Asianet News MalayalamAsianet News Malayalam

കഞ്ചാവ് പ്രസാദമായി കിട്ടുന്ന ക്ഷേത്രമുണ്ടോ ഇന്ത്യയില്‍?

എന്നിരുന്നാലും പുറത്തുനിന്നുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് ക്ഷേത്ര അധികാരികൾ പൂർണമായും വിലക്കിയിരിക്കുന്നു.  

temple gives marijuana as prasada
Author
Karnataka, First Published Feb 11, 2021, 2:36 PM IST

കഞ്ചാവിന്റെ ഉപഭോഗവും വിതരണവും ഇന്ത്യയിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും വടക്കൻ കർണാടകയിൽ കഞ്ചാവ് പവിത്രമായതും ഭക്തർക്ക് പ്രസാദമായി നൽകുന്നതുമായ ചില ക്ഷേത്രങ്ങളുണ്ട്. ശരണ, ആരൂഢ, ശപ്ത, അവധൂത തുടങ്ങിയ പാരമ്പര്യങ്ങളിൽ, ആത്മീയതയിൽ ഉയർച്ച കൈവരിക്കുമെന്ന പ്രതീക്ഷയിൽ കഞ്ചാവ് അല്ലെങ്കിൽ ഗഞ്ച വിവിധ രൂപങ്ങളിൽ ഭക്തർ ഉപയോ​ഗിക്കുന്നു. അക്കൂട്ടത്തിൽ കർണാടകയിലെ യാദ്‌ഗീർ ജില്ലയിലെ മൗനേശ്വര ക്ഷേത്രത്തിലാണ് കഞ്ചാവ് പ്രസാദമായി നൽകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ജനുവരിയിൽ നടക്കുന്ന വാർഷിക മേളയിലാണ് ഭക്തർക്ക് പ്രസാദമായി ഒരു ചെറിയ പാക്കറ്റ് കഞ്ചാവ് നൽകുന്നത്. മൗനേശ്വരനെ പ്രാർത്ഥിച്ച ശേഷം ഭക്തർ അത് വലിക്കുന്നു. ക്ഷേത്രസമിതി അംഗമായ ഗംഗാധർ നായക് ഇതേ കുറിച്ച് പറഞ്ഞത് ഇതാണ്: ആത്മീയതയിൽ കൂടുതൽ ഉയരാനായിട്ടാണ് ഭക്തരും വിശുദ്ധരും ഇത് ഉപയോഗിക്കുന്നത്. മേള നടക്കുന്ന സമയത്ത് ആർക്കു വേണമെങ്കിലും ഇവിടെ വന്ന് പുകവലിക്കാം. ചിലർ ഗഞ്ച വെള്ളത്തിൽ കലക്കി തിളപ്പിച്ച് കുടിക്കുമ്പോൾ, മറ്റുള്ളവർ പുകയിലപ്പൊടി പോലെ കഴിക്കുന്നു. എന്നിരുന്നാലും പുറത്തുനിന്നുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് ക്ഷേത്ര അധികാരികൾ പൂർണമായും വിലക്കിയിരിക്കുന്നു.  

ഇതുവരെ പരാതി ഒന്നും ലഭിക്കാത്തതിന്റെ പേരിൽ, ക്ഷേത്രത്തിന്റെ ഈ ചടങ്ങിൽ പൊലീസ് വകുപ്പ് ഇത് വരെ ഇടപെട്ടിട്ടില്ല. പരാതി ലഭിച്ചാൽ റെയ്‌ഡ്‌ നടത്താൻ തയ്യാറാണെന്ന് റൈച്ചൂർ എസ്പി പ്രകാശ് നിത്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം സംബന്ധിച്ച് ഇപ്പോഴും വിലക്കുകളുണ്ടെങ്കിലും ചില രാജ്യങ്ങൾ കഞ്ചാവ് ഉപഭോഗം നിയമവിധേയമാക്കിയിട്ടുണ്ട്.

സുർപൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കൃഷ്ണ നദിയുടെ തീരത്തുള്ള മൗനേശ്വരക്ഷേത്രം ഒരേസമയം ക്ഷേത്രവും പള്ളിയും പോലെ കാണപ്പെടുന്നു. ഇസ്ലാമിക, ഹിന്ദു ശൈലികളുടെ സമന്വയമാണ് ഈ കെട്ടിടം. മുൻവശത്ത് ഒരു സാധാരണ മസ്ജിദിന്റെ രൂപത്തിലുള്ള ഇതിന്റെ മുകളിലേക്ക് നടക്കുമ്പോൾ നാല് വലിയ ക്ഷേത്രമണികൾ നമുക്ക് കാണാം. ദേവാലയത്തിനകത്തെ ഒരു ഫലകത്തിൽ മൗനേശ്വരന്റെ  ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ചിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗോണലിലാണ് മൗനേശ്വര ജനിച്ചത്. സ്വർണ്ണപ്പണിക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ശെഷപ്പ, ശേശാമ എന്നായിരുന്നു അവരുടെ പേര്. കുട്ടിക്കാലത്ത്, സർപൂർ രാജാവിന്റെ മരിച്ച മകനെ ജീവനോടെ കൊണ്ടുവന്നത് മൗനേശ്വരനാണെന്നാണ് കഥ. വിജയപുര, ബാഗലക്കോട്ടെ, ഹവേരി, എന്നിവിടങ്ങളിലും, കർണാടകയ്ക്ക് പുറത്തും അദ്ദേഹം അത്ഭുതങ്ങൾ കാണിച്ചതായി അതിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios