Asianet News MalayalamAsianet News Malayalam

പത്തിലൊരാൾക്ക് വർണ്ണാന്ധതയുള്ള ദ്വീപ്, കറുപ്പിലും വെളുപ്പിലും മാത്രം ലോകത്തെ കാണുന്ന മനുഷ്യർ

1775 -ന് ശേഷമാണ് ദ്വീപിൽ ഈ അവസ്ഥ ഉണ്ടായത് എന്ന് കരുതുന്നു. ആ സമയത്ത് ഒരു കൊടുങ്കാറ്റ് ദ്വീപിനെ ആകെ തകർത്ത് കളഞ്ഞു. വളരെ കുറച്ച് ആളുകൾ മാത്രമാണ് അതിനെ അതിജീവിച്ചത്.

The Island of The Colourblind rlp
Author
First Published Mar 20, 2023, 12:20 PM IST

വർണ്ണാന്ധത അഥവാ കളർ ബ്ലൈൻഡ്നെസ്സ് എന്ന് നമ്മളിൽ പലരും കേട്ടുകാണും. വിവിധ കാരണങ്ങൾ കൊണ്ടും ഈ അവസ്ഥ സംഭവിക്കാറുണ്ട്. അതിലൊന്ന് നമ്മുടെ കണ്ണ്, തലച്ചോർ, ഞരമ്പ് എന്നിവയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ വർണ്ണാന്ധതയ്ക്ക് കാരണമാകാം എന്നതാണ്. അതുപോലെ എന്തെങ്കിലും രാസവസ്തുക്കൾ കണ്ണിൽ പോയാലും ഇങ്ങനെ ഉണ്ടാവാം. എന്നാൽ, നിരവധി പേർക്ക് വർണ്ണാന്ധത ഉള്ള ഒരു സ്ഥലമുണ്ടാകുമോ? അങ്ങനെ ഒരു സ്ഥലമുണ്ട് അതാണ് പിംഗേലാപ് അറ്റോൾ ദ്വീപ്.

'വർണ്ണാന്ധതയുള്ളവരുടെ ദ്വീപ്' (Island of the Colourblind) എന്നും പിം​ഗേലാപ് ദ്വീപ് അറിയപ്പെടുന്നു. വർണ്ണാന്ധത ആളുകളിൽ അത്ര അപൂർവമല്ല. എന്നാൽ, മിക്കവർക്കും പച്ചയും ചുവപ്പും കാണാനാവാത്ത അവസ്ഥയാണ് ഉണ്ടാവാറ്. മറ്റ് നിറങ്ങൾ വ്യക്തമായി കാണാനും സാധിക്കും. എന്നാൽ, പിം​ഗേലാപ് ദ്വീപിലെ ആളുകളിൽ പലരും ഈ ലോകത്തെ കാണുന്നത് കറുപ്പിലോ വെളുപ്പിലോ ആണ്. 

1996 -ൽ ഒലിവർ സാക്ക്സ് എഴുതിയ 'ദ ഐലൻഡ് ഓഫ് ദ കളർബ്ലൈൻഡ്' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് ഈ ദ്വീപിനെ കുറിച്ചും വർണ്ണാന്ധതയുള്ള ഇവിടുത്തെ ആളുകളെ കുറിച്ചും പുറംലോകത്തിന് കൂടുതൽ വിവരം ലഭിക്കുന്നത്. അതോടെയാണ് വർണ്ണാന്ധതയുള്ളവരുടെ ദ്വീപ് എന്ന് ഈ ദ്വീപ് അറിയപ്പെടാൻ തുടങ്ങിയതും. 

പച്ചയും ചുവപ്പും നിറങ്ങൾ കാണാൻ കഴിയാത്ത അവസ്ഥ എട്ട് ശതമാനം ആളുകളിൽ കാണുന്നത് വളരെ സാധാരണമാണ്. എന്നാൽ, പിം​ഗേലാപ് ദ്വീപിലെ മനുഷ്യരിൽ അധികവും അക്രോമറ്റോപ്സിയ എന്ന അവസ്ഥ ഉള്ളവരാണ്. അതായാത് അവർ മിക്കവാറും എല്ലാം കാണുന്നത് കറുപ്പിