Asianet News MalayalamAsianet News Malayalam

പിറന്നാള്‍ കേക്ക് മുറിക്കാന്‍ പപ്പയെ കാത്തിരുന്ന മകനോടാണ് 'പപ്പ മരിച്ചു'എന്ന് പറയേണ്ടി വന്നത്! 

കാന്‍സറുമായുള്ള പോരാട്ടത്തിനിടെ വിടപറഞ്ഞ പ്രിയതമനായി അസാധാരണ ഓര്‍മ്മപ്പുസ്തകം തയ്യാറാക്കിയ ഭാര്യയുടെ അനുഭവക്കുറിപ്പ്. ഡോ. ഷാനു എഴുതുന്നു

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal
Author
First Published Oct 27, 2022, 5:43 PM IST

ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് വെച്ച്, അത്ര സാധാരണമല്ലാത്ത ഒരു പുസ്തകത്തിന്റെ പ്രകാശനം നടന്നു. കാന്‍സര്‍ രോഗവുമായുള്ള പോരാട്ടത്തിനിടയില്‍, 2021 ഒക്‌ടോബര്‍ 17-ന് അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയതമനു വേണ്ടി ഭാര്യ തയ്യാറാക്കിയ ഓര്‍മ്മപ്പുസ്തകം. വ്യവസായ, വാണിജ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരിക്കെ, 39-ാം വയസ്സില്‍ പൊടുന്നനെ വിടപറഞ്ഞ ഭര്‍ത്താവ്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പാറക്കടവ് സ്വദേശി ഷൈജല്‍ പി.കെ.സിയുടെ ഓര്‍മ്മയ്ക്കായാണ് ഭാര്യ ഡോ. ഷാനു കമനീയമായ ഈ കോഫിടേബിള്‍ പുസ്തകം ഒരുക്കിയത്. ഭര്‍ത്താവുമായി പല നിലയ്ക്ക് അടുപ്പങ്ങളുണ്ടായിരുന്ന 169 പേരുടെ ഓര്‍മ്മകള്‍ സമാഹരിച്ചാണ്, ഡോ. ഷാനു, 'ഷൈജല്‍ 1981-2021' എന്ന ശീര്‍ഷകത്തിലുള്ള 250 പേജുള്ള പുസ്തകം തയ്യാറാക്കിയത്.  

തികച്ചും വ്യക്തിപരമായ കുറിപ്പുകളുടെ സമാഹാരമാണെങ്കിലും, അര്‍ബുദരോഗത്തിന് എതിരായ സര്‍വതലസ്പര്‍ശിയായ പോരാട്ടങ്ങളുടെ പൊതുപശ്ചാത്തലത്തിലാണ്, പരിമിതമായ കോപ്പികളുമായി ഇറങ്ങിയ ഈ പുസ്തകം സ്വീകരിക്കപ്പെട്ടത്. ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്ത്, പൊടുന്നനെ മാഞ്ഞുപോയ ഒരാള്‍ക്കുവേണ്ടി ജീവിതപങ്കാളി ഒരുക്കിയ ഈ പുസ്തകത്തെക്കുറിച്ചുള്ള വീഡിയോകള്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഷൈജലിന്റെ ഒന്നാം ഓര്‍മ്മദിനത്തില്‍, കോഴിക്കോട് നടന്ന അനുസ്മരണ പരിപാടിയില്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും സജീവമായ ചര്‍ച്ച നടന്നു. 

പുസ്തകത്തിന് ആമുഖമായി ഡോ. ഷാനു എഴുതിയ, ജീവിതവും മരണവും രോഗത്തിന് എതിരായ അതിജീവനപോരാട്ടങ്ങളും വിശദമായി പ്രതിപാദിക്കുന്ന ആമുഖ കുറിപ്പ് രണ്ട് ഭാഗങ്ങളായി ഇവിടെ വായിക്കാം. 

(ഷൈജല്‍ ഓര്‍മ്മപ്പുസ്തകം വാങ്ങാനുള്ള നമ്പര്‍: 80759 09485)

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

Also Read : അവസാന ഭാഗം: ജീവിതത്തിലാദ്യമായി, ഞാനെന്റെ മക്കളെക്കുറിച്ച് ആലോചിച്ച് ഭയക്കാന്‍ തുടങ്ങി...
 


രണ്ട് ഇടനാഴികള്‍

ഓര്‍മ്മയുടെ അങ്ങേത്തലയ്ക്കല്‍ ഒരിടനാഴിയാണ്; ഇങ്ങേയറ്റത്തും. ആദ്യത്തേത് ഒരു ഹോസ്റ്റലിന്റെ ഇടനാഴി. രണ്ടാമത്തേത് ഒരു ഹോസ്പിറ്റലിന്റെയും. ആ രണ്ട് ഇടനാഴികള്‍ക്കുമിടയില്‍ നീണ്ട ഓര്‍മ്മകളുണ്ട്, സമയകാലങ്ങളുണ്ട്, ഒരായുഷ്‌കാലവും. ഇപ്പോഴാലോചിക്കുമ്പോള്‍ അറിയാം, ജീവിതമെന്ന് ഉറപ്പിച്ചു വിളിക്കാനാവുന്നത്, ആ രണ്ടു ഇടനാഴികള്‍ക്കുമിടയില്‍ നടന്ന കാലങ്ങള്‍ തന്നെയാണ്.

ആദ്യ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഞാനൊരു വിദ്യാര്‍ത്ഥിനി ആയിരുന്നു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു പ്ലസ് വണ്‍ പെണ്‍കുട്ടി. വായിച്ച പുസ്തകങ്ങളും, കേട്ട കഥകളും, കണ്ട സിനിമകളുമെല്ലാം തന്ന അറിവുകള്‍ ഞെക്കിപ്പിഴിഞ്ഞ് ഉറയൊഴിച്ചു വെച്ചാല്‍ അതാണ് ജീവിതമെന്നു കരുതിയിരുന്ന കാലം. ജീവിച്ചു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ക്ലാസിലൂടെയും സ്‌കൂളില്‍ കാണുന്ന മനുഷ്യരിലൂടെയും പുതിയ ലോകങ്ങള്‍ അറിഞ്ഞു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളും കരുതുന്നതുപോലെ, ഞാനും തൊട്ടുമുന്നില്‍ വരാനിരിക്കുന്ന ആവേശഭരിതമായ ഒരു ജീവിതത്തെക്കുറിച്ച് അനന്തമായി സങ്കല്‍പ്പിക്കുമായിരുന്നു. എല്ലാ അനിശ്ചിതത്വങ്ങളോടെയും പ്രവചനാതീതമായും ആ ജീവിതം മുന്നിലിങ്ങനെ കടലുപോലെ  നിവര്‍ന്നുകിടക്കുന്നുണ്ടായിരുന്നു.

രണ്ടാമത്തെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ മുതിര്‍ന്നൊരു സ്ത്രീയായിരുന്നു. ദയാപുരം ഹോസ്റ്റലില്‍നിന്നും മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ് ചെയ്താലെത്തുന്ന കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ തണുപ്പുള്ളൊരു  ഇടനാഴി. ആ ഇടനാഴിക്ക് തൊട്ടടുത്ത മുറിയില്‍, ഒരു പാതിരയ്ക്ക് തണുത്തുറഞ്ഞു കിടക്കുന്ന പ്രിയപ്പെട്ടവനുമുന്നില്‍, ലോകം അസ്തമിച്ചതിന്റെ മരവിപ്പും ആധിയും വിറയലുമായി, ഒരു കരച്ചിലില്‍നിന്നും മറ്റൊന്നിലേക്ക് അകമേ മുറിഞ്ഞുവീണുകൊണ്ടേയിരിക്കുകയായിരുന്നു, പുറമേ ഉറഞ്ഞുപോയ അഗ്നിപര്‍വ്വതം പോലെയുള്ള ഞാന്‍. കണ്ണുകളില്‍ പ്രതീക്ഷ നിറച്ച ആ പഴയ പെണ്‍കുട്ടിയുടെ സ്ഥാനത്ത്, ആ ഇടനാഴിക്കപ്പുറം ലോകം പിഞ്ഞിപ്പറിഞ്ഞു കിടക്കുന്നത് മാത്രം കാണുന്ന ഒരുവളായിരുന്നു. പപ്പ പോവുക എന്നതിന്റെ അര്‍ത്ഥം അതിന്റെ എല്ലാ ആഴത്തിലും അറിയാന്‍ പ്രായമാവാത്ത രണ്ടു കുഞ്ഞുങ്ങള്‍ അവളുടെ കൈകളില്‍ ചേര്‍ന്നും ഊര്‍ന്നും നില്‍ക്കുന്നുണ്ടായിരുന്നു. പത്താമത്തെ പിറന്നാള്‍ കേക്ക് മുറിക്കാന്‍ പപ്പയെത്തും എന്ന് കാത്തിരുന്ന മൂത്ത മകനോടാണ് നിര്‍വികാരതയെന്നോ നിസ്സംഗതയെന്നോ പറയാവുന്നൊരു ഭാഷയില്‍ അവള്‍ക്ക് 'പപ്പ മരിച്ചു' എന്ന് പറയേണ്ടി വന്നത്. 

ഇതേ ആശുപത്രിയുടെ ഇതേ വരാന്തയില്‍ കൃത്യം പത്തു വര്‍ഷം മുമ്പ്, അവള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കിടക്കുമ്പോള്‍ അവനെ ആദ്യമായി ഏറ്റുവാങ്ങിയ അവന്റെ പപ്പ. കേട്ടതെന്താണെന്ന് മനസിലാക്കിക്കൊടുക്കാന്‍ ഒരു ഗൂഗിളിനുമാവാത്ത നിസ്സഹായതയില്‍ പെട്ടുഴലുന്ന ആറു വയസുകാരിയുടെ അടുത്ത് നിന്ന് സെന്‍, ഞങ്ങളുടെ പിറന്നാള്‍ക്കുട്ടി ഉച്ചത്തില്‍ കരഞ്ഞു. നെഞ്ചു പിളര്‍ന്ന് തൊട്ടരികെ നിന്ന ഞാനത് നോക്കാതിരിക്കാന്‍ പാടുപെട്ട്, പരമാവധി കനത്തില്‍ മറ്റെന്തിലേക്കോ ശ്രദ്ധയൂന്നാന്‍ ശ്രമിച്ചു. അല്‍പ്പം കഴിഞ്ഞ്, ഒരുപാടു കാലം നിറസന്തോഷത്തോടെ യാത്രചെയ്ത അതേ പാതയിലൂടെ, മഹാദുരന്തത്തിന്റെ സൈറണുമായി ഒരാംബുലന്‍സ് പോയിക്കൊണ്ടിരുന്നു. ഷേല്‍ക്കയോടൊത്തുള്ള അവസാന യാത്ര. തലേന്ന് വരെ ജീവിതം ത്രസിച്ചുനിന്നൊരു വീട് പെട്ടെന്ന് മരണവീടാവുകയും ഒരു പാടു മനുഷ്യര്‍ നിറഞ്ഞ കണ്ണുകളോടെ വന്നു മടങ്ങുകയും ചെയ്തു. തൊട്ടടുത്തുള്ള, മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പറമ്പിലെ, പുതുമണ്ണു മണക്കുന്നൊരു ഖബര്‍ ഒട്ടും വൈകാതെ  എല്ലാ സ്വപ്നങ്ങളെയും അടക്കം ചെയ്ത് മണ്ണിട്ടു മൂടി.

ജീവിതത്തില്‍നിന്നുള്ള മരണത്തിലേക്കുള്ള ദൂരം. ഒരായുഷ്‌കാലത്തിന്റെ ദൂരം. തുടക്കത്തില്‍ പറഞ്ഞ ആദ്യത്തെയും രണ്ടാമത്തെയും ഇടനാഴികള്‍ക്ക് ഇടയിലുണ്ടായിരുന്നത് അതു മാത്രമായിരുന്നുവെന്ന് ഇപ്പോള്‍ ഞാനറിയുന്നു.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

പ്രണയം, വിവാഹം

ഷേല്‍ക്ക. ആദ്യ ഇടനാഴിയുടെ കരയിലെ ചെറിയ ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് ആ പേരാദ്യം കേള്‍ക്കുന്നത്. മുറിയില്‍ രണ്ടു പേരായിരുന്നു. ഒന്നു ഞാന്‍, മറ്റേത് സബീല. അവള്‍ കുറ്റ്യാടിക്കാരിയായിരുന്നു. എന്റെ വീട് അതിനു തൊട്ടടുത്താണെങ്കിലും, യാദൃശ്ചികതയുടെ എല്ലാ സവിശേഷതകളോടെയും ഞാന്‍ ഹോസ്റ്റല്‍വാസിയാവുകയായിരുന്നു. സബീലയുടെ പ്രിയപ്പെട്ട കസിനായിരുന്നു ഷേല്‍ക്ക. അവളെ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതും കൊണ്ടുപോവുന്നതുമെല്ലാം ഷേല്‍ക്കയാണ്. മനോഹരമായ കത്തുകള്‍ അവള്‍ക്കെഴുതുമായിരുന്ന ആ ഇക്കയെ അവള്‍ പറഞ്ഞിട്ടാണ് ഞാനറിയുന്നത്. പ്ലസ് ടു കഴിഞ്ഞു പോവുന്നതുവരെ, ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലെങ്കിലും, അവള്‍ പറഞ്ഞത്കേട്ട് ആ മനുഷ്യന്‍ അത്രമേല്‍്ര ചിരപരിചിതനായി മാറിയിരുന്നു.

പ്ലസ് ടു കഴിഞ്ഞ് എല്ലാവരെയും പോലെ എന്‍ട്രന്‍സ് പരീക്ഷണങ്ങള്‍. സബീല കണ്ണൂര്‍ ഗവ. എഞ്ചി. കോളജില്‍ ചേര്‍ന്നു. ഞാന്‍ തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിലും. നാട്ടിലേക്കും കോളജിലേക്കുമായുള്ള തീവണ്ടിയോട്ടങ്ങള്‍. തിരുവനന്തപുരത്തേക്ക് വണ്ടി പിടിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടുന്നതിനിടെ, എന്റെ വാപ്പിച്ചിയുടെ മരണം കഴിഞ്ഞ് അടുത്ത ദിവസങ്ങളിലൊന്നില്‍, ജനുവരിയില്‍, ഉപ്പായ്ക്കൊപ്പം, കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ടോപ് ഫോം ഹോട്ടലില്‍ കയറുന്നു. അവിടത്തെ കോണിയിറങ്ങിവരുന്ന ആളെ ഒറ്റയടിക്ക് ഞാന്‍ തിരിച്ചറിഞ്ഞു.

''നിങ്ങള്‍ സെബിലേടെ ഇക്കാക്കയല്ലേ...''-അന്നത്തെ പെണ്‍കുട്ടിക്ക് സ്വാഭാവികമായിരുന്നു ആ ചോദ്യം.

''അതെ, നിങ്ങളാരായിരുന്നു ...?''

''ഞാന്‍ ഷാനു. അവളുടെ റൂം മേറ്റ്''

''അറിയാം. മനസ്സിലായി. ''

ഉപ്പാനെ നോക്കി ആ ആള്‍ ചിരിക്കുന്നു. മടങ്ങുന്നു.

സബീലയുടെ കൈയില്‍നിന്നും ആ ഫോട്ടോ പല വട്ടം കണ്ട പരിചയം എനിക്കും എന്റെ ഫോട്ടോ കണ്ട പരിചയം ഷേല്‍ക്കക്കുമുള്ളതിനാലാണ് ഒരിക്കലും കണ്ടില്ലെങ്കിലും ആ രണ്ടു മനുഷ്യര്‍ പരസ്പരം തിരിച്ചറിഞ്ഞത്.

അന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോള്‍, ഒരു എസ് എം എസ്. 'സബീലയുടെ കസിന്‍ ഷൈജലാണ്, അവളോട് നമ്പര്‍ വാങ്ങിയതാണ്. കാണാനിടയായതില്‍ സന്തോഷം' എന്നു പറഞ്ഞുള്ള ആ മെസേജിന് അതേ സാധാരണത്വത്തോടെ മറുപടി അയച്ചു. അതു കഴിഞ്ഞ് പിറ്റേന്നും എന്തോ എസ് എം എസ് വന്നു. അതിനും മറുപടി പോയി. പതിയെ എസ് എം എസുകള്‍ പതിവായി.

അന്ന് ബി പി എല്ലിന് 1000 മെസേജുകളുടെ ഒരു ഓഫര്‍ ഉണ്ടായിരുന്നു. ഞാനാണെങ്കില്‍, കൂടെ പഠിച്ച എല്ലാവര്‍ക്കും നിരത്തി മൈസേജ് അയക്കുന്ന കാലം. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി ആയി. മെസേജുകള്‍ പതിവായി.

ഒരു ദിവസം വൈകുന്നേരം അറിയാത്ത ഒരു നമ്പറില്‍നിന്നും ഒരു കോള്‍ വന്നു, എന്നെ എന്തോ പറഞ്ഞ് പറ്റിച്ച് പൊട്ടിച്ചിരിയോടെ. അത് ഷേല്‍ക്കയാണെന്ന് മനസ്സിലായി. മൂന്ന് മാസത്തേക്ക് ബിപിഎല്‍ ടു ബി പി എല്‍ ഫ്രീ ആയി വിളിക്കാനുള്ളൊരു ഓഫറുണ്ട്. ആ ഓഫര്‍ കഴിയുന്നതുവരെ ആരെയും വിളിക്കാം എന്നു പറഞ്ഞായിരുന്നു ആ കോള്‍ കട്ട് ചെയ്തത്. പിന്നെപ്പിന്നെ ആ നമ്പറില്‍നിന്നുള്ള കോളുകള്‍ സാധാരണമായി. മൂന്നു മാസം തീരുന്നതിനു തലേന്ന്, തമാശയോടെ ചോദിച്ചു, 'അല്ല ഓഫര്‍ തീര്‍ന്നില്ലേ, അപ്പോള്‍ ഇനി വിളി നിര്‍ത്തുമല്ലോ ല്ലേ' എന്ന്. അതേ തമാശയോടെ 'അതെ' എന്ന് ഷേല്‍്രക്കയും.

പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് എനിക്ക്  ഒരു മെസേജ് വന്നു. 'എന്തു കൊണ്ടാണെന്നറിയില്ല, വിളിക്കാതിരിക്കാന്‍ പറ്റുന്നില്ല' എന്നൊക്കെ തുടങ്ങുന്ന ഒരു മെസേജ്. പില്‍ക്കാലം മുഴുവന്‍ ഷേല്‍ക്കയെ കളിയാക്കാനുള്ള ഒരു വടിയായിരുന്നു അത് എന്ന് ഷേല്‍ക്ക അന്ന് അറിഞ്ഞിരുന്നില്ല!

അന്നു മുതല്‍ ആ മെസേജും പറഞ്ഞ് തമാശയാക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രാവശ്യവും ഞാനത് പറയുമ്പോഴൊക്കെയും ഷേല്‍ക്ക പഴയതുപോലെ പ്രണയാര്‍ദ്രമായി. കാലമെത്ര കഴിഞ്ഞിട്ടും അതില്‍ മാത്രം ഷേല്‍ക്ക വീഴുമായിരുന്നു, നിരായുധനായി.

അന്ന് ഓഫര്‍ തീര്‍ന്നിട്ടും കോള്‍ നിന്നില്ല. മെസേജുകളും. അത് പിന്നീട് പ്രണയമായി മാറി. ആ പ്രണയം വിവാഹമായും. 2007 ഒക്ടോബറില്‍ പെണ്ണുകാണല്‍ ചടങ്ങ്. അടുത്ത മാസം നവംബര്‍ 17-ന് നിക്കാഹ്. അതും കഴിഞ്ഞ് 2009 ജുലൈ 12-ന് വിവാഹം. കല്യാണം കഴിഞ്ഞിട്ടും കോഴ്സ് തീര്‍ന്നിരുന്നില്ല, ഹൗസ് സര്‍ജന്‍സി ബാക്കിയുണ്ടായിരുന്നു. ഏറ്റവും വര്‍ണ്ണാഭമായിരുന്നു ആ നാളുകള്‍. ഷേല്‍ക്ക തിരുവനന്തപുരത്ത് വരും, ആ നഗരവും ഗൃഹാതുരമായി.

കോഴ്സ് കഴിഞ്ഞപ്പോള്‍ കുറ്റ്യാടിയിലെ ഷേല്‍ക്കയുടെ വീട്ടിലേക്ക് മടങ്ങി. 2010 ഏപ്രിലില്‍, ഷേല്‍ക്കയുടെ വീടിനടുതുള്ള പാലേരിയില്‍ കരുണ ഹോമിയോ ക്ലിനിക്ക് തുടങ്ങി. അങ്ങനെ, ഔദ്യോഗികമായി ഡോക്ടര്‍ സേവനം തുടങ്ങി. പിറ്റേ വര്‍ഷം ഒക്ടോബര്‍ 17-ന് മോന്‍ പിറന്നു, നാലു വര്‍ഷം കഴിഞ്ഞ് മോളും.

