽ കുറഞ്ഞ ഹൃദയമിടിപ്പോടെ എമർജൻസി റൂമിൽ അവസാനിച്ചുവെന്നും, കൈനേഷ്യ എന്ന സ്ത്രീ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. രക്തം കഴിക്കുന്നത് ഒഴിവാക്കിയ സമയം, എഴുന്നേറ്റു നടന്നപ്പോൾ തലചുറ്റിയെന്നും, മൈഗ്രെയ്ൻ വന്നുവെന്നും, ബോധംകെട്ട് വീണുവെന്നും  അവൾ കൂട്ടിച്ചേർത്തു. അതേസമയം രക്തദാനം യു എസിൽ അനുവദനീയമാണെങ്കിലും, മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം കുടിക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിയമം ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ 5,000 ഡോളർ വരെ പിഴയോ ആണ് ഫലം.  

(ചിത്രത്തിൽ ന്യൂ ഓർലിയൻസ് വാമ്പയർ അസോസിയേഷൻ അംഗങ്ങൾ 2013 -ൽ ഈസ്റ്ററിൽ ഭവനരഹിതർക്ക് ഭക്ഷണം നൽകുന്നു. ഫോട്ടോ: ന്യൂ ഓർലിയൻസ് വാമ്പയർ അസോസിയേഷൻ)


 

Follow Us:
Download App:
  • android
  • ios