Asianet News MalayalamAsianet News Malayalam

വ്യാഴത്തില്‍ ഇറങ്ങിയാല്‍  നിങ്ങള്‍ക്ക് എന്ത് സംഭവിക്കും?

ജോ ജോസഫ് മുതിരേരില്‍ എഴുതുന്നു: നിഗൂഢ ഗ്രഹം ആയ വ്യാഴത്തെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ നിങ്ങള്‍ വ്യാഴത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു എന്ന് കരുതുക. എന്ത് സംഭവിക്കും?

strange facts about planet Jupiter by Joe Joseph Muthiralil
Author
Thiruvananthapuram, First Published Jun 4, 2020, 5:41 PM IST

നിങ്ങള്‍ പിന്നെയും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പ്രഷര്‍ അതി ഭീകരം ആണ്. ഏകദേശം വ്യാഴത്തിന്റെ അകക്കാമ്പിന്റെ അരികില്‍ എത്തി. ഭൂമിയുടേതിനേക്കാള്‍ രണ്ട് ലക്ഷം മടങ്ങ് അന്തരീക്ഷ മര്‍ദ്ദത്തില്‍ ആണ് നിങ്ങള്‍ ഇപ്പോള്‍ ഉള്ളത്. വാതകവും അല്ല, ദ്രാവകവും അല്ലാത്ത അന്തരീക്ഷം. വസ്തുവിന്റെ ഈ പ്രത്യേക അവസ്ഥക്ക് ' സൂപ്പര്‍ ക്രിട്ടിക്കല്‍ ഫ്‌ളൂയിഡ്'എന്ന് പറയും. ചൂട് സൂര്യന്റെ ഉപരിതലത്തിലെ അതേ ചൂട്.

 

strange facts about planet Jupiter by Joe Joseph Muthiralil


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ആണ് വ്യാഴം. ഏതാണ്ട് 1325 ഭൂമി വളരെ ഈസി ആയി വ്യാഴത്തില്‍ ഫിറ്റ് ചെയ്യാം. നിഗൂഢ ഗ്രഹം ആയ വ്യാഴത്തെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ നിങ്ങള്‍ വ്യാഴത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു എന്ന് കരുതുക. എന്ത് സംഭവിക്കും? ചവിട്ടി നില്‍ക്കാന്‍ 'മണ്ണ' ഇല്ലാത്ത വാതക ഭീമന്‍ ആണ് വ്യാഴം. അവിടെ നിങ്ങള്‍ നേരെ താഴേക്കു പോകുമോ? പോകുന്ന വഴിക്ക് എന്തെല്ലാം കാണാം? നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?

ഒരു സാധാ സ്‌പേസ് സൂട്ടും ഇട്ട് നിങ്ങള്‍ ഇറങ്ങിയാല്‍ എന്തു സംഭവിക്കും?  നോക്കണ്ട, നടക്കില്ല. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും ഏകദേശം 3 ലക്ഷം കിലോമീറ്റര്‍ മുകളില്‍ വച്ച് തന്നെ റേഡിയേഷന്‍ അടിച്ചു നിങ്ങള്‍ കരിഞ്ഞു മരിച്ചിട്ടുണ്ടാവും.

പക്ഷെ അത് ബോറല്ലേ! ഒരു സ്‌പെഷ്യല്‍ സ്‌പേസ് സൂട്ട് നിങ്ങള്‍ക്ക് ഉണ്ട്; എന്തായാലും ഇറങ്ങിയിട്ട് തന്നെ കാര്യം എന്ന് വെക്കുക. ഇനിയാണ് രസം! ഏകദേശം ഒരു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ നിങ്ങള്‍ വീണുകൊണ്ടേ ഇരിക്കും. ഭൂമിയില്‍ നിന്നുള്ള ആകാശചാട്ടത്തിന്റെ എത്രയോ ഇരട്ടി വേഗത്തില്‍. കാരണം സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തിയുള്ള ഗ്രാവിറ്റി വ്യാഴത്തിന്റെ ആണ്. ഈ വീഴ്ചയില്‍ നിങ്ങള്‍ക്ക് സൂര്യനെ കാണാം പക്ഷെ ചൂട് അശേഷം ലഭിക്കില്ല. ഏകദേശം 250 കിലോമീറ്റര്‍ താഴെ അമോണിയ മേഘങ്ങള്‍ തീര്‍ത്ത ആവരണം ഉണ്ട് . തണുപ്പ് മൈനസ് 150 ഡിഗ്രി. മണിക്കൂറില്‍ 482 KM വേഗതയില്‍ അടിക്കുന്ന നല്ല വര്‍ണാഭമായ ഭീമന്‍ കൊടുങ്കാറ്റില്‍ പെട്ടിരിക്കുകയാണ് നിങ്ങള്‍ ഇപ്പോള്‍! ഇതിന് കാരണം സ്വന്തം അച്ചുതണ്ടില്‍ ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം വ്യാഴം ആണ്. വ്യാഴത്തിലെ ഒരു ദിവസം ഭൂമിയിലെ 9.30 മണിക്കൂര്‍ ആണ്.

 

........................................

Read more: രതിമൂര്‍ച്ഛ: ആ കഴിവ് മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കും?
 

 

Read more: കോടാനുകോടി വര്‍ഷങ്ങള്‍ കേരളത്തിലൊക്കെ  ഓടിനടന്നിരിക്കാവുന്ന ഒരു ദൈനസോര്‍ 
............................................................

 

ഈ പ്രദേശത്തു നിന്നും ഏകദേശം 120 കിേലാമീറ്റര്‍  കൂടി താഴെ വരെ മാത്രമേ നമ്മുടെ പര്യവേഷണ വാഹനങ്ങള്‍ എത്തിയിട്ടുള്ളു . 1995 ല്‍ നാസ അയച്ച ഗലീലിയോ ഇവിടെ വരെ എത്തി. വ്യാഴത്തിന്റെ ഭീമന്‍ അന്തരീക്ഷ മര്‍ദ്ദത്തില്‍ തവിടുപൊടി ആയി ഈ നരകത്തില്‍ എവിടെയോ അമര്‍ന്നു തൂങ്ങി കിടക്കുന്നു വട്ടം ചുറ്റുന്നുണ്ട് ഇപ്പോഴും.

അറിയാനുള്ള ആഗ്രഹം കൊണ്ട് ഇനിയും താഴേക്ക് നിങ്ങള്‍ ഇറങ്ങി എന്നിരിക്കട്ടെ കൂരാക്കൂരിരുട്ട് നിറഞ്ഞ പ്രദേശത്തേക്ക് ആണ് നിങ്ങള്‍ ഇറങ്ങുന്നത്. ഇടവിട്ട് ഉണ്ടാകുന്ന അതിശക്തമായ മിന്നല്‍ പിണരുകള്‍ മാത്രമായിരിക്കും ഏക വെളിച്ചം. കൂടാതെ അന്തരീക്ഷം വല്ലാതെ ചൂട് പിടിച്ചു വരുന്നു. മര്‍ദ്ദം ഭൂമിയെക്കാള്‍ 1000 മടങ്ങ്. മറിയാനാ ട്രെഞ്ചില്‍ ഇറങ്ങാന്‍ ഉപയോഗിച്ച അന്തര്‍വാഹിനിയുടെ അത്ര കട്ടി ഉള്ള സ്‌പേസ് സൂട്ട് ഇല്ലെങ്കില്‍ നിങ്ങളുടെ കാര്യം തവിടു പൊടി . പക്ഷെ നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ സൂട്ട് ഉണ്ടല്ലോ - കാര്യങ്ങള്‍ എളുപ്പമായി.

