ലഹരിക്ക് അടിമകള്‍ ആയി പോയതിന്റെ പേരുദോഷം ഉണ്ടാക്കുന്നവരില്‍ മനുഷ്യര്‍ മാത്രമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൃഗങ്ങളുടെ മയക്കുമരുന്ന് / ലഹരി ഉപയോഗത്തില്‍ അനേക പഠനങ്ങള്‍ നടത്തിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജിയോ സമോറിനിയുടെ നിരീക്ഷണങ്ങള്‍ കൗതുകകരവും രസകരവുമാണ്.

 

 

മനുഷ്യന്റെ ഏറ്റവും വ്യത്യസ്തമായ കഴിവുകളില്‍ ഒന്നാണ് ലഹരി ആസ്വദിക്കാനുള്ള കഴിവ്. അതിന് അടിമയാകുക എന്നതാണ് ദോഷവശം. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ലഹരിക്ക് അടിമകള്‍. മൃഗലോകത്തിലും മഹാകുടിയന്‍മാരും മയക്കുമരുന്നിന് അടിമകള്‍ ആയി 'കുടുംബ ജീവിതം' വരെ താറുമാറായി പോയവരും ഉണ്ട്. 

ഇവിടെ ഉദ്ദേശിക്കുന്നത് എന്തെങ്കിലും ലഹരിദായക വസ്തുക്കള്‍ ആകസ്മികമായി തിന്ന് ലഹരിയില്‍ ആയിപോയ മൃഗസഹോദരങ്ങളെക്കുറിച്ചല്ല. അപകടകാരികളായ സസ്യഫലലതാദികള്‍ മൃഗങ്ങള്‍ പൊതുവെ ഒഴിവാക്കുകയാണ് പതിവ് . എന്നാല്‍ അവയില്‍ ലഹരി കണ്ടെത്തി പതിവായി അവ തിന്നാന്‍ മാത്രം എന്ത് ത്യാഗവും സഹിച്ച് എത്തുമ്പോള്‍ നാം അവരെ അടിമകള്‍ എന്ന് വിളിക്കും.മദ്യം എന്നതും നിര്‍വചിക്കണം: ഫെര്‍മെന്റേഷന്‍ സംഭവിച്ച് ആല്‍ക്കഹോള്‍ ഉണ്ടാവുന്ന എന്ത് ഭക്ഷ്യ വസ്തുക്കളും മദ്യം തന്നെയാണ്. ഉദാഹരണം: പുളിച്ച മുന്തിരി പോലെയുള്ള ഫലവര്‍ഗങ്ങള്‍ .

ലഹരിക്ക് അടിമകള്‍ ആയി പോയതിന്റെ പേരുദോഷം ഉണ്ടാക്കുന്നവരില്‍ മനുഷ്യര്‍ മാത്രമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൃഗങ്ങളുടെ മയക്കുമരുന്ന് / ലഹരി ഉപയോഗത്തില്‍ അനേക പഠനങ്ങള്‍ നടത്തിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജിയോ സമോറിനിയുടെ നിരീക്ഷണങ്ങള്‍ കൗതുകകരവും രസകരവുമാണ്.

 

 

ഇറ്റാലിയന്‍ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ ഉള്ള കാട്ടാടുകള്‍, നൃത്തം ചെയ്യുന്നത് പോലെ മുമ്പോട്ടും പിന്നോട്ടും ചലിക്കുകയും തല ആട്ടുകയും വികൃതമായി ഓടുകയും ഒരു ലക്ഷ്യവും ഇല്ലാതെ കുതിച്ചു ചാടുകയും ചെയ്യുന്നത് നിരീക്ഷിച്ച അദ്ദേഹം രസകരമായ ഒരു കാര്യം കണ്ടെത്തി . പര്‍വ്വത നിരകളില്‍ സമൃദ്ധമായി വളരുന്ന കടും നിറമുള്ള കൂണുകള്‍ തിന്ന് പൂസായതാണ് ഈ ആടുകള്‍. കൂണുകളിലുള്ള ചില രാസ വസ്തുക്കള്‍ മയക്കുമരുന്നിന്റെ സ്വഭാവം ഉള്ളവയാണ്. ഈ കാട്ടാടുകള്‍ സ്ഥിരമായി അത് തിന്നാന്‍ കൂട്ടത്തോടെ വരികയും ഒരു കൂണ് പോലും അവശേഷിക്കാതെ അവ മാത്രം തിന്നു തീര്‍ക്കുകയും ചെയ്യും. അതിന് ശേഷമോ തനി അഴിഞ്ഞാട്ടം തന്നെ. ആട്ടിന്‍ -സംസ്‌കാരത്തിന് നിരക്കാത്ത പ്രവര്‍ത്തികളായ നൃത്തം, കണ്ണുകള്‍ കൊണ്ട് കോപ്രായങ്ങള്‍ എന്നിവയൊക്കെ പതിവാണത്രേ .

