1984 -ൽ, ഇവിടെയുണ്ടായിരുന്ന ഒരുകൂട്ടം ബുദ്ധ സന്യാസിമാർ ഗ്രാമപ്രദേശങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കണ്ട് ആകെ വിഷമിച്ചു. അങ്ങനെയാണ് ആ വലിച്ചെറിഞ്ഞ കുപ്പികൾ ഉപയോഗപ്പെടുത്തിത്തന്നെ ക്ഷേത്രം പണിയാം എന്ന തീരുമാനത്തിൽ എത്തുന്നത്.
ക്ഷേത്രങ്ങളും മദ്യക്കുപ്പികളും തമ്മിൽ ഒരിക്കലും ചേരില്ല അല്ലേ? എന്നാൽ, ഈ ക്ഷേത്രത്തിലെ സ്ഥിതി അതല്ല. ഇവിടെ മദ്യക്കുപ്പികളുമായി ഈ ക്ഷേത്രത്തിന് നല്ല ബന്ധമുണ്ട്. അതേ, തായ്ലാൻഡിലെ ഈ ക്ഷേത്രം പണിതിരിക്കുന്നത് ശൂന്യമായ ബിയർ ബോട്ടിലുകൾ കൊണ്ടാണ്.
ബാങ്കോക്കിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള സിസാകെറ്റ് പ്രവിശ്യയിലാണ് സന്യാസിമാർ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ കൊണ്ട് ഒരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 'വാത് പാ മഹാ ചേദി കായോ' (Wat Pa Maha Chedi Kaew) എന്നാണ് ക്ഷേത്രത്തിന്റെ പേര്. 'ടെംപിൾ ഓഫ് മില്ല്യൺ ബോട്ടിൽസ്' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
1.5 മില്ല്യൺ കുപ്പികളാണ് ഈ ക്ഷേത്രം പണിയുന്നതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റുമായി ചേർന്നുകൊണ്ട് വളരെ മനോഹരമായ രീതിയിലാണ് ഈ കുപ്പികൾ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അകത്തും പുറത്തും നിർമ്മാണത്തിന് വേണ്ടി കുപ്പികൾ ഉപയോഗിച്ചിട്ടുണ്ട്.
1984 -ൽ, ഇവിടെയുണ്ടായിരുന്ന ഒരുകൂട്ടം ബുദ്ധ സന്യാസിമാർ ഗ്രാമപ്രദേശങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കണ്ട് ആകെ വിഷമിച്ചു. അങ്ങനെയാണ് ആ വലിച്ചെറിഞ്ഞ കുപ്പികൾ ഉപയോഗപ്പെടുത്തിത്തന്നെ ക്ഷേത്രം പണിയാം എന്ന തീരുമാനത്തിൽ എത്തുന്നത്. ഹെഡ്മാസ്റ്റർ ഫ്രാ ക്രൂ വിവേക് ധർമ്മജന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര നിർമ്മാണം. ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ ശ്മശാനമാണ് ക്ഷേത്രം നിർമ്മിക്കുന്നതിനായി സന്യാസിമാർ തെരഞ്ഞെടുത്തത്.
ഉപയോഗിച്ച മദ്യക്കുപ്പികൾ സംഭാവന ചെയ്യാൻ അവർ നാട്ടുകാരോടും കട ഉടമകളോടും ആവശ്യപ്പെടുകയും ചെയ്തു. വെറും രണ്ട് വർഷത്തിനുള്ളിലാണ്, കുപ്പികൾ ഉപയോഗിച്ച് അതിമനോഹരമായൊരു ചില്ലുക്ഷേത്രം ഇവിടെ സന്യാസിമാർ നിർമ്മിച്ചത്. പ്രധാനമായും ഉപയോഗിച്ചത് പച്ച ഹെനികെൻ ബോട്ടിലുകളും, ചാങ്, സിംഗ തുടങ്ങിയ പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള ബ്രൗൺ നിറത്തിലുള്ള കുപ്പികളുമാണ്.