അമ്മാവന്‍ എ കെ അഹമ്മദ് സാഹിബിന്റെ ഐഡിയല്‍ ഗോള്‍ഡിലാണ് ഷേല്‍ക്ക ജോലി തുടങ്ങിയതും ബിസിനസ് പഠിച്ചതും. പിന്നീട് സ്വന്തമായി  ബിസിനസിലേക്ക് പതുക്കെ ഇറങ്ങി. , 2010-ഫെബ്രുവരിയില്‍ പാര്‍ട്‌നറോടൊപ്പം സ്വന്തമായി സ്ഥാപനം തുടങ്ങി. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. നിരന്തര യാത്രകള്‍. കൊല്‍ക്കത്തക്കാരന്‍ റംസാന്‍ ആയിരുന്നു പാര്‍ട്ണര്‍. അദ്ദേഹത്തോടും കൂട്ടരോടും ഹിന്ദി സംസാരിക്കാനൊക്കെ എന്നെയും കൂടെ കൊണ്ടുപോവും. പുലര്‍ച്ചെ രണ്ട് മൂന്ന് മണിവരെയൊക്കെ കോഴിക്കോട് ഷേല്‍ക്കാന്റെ കൂടെതന്നെ നിന്നായിരുന്നു സ്ഥാപനത്തിന്റെ പണികളൊക്കെ എടുപ്പിച്ചത്. ഞാന്‍ കൂടെ വന്നില്ലെങ്കില്‍ ഷേല്‍ക്ക തിന്നാനും കുടിക്കാനും വരെ വിട്ടുപോകും. അതിനാല്‍, ഒരുമിച്ചാണ് അന്ന് എല്ലാ കാര്യങ്ങളും ചെയ്തത്. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ആ സ്ഥാപനമായിരുന്നു എന്ന് പറയുമായിരുന്നു.  അവിടെ വര്‍ക്ക് കൂടി വരുന്നതും പുതിയ പാര്‍ട്ടി വരുന്നതും പുതിയ മെഷീന്‍ വരുന്നതും പുതിയ ഐറ്റം ഇറങ്ങുന്നതും തുടങ്ങി എല്ലാം ഞങ്ങളൊരുമിച്ചു ആസ്വദിച്ചാനന്ദിച്ചു.

അതൊരു നല്ല തുടക്കമായിരുന്നു. പിന്നീട് വിവിധ സംരംഭങ്ങള്‍. പല ബിസിനസ് പങ്കാളിത്തങ്ങള്‍. ഗോള്‍ഡ് ബിസിനസിനൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്റ്റോറന്റും ഒക്കെ വന്നു. ഗള്‍ഫിലും നാട്ടിലും ബാംഗ്ലൂരിലും ഒക്കെയായി വിവിധ ബിസിനസുകള്‍. തൊട്ടതെല്ലാം പൊന്നാവുക മാത്രമായിരുന്നില്ല, തിരിച്ചടികളും ഉണ്ടായിരുന്നു. 'ഷോക്ക് അബ്സോര്‍ബര്‍ പോലെയാണ് നീയെന്റെ സ്ട്രെസ് ഏറ്റുവാങ്ങുന്നത്' എന്ന് പറയുമായിരുന്നു.

എല്ലാ ശ്രദ്ധയും ബിസിനസിലേക്ക് മാറിയതോടെ തിരക്കുകള്‍ വല്ലാതെ കൂടി. നിരന്തര യാത്രകള്‍ വേണ്ടിവന്നു. ഇവിടെയുള്ളപ്പോള്‍ മാത്രമാണ് അന്ന് കുട്ടികള്‍ക്ക് കാണാന്‍ കിട്ടിയിരുന്നത്. ഷേല്‍ക്ക യാത്രകളിലായ സമയത്ത്, കുട്ടികളുടെ കാര്യവും നഗരത്തിലെ ക്ലിനിക്കുകളിലുള്ള ജോലികളുമായി  ഞാനും തിരക്കുകളിലായി. പിന്നെ ഒന്നിച്ചുള്ള യാത്രകള്‍ കുറേ വന്നു. ആ യാത്രകള്‍ ജീവിതത്തിന് നിറങ്ങളും നിറവുമേകി.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കാലത്തെ ഒന്നിച്ചിരിപ്പ്

അങ്ങനെയിരിക്കെ വന്നു, കൊവിഡ്. ഒരൊറ്റ വൈറസിനാല്‍ ലോകം നിശ്ചലമായി. അടുപ്പമല്ല, അകലമാണ് ആയുസ്സിന്റെ മന്ത്രമെന്നു വന്നു. ലോകമാകെ അടച്ചുപൂട്ടപ്പെട്ടു. രാജ്യങ്ങള്‍ക്കു മാത്രമായിരുന്നില്ല,  മനുഷ്യര്‍ക്കും വീടുകള്‍ക്കും നാടുകള്‍ക്കും ഇടയിലൊക്കെ അതിര്‍ത്തികള്‍ ഉയര്‍ന്നുവന്നു.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നു. അതോടെ ഷേല്‍ക്കയുടെ യാത്രകള്‍ മുടങ്ങി. ഫാക്ടറി പ്രവര്‍ത്തന രഹിതമായി. സദാസമയവും ഫ്ളാറ്റില്‍ തന്നെയായി. ഞങ്ങള്‍ ഏറെക്കാലത്തിനു ശേഷം, ഏറ്റവും സന്തോഷത്തോടെ ഒരുമിച്ചു തന്നെ കഴിഞ്ഞ നാളുകളായിരുന്നു അത്. ഞങ്ങള്‍ നാലുപേരായി, കുടുംബമെന്ന ഒറ്റവാക്കായി. ഒരേ ബെഡ്ഡില്‍ ഒറ്റപ്പുതപ്പിനുള്ളില്‍ സ്നേഹച്ചൂടില്‍  കുളിരണിഞ്ഞു.

കുട്ടികളുമായൊന്നും അധികം ഇടപഴകാന്‍ സമയമുണ്ടായിരുന്നില്ല, അതുവരെ. വീട്ടിലായതോടെ അവസ്ഥ മാറി. അവരൊക്കെ പപ്പയില്‍ ഒട്ടിനിന്നു. കുട്ടികള്‍ക്ക് എല്ലാറ്റിനും പപ്പ വേണം. അവരെ കാണാതെ ഷേല്‍ക്കാക്കും നില്‍ക്കാന്‍ പറ്റില്ല. കളിയും ചിരിയും തമാശകളും ഒടിടി സിനിമകളും നടത്തങ്ങളും പാചക പരീക്ഷണങ്ങളും ഒക്കെയായി ജീവിതം ലൈവായി. ഷേല്‍ക്കയും കുട്ടികളും കൂടി അവരുടേതായ ലോകങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്ത് ഡിനോസറുകള്‍ മുതല്‍ സലിം കുമാറിന്റെ തമാശകള്‍ വരെയുണ്ടായിരുന്നു. പപ്പയുടെ കുട്ടിക്കാലത്തെ കഥകളും വീരകഥകളുമെല്ലാം കേട്ട് അവര്‍ തലകുത്തി നിന്നു ചിരിച്ചു. ഞങ്ങളൊരുമിച്ചിരുന്ന് ആ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിശാലമായ ആകാശവും അതിനപ്പുറത്തെ കടല്‍പ്പരപ്പും നോക്കി അതിനേക്കാള്‍ മനോഹരങ്ങളായ സ്വപനങ്ങള്‍ നെയ്തു. പുതിയ വീടും ഇനി പോവാനുള്ള യാത്രകളും നിറഞ്ഞ മധുരസ്വപ്നങ്ങള്‍.

ബിസിനസ് സ്വപ്നങ്ങള്‍ക്കൊപ്പം ഫാമിലിയുമായി ബന്ധപ്പെട്ട സ്വപ്നങ്ങളിലേക്ക് ഷേല്‍ക്ക വല്ലാതെ മാറിയ കാലമായിരുന്നു അത്. ലോക്ക്ഡൗണ്‍ മാറിയാല്‍ പോവേണ്ട രാജ്യങ്ങള്‍ ഏതാക്കെ, അവിടെ കാണേണ്ട കാഴ്ചകള്‍ ഏതൊക്കെ എന്നൊക്കെ പ്ലാന്‍ ചെയ്തു തുടങ്ങി. 2020 -ജനുവരിയില്‍ സുഹൃത്ത് ഖല്‍ദൂന്റെ കുടുംബവും ഞങ്ങളും കൂടെ തായ്ലാന്റ് യാത്ര നടത്തി. ഷേല്‍ക്കയ്ക്കൊപ്പം ഞങ്ങള്‍ നടത്തിയ അവസാന വിദേശ യാത്രയാവും അതെന്ന് ഓര്‍ക്കാതെ, അടുത്ത യാത്രയ്ക്കുള്ള പദ്ധതികളുമായി പൊട്ടിച്ചിരികളോടെ ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി.

കൊവിഡ് റിലാക്സേഷന്‍ വന്നതോടെ പതിയെ ബിസിനസ് തിരക്കുകളിലേക്ക് മടങ്ങാന്‍ തുടങ്ങി ഷേല്‍ക്ക. പക്ഷേ, മുമ്പത്തെ പോലെയായിരുന്നില്ല അത്. കുട്ടികള്‍ക്ക് കൂടുതല്‍ സമയം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതുപോലെ, കുട്ടികളുമായി ചേര്‍ന്ന് പുതിയ വീട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആലോചിക്കാന്‍ തുടങ്ങി. 'ഡിനോസര്‍ വീട്' പോലുള്ള വിചിത്രമായ ഐഡിയകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതിനെയൊക്കെ കളിയാക്കി, ഞങ്ങള്‍ക്ക് പില്‍ക്കാലം സന്തോഷത്തോടെ കഴിയാനുള്ള വീട് എന്ന പദ്ധതിക്കായുള്ള പ്ലാന്‍ ഷേല്‍ക്ക മനസ്സില്‍ വരഞ്ഞു തുടങ്ങി. പിന്നീട്, ആര്‍ക്കിടെക്റ്റ് ജോസ്മോനോട് സംസാരിച്ചതും മനസ്സിലുണ്ടായിരുന്ന ആ പ്ലാനിനെ കുറിച്ചായിരുന്നു. രോഗം വരികയും തളരുകയും ചെയ്തപ്പോഴും വീട് എന്ന ആഗ്രഹവുമായി മുന്നോട്ടു പോയിരുന്നു ഷേല്‍ക്ക. രോഗത്തെ അതിജീവിക്കാനാവുമെന്ന പ്രതീക്ഷ പതിയെ ഇല്ലാതാവുന്ന നേരത്ത്, പെട്ടെന്നു തന്നെ വീടുണ്ടാക്കണം എന്നു പറഞ്ഞ് ഇറങ്ങിയെങ്കിലും ദൈവം നല്‍കിയ ഖജനാവില്‍ സമയം തീര്‍ന്നിരുന്നു. 'നിങ്ങള്‍ ഒന്നുമല്ലാതാവില്ല' എന്ന് അവസാന സമയങ്ങളില്‍ ഷേല്‍ക്ക ആവര്‍ത്തിച്ചിരുന്നു. ''ഒന്നും പേടിക്കേണ്ട. എനിക്ക് എന്തു പറ്റിയാലും ഇക്കാക്ക നോക്കും നിന്നെയും മക്കളെയും' എന്നായിരുന്നു പറയുക. തന്നെ മകനെ പോലെ സ്നേഹിക്കുന്ന അമ്മാവന്‍ എ കെ സാഹിബിനെ കുറിച്ചായിരുന്നു ആ പറച്ചില്‍. ഷേല്‍ക്കയുടെ വസിയത്ത് കുറിപ്പ് എ കെയെ ഏല്‍പ്പിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഷേല്‍ക്കയുടെ ലീഗല്‍ അഡ്വസൈര്‍ അഡ്വ. രാജീവ് ലക്ഷമണന്‍ പിന്നീട് അറിയിച്ചപ്പോഴാണ് അതിന്റെ പൊരുള്‍ മനസ്സിലായത്.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