പൂച്ചകള്‍ ചില ഇനം ചെടികള്‍ തിന്നുന്നതും അവയില്‍ കിടന്ന് ഉരുളുന്നതും കണ്ടിരിക്കും. ഒരു രസത്തിന് മാത്രം ചെയ്യുന്നതല്ല അത്തരം പ്രവൃത്തികള്‍ എന്നാണ് ഡോ.  ജോര്‍ജിയോ പറയുന്നത് . catnip എന്ന ചെടിയില്‍ കിടന്ന് ഉരുളുകയും അവയുടെ ഇല തിന്നുന്നതും ലഹരി കൊണ്ടു തന്നെയാണ്. ആണ്‍ പൂച്ചകളുടെ ഉദ്ധാരണം വര്‍ധിപ്പിക്കുകയും പെണ്‍ പൂച്ചകളെ ഇണചേരലിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കെമിക്കല്‍ ഏജന്റുകള്‍ ഈ ചെടികളില്‍ അടങ്ങിയിട്ടുണ്ട് . ജപ്പാനില്‍ ധാരാളമായി കണ്ടുവരുന്ന metatabi ചെടികള്‍ തിന്ന് പൂച്ചകള്‍ മലര്‍ന്ന് കിടന്ന് കാലുകള്‍ നാലും ഉയര്‍ത്തി നിശ്ചലമായി ചത്തത് പോലെ കിടക്കുന്നത് അസാധാരണം അല്ല മറിച്ച് നല്ല പൂസ് ആയിട്ടാണ് .

 

 

സൈബീരിയയില്‍ കണ്ടുവരുന്ന Flyagaric എന്ന ഇനം കൂണുകള്‍ അവിടുത്തെ റെയിന്‍ഡിയറുകള്‍ ധാരാളമായി തിന്നു തീര്‍ക്കാറുണ്ട് . കൂണുകള്‍ നല്‍കുന്ന ലഹരിയില്‍ ലക്ഷ്യമില്ലാതെ ഓടുക , പൂസായി പരസ്പരം അടി ഉണ്ടാക്കുക തല ഇളക്കുക കൊമ്പുകള്‍ ആട്ടുക എന്നതൊക്കെ നിത്യകാഴ്ചകള്‍.
അതും കൂടാതെ റെയിന്‍ഡിയറുകള്‍ കൂണുകള്‍ തിന്ന മറ്റ് റെയിന്‍ഡിയറുകളുടെ മൂത്രവും കുടിക്കാറുണ്ട് . ഇത് സൈബീരിയയിലെ ചില മനുഷ്യരും ചെയ്യാറുണ്ട് . കഴിക്കുന്ന കൂണിലെ വിഷാംശം കുറയുകയും പൂസ് നിലനില്‍കുകയും ചെയ്യണമെങ്കില്‍ മൂത്രം കുടിക്കുന്നതാണ് നല്ലത് എന്ന് സൈബീരിയന്‍ റെയിന്‍ഡിയറുകളില്‍ നിന്ന് ആയിരിക്കണം അവിടുത്തെ മനുഷ്യര്‍ പഠിച്ചത്.

കാലിഫോര്‍ണിയയില്‍ ചുവന്ന ബെറികള്‍ ഉണ്ടാകുന്ന ഒരിനം മരത്തിലേക്ക് കായ്കള്‍ പഴുത്തു തുടങ്ങിയാല്‍ ആയിരത്തോളം കുരുവികള്‍ ചേക്കേറും . പിന്നീട് ഈ ചെറികള്‍ തച്ചിന് തീറ്റയാണ് പരിപാടി . പഴങ്ങള്‍ എല്ലാം തിന്ന് മത്തുപിടിച്ച കുരുവികള്‍ തലങ്ങും വിലങ്ങും പറക്കുക പറക്കുന്നതിന് ഇടയില്‍ ഉറങ്ങി നിലത്തു വീഴും. ചിലപ്പോള്‍ അവ വീടുകള്‍ക്കുള്ളിലേക്ക് പറന്നു കയറും. ചിലത് കാറുകളില്‍ വന്നിടിച്ചു ചാകും. ബഹളം വെക്കും. പൂസായാല്‍ മനുഷ്യരെയും ഇവ വകവെക്കാറില്ലത്രേ . കടന്നാക്രമിക്കാനും മടിക്കാറില്ല.

യൂക്കാലിപ്‌സ് ഇലകള്‍ തിന്ന് ഉറങ്ങുന്ന പാണ്ടകള്‍, കോലകള്‍ എന്നിവ ശരിക്കും ഉറങ്ങുകയല്ല. യൂക്കാലിപ്റ്റസ് ഇലകളില്‍ അടങ്ങിയ രാസ വസ്തുക്കളുടെ ലഹരി കൊണ്ട് പൂസായി മയങ്ങുകയാണ് എന്നാണ് മൃഗവിദഗ്ധര്‍ പറയുന്നത്. 

 

 

ദക്ഷിണാഫ്രിക്കയില്‍ വളരുന്ന മരുള മരങ്ങള്‍ പഴുത്താല്‍ ആനകള്‍, കുരങ്ങന്മാര്‍, മാനുകള്‍, ജിറാഫികള്‍, എന്നിവ കൂട്ടത്തോടെ എത്തുകയായി .ആനകള്‍ തന്നെ കുലുക്കി താഴെ ഇടുന്ന മരുള പഴങ്ങള്‍ വയറു നിറയെ തിന്ന് അവറ്റകള്‍ പോലും നാല് കാലില്‍ ആണ് വീട്ടില്‍ പോകുന്നത്. പൂസിറങ്ങിയാല്‍ പിറ്റേ ദിവസവും രാവിലെ ഇവ തിരിച്ചെത്തി ഹാങ്ങ് ഓവര്‍ മാറ്റാന്‍ ഒരു 'ക്വാര്‍ട്ടര്‍' എങ്കിലും അകത്താക്കി ആണ് മറ്റ് ജോലികള്‍ക്ക് പോകാറ്. മരുള പഴങ്ങളുടെ സീസണ്‍ തീരുന്നത് വരെ ആ പരിസരത്തുള്ള മാന്യന്മാരായ മൃഗങ്ങള്‍ എല്ലാം പൂസാണ് എന്ന് ചുരുക്കം.

സൗത്ത് ആഫ്രിക്കയില്‍ തന്നെ കൃഷി നശിപ്പിക്കുന്ന ഒരിനം ഒച്ചുകളെ നശിപ്പിക്കാന്‍ കര്‍ഷകര്‍ വീഞ്ഞ്, ബിയര്‍ ഒക്കെ ബ്രാണ്ടി കലര്‍ത്തി ഒരു പാത്രത്തില്‍ വെക്കും . മണമടിച്ചു പൂസാകാന്‍ വരുന്ന ഒച്ചുകള്‍ ഇവ വയറു നിറയെ അകത്താക്കി കൂട്ടത്തോടെ അങ്ങനെ രസിച്ചിരിക്കുമ്പോള്‍ അവയെ കൂട്ടത്തോടെ നശിപ്പിക്കാന്‍ എളുപ്പമാണത്രെ.

ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ എന്ന സ്ഥലത്തും, വിയന്നയിലും 'പാട്ടുകാരന്‍ പക്ഷി ' എന്നറിയപ്പെടുന്ന ഒരിനം പക്ഷികള്‍ ആണ് കുടിയന്മാരുടെ രാജാക്കന്‍മാര്‍. വിയന്നയില്‍ 40 ഓളം song birds ബെറി പഴങ്ങള്‍ തിന്ന് പൂസായി, പറക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി ഒരു കെട്ടിടത്തില്‍ ഇടിച്ചു മരിച്ചു. കാരണം കണ്ടെത്താന്‍ അവയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍മാര്‍ പറഞ്ഞത് അവ മദ്യത്തിന് അടിമകള്‍ ആയിരുന്നു എന്നത്രെ . തികഞ്ഞ മദ്യപാനികളുടെ കരളുകള്‍ പോലെ ആയിരുന്നു ആ പക്ഷികളുടെയും കരളുകള്‍.

 

 

ജലജീവികളിലും ലഹരി തേടുന്ന കൂട്ടര്‍ ഉണ്ട്. 'പഫര്‍ ഫിഷ് ' എന്ന് വിളിക്കുന്ന കഠിന വിഷമുള്ള മീനുകളുടെ മുള്ളിലെ വിഷം അകത്തു ചെന്നാല്‍ മനുഷ്യന്‍ മരിക്കും.  എന്നാല്‍ ഡോള്‍ഫിനുകള്‍ പഫര്‍ ഫിഷിന്റെ അടുത്ത് പോയി തമാശകള്‍ കളിച്ചു കരുതി കൂട്ടി കുത്ത് വാങ്ങും - എന്തിനാ? ചെറിയ അളവില്‍ കിട്ടുന്ന ആ കുത്ത് കിട്ടിയാല്‍ നല്ല പൂസാണ്. ഒരു സുഖം .

വടക്കേ ഇന്ത്യയിലെ കറുപ്പ് കര്‍ഷകരുടെ ഏറ്റവും വലിയ ശത്രുവാണ് തത്തകള്‍. ദിവസവും കറുപ്പ് തിന്ന് പൂസാകാന്‍ കുടുംബ സമേതം എത്തുന്ന തത്തകളെ അകറ്റാന്‍ പല വഴികളും നോക്കി പരാജയപ്പെട്ട കര്‍ഷകരുടെ കഥ അടുത്ത കാലത്തു പത്രത്തില്‍ വന്നിരുന്നു.