ഇന്ന് ലോകത്തില്‍ ഏകദേശം 5000 കോടി പക്ഷികളുണ്ടെന്നാണ് കണക്ക്. ലോക ജനസംഖ്യ 7.8 ബില്യണ്‍ ആണെന്നാണ് കണക്ക്.അങ്ങനെയെന്നാല്‍ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരുടെ ആറ് മടങ്ങ് അധികമാണ് പക്ഷികളുടെ എണ്ണം.   

പണ്ട് പാടത്തും തൊടിയിലും വീട്ടുമുറ്റത്തുമെല്ലാം പക്ഷികളെ സുലഭമായി കണ്ടിരുന്നു. എന്നാല്‍ നഗരവത്കരണവും, വനംകൈയേറ്റവും അവയുടെ ഇടങ്ങള്‍ കവര്‍ന്നു. പതിയെ അവയുടെ ചിലപ്പുകളും, കലമ്പലുകളും കുറഞ്ഞു. എന്നാലും ലോകത്തില്‍ നമ്മളെക്കാളും കൂടുതല്‍ പക്ഷികളാണെന്നാണ് അടുത്തിടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ (യുഎന്‍എസ്ഡബ്ല്യു) ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. 

ഇന്ന് ലോകത്തില്‍ ഏകദേശം 5000 കോടി പക്ഷികളുണ്ടെന്നാണ് കണക്ക്. ലോക ജനസംഖ്യ 7.8 ബില്യണ്‍ ആണെന്നാണ് കണക്ക്.അങ്ങനെയെന്നാല്‍ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരുടെ ആറ് മടങ്ങ് അധികമാണ് പക്ഷികളുടെ എണ്ണം.

പക്ഷികളില്‍ഏറ്റവും കൂടുതലുള്ള ഇനം ഏതാണെന്നറിയാമോ? വീട്ടുകുരുവികള്‍. 1.6 ശതകോടി കുരുവികളാണ് ലോകത്തുള്ളത്. കൂടാതെ യൂറോപ്യന്‍ സ്റ്റെര്‍ലിങ്, ബാണ്‍ സ്വാലോ എന്നിവയുടെ എണ്ണവും ശതകോടിയ്ക്ക് മീതെയാണ്. അതേസമയം, പത്തില്‍ ഒന്ന് പക്ഷിവര്‍ഗ്ഗങ്ങളുടെ എണ്ണം 5000 ല്‍ താഴെയാണ്. ആകെയുള്ള പക്ഷികളുടെ എണ്ണത്തിന്റെ 12 ശതമാനം വരുമിത്. ചൈനീസ് ക്രെസ്റ്റഡ് ടെര്‍ണ്‍, നോയിസി സ്‌ക്രബ്-ബേര്‍ഡ്, ഇന്‍വിസിബിള്‍ റെയില്‍ തുടങ്ങിയവയാണ് കുറവ് എണ്ണമുള്ള പക്ഷിവര്‍ഗ്ഗങ്ങളില്‍ ചിലത്.

അറിയപ്പെടുന്ന 9,700 പക്ഷിവര്‍ഗ്ഗങ്ങളെ വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തലുകള്‍. ഇത് ജീവിച്ചിരിക്കുന്ന അകെ പക്ഷികളുടെ 92 ശതമാനത്തെ ഉള്‍കൊള്ളുന്നു. മനുഷ്യരുടെ ജനസംഖ്യ കണക്കാക്കാന്‍ മുന്‍പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, പക്ഷികളുടെ എണ്ണത്തെ കണക്കാക്കാനുള്ള ആദ്യത്തെ സമഗ്ര ശ്രമമാണിത് എന്ന് പഠനസംഘത്തിലെ അംഗമായ മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ വില്‍ കോണ്‍വെല്‍ പറഞ്ഞു.

അഞ്ചോ, പത്തോ വര്‍ഷത്തിനുള്ളില്‍ മറ്റൊരു സെന്‍സസ് നടത്തുകയാണെങ്കില്‍ ഈ ജീവിവര്‍ഗ്ഗങ്ങള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന് മനസിലാക്കാമെന്ന് പ്രൊഫ. കോണ്‍വെല്‍ പറയുന്നു. അവയുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെങ്കില്‍, ആവാസവ്യവസ്ഥയുടെ ഗുരുതരമായ നാശത്തെ അത് സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ ബ്ലാക്ക് ബ്രെസ്റ്റഡ് ബട്ടണ്‍ക്വയില്‍ പോലുള്ള അപൂര്‍വ പക്ഷിവര്‍ഗ്ഗങ്ങളില്‍ വലിയ കുറവുണ്ടായതായി കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. അവയില്‍ 100 എണ്ണം മാത്രമാണ് ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നത്. പക്ഷികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന ഈ ഡാറ്റ ഭാവിയില്‍ മറ്റ് പ്രധാനപ്പെട്ട മൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള ഒരു മാതൃകയായി പ്രവര്‍ത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.