Asianet News MalayalamAsianet News Malayalam

Sugatha Kumari : വാക്കുപൂത്തൊരു വീട്, അവിടെ എഴുത്തുകാരികളായി വളര്‍ന്ന മൂന്ന് പെണ്‍കുട്ടികള്‍!

ആ വീട്ടില്‍നിന്നുയിര്‍ത്തുവന്ന മൂന്നു പെണ്‍കുട്ടികളും പില്‍ക്കാലത്ത്, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ പ്രശസ്തരായി. നിരവധി പുസ്തകങ്ങള്‍ എഴുതി, പ്രസംഗിച്ചു, പൊതുപരിപാടികളില്‍ നിറഞ്ഞു, സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 
 

tale of three sisters Sugathakumari and her writer siblings
Author
Thiruvananthapuram, First Published Dec 23, 2021, 2:43 PM IST

മൂന്ന് പെണ്‍കുട്ടികളായിരുന്നു ആ വീട്ടില്‍. മൂത്തവള്‍ ഹൃദയ. രണ്ടാമത്തെയാള്‍ സുഗത. ഇളയവള്‍ സുജാത. സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും ആത്മീയ, രാഷ്ട്രീയ, ദാര്‍ശനിക, സാമൂഹ്യ മേഖലകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളുമായിരുന്നു അവരുടെ പിതാവ് ബോധേശ്വരന്‍. സംസ്‌കൃത പണ്ഡിതയും കോളജ് അധ്യാപികയുമായിരുന്നു അമ്മ പ്രൊഫ. കാര്‍ത്യായനിയമ്മ. എഴുത്തിന്റെയും വായനയുടെയും ചിന്തയുടെയും ഇടമായിരുന്ന ആ വീട്ടില്‍നിന്നുയിര്‍ത്തുവന്ന മൂന്നു പെണ്‍കുട്ടികളും പില്‍ക്കാലത്ത്, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ പ്രശസ്തരായി. നിരവധി പുസ്തകങ്ങള്‍ എഴുതി, പ്രസംഗിച്ചു, പൊതുപരിപാടികളില്‍ നിറഞ്ഞു, സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. ആരവങ്ങളില്ലാത്ത ലോകത്തേക്ക് വിടവാങ്ങിയ അവരില്‍ അവസാനത്തെ ആളായിരുന്നു, വാക്കുകളുടെ മഹാപഥങ്ങള്‍ താണ്ടി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നടന്നുമറഞ്ഞ സുഗതകുമാരി. പ്രിയപ്പെട്ട സഹോദരിമാരുടെ വിയോഗം തീര്‍ത്ത വിങ്ങലും തളര്‍ച്ചയും, സാമൂഹ്യ ഇടപെടലിലൂടെയും എഴുത്തിലൂടെയും ഇത്രകാലം മറികടന്നാണ് ടീച്ചര്‍ യാത്രയാവുന്നത്.

സഹോദരിമാരുണ്ടാവുകയെന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയുണ്ടാവുക എന്നാണര്‍ത്ഥമെന്ന് പറയാറുണ്ട്. ഈ മൂന്ന് സഹോദരിമാര്‍ക്കിടയിലും ആഴത്തില്‍ വേരൂന്നിയത് സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും ഇഴകളായിരുന്നു. പരസ്പരം കൈത്താങ്ങായാണ് മൂവരും കര്‍മ്മമേഖലകളില്‍ മുഴുകിയത്. എല്ലാ തിരക്കുകള്‍ക്കുമൊടുവില്‍ അവര്‍ക്ക് ചെന്നു പറ്റാനുള്ള ഇടമായിരുന്നു വീട്. സങ്കടങ്ങളും വേദനകളും മൂവരും ഒന്നിച്ചു പങ്കുവെച്ചു. തീരുമാനങ്ങള്‍ ഒന്നിച്ചെടുത്തു. ജീവിതം വെച്ചുനീട്ടുന്ന അരക്ഷിതാവസ്ഥകളെ ഒറ്റക്കെട്ടായി നേരിട്ടു. അസാധാരണമായ ഒരു പെണ്‍കൂട്ടായ്മ ആയിരുന്നു അത്. ഒരുപക്ഷേ, ഒരേ പോലെ പ്രശസ്തരായ മറ്റ് മൂന്ന് സഹോദരിമാര്‍ മലയാള സാഹിത്യലോകത്ത് വേറെയുണ്ടാവില്ല.