അവസ്ഥകള്‍ മാറുന്നു

ലോകമാകെ ഭീതിയും ആധിയും പടര്‍ത്തിയെങ്കിലും കൊവിഡ് കാലം ഷേല്‍ക്കയുടെ വ്യക്തി ജീവിതത്തില്‍ ഏറെ പോസിറ്റീവായ അനുഭവമായിരുന്നു. കുട്ടികളുമായി വല്ലാതെ അടുത്തു. തിരക്കുകള്‍ ഒഴിഞ്ഞ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ കുടുംബത്തോടൊപ്പമായി. ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മുമ്പൊന്നുമില്ലാത്ത വിധത്തില്‍ തീവ്രമായി ഉള്ളില്‍ നിറഞ്ഞു. എന്നാല്‍, ജീവിതത്തെ ഏറ്റവുമേറെ സ്നേഹിച്ച അതേ സമയത്ത് തന്നെയാണ്, ആരുമറിയാതെ, ആ മഹാരോഗം അതിന്റെ ഞണ്ടുകാലുകളാല്‍ ഷേല്‍ക്കയുടെ ജീവിതത്തിലേക്ക് നടത്തം തുടങ്ങിയത്. അതാലോചിക്കുമ്പോള്‍ ഇന്നും പിടഞ്ഞുപോവും.

2021 ജനുവരി 18. എന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന ക്ലിനിക്ക് ലിങ്ക് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷേല്‍ക്ക മുന്നില്‍ നിന്നാണ് ആ സ്വപ്നം സഫലമാക്കിയത്. അതിന്റെ തിരക്കുകള്‍ക്കിടയില്‍ ചില വയ്യായ്കകള്‍ പറയുന്നുണ്ടായിരുന്നു ഷേല്‍ക. വര്‍ഷങ്ങളായി തന്നെ അറിയുന്ന നഗരത്തിലെ ഏറ്റവും തിരക്കുള്ള ഡോക്ടറെ തന്നെ പോയിക്കണ്ടു. അദ്ദേഹം പ്രത്യേക പരിശോധനകള്‍ ഒന്നും നടത്തിയില്ല. സാധാരണ നല്‍കുന്ന മരുന്നുകള്‍ തന്നെ നിര്‍ദേശിച്ചു.

ആ മരുന്നുകള്‍ കഴിച്ചിട്ടും കുറവുണ്ടായില്ല. വയറിലെ അസ്വസ്ഥതകള്‍ പെരുകി. ഇതിങ്ങനെ പോയാല്‍ പറ്റില്ല, ഇന്‍വെസ്റ്റിഗേഷന്‍ വേണമെന്ന് ഞാന്‍ പറഞ്ഞു. പതിവുപോലെ ഷേല്‍ക അതിനു വിസമ്മതിച്ചു. ഡോക്ടര്‍ പറഞ്ഞത് അതേ മരുന്നു കഴിക്കാനാണെന്നും അതു കഴിച്ചിട്ടു നോക്കാമെന്നുമായിരുന്നു മറുപടി. എന്നാലും ഞാന്‍ വിട്ടില്ല, കൊളനോസ്‌കോപ്പി ചെയ്യണം എന്ന് തന്നെ നിര്‍ബന്ധിച്ചു . പക്ഷേ, ആ പരിശോധനയുടെ വേദനയെക്കുറിച്ചുള്ള മുന്നനുഭവങ്ങളും ഭയവും മറ്റെന്തൊക്കെയോ കാര്യങ്ങളും ചേര്‍ന്ന് ഷേല്‍ക്ക എന്റെ നിര്‍ബന്ധങ്ങളെ അസാധുവാക്കി.

എങ്കിലും വയറിന്റെ പ്രശ്നങ്ങള്‍ക്കു ഒരു ശമനവുമുണ്ടായിരുന്നില്ല. അങ്ങനെ നിവൃത്തിയില്ലാതെ ഷേല്‍ക്ക കൊളനോസ്‌കോപ്പി ചെയ്യാന്‍ സമ്മതിച്ചു. ഒട്ടും വൈകാതെ ഞങ്ങള്‍ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് ഓടി. അതൊരു ഹര്‍ത്താല്‍ ദിവസമായിരുന്നു. കൊളനോസ്‌കോപ്പി എടുത്തു. റിസല്‍റ്റ് വന്നപ്പോള്‍ ഡോക്ടറെ കണ്ടു. ദുരനുഭവങ്ങളുടെ തുടക്കമായിരുന്നു അത്.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

മാര്‍ച്ച് മൂന്ന് 2021.

''വന്‍കുടല്‍ ചുരുങ്ങിയിട്ടുണ്ട്. നിങ്ങള്‍ എന്തു കൊണ്ടാണ് ഇത്ര വൈകിയത്?''

ഇതായിരുന്നു ഡോക്ടറുടെ ചോദ്യം. വെറുതെ ചോദിക്കുകയായിരുന്നില്ല. കുറച്ചു കടുപ്പിച്ചു അദ്ദേഹം.  

അത് ഷേല്‍ക്കായ്ക്ക് ഭയങ്കര സങ്കടമാണ് ഉണ്ടാക്കിയത്. ആളാകെ തളര്‍ന്നു. ഞാന്‍ സമാധാനിപ്പിച്ചു. റിസള്‍ട്ട് വരട്ടെ, എന്ത് തന്നെ ആണെങ്കിലും പരിഹാരവും ചികിത്സയും ഉണ്ടാകുമല്ലോ...''

കോഴിക്കോട് ട്രൈപ്പന്റ് ഹോട്ടലില്‍ അന്ന് ഷേല്‍ക്കാക്ക് ഒരു മീറ്റിംഗുണ്ടായിരുന്നു. ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ജെ എം എ) മീറ്റിംഗ്. പതിവില്ലാത്ത വിധം, അവിടേക്ക് പോകാന്‍ മൂഡില്ല എന്ന് ഷേല്‍ക്ക പറഞ്ഞു. സാധാരണ അങ്ങനെ പറയുന്ന ആളല്ല. അത്തരം പരിപാടികള്‍ക്കൊക്കെ മുന്നില്‍ ഉണ്ടാവും. പക്ഷെ ഡോക്ടറുടെ വാക്കുകള്‍ ഏല്‍പ്പിച്ച ആകുലതകള്‍ കല്ലിച്ച് കിടപ്പുണ്ടായിരുന്നു ഉള്ളില്‍. അതിനെ മറികടന്നേ പറ്റൂ എന്നതിനാല്‍ ഞാന്‍ അതിന് അത്രയ്ക്ക് നിര്‍ബന്ധിച്ചു. ആകാവുന്നത്ര മോട്ടിവേറ്റ് ചെയ്ത് അവിടെ കൊണ്ടാക്കി.  ഫോണില്‍ ഞാന്‍ വിശേഷങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു. ഷേല്‍ക്ക ചിരി വീണ്ടെടുത്ത തന്റെ ഫോട്ടോ അയച്ചു. ഞാനന്നേരം മുടി ചീകാന്‍ ഓര്‍മിപ്പിച്ചു.  ആ യോഗത്തില്‍വെച്ച് ഷേല്‍ക്കയെ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. പ്രസംഗം നടത്തിയൊക്കെയാണ് അന്ന് മടങ്ങിയത്. ആ പരിപാടി ഏറെ സന്തോഷകരമായിരുന്നു. ഷൈല്‍ക്ക ആകെ ഹാപ്പി ആയിരുന്നു.

എന്നാല്‍, ആ സന്തോഷം നീണ്ടുനിന്നില്ല. അഞ്ചെട്ടു ദിവസത്തിനു ശേഷം ബയോപ്സിയുടെ റിസല്‍റ്റ് വന്നു. ജീവിതത്തെ കടപുഴക്കിയെറിയുന്ന ഒരു കൊടുങ്കാറ്റിലേക്ക് ചെന്നുനിന്നുകൊടുക്കുന്നതിന്റെ തുടക്കമായിരുന്നു ആ ദിവസം.  

2021 മാര്‍ച്ച് ഒമ്പതിന് വൈകുന്നേരമാണ് റിസല്‍റ്റ് വന്നത്. ആധി കാരണം റിസള്‍ട്ട് ആയോ എന്ന് ഞാന്‍ അങ്ങോട്ട് വിളിച്ചു ചോദിച്ചു. കുറച്ചു കഴിഞ്ഞ്, റിസല്‍റ്റായി എന്ന് പറയാന്‍ വിളിച്ച ജീവനക്കാരനോട്, മര്യാദകേടാണ് എന്നറിഞ്ഞിട്ടും, 'ഒന്ന് പറയാമോ അതിലുള്ളത്' എന്ന് ചോദിച്ചുപോയി. അത്ര ഭീകരമായിരുന്നു ആ കാത്തിരിപ്പ്. അക്ഷമയും ഉദ്വേഗവും നിറഞ്ഞ മനസ്സോടെ അര മണിക്കൂര്‍ വണ്ടിയോടിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.  

'ഫോണില്‍ പറയാന്‍ പറ്റില്ല, ഇവിടെ വന്നേ പറ്റൂ' എന്ന് വളരെ കര്‍ക്കശമായി പറഞ്ഞ അയാള്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ മയപ്പെട്ടു. എന്റെ സ്വരത്തില്‍ വന്നിരിക്കാനിടയുള്ള ദൈന്യതകൊണ്ടോ മറ്റോ ആവാം, വളരെ അനുതാപപൂര്‍വ്വം അയാള്‍ എന്നോട് റിസല്‍റ്റിന് ആശുപത്രിയില്‍ വരാതെ പറ്റില്ലെന്ന് ആവര്‍ത്തിച്ചു.