ഇപ്പോള്‍ നിങ്ങള്‍ 12 മണിക്കൂറായി താഴേക്ക് വീണുകൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍ ഇനി വീട്ടില്‍ ഉള്ളവരെ വിളിച്ച് നിങ്ങള്‍ ഇവിടെ എത്തിയ കാര്യം അറിയിക്കാം എന്ന് കരുതുക- നടക്കില്ല. വ്യാഴത്തിന്റെ അന്തരീക്ഷം എല്ലാ റേഡിയോ സിഗ്‌നലുകളും വിഴുങ്ങും ഒന്നും പുറത്തു വിടില്ല.

നിങ്ങള്‍ പിന്നെയും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പ്രഷര്‍ അതി ഭീകരം ആണ്. ഏകദേശം വ്യാഴത്തിന്റെ അകക്കാമ്പിന്റെ അരികില്‍ എത്തി. ഭൂമിയുടേതിനേക്കാള്‍ രണ്ട് ലക്ഷം മടങ്ങ് അന്തരീക്ഷ മര്‍ദ്ദത്തില്‍ ആണ് നിങ്ങള്‍ ഇപ്പോള്‍ ഉള്ളത്. വാതകവും അല്ല, ദ്രാവകവും അല്ലാത്ത അന്തരീക്ഷം. വസ്തുവിന്റെ ഈ പ്രത്യേക അവസ്ഥക്ക് ' സൂപ്പര്‍ ക്രിട്ടിക്കല്‍ ഫ്‌ളൂയിഡ്'എന്ന് പറയും. ചൂട് സൂര്യന്റെ ഉപരിതലത്തിലെ അതേ ചൂട്.

ഇനിയും താഴേക്ക് തന്നെ പോകാം. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സംഗതി ആണ് പ്രപഞ്ചത്തിലെ ഏറ്റവും അപൂര്‍വ്വ- നിഗൂഢ സാധനം- 'മെറ്റാലിക് ഹൈഡ്രജന്‍.' ഹൈഡ്രജന്‍ പ്രഷര്‍ കൊണ്ട് മെറ്റല്‍ ആയിരിക്കുകയാണ്. സൂപ്പര്‍ ഗ്ലു നിറച്ച സ്വിമ്മിങ് പൂളില്‍ ചാടിയ അവസ്ഥയില്‍ ആയിരിക്കും നിങ്ങള്‍. രക്ഷപ്പെടാന്‍ അശേഷം സാധ്യത ഇല്ല.

പക്ഷെ നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ സൂട്ട് ഉണ്ട്. എങ്ങനെ ഒക്കെയോ രക്ഷപ്പെട്ട നിങ്ങള്‍ ആകാംക്ഷകൊണ്ട് പിന്നെയും 1000 ഓളം കിലോമീറ്റര്‍ പിന്നെയും താഴേക്ക് പോയി. അതാ കാണുന്നു, അതിഭീമന്‍ മര്‍ദ്ദം കൊണ്ട് കട്ടിയായ വ്യാഴത്തിന്റെ അകകാമ്പ് (കോര്‍ ). തൃപ്തനായ നിങ്ങള്‍ക്ക് എങ്ങനെയും തിരികെ ഭൂമിയിലേക്ക് പോകണം.

പക്ഷെ കുടുങ്ങി സഹോ. ഈ പ്രഷറില്‍ നിന്ന് നിങ്ങളെ പുറത്തേക്ക് എത്തിക്കാന്‍ ശക്തി ഉള്ള യാതൊന്നും പ്രപഞ്ചത്തില്‍ ഇല്ല. നിങ്ങളെ ഒരു കയര്‍കൊണ്ട് കെട്ടി മറ്റേ അറ്റം ഭൂമിയില്‍ കെട്ടി വലിച്ചാലും രക്ഷയില്ല. എന്നെന്നേക്കുമായി അവിടെ അങ്ങനെ. അതാണ് വിധി. നോക്കി ഇറങ്ങേണ്ട ഇവിടെയൊക്കെ!

Follow Us:
Download App:
  • android
  • ios