 

tale of three sisters Sugathakumari and her writer siblings

ഹൃദയകുമാരി, സുഗതകുമാരി, സുജാതാ ദേവി

 

ഹൃദയ, സുഗത, സുജാത-ബുദ്ധദര്‍ശനങ്ങളില്‍നിന്നാണ് ആ മൂന്ന് പേരുകളും മാതാപിതാക്കള്‍ കണ്ടെടുത്തത്. ആത്മീയതയിലും ബുദ്ധദര്‍ശനങ്ങളിലും കാലൂന്നിയ ബോധേശ്വരന്‍ ശ്രീനാരായണ ഗുരുവിന്റെ അടുത്ത ശിഷ്യനായിരുന്നു. സ്വാമി വിവേകാനന്ദന്റെ വഴിയിലും അദ്ദേഹമുണ്ടായിരുന്നു. അക്കാലത്ത്, സാധാരണമല്ലാത്ത പേരുകളുമായി വളര്‍ന്ന ആ മൂന്ന് കുട്ടികള്‍ക്ക് ജീവിതകാലത്തുടനീളം ആത്മീയതയുടെ അടിവേരുകളുണ്ടായിരുന്നു. വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും നിര്‍ണയിക്കുന്നതില്‍ ആത്മീയമായ ധാരയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 

തികച്ചും മതേതരമായ കുടുംബപശ്ചാത്തലം ജീവിതത്തിലുടനീളം അവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. രാഷ്ട്രീയമായ പാകതയും പക്വതയും ചെറുപ്പത്തിലേ കാണിച്ചിരുന്ന ഹൃദയകുമാരി എക്കാലവും മതേതരത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തി. സൗമ്യതയായിരുന്നു മുഖമുദ്രയെങ്കിലും നിലപാടുകളില്‍ ഉരുക്കുപോലുറച്ച മനസ്സായിരുന്നു അവരുടേത്. സ്ത്രീവാദ രാഷ്ട്രീയം കേരളത്തില്‍ വേരൂന്നുന്ന ആദ്യകാലങ്ങളിലാണ് പെണ്ണിനും മണ്ണിനും വേണ്ടിയുള്ള സുഗതകുമാരിയുടെ പോര്‍മുഖങ്ങള്‍ തുറക്കുന്നത്. പാരിസ്ഥിതികമായ കാഴ്ചപ്പാടുകളിലും ആത്മീയമായ വഴികളിലും തന്നെ സ്വാധീനിച്ചത് മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമായിരുന്നുവെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. ഇളയവളായ സുജാത, കുറേക്കൂടി ആഴത്തില്‍ ആത്മീയാന്വേഷണങ്ങളില്‍ മുഴുകിയിരുന്നു. പ്രകൃതിയുടെ സാന്ത്വനങ്ങള്‍ തേടുന്ന യാത്രാപഥങ്ങളിലേക്ക് അവര്‍ പുറപ്പെട്ടു പോയത് ആ വഴിക്കാണ്.

 

tale of three sisters Sugathakumari and her writer siblings

ഹൃദയകുമാരി

 

പ്രേതകഥകളും അനിയത്തിമാരും

ഹൃദയകുമാരിയാണ് അവരില്‍ ആദ്യം പിറന്നത്. സുഗതകുമാരി ജനിക്കുന്നതിന് നാലുവര്‍ഷം മുമ്പ്, ആറന്മുളയിലെ വാഴുവേലില്‍ തറവാട്ടില്‍ ഹൃദയ ജനിച്ചു. അതിനു പിന്നാലെ സുഗത കുമാരി. അവസാനമായി സുജാതാ ദേവി.. അച്ഛനും അമ്മയും മൂന്ന് പെണ്‍മക്കളെയും ഒരുപാട് സ്വാധീനിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന പിതാവില്‍ നിന്നും അധ്യാപികയായ അമ്മയില്‍ നിന്നും കിട്ടിയതാവണം സാഹിത്യത്തോടും ആത്മീയതയോടും രാഷ്ട്രീയത്തോടും സാമൂഹ്യവിഷയങ്ങളോടുമുള്ള അവരുടെ ഇഷ്ടം. മൂന്നു പെണ്‍മക്കളെയും ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തിയ വന്‍മരമായിരുന്നു അമ്മ. പുസ്തകങ്ങളുടെയും അറിവിന്റെയും ലോകങ്ങളിലേക്ക് അമ്മ അവരെ നയിച്ചു. വിശാലമായ ലോകത്തെ പരിചയപ്പെടുത്തി. ധൈര്യം വേണമെന്ന് ചൊല്ലിപ്പഠിപ്പിച്ച് കരുത്തരാക്കി.ജീവിതത്തിനും പഠനത്തിനും അച്ചടക്കവും ക്രമവും വേണമെന്ന് പഠിപ്പിച്ചു. 