ഓടിച്ചെന്ന് കാറില്‍ കയറി. ഉള്ളില്‍ എന്തൊക്കെയോ ഉരുണ്ടുമറിയുന്നുണ്ടായിരുന്നു.  ആരോടെന്ത് പറയണമെന്നറിയില്ല. അറവുകത്തിയിലേക്ക് നടന്നു പോവുന്ന കന്നുകാലികളെ റോഡില്‍ കണ്ടു. ജീവിതം എന്തിലേക്കാണ് ചെന്നടുക്കുന്നതെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത ആ ജീവികളുടെ അതേ അവസ്ഥ തന്നെയാണല്ലോ എന്‍േറതുമെന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നെ, വൈകുന്നേരത്തെ കൊടും തിരക്കുള്ള റോഡിലൂടെ ആശുപത്രിയിലേക്ക് കുതിച്ചു.    

ആശുപത്രിയില്‍ എത്തിയപ്പോള്‍, വൈകുന്നേരമായതുകൊണ്ടാവാം, വല്ലാതെ വിജനമായിരുന്നു. എന്തോ അനര്‍ത്ഥം മണക്കുന്ന നിശബ്ദതയെന്ന് ഉള്ളിലാരോ മുന്നറിയിപ്പ് തന്നു കൊണ്ടിരുന്നു.

തൊട്ട് മുമ്പത്തെ ദിവസം ഏതാണ്ട് ഇതേ നേരത്ത് ഇവിടെ വന്നിരുന്നു.  ഷേല്‍ക്കയുടെ ബന്ധുവും കൂട്ടുകാരന്റെ ഉപ്പയുമായ വി എന്‍ കെയുടെ മയ്യിത്ത് കാണാന്‍ ആയിരുന്നു അത്. ഞാനവിടെനിന്നും വെറുതെ ഫോണില്‍ അസ്തമയസൂര്യന്റെ ഒരു ചിത്രം പകര്‍ത്തിയിരുന്നു. ആ മരണവും അസ്തമയ ചിത്രവും മനസ്സിലേക്ക് ഓടിവന്നു കൊണ്ടിരുന്നു.

എന്നെ വിളിച്ച ജീവനക്കാരനെ കണ്ടു. പിന്നെ, റിപ്പോര്‍ട്ട് കിട്ടുന്ന സ്ഥലത്തേക്ക് അയാള്‍ക്കൊപ്പം അതിവേഗം നടന്നു. പുതുതായി നിര്‍മ്മിച്ച ആശുപത്രിയുടെ ഇടനാഴികളും എലവേറ്ററുകളുമെല്ലാം വളരെ വലുതും വിശാലവുമായിരുന്നു. അതാ വിജനതയുടെയും മൂകതയുടെയും ആഴവും കടുപ്പവും കൂട്ടി. ഏതോ ഇരുണ്ട തുരങ്കത്തിലേക്കെന്നപോലെ, ആ ഇടനാഴിയിലൂടെ ഞാനയാളെ പിന്തുടര്‍ന്നു.

ഷേല്‍ക്ക നാട്ടിലാണ്. ടെസ്റ്റിനുള്ള സാമ്പിള്‍ കൊടുത്തശേഷം പോയതാണ്. അവിടെ സമാധാനമായിരിക്കട്ടെ എന്നു കരുതി. തൊട്ടു മുമ്പ് വിളിച്ചപ്പോള്‍ സുഹൃത്ത് നസീറിന്റെ കൂടെ തറവാടിന്റെ താഴെ ഇക്കാക്ക വീടുണ്ടാക്കാന്‍ കൊടുത്ത സ്ഥലം കാണിക്കാന്‍ പോയെന്ന് പറഞ്ഞിരുന്നു.

ഞാനാണെങ്കില്‍ കുട്ടികളുടെ പരീക്ഷയും പുതുതായി ആരംഭിച്ച ക്ലിനിക്കിന്റെ തിരക്കുകളും കൊടും വേനലിന്റെ ചൂടും ഒക്കെയായി പരീക്ഷീണയായിരുന്നു.

 

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

കൊടുങ്കാറ്റിന്റെ വിത്തുകള്‍

ലാബ് ജീവനക്കാരന്‍ റിസല്‍റ്റുമായി വന്നു. പിന്നെ, ആ ഇരുണ്ട വരാന്തയില്‍, മറ്റൊന്നും പറയാതെ അതെന്നെ ഏല്‍പ്പിച്ചശേഷം എന്നില്‍നിന്ന് മുഖം തിരിച്ചു നിന്നു.

ഒറ്റയടിക്ക്, ഞാന്‍ മിന്നലേറ്റ തെങ്ങുപോലെയായി. എത്രയാവര്‍ത്തി അത് വായിച്ചു എന്നറിയില്ല. മരിച്ചതുപോലെ തണുത്തുറഞ്ഞുപോയ എന്നെ പെട്ടെന്നയാള്‍ എന്തോ പറഞ്ഞു വിളിച്ചു.

ഒന്നും ഓര്‍ത്തെടുക്കാനാവുന്നില്ല. സ്വബോധം വീണ്ടുകിട്ടുമ്പോള്‍ കുറേ ഇരിപ്പിടങ്ങള്‍ക്കു നടുവിലാണ് ഞാന്‍. ഫോണ്‍ എടുത്ത് ഷേല്‍ക്കാന്റെ സുഹൃത്ത് നസീര്‍ക്കയെ വിളിച്ചു. ഷേല്‍ക്കയ്‌ക്കൊപ്പം കുറ്റ്യാടിയിലാണ് അയാള്‍.

''ഷേല്‍ക്കാന്റെ അടുത്തു നിന്ന് ഒന്ന് മാറിനില്‍ക്കാമോ' -ഞാന്‍ ചോദിച്ചു.

ഇപ്പോ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം ലൈനില്‍ വന്നു. ഒന്നും പറയാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.

''ഷാനൂ നീ കരയാതെ, കാര്യം പറ'' -അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

എനിക്കൊരു ബോധവുമില്ല. ഞാന്‍ ആശുപത്രി ഇടനാഴിയില്‍ വെച്ച് ഉറക്കെയുറക്കെ കരഞ്ഞു. റിസല്‍റ്റ് തന്ന ജീവനക്കാരനും മറ്റേതോ ജീവനക്കാരും ചേര്‍ന്നു വന്ന് പിടിച്ചു കുലുക്കി എന്നെ ബോധത്തിലെത്തിക്കും വരെ ആ കരച്ചില്‍ തുടര്‍ന്നു.

വീണ്ടും നസീര്‍ക്കയെ വിളിച്ചു. കരഞ്ഞുകൊണ്ടാണെങ്കിലും ഞാന്‍ ചോദിച്ചു, 'നിങ്ങള്‍ക്ക് നാളെ കഴിഞ്ഞു പോയാല്‍ മതിയോ ബാംഗ്ലൂര്‍ക്ക്? ഷൈജല്‍ക്കാനെയും കൊണ്ട് എന്റെ കൂടെ ഹോസ്പിറ്റല്‍ വരണം. ഡോക്ടര്‍ ബയോപ്സി റിസല്‍റ്റ് നേരിട്ടു പറയും. എനിക്ക് ഒറ്റയ്ക്ക് അതാവില്ല. അതിനാല്‍, നിങ്ങള്‍ കൂടെ വരണം.'

'നീ സമാധാനായിരിക്ക്. ഞാന്‍ കൊണ്ടുവരാം എന്ന് അദ്ദേഹം ഉറപ്പ് തന്നു.

പിന്നെ ഞാന്‍ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന, എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് ആയ ഡോ. ഷാനവാസിനെ വിളിച്ചു. അദ്ദേഹത്തോട് വിതുമ്പിക്കൊണ്ടു തന്നെ കാര്യങ്ങള്‍ പറഞ്ഞു. ഇതാണ് അവസ്ഥ, അല്‍പ്പം മയത്തില്‍, ശാന്തമായി ഷേല്‍ക്കയോട് കാര്യങ്ങള്‍ ഒന്നു പറഞ്ഞുകൊടുക്കണം. ബേജാറാവരുത്, പേടിപ്പിക്കരുത്...

അതു കഴിഞ്ഞ്, മുഖം തുടച്ച് കാറിലേക്കു വന്നു. അത് വേദനയും കണ്ണീരും ഇഴയുന്ന നീണ്ടൊരു യാത്രയുടെ തുടക്കമായിരുന്നു. കരയാതിരിക്കാന്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു കൊണ്ടിരുന്നു. അന്നേരമൊക്കെ എന്റെ വകതിരിവിനെ പുച്ഛിച്ചുകൊണ്ട് അടക്കാനാവാത്ത കരച്ചില്‍ വന്നെന്നെ ആകെയുലച്ചു. ഞാന്‍ വീണുപോയാല്‍ ഷെല്‍ക്ക പിന്നെ ഉണ്ടാവില്ലെന്നെനിക്കുറപ്പായിരുന്നു. പരമാവധി കരുത്തു സംഭരിച്ച് ഷേല്‍ക്കയെ മോട്ടിവേറ്റ് ചെയ്ത് ഈ രോഗത്തോട് ഒരുമിച്ചു പൊരുതി ജയിക്കേണ്ടത് അനിവാര്യതയാണെന്ന് ആ കാര്‍ പാര്‍ക്കിങ്ങിലേക്ക് നടക്കുമ്പോള്‍ ഞാനുറപ്പിച്ചിരുന്നു .

ഇരുട്ടിത്തുടങ്ങിയിരുന്നു. ആ ഇരുട്ടിലേക്ക് ഒരു നിശ്ചയവുമില്ലാതെ, അകംപുറം  ശൂന്യമായെന്നോണം ഞാന്‍ കാറോടിച്ചു. എന്റെ ഒറ്റയാള്‍ പോരാട്ടങ്ങളുടെ ഒന്നാം പാതയിലേക്കായിരുന്നു ആ പോക്ക്.

അന്നേരം കോള്‍ വന്നു. വീട്ടിലെ താത്തയുടെ ഫോണില്‍ നിന്നും കുട്ടികള്‍ വിളിച്ചതാണ്. അവര്‍ വളര്‍ത്തുന്ന മുയല്‍ക്കുഞ്ഞുങ്ങളുടെ തീറ്റ തീര്‍ന്നു. ഉമ്മി വരുമ്പോള്‍ വാങ്ങണം. അതായിരുന്നു ആവശ്യം. അപ്പോഴാണ് ഞാനവരെ കുറിച്ചോര്‍ക്കാന്‍ തുടങ്ങിയത്.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഷേല്‍ക്ക വിളിച്ച് എന്തായി റിസല്‍ട്ടെന്ന് ചോദിച്ചു.  

'ഹോസ്പിറ്റലില്‍ നിന്ന് വിളിച്ചിരുന്നു, നാളെ നാല് മണി ആവുമ്പോള്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്'-വാക്കുകള്‍ ആകാവുന്നത്ര ദൃഢമാക്കി ഞാന്‍ മറുപടി പറഞ്ഞു.

പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. 'ഡ്രൈവ് ചെയ്യുകയാണ്, ക്ലിനിക്കില്‍ പേഷ്യന്റ്സ് ഉണ്ടായതിനാല്‍ ഇറങ്ങാന്‍ വൈകിയതാണ്' എന്ന് പറഞ്ഞൊപ്പിച്ച് ഞാന്‍ വേഗം ഫോണ്‍ വെച്ചു.

മക്കളുടെ പരീക്ഷയാണ്. അവരെ പഠിപ്പിക്കണം. ഈയവസ്ഥയില്‍ അതു സാധ്യമല്ല. സുഹൃത്തു കൂടിയായ അവരുടെ ക്ലാസ് ടീച്ചര്‍ വിദുല മാമിനെ വിളിച്ചു ജസ്റ്റ് കാര്യം പറഞ്ഞു. മക്കളെ ദയവായി ഈ പരീക്ഷയില്‍ നിന്നൊഴിവാക്കി തരണേ എന്നു പറഞ്ഞപ്പോള്‍ കരഞ്ഞുപോയി. പിന്നെ എന്തിനെന്ന് അറിയാതെ അനിയനെ വിളിച്ചു. ഷേല്‍ക്കാക്ക് ഈ രോഗമാണെന്ന് കണ്ടെത്തി. ചികില്‍സ തുടങ്ങുകയാണ്. കാശിനൊക്കെ ആവശ്യം വന്നേക്കും. നീ ഇപ്പോള്‍ കയ്യില്‍ ഉള്ളതൊന്നും മറ്റൊന്നിനും എടുക്കല്ലേ എന്നൊക്കെ പറഞ്ഞു. വീണ്ടും കരഞ്ഞു പോയി.

ആ ഇരുട്ട് മുറിച്ചു വണ്ടി ഫ്ളാറ്റിലേക്ക് എത്തി. കുട്ടികള്‍ പതിവു പോലെ പെറ്റ്സുമായുള്ള കളികളിലാണ്. ഞാനെന്ത് അവസ്ഥയിലാണ് എന്നവര്‍ക്കറിയില്ല, അറിഞ്ഞാലും മനസ്സിലാവില്ല. അതാലോചിച്ച നിമിഷം മുഖത്തെ സങ്കടം വകഞ്ഞുമാറ്റി.

ഇനിവരുന്ന കുറേ നാളുകളില്‍ ആളുകളുടെ മുന്നില്‍ അഭിനയിക്കാനുള്ള ഒരു സ്വിച്ചിടുന്നതു പോലെയായിരുന്നു അത്. പിന്നെയങ്ങോട്ട് എത്രയോ കാലം കരച്ചിലും സങ്കടവുമൊക്കെ പുറത്തുകാണിക്കാതെ ഷേല്‍ക്കയുടെയും കുട്ടികളുടെയുമൊക്കെ മുന്നില്‍ ചിരിച്ചു നടക്കേണ്ടി വന്നു.

ആ രാത്രി എങ്ങനെ വെളുപ്പിച്ചെടുത്തു എന്നറിയില്ല. അതാലോചിക്കാന്‍ മാത്രം സാവകാശമോ സമാധാനമോ ഇല്ലാത്തവിധം അതിനേക്കാള്‍ പ്രയാസമേറിയ മറ്റനേകം രാത്രികളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു ഞാന്‍.

നേരം വെളുത്തിട്ടും എന്റെ കണ്ണ് വറ്റുന്നുണ്ടായിരുന്നില്ല. ഒരു വിധത്തില്‍ കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ടു. പിന്നെന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ലായിരുന്നു. എന്ത് ആകാശമിടിഞ്ഞു വീഴാലും മറ്റൊന്നുമാലോചിക്കാതെ വിളിക്കാവുന്ന ഒരാളുണ്ട്, അത് ഷേല്‍ക്കയാണ്. ഈ പ്രശ്നം എങ്ങനെ ഷേല്‍ക്കയോട് പറയും?

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal
 

ആ വിവരം ഷേല്‍ക്ക അറിയുന്നു

വെറുതെ ക്ലിനിക്കില്‍ ചെന്നിരുന്നു. ആശുപത്രിയില്‍ പോകേണ്ട സമയത്തിനുള്ളില്‍ ഷേല്‍ക്കയെ എത്തിക്കാന്‍ കുറെയേറെ നാടകങ്ങള്‍ കാണിക്കേണ്ടിവന്നു എന്റെ നെഞ്ചിടിപ്പും വാക്കുകളിലെ ഇടര്‍ച്ചയും കണ്ണിലെ ഈര്‍പ്പവും ഷേല്‍ക്ക അറിയാതിരിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

ഡോക്ടറുടെ മുറിയിലേക്ക് കയറി. അദ്ദേഹം ശാന്തമായി, പാകതയോടെ കാന്‍സര്‍ ആണെന്ന കാര്യം പറഞ്ഞു. ഒന്നും മിണ്ടാതെ ഷേല്‍ക്ക അതു കേള്‍ക്കുമ്പോള്‍, ഞാന്‍ ഒരക്ഷരം മിണ്ടാതെ, ഒന്നു വിതുമ്പുക പോലും ചെയ്യാതിരുന്നു. അത്രയ്ക്കൊന്നും കഴിയുന്ന ഒരാളല്ല ഞാന്‍. എന്നിട്ടും, ഉള്ളിലില്ലാത്ത ധൈര്യവും ഊര്‍ജവും എവിടെനിന്നൊക്കെയോ സംഭരിച്ച് ഞാന്‍ കരയാതിരുന്നു. അന്നുമുതലിങ്ങോട്ട് അതുതന്നെയായിരുന്നു അവസ്ഥ. അന്ന് അടക്കാന്‍ തുടങ്ങിയ കരച്ചിലും കണ്ണീരും, മയ്യിത്ത് എന്ന വാക്കിലേക്ക് മാറിയ ഷേല്‍ക്കയെ ആള്‍ക്കാര്‍ തിടുക്കം കൂട്ടി എടുത്ത് കൊണ്ടുപോകുന്ന നിമിഷം വരെ ഞാന്‍ അടക്കി. ആ നിമിഷം ഞാന്‍ പൊട്ടിപ്പോയി. 'വാക്കാ....എന്ന് ഉച്ചത്തിലൊരു നിലവിളിയിലേക്കായിരുന്നു അതു പൊട്ടിയത്. അന്ന് പിടിവിട്ടതാണ്.  എന്റെ കണ്ണുകള്‍ പിന്നിന്നോളവും ആറിയിട്ടില്ല.

ഇനി എന്താണ് ചെയ്യേണ്ടതെന്നും മറ്റുമ ഡോക്ടറോട് ഷേല്‍ക്ക ചോദിച്ചു. അതിനുശേഷം, അടുത്ത സ്‌കാന്‍ ബുക്ക് ചെയ്ത് ആശുപത്രിയുടെ മുറ്റത്തേക്കിറങ്ങി.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 

രഹസ്യങ്ങളുടെ മറ

ഞങ്ങള്‍ മൂന്നുപേരും അവരവരെ തന്നെ കബളിപ്പിച്ചുകൊണ്ട് നിസ്സംഗതയുടെയും കരുത്തിന്റെയും മുഖംമൂടിയണിഞ്ഞ് മുഖാമുഖം നിന്നു. ഇന്നലത്തെ അതേ നേരമായിരുന്നു. അസ്തമിക്കുന്ന സൂര്യന്‍, വിജനവും മൂകവുമായ ആശുപത്രി.

ആരെന്തു പറയുമെന്ന ആലോചനയില്‍ കുറച്ചു നിമിഷങ്ങള്‍ നിന്നു. പിന്നെ ഷേല്‍ക്ക തന്നെ ആ മൗനം ഭേദിച്ചു. 'കാര്യമൊക്കെ ശരി. നമ്മള്‍ മൂന്നാളും അല്ലാതെ മറ്റൊരാളും ഇതിപ്പോ അറിയണ്ട!'

ഡോക്ടര്‍ കൃത്യമായി പറഞ്ഞിരുന്നു. ഇത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യരുത്, വീട്ടുകാരെ അറിയിക്കണം. അവരോടൊക്കെ ആലോചിച്ച് എവിടെ ചികില്‍സിക്കണം എന്നൊക്കെ തീരുമാനിച്ചാല്‍ മതി എന്ന്. ഈ രോഗമായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നൊക്കെ, പക്ഷെ...

ഷേല്‍ക്കയുടെ പ്രഖ്യാപനം കേട്ടപ്പോള്‍, അതിനെ പൂര്‍ണ്ണമായി മാനിച്ചുകൊണ്ട് തന്നെ ഡോക്ടര്‍ പറഞ്ഞ ഈ കാര്യം ഞാനോര്‍മ്മിപ്പിച്ചു. കൂടെയുണ്ടായിരുന്ന  നസീര്‍ക്കയും അതുതന്നെ ചോദിച്ചു. 'അല്ലാ, എ.കെയോടെങ്കിലും പറയണ്ടേ?'

എ.കെ ഷേല്‍ക്കയുടെ അമ്മാവനാണ്. ആ കുടുംബത്തിന്റെ കാരണവര്‍. ഷേല്‍ക്കയുടെ എല്ലാമെല്ലാമായ, ഏറ്റവും ഉറ്റബന്ധു.  

അതപ്പോള്‍ തന്നെ ഷേല്‍ക്ക നിഷേധിച്ചു. അതൊന്നുകൂടെ കര്‍ശനവും സ്പഷ്ടവും ആക്കി. എന്നിട്ട് ഇത്ര കൂടി പറഞ്ഞു -'പറയേണ്ട സമയം ആകുമ്പോള്‍ ഞാന്‍ തന്നെ പറയും. ഇപ്പോള്‍ അവരെ വിഷമിപ്പിക്കാന്‍ പറ്റില്ല!'

അതൊരുറച്ച പ്രഖ്യാപനമായിരുന്നു. പിന്നെയൊന്നും അങ്ങോട്ടു പറയാനാവില്ല,അത് മറ്റാരേക്കാളും എനിക്ക് കൃത്യമായി അറിയാം, ഷേല്‍ക്ക ഒരു പെര്‍ഫക്ട് ഡിസിഷന്‍ മേക്കര്‍ ആണ്. അതൊരിക്കലും തെറ്റിയിട്ടില്ലാത്തതിനാല്‍ ഞാനെന്നും അത് അംഗീകരിച്ചിട്ടേയുള്ളൂ.

