Asianet News MalayalamAsianet News Malayalam

Teacher's Experiences: ചൂരലല്ല, സ്‌നേഹവും പരിഗണനയുമാണ് കുട്ടികളെ മാറ്റിമറിക്കുക

ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള അനുഭവങ്ങള്‍.ഫര്‍സാന പി. കെ എഴുതുന്നു

Teachers experience a girl of silence by Shamla Jahfar
Author
Thiruvananthapuram, First Published Feb 21, 2022, 4:07 PM IST

ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. ഓരോരുത്തര്‍ക്കും പറയാനുണ്ടാവും പല അനുഭവങ്ങള്‍, ഓര്‍മ്മകള്‍. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള വ്യത്യസ്തമായ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് അയക്കൂ. വിലാസം: submissions@asianetnews.in  .കുറിപ്പിനൊപ്പം ഒരു ഫോട്ടോയും വിശദമായ വിലാസവും എഴുതണം. സബ്ജക്ട് ലൈനില്‍ ക്ലാസ് മുറി എന്ന് എഴുതാന്‍ മറക്കരുത്.

 

Teachers experience a girl of silence by Shamla Jahfar


അദ്ധ്യാപക പരിശീലന കോഴ്‌സ് കഴിഞ്ഞ ഉടനെ ജോലിയില്‍ പ്രവേശിച്ചതാണ് ഞാന്‍. ആദ്യമായി എനിക്കു കിട്ടിയ ക്ലാസിലെ നല്ലൊരു വികൃതിയെക്കുറിച്ചാണ് ഞാനിനി പറയുന്നത്. റോഷിന്‍ അതാണ് അവന്റെ പേര്. കറുത്ത് മെലിഞ്ഞ് ചെറിയൊരു ഒരു കുട്ടി. ഒരു അഞ്ചാം ക്ളാസുകാരന്റെ വലിപ്പമൊന്നും അവനില്ല. 

അഞ്ചു വര്‍ഷമായി അതേ സ്‌കൂളില്‍ പഠിച്ചു വന്ന കുട്ടികള്‍ക്ക് പുതിയതായിരുന്നു ഞാന്‍. ദിവസവും ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് അഞ്ചു മിനിറ്റ് കുട്ടികളോട് വിശേഷങ്ങള്‍ ചോദിച്ചറിയല്‍ എന്റെ പതിവായിരുന്നു. എന്നോട് വിശേഷങ്ങള്‍ പറയാന്‍ അവര്‍ക്കു താല്‍പ്പര്യമേറെയായിരുന്നു. എന്നാല്‍ അതിന് അഞ്ചു മിനിറ്റൊന്നും മതിയായിരുന്നില്ല അവര്‍ക്ക്. 

അതു കഴിഞ്ഞുള്ള  അഞ്ച് മിനിറ്റ് തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങള്‍ ചോദിക്കും. ക്ലാസില്‍ ശ്രദ്ധിക്കുകയും വീട്ടില്‍ നിന്ന് പഠിച്ചു വരികയും ചെയ്ത കുട്ടികള്‍ക്ക് ആവേശവും അല്ലാത്തവര്‍ക്ക് വിഷമവും ഉണ്ടാവുന്ന സമയം. 

പേര് വിളിച്ച് ഓരോരുത്തര്‍ക്കും ഉള്ള ചോദ്യങ്ങള്‍ കൊടുത്തു. ആദ്യമായി റോഷിന്‍ എന്നു വിളിച്ചു, അപ്പോള്‍ എഴുന്നേറ്റു നിന്നു അവന്‍. പക്ഷെ, ഉത്തരമില്ല. അപ്പോഴേക്കും പിന്നില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ വന്നു. ടീച്ചറെ, അവന്‍ ഒന്നും പഠിക്കില്ല, ഭയങ്കര വികൃതിയാണ്, ടീച്ചര്‍മാര്‍ക്കൊന്നും ഇഷ്ടമില്ല, എല്ലാവരോടും അടിപിടിയാണ് എന്നിങ്ങനെ. 

ഞാന്‍ ആകെ അന്തം വിട്ടു പോയി. എല്ലാം കേട്ടു ചിരിച്ചു കൊണ്ടു റോഷിന്‍ നിന്നു. 

ഞാന്‍ എല്ലാ കുട്ടികളോടും മിണ്ടാതിരിക്കാന്‍ പറഞ്ഞു.

'നിങ്ങള്‍ പറഞ്ഞതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. റോഷിന്‍ നല്ല കുട്ടിയാണ്. നാളെ മുതല്‍ അവനായിരിക്കും എല്ലാ ഉത്തരങ്ങളും എല്ലാവരേക്കാളും നന്നായി പറയുന്നത്, അല്ലേ റോഷിന്‍?'

എന്റെ ചോദ്യത്തിന് ഓക്കേ എന്നു പറഞ്ഞു അവന്‍  ഇരുന്നു. പിറ്റേന്ന് മുതല്‍ അവന്‍ ആളാകെ മാറിയതാണ് കണ്ടത്. ഏതു ചോദ്യത്തിനും ഉത്തരം.  പിന്നെപ്പിന്നെ അവന്റ ഉത്തരങ്ങള്‍ മുഴുവനും കേള്‍പ്പിച്ചിട്ടേ എന്നെ ക്ലാസ്സ് എടുക്കാന്‍ സമ്മതിക്കുകയുള്ളൂ എന്നായി. മറ്റു കുട്ടികള്‍ക്ക് പോലും മനപാഠമാക്കാന്‍ പ്രയാസമുള്ള സയന്‍സിലെ ഉത്തരങ്ങള്‍ അവന്‍ വളരെ എളുപ്പത്തില്‍ പറയുന്നത് കണ്ടു ക്ലാസ് ഒന്നടങ്കം അത്ഭുതപ്പെട്ടു.

ആദ്യം കണ്ട റോഷന്‍ അല്ലായിരുന്നു പിന്നീട് അവന്‍. പെട്ടെന്ന് തന്നെ അടിമുടി മാറി തുടങ്ങി. അവനെ ലീഡര്‍ ആക്കിയതോടെ റോഷിന് വീട്ടിലും സ്‌കൂളിലും നല്ല കുട്ടി എന്ന പേര് കിട്ടി തുടങ്ങി. പരാതി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍, രക്ഷിതാക്കളുടെ മീറ്റിംഗില്‍ വരാന്‍ മടിച്ചിരുന്ന റോഷിന്റെ അച്ഛനും അമ്മയും വളരെ ആവേശത്തോടെയാണ് ഇത്തവണ വന്നത്. 

''ടീച്ചറെ, ടീച്ചറെ ദൈവം അനുഗ്രഹിക്കും. എന്റെ മോന്‍ ഇത്രയും നല്ല കുട്ടിയായി ഞങ്ങള്‍ ഇപ്പോഴാ കാണുന്നത്. അവനു സ്‌കൂളില്‍ പോകാനേ ഇഷ്ടമുണ്ടായിരുന്നില്ല. ഇപ്പോള്‍ അവന്‍ നന്നായി പഠിക്കുന്നു. നല്ല സ്വഭാവവും പെരുമാറ്റവും. വികൃതി യൊക്കെ മാറി''-അവര്‍ നിര്‍ത്താതെ ആവേശത്തോടെ പറഞ്ഞു. 

എന്നെ സംബന്ധിച്ച് അതു വലിയൊരു പാഠമായിരുന്നു. സ്‌നേഹവും പരിഗണനയും മനുഷ്യനെ എങ്ങനെ മാറ്റുമെന്ന് റോഷിനിലൂടെ ഞാന്‍ പഠിച്ചു. 

ചില കുട്ടികള്‍ അങ്ങനെയാണ്. അവര്‍ക്കു പ്രത്യേകം ശ്രദ്ധയും അംഗീകാരവും പ്രശംസയും വേണം. അതു കിട്ടിയാല്‍ പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വെക്കും. സ്‌നേഹവും പരിചരണവും നല്‍കി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നതാണ് ഓരോ അദ്ധ്യാപകന്റെയും യഥാര്‍ത്ഥ ദൗത്യവും വിജയവും. 

Follow Us:
Download App:
  • android
  • ios