ഇംഗ്ലീഷ് സാഹിത്യത്തില്‍ പണ്ടേ തല്‍പരയായിരുന്നു ഹൃദയകുമാരി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമാണ് എംഎ നേടിയത്. എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ് തുടങ്ങി നിരവധി കലാലയങ്ങളില്‍ ശിഷ്യരുടെ പ്രിയപ്പെട്ട അധ്യാപികയായി അവര്‍. വിദ്യാഭ്യാസമേഖലയില്‍ സ്വയം അടയാളപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതി അധ്യക്ഷയും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റിയിലെ അംഗവുമായി. വിദ്യാഭ്യാസത്തെക്കുറിച്ച് ആഴമുള്ള ധാരണകളുണ്ടായിരുന്നു ടീച്ചര്‍ക്ക്. ഏതു വിഷയവും ആഴത്തില്‍ പഠിക്കാനും വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാനും തല്‍പ്പരയായിരുന്നു. ആകാശത്തിനു കീഴെയുള്ള ഏതു വിഷയങ്ങളെയും അവര്‍ അമ്പരപ്പോടെ കണ്ടു. കുട്ടികളുടെ കൗതുകത്തോടെ അറിവുകളിലേക്ക് നടന്നുചെന്നു.

ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ അറിവുണ്ടായിരുന്നു ഹൃദയകുമാരി ടീച്ചര്‍ക്ക്. കാല്‍പനികതയെ കുറിച്ചുള്ള അവരുടെ അന്വേഷണം അക്കാദമിക് ആയി ഏറെ ശ്രദ്ധേയമായിരുന്നു. ഇളയ രണ്ട് സഹോദരിമാരും കവിതയിലേക്കും സര്‍ഗാത്മക സാഹിത്യത്തിലേക്കും നടന്നപ്പോള്‍, സാഹിത്യ കൃതികളെ കീറിമുറിച്ച് പഠിക്കാനും ആഴത്തില്‍ അന്വേഷണങ്ങള്‍ നടത്താനും ടീച്ചര്‍ മനസ്സുവെച്ചു. 'കാല്‍പനികത' എന്ന് പേരുള്ള ശ്രദ്ധേയമായ കൃതി പിറവികൊണ്ടതും അങ്ങനെ തന്നെ. 'ഓര്‍മ്മകളിലെ വസന്തകാലം', 'വള്ളത്തോള്‍', 'നവോത്ഥാനം ആംഗലസമൂഹത്തിന്' തുടങ്ങി വേറെയും കൃതികള്‍ രചിച്ചു. 'നന്ദിപൂര്‍വം' എന്ന ആത്മകഥയുമെഴുതിയിട്ടുണ്ട്. സരസയും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്ന ഹൃദയകുമാരിയെക്കുറിച്ച് പ്രിയപ്പെട്ട ഗുരുവെന്ന് ശിഷ്യര്‍ സാക്ഷ്യം പറഞ്ഞു. ചിലരവരെ മാതൃതുല്യയായി കരുതി.

സഹോദരിത്രയങ്ങള്‍ക്കിടയിലും സരസയായിരുന്നു ഹൃദയകുമാരി. ഡിറ്റക്ടീവ്, ഹൊറര്‍ കൃതികളോട് ടീച്ചര്‍ക്ക് എക്കാലത്തും പ്രിയമായിരുന്നു. ചോര മരവിപ്പിക്കുന്ന കൊലപാതക കഥകള്‍ ടീച്ചര്‍ തേടിപ്പിടിച്ചു. ഗംഭീരമായി കഥകള്‍ പറയാനറിയുമായിരുന്ന, ഭയപ്പെടുത്തുന്ന കൃതികള്‍ വായിക്കാനിഷ്ടപ്പെട്ടിരുന്ന ഹൃദയച്ചേച്ചി തന്നെ കുഞ്ഞുന്നാളില്‍ പ്രേതകഥകള്‍ പറഞ്ഞു പേടിപ്പിച്ചിരുന്നതായി ഒരഭിമുഖത്തില്‍ സുഗതകുമാരി ഓര്‍ക്കുന്നുണ്ട്. പ്രേതകഥകള്‍ പറഞ്ഞ ശേഷം ചേച്ചി കൂളായിരിക്കുകയും തങ്ങള്‍ അനുജത്തിമാര്‍ ഉറങ്ങാനാവാതെ വിറച്ചിരിക്കുകയും ചെയ്യുമായിരുന്നുവെന്ന് സുഗതകുമാരി ടീച്ചര്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. എത്രയോ കാലം പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് സഹോദരിമാരുടെ ഉറക്കം കളഞ്ഞിട്ടുണ്ട് ഹൃദയകുമാരിയെന്ന് ചെറുചിരിയോടെ അവരെപ്പോഴും പറഞ്ഞു.

 

tale of three sisters Sugathakumari and her writer siblings

സുജാതാദേവി


കാടിന്റെ താളം തേടിയൊരുവള്‍

മികച്ച അധ്യാപികയായിരുന്നു ഇളയവള്‍ സുജാതാദേവിയും ഇംഗ്ലീഷ് സാഹിത്യമായിരുന്നു അവരുടെയും തട്ടകം. കേരളത്തിലുടനീളം അവര്‍ കോളജ് അധ്യാപികയായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യരെ ഉണ്ടാക്കി. അതോടൊപ്പം, സാഹിത്യ നിരൂപണം എഴുതി. അധികമാരുമറിയാതെ ഗംഭീരമായി കവിതകള്‍ എഴുതി. 'സുജാത കവിതകളെഴുതുന്നുണ്ട്, എന്ത് നല്ല കവിതകള്‍' എന്ന് സുഗതകുമാരി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവ പ്രസിദ്ധീകരിക്കാന്‍ സുജാത ദേവി വലിയ താല്‍പ്പര്യമെടുത്തിരുന്നില്ല. കരുണയും ആത്മീയതയും യാത്രയുടെ അനിശ്ചിതത്വങ്ങളുമായിരുന്നു സുജാതദേവിയുടെ വഴി. 'കാടിന്റെ താളം തേടി' എന്ന കൃതിക്ക് സഞ്ചാരസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം വിട പറഞ്ഞ പ്രമുഖ എഴുത്തുകാരി അഷിത സുജാതാ ദേവിയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: ''എന്റെ മകള്‍ ഈ ഭൂമിയില്‍ ആദ്യം ധരിച്ച വെള്ള കുപ്പായം ടീച്ചര്‍ കൊണ്ട് വന്നതാണ്. അത്രമേല്‍ അഗാധവും വാത്സല്യഭരിതവുമായ ഒരു ബന്ധം എന്റെ ജീവിതത്തില്‍ ആദ്യത്തേതും അവസാനത്തേതും ആയിരുന്നു. മലയാള സാഹിത്യത്തിലേക്ക് എന്നെ പടി കയറ്റി വിട്ടത് ടീച്ചറാണ്. 'ആരോഗ്യ നികേതനം', 'യയാതി', ബംഗാളി നോവലുകള്‍, സിപി സ്നോ, കാതറിന്‍ മാന്‍സ്ഫീല്‍ഡ് എന്നിവരെയൊക്കെ ഞാന്‍ പരിചയപ്പെട്ടത് ടീച്ചറിലൂടെ ആണ്. ''മാധവിക്കുട്ടിയുടെ കഥകള്‍ വായിക്കാതെ ആരും മലയാളത്തില്‍ എഴുത്തുകാരി ആവാമെന്ന് വിചാരിക്കേണ്ട'' എന്ന ടീച്ചറുടെ ശകാരം കേട്ടിട്ടാണ് ഞാന്‍ ആദ്യമായി എന്റെ മുപ്പതുകളില്‍ മാധവിക്കുട്ടിയെ വായിച്ചത്.''

''ഒരു കാലത്ത് ടീച്ചറില്‍ ഊന്നിയാണ് ഞാന്‍ ജീവിതത്തിന്റെ സങ്കടക്കടല്‍ തുഴഞ്ഞു കയറിയത്. ഒരു കടലിനെ ഉള്ളില്‍ പേറി നടന്ന ആ കാലം! എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവസാനത്തെ വഴിയായി മുന്നില്‍ തെളിഞ്ഞതാണ് സുജാത ടീച്ചര്‍'' -അഷിത ഇന്ത്യന്‍ എക്സ്പ്രസ് മലയാളം പോര്‍ട്ടലില്‍ എഴുതിയ കുറിപ്പില്‍ ഓര്‍ക്കുന്നു.

ആത്മീയവഴികളെ ഇഷ്ടപ്പെട്ടിരുന്ന സുജാതാ ദേവി, ദേവി എന്ന പേരിലായിരുന്നു കവിതകളെഴുതിയിരുന്നത്. മരണശേഷം അവ പ്രസിദ്ധീകരിക്കരുതെന്ന് വില്‍പത്രത്തില്‍ വരെ അവരെഴുതിവച്ചു. തന്റെ കവിതകളെല്ലാം കത്തിച്ചുകളഞ്ഞേക്കൂ, പേരക്കിടങ്ങളതുകണ്ട് രസിക്കട്ടെ എന്നായിരുന്നു സുജാതദേവി എഴുതിവച്ചത്. 