തിരിച്ചു വീട്ടിലേക്ക് കാറോടിക്കുമ്പോള്‍ ഷെല്‍ക്ക അത് തന്നെ വിശദീകരിച്ചുറപ്പിച്ചു. എന്നോട് തറപ്പിച്ചു പറഞ്ഞു: 'ഒരാളോടും ഇക്കാര്യം പറയരുത്. നസീറിനെ എനിക്കത്ര അറിയാം, അവനോട് പറയരുതെന്ന് പറഞ്ഞാല്‍ പറയില്ല. പിന്നെ ഉമ്മ. ഉമ്മാനോടും മറ്റെല്ലാവരോടും, പഴയ പുണ്ണ് ഇച്ചിരി കൂടിയിട്ടുണ്ട്, അതിന്റെ ചികിത്സയാണ് എന്നു പറഞ്ഞാല്‍ മതി. ഈ അസുഖമൊക്കെ മാറും. ഇതറിഞ്ഞ്  വിഷമിച്ച് അവര്‍ക്ക് അസുഖം വന്നാല്‍ അതു മാറില്ല. പ്രായമുള്ള ആളുകളാണ്.''

എന്ത് വിഷമം വന്നാലും ആരോടേലും (മിക്കപ്പോഴും ഷെല്‍ക്കയോട് തന്നെ ) പറയാതിരിക്കാന്‍ അറിഞ്ഞ് കൂടാത്ത എനിക്കാണ് ഈ വിലക്ക്.

ഒന്നും പറയാന്‍ പറ്റില്ലായിരുന്നു. അത് അനുസരിക്കുകയല്ലാതെ, ആ തീരുമാനത്തെ ബഹുമാനിക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു.

അന്ന് മാത്രമല്ല, ചികില്‍സയും ആശുപത്രിയുമായി വെന്തുനടന്ന ദിവസങ്ങളിലൊക്കെ ഇതൊരു വലിയ വിഷയമായി മുന്നില്‍ വന്നിരുന്നു. മനുഷ്യരോട് ചേര്‍ന്നുനില്‍ക്കലും മിണ്ടിപ്പറയലുമായിരുന്നു എന്റെ എല്ലാ കാലത്തെതയും ആശ്വാസം. പക്ഷേ ആ ഒറ്റ വഴിയാണിപ്പോള്‍ അടച്ചത്. ശ്വാസം മുട്ടുന്നത്ര പ്രയാസകരമായിരുന്നു എനിക്കാ കാലം.

പുതിയ പുതിയ റിസല്‍റ്റുകള്‍ വരുന്നു, കാര്യങ്ങള്‍ മോശമായി വരുകയാണ് എന്നറിയുന്നു, എന്നിട്ടും ആരെയും ഇതൊന്നും അറിയിക്കരുതെന്ന മുന്‍ തീരുമാനം മാറ്റാന്‍ ഷേല്‍ക്ക തയ്യാറായില്ല. എത്രയോ ഡോക്ടര്‍മാര്‍ പറഞ്ഞു, തര്‍ക്കിച്ചു, എന്നോട് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ ഷേല്‍ക്ക അതു വീറ്റോ ചെയ്യും.

എന്നിട്ടും, ഷേല്‍ക്ക അറിയാതെ ആദ്യം തന്നെ ഒരാളെ ഞാന്‍ വിവരമറിയിച്ചിരുന്നു. ഷേല്‍ക്കയുടെ ജ്യേഷ്ഠന്‍ നൗഷാദ്ക്കയെ. മാര്‍ച്ച് ആദ്യം എറണാകുളം ആസ്റ്ററിലേക്ക് ആദ്യമായി പോവുന്നതിനു തലേന്നാണ് ഷേല്‍ക്കയെ താഴെ കാറിലിരുത്തി, ക്ലിനിക്കില്‍ കയറി നൗഷാദ്ക്കയോട് അസുഖം ഇതാണെന്ന് പറഞ്ഞത്. ആസ്റ്ററില്‍ പോയി വന്നപ്പോള്‍, അസുഖം കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നും കഴിയുമെങ്കില്‍ ഷേല്‍ക്കായെ ഒന്നു കാണണമെന്നം കൂടി ആവശ്യപ്പെട്ടു. പെട്ടെന്ന് സഹോദരന്‍ കാണാന്‍ വന്നാല്‍ ഷേല്‍ക്കയ്ക്ക് സംശയം തോന്നാതിരിക്കാന്‍ അല്‍പ്പദിവസം കഴിഞ്ഞ് ഭാര്യയും കുട്ടികളും വരുമ്പോള്‍ പോന്നാല്‍ മതിയെന്നും പറഞ്ഞു. പിന്നീടൊരിക്കല്‍ ഓഗസ്റ്റ് മാസത്തില്‍ ഷേല്‍ക്കയോട് ഞാനത് പറഞ്ഞ് കുറ്റസമ്മതം നടത്തിയിരുന്നു. അത് ചെയ്യാതിരിക്കാന്‍ എനിക്ക് നിവൃത്തി ഇല്ലെന്ന് അത്ര നയത്തില്‍ പറഞ്ഞത് കൊണ്ട് വഴക്ക് പറഞ്ഞില്ല. 'ഞ്ഞി ബല്ലാത്ത സാധനം തന്നെ മോളെ' എന്നേ പറഞ്ഞുള്ളൂ.

നിലയില്ലാക്കയത്തിലെ മുങ്ങലുകള്‍ക്കും പൊങ്ങലുകള്‍ക്കുമിടയില്‍ എന്റെ ഉമ്മ ചെയ്തു തന്ന സുകൃതങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. കുട്ടികളെ യാതൊന്നും അറിയിക്കാതെ ഏറ്റവും നന്നായി നോക്കി തരാനായി ഉമ്മ മറ്റെല്ലാം മാറ്റിവെച്ചു. അതിനിടയില്‍ ആദ്യ കീമോ തെറപ്പി  കഴിഞ്ഞു. കോഴിക്കോട് എന്‍ ഐ ടിക്ക് അടുത്തുള്ള എന്റെ വീട്ടിലായിരുന്നു അന്ന് ഷേല്‍ക്കയുടെ വിശ്രമം. ഷേല്‍ക്കയുടെ അവസ്ഥ ഞാന്‍ കഴിഞ്ഞാല്‍ പിന്നെ നേരില്‍ കണ്ടിരുന്നത് എന്റെ വീട്ടുകാര്‍ മാത്രമായിരുന്നു. ഏപ്രില്‍ മാസത്തില്‍ ഞാനും ഷേല്‍ക്കയും പിന്നത്തെ കീമോയ്ക്ക് പോയസമയത്ത് ഷേല്‍ക്കാന്റെ ഉമ്മ എന്റെ വീട്ടില്‍ വന്നപ്പോള്‍ എന്റെ ഉമ്മ ഷേല്‍ക്കാന്റെ ഉമ്മയെ വിവരമറിയിച്ചു. പക്ഷെ ഞാനത് അറിഞ്ഞിരുന്നില്ല. വളരെ വൈകിയാണ് ഉമ്മ എന്നോടത് പറഞ്ഞത്. ഞാനാണ് പറഞ്ഞതെന്ന് പറയരുതേ എന്ന് കേണുകൊണ്ടാണ് താനാ കാര്യം പറഞ്ഞത് എന്നാണ് ഉമ്മ പിന്നീട് പറഞ്ഞത്.

എന്തു കൊണ്ടാണ് മറ്റുള്ളവരെ അറിയിക്കുന്ന കാര്യത്തില്‍ ഷേല്‍ക്ക ഇങ്ങനെ വാശി പിടിച്ചത് എന്ന് ഞാനേറെ ആലോചിച്ചിട്ടുണ്ട്. എത്രയോ വട്ടം അത് ശ്രമിച്ചു നോക്കി പരാജയപ്പെട്ടിട്ടുണ്ട്. വലിയ മാനസിക സംഘര്‍ഷമായി ഇതിനിടയിലെല്ലാം ഉള്ളില്‍ കൊണ്ടു നടന്നിട്ടുണ്ട്. ഷേല്‍ക്ക പല സമയങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ വെച്ച് നാലു കാരണങ്ങളാണ് എനിക്കതിന് തോന്നുന്നത്.

1. ഉപ്പയും ഉമ്മയും എകെയും ഒക്കെ പ്രായമുള്ള ആളുകളാണ്. അവരെ വിഷമിപ്പിക്കരുത്. ആ വിഷമം കൊണ്ട് അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാനിടയുണ്ട് എന്ന തോന്നലും വിശ്വാസവും.

2. ഈ രോഗത്തെ അതിജീവിക്കാനാവുമെന്ന വിശ്വാസം. അത് രോഗത്തെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നുണ്ടായതല്ല എന്നെനിക്ക് ഉറപ്പുണ്ട്. ഏതു കാര്യവും മെനക്കെട്ട് പഠിക്കുന്ന ഷേല്‍ക്ക രോഗത്തെക്കുറിച്ച് വായിച്ചു പഠിക്കാതിരിക്കില്ല എന്നുറപ്പാണ്. ഡോക്ടര്‍മാര്‍ അവസ്ഥയെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. തന്റെ ആരോഗ്യവും മനക്കരുത്തും സ്വഭാവവും കൊണ്ട് ഈ അവസ്ഥ മറികടക്കാനാവുമെന്ന് അത്രയ്ക്ക് വിശ്വസിച്ചിരുന്നു ഷേല്‍ക്ക.

3. മറ്റുള്ളവരുടെ സഹതാപവും അനുതാപവും ഒന്നും ആഗ്രഹിക്കാത്ത വ്യക്തിത്വമായിരുന്നു. താന്‍ ദുര്‍ബലനായി എന്ന് ആരെങ്കിലും അറിയുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടില്ല. . തിരിച്ചുവരുമെന്ന പ്രതീക്ഷ ഉള്ളതിനാല്‍, രോഗം മാറിച്ചെന്നാലും ആളുകള്‍ രോഗിയാണെന്ന് മുദ്രകുത്തുമെന്ന ആശങ്കയും ഉണ്ടായിരുന്നു.

4. അചഞ്ചലമായ വിശ്വാസം. അത്ഭുതങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു ഷേല്‍ക്കയ്ക്ക്. മിറക്കിളുകളെ കുറിച്ചുള്ള അനേകം പുസ്തകങ്ങള്‍ ഈ കാലത്ത് വായിച്ചിരുന്നു. പലതും എന്നെകൊണ്ട് ഉറക്കെ വായിപ്പിക്കുമായിരുന്നു. അതെല്ലാം വിശ്വസിച്ചിരുന്നു. ഈ രോഗവും തനിക്കു മുന്നില്‍ പരാജയപ്പെടും എന്ന് ആത്മാര്‍ത്ഥമായി തന്നെ വിശ്വസിച്ചിരുന്നു.