എന്നാല്‍, സഹോദരിയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുകാണാനായിരുന്നു സുഗതകുമാരിക്കിഷ്ടം. അതിനുള്ള അവകാശം തനിക്കുണ്ടെന്ന് ടീച്ചര്‍ പറഞ്ഞു. എന്നിട്ട് സഹോദരിയുടെ കവിതകള്‍ എഡിറ്റ് ചെയ്തു, അവ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരുപക്ഷേ, ഒരു സഹോദരിക്ക് മാത്രം എടുക്കാവുന്ന സ്വാതന്ത്ര്യം. ആത്മീയവഴികളിലും യാത്രകളിലും അലഞ്ഞ സുജാതദേവിയെ ഈ ലോകത്തേക്ക് ബന്ധിപ്പിച്ച് നിര്‍ത്തിയ കണ്ണിയായിരുന്നു പ്രിയപ്പെട്ട സഹോദരിമാര്‍.

 

tale of three sisters Sugathakumari and her writer siblings

സുഗതകുമാരി

 

സഹോദരങ്ങളുടെ വഴിയേ...

സഹോദരിമാരോട് എപ്പോഴും ഗാഢമായ സ്നേഹവും അടുപ്പവും കാണിച്ചിരുന്നു സുഗതകുമാരി. ഒരിക്കല്‍ ഹൃദയകുമാരിയെ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെച്ചെന്നതാവട്ടെ സുഗതകുമാരിയും. സഹോദരിയെ സര്‍ജറിക്ക് കേറ്റുമ്പോഴാകട്ടെ, ടെന്‍ഷന്‍ കൂടി സുഗതകുമാരി ബോധം കെട്ടു വീണു. ഹൃദയകുമാരി ഓപ്പറേഷന്‍ റൂമില്‍ കഴിയുമ്പോള്‍ അടുത്ത റൂമില്‍ സുഗതകുമാരിയും കിടന്നു.

2014 -ല്‍ ഹൃദയകുമാരിയും 2018 -ല്‍ സുജാതദേവിയും ഈ ലോകത്തോട് വിടപറഞ്ഞു. രണ്ട് സഹോദരിമാരുടെയും വിയോഗം സുഗതകുമാരിയെ ആഴത്തില്‍ തളര്‍ത്തിയിരുന്നു. എന്ത് പ്രശ്നം വന്നാലും കൈത്താങ്ങായി ഉണ്ടായിരുന്ന സഹോദരങ്ങള്‍ പോയതോടെ ആത്മാവില്‍ അവര്‍ ഏകയായി. എന്നാല്‍, സുഗത കുമാരി ഒരിക്കലും അടഞ്ഞുപോയില്ല. പൊതുപ്രവര്‍ത്തനവും സാഹിത്യ സാംസ്‌കാരിക ഇടപെടലുകളുമായി ടീച്ചര്‍ സജീവമായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീല്‍ ചെയറില്‍ പൊതുപരിപാടികള്‍ക്ക് പോയി. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ആധി പിടിച്ചു. നിരന്തരം അധികാരത്തെ ചോദ്യം ചെയ്തു. ഏതു വിഷയത്തിലും മലയാളി സുഗതകുമാരിയുടെ പ്രതികരണം ആരാഞ്ഞത് അതിനാലായിരുന്നു. 

സുഗത കുമാരി സഹോദരങ്ങളുടെ ലോകത്തേക്ക് യാത്രപോയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. സാഹിത്യത്തെ സ്നേഹിച്ച, എഴുത്തിനെ ചേര്‍ത്തുപിടിച്ച പ്രിയപ്പെട്ട സഹോദരങ്ങള്‍ പോയ അതേ വഴിക്ക്, ആ യാത്ര. ഒരേ വയറ്റില്‍ പിറന്ന്, ഒരേ വീട്ടില്‍, ജനിച്ച്, ഒരുമിച്ച് വളരുകയും പരസ്പരം ചേര്‍ത്തുപിടിക്കുകയും ചെയ്ത ആ മൂന്നു പേരും അരങ്ങൊഴിഞ്ഞിരിക്കുന്നു. ജീവിതം കൊണ്ട് അവര്‍ പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തികളും നടന്ന വഴികളും ചേര്‍ത്തുപിടിച്ച മനുഷ്യരും മാത്രം ബാക്കിയാവുന്നു.

Follow Us:
Download App:
  • android
  • ios