പിന്നെ എല്ലാത്തിലുമുപരി സ്വകാര്യത സൂക്ഷിക്കുന്ന ഷേല്‍ക്കയുടെ സ്വഭാവം. എന്നും എല്ലാ കാര്യങ്ങളിലും അത്തരം ഒരു സൂക്ഷ്മത ഷേല്‍ക്ക പുലര്‍ത്തിയിരുന്നു. ആരോടാണെങ്കിലും 'പറയേണ്ടതേ പറയാവൂ' എന്ന് എന്നോടെന്നും ഉപദേശിക്കുമായിരുന്നു.

സത്യത്തില്‍, ഈ കാരണങ്ങള്‍ കൊണ്ടാണ്, കുട്ടികളുടെ ഭാവി, വീട് നിര്‍മാണം എന്നിവ അടക്കമുള്ള കാര്യങ്ങളിലൊക്കെ ഷേല്‍ക്ക സാവകാശം കാണിച്ചത്. തനിക്കൊന്നും സംഭവിക്കില്ലെന്നും തിരിച്ചുവരുമെന്നും അത്രയ്ക്ക് വിശ്വസിച്ചിരുന്നതിനാല്‍, ബിസിനസ് കാര്യങ്ങളുടെ ഭാവിയെക്കുറിച്ചൊന്നും സുവ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നില്ല. എന്നാല്‍, അവസാന സമയമാവുമ്പോഴേക്കും ഈ നിലപാടില്‍നിന്നും മാറിയിരുന്നു. തന്റെ ലീഗല്‍ അഡൈ്വസറായ അഡ്വ. രാജീവ ലക്ഷ്മണ്‍ സാറിനോട് തനിക്കു കുറേ കാര്യങ്ങള്‍ സ്പെസിഫിക്കായി ചെയ്യാനുണ്ടെന്ന കാര്യം വിശദമായി പറഞ്ഞിരുന്നു. അവസാന സമയങ്ങളില്‍ തനിക്ക് അയച്ച വാട്ട്സാപ്പ് മെസേജുകളില്‍ ഷേല്‍ക്ക ഈ വിവരങ്ങള്‍ വിശദമായി പറയുന്നുണ്ടെന്ന് അഡ്വക്കറ്റ് എന്നോട് പിന്നീട് പറഞ്ഞിരുന്നു. പക്ഷേ, ഒന്നിനും സമയം കൊടുത്തില്ല, വിധി. വക്കീലിനോട് നിയമ വശങ്ങള്‍ ചോദിച്ചുപഠിച്ചു ഷേല്‍ക്ക. അത് പിന്നെ നസീറും ഖല്‍ദൂനും ഒക്കെ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു, തമാശ ചേര്‍ത്തു തന്നെ.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal
 

ഇന്നസെന്റിന്റെ പുസ്തകം

പുസ്തകവുമായും വായനയുമായൊന്നും വലിയ ബന്ധമുള്ള ആളായിരുന്നില്ല ഷേല്‍ക്ക. ആദ്യകാലങ്ങളില്‍, ഞാന്‍ എഴുതുന്നതും പുസ്തകം വായിക്കുന്നതും ഒന്നും വലിയ താല്‍പ്പര്യം ഇല്ലായിരുന്നു, അത് 'വട്ട്' മാത്രമായിരുന്നു ഷേല്‍ക്കയ്ക്ക്.

എന്നാല്‍, രോഗകാലത്തെ ഷേല്‍ക്ക മറ്റൊരാളായിരുന്നു. ആ കാലത്ത് ഷേല്‍ക്ക കുറേ വായിച്ചു. പലതും എന്നെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു. ആശുപത്രിയില്‍ പോവുമ്പോഴെല്ലാം പുസ്തകങ്ങള്‍ കൊണ്ടുപോയി. ഒഴിവു നേരങ്ങളില്‍ വായിച്ചു. സഞ്ചാരം ചാനല്‍ കണ്ടു. ഭാവിയാത്രകള്‍ക്ക് പ്ലാനുകള്‍ നെയ്തു. വായിച്ചതെല്ലാം ധൈര്യം നല്‍കുന്ന പുസ്തകങ്ങളായിരുന്നു. ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നിറയ്ക്കുന്ന പുസ്തകങ്ങള്‍.

 

Tale of life love and death Dr Shanu On her extraordinary memoir about her late husband Shyjal

 Also Read: തൊണ്ണൂറാം നാള്‍, ഡോ. ഷാനു ഷൈജല്‍ എഴുതിയ ചെറുകഥ

 

ഞാന്‍ എഴുതുന്നതിനോട് അത്ര താല്‍പ്പര്യമില്ലാത്ത ഷേല്‍ക്ക ആ സമയമായപ്പോഴേക്കും ആകെ മാറി. എന്റെ എഴുത്തുകളെ ഇഷ്ടപ്പെട്ടു, പ്രോല്‍സാഹിച്ചു. വീണ്ടും വീണ്ടും എഴുതാനാവശ്യപ്പെട്ടു. ഞാനെഴുതുന്ന എഫ് ബി പോസ്റ്റുകള്‍ വരെ ആദ്യമേ വായിച്ചു. അഭിപ്രായം പറഞ്ഞു. പിന്നീട് ഏഷ്യാനെറ്റില്‍ പ്രസിദ്ധീകരിച്ച 'തൊണ്ണൂറാം നാള്‍' എന്ന ചെറുകഥ ആശുപത്രി മുറിയിലിരുന്നാണ് ഞാന്‍ എഴുതിയത്. എഴുതിക്കഴിഞ്ഞ ഉടനെ അതു വായിച്ചു.  ഷേല്‍ക്കായ്ക്ക് നല്ലോണം ഇഷ്ടപ്പെട്ടു അത്. ആ ചെറുകഥ ഏഷ്യാനെറ്റിലേക്ക് സെലക്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ എന്നേക്കാള്‍ സന്തോഷം ഷേല്‍ക്കായ്ക്കായിരുന്നു. 'നീയിനിയും ഒരുപാട് എഴുതണം, പബ്ലിഷ് ചെയ്യണം, പുസ്തകം എഴുതണം' എന്നൊക്കെ പലവട്ടം പറഞ്ഞിരുന്നു, ഷേല്‍ക്ക.

രോഗത്തിന്റെ നാളുകളിലാണ് അതുവരെയില്ലാത്ത ഒരാഗ്രഹം ഷേല്‍ക്കയ്ക്ക് വന്നത്. ഒരു പുസ്തകമെഴുതണം. വെറുതെയൊരു പുസ്തകമല്ല. രോഗത്തെ പരാജയപ്പെടുത്തിയ ശേഷം അതിനെക്കുറിച്ച് പുസ്തകം എഴുതണം എന്നായിരുന്നു ആഗ്രഹം. അതിനുള്ള പ്രചോദനമായതും ഒരു പുസ്തകമായിരുന്നു. പ്രമുഖ നടന്‍ ഇന്നസെന്റ് എഴുതിയ 'കാന്‍സര്‍ വാര്‍ഡിലെ ചിരി.' അതൊരു അതിജീവനപുസ്തകമായിരുന്നു. സന്തോഷവും ചിരിയും കൊണ്ട് രോഗത്തെ കീഴടക്കാമെന്ന ആത്മവിശ്വാസമാണ് അത് ഷേല്‍ക്കയ്ക്ക് നല്‍കിയത്.  

ആശുപത്രി നാളുകളിലെല്ലാം ഷേല്‍ക്ക ആ പുസ്തകം കൂടെക്കൊണ്ടു നടന്നിരുന്നു. 'ആശുപത്രി കാലത്തിനു ശേഷം നമുക്ക് അതുപോലൊരു പുസ്തകം എഴുതണം, പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് ആ പുസ്തകം പ്രകാശനം ചെയ്യണം' എന്നൊക്കെ പറയുമായിരുന്നു. വെറുതെ പറയുക മാത്രമല്ല. ഇന്നസന്റിന്റെ പുസ്തകത്തിലുള്ളതു പോലെ, ആശുപത്രി ദിവസങ്ങളുടെ ഫോട്ടോകള്‍ എടുക്കുകയും അതു സൂക്ഷിക്കുകയും ചെയ്തു. ഓരോ കീമോയ്ക്കു ശേഷവും ഷേല്‍ക്ക സ്വന്തം ഫോട്ടോകള്‍ എടുപ്പിച്ചു. ആ ഫോട്ടോകളൊക്കെ നമുക്ക് പുസ്തകത്തില്‍ ഉപയോഗിക്കണം എന്നു പറഞ്ഞു. പക്ഷേ, അതിജീവനത്തിന്റെ ആ പുസ്തകമെഴുതാന്‍ ഷേല്‍ക്കയ്ക്ക് കഴിഞ്ഞില്ല. ഷേല്‍ക്ക അതേറെ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോള്‍ ഷേല്‍ക്കയെക്കുറിച്ചുള്ള ഈ പുസ്തകത്തിലേക്ക് എഴുതുമ്പോള്‍ ഞാനോര്‍ക്കുന്നത് ഷേല്‍ക്കയുടെ ആഗ്രഹത്തെക്കുറിച്ചാണ്.

പ്രിയപ്പെട്ട ഷേല്‍ക്കാ, ആ ഒരാഗ്രഹം സഫലമാക്കാനുള്ള ശ്രമമാണ് ഇത്. ഷേല്‍ക്കയുടെ മാത്രമായി ഒരു പുസ്തകം. തീര്‍ച്ചയായും, ഷേല്‍ക്ക എഴുതണമെന്ന് ആഗ്രഹിച്ച ആ പുസ്തകമല്ല ഇത്. പക്ഷേ, അടിമുടി ഷേല്‍ക്ക മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു പുസ്തകമാണിത്. ഷേല്‍ക്കയുടെ ഗന്ധവും ചൂടും ചൂരുമുള്ള പുസ്തകം.

(അടുത്ത ഭാഗം നാളെ)

​​​​​​​(ഷൈജല്‍ ഓര്‍മ്മപ്പുസ്തകം വാങ്ങാനുള്ള നമ്പര്‍: 80759 09485)

Also Read : അവസാന ഭാഗം: ജീവിതത്തിലാദ്യമായി, ഞാനെന്റെ മക്കളെക്കുറിച്ച് ആലോചിച്ച് ഭയക്കാന്‍ തുടങ്ങി...


 

Follow Us:
Download App:
  • android
  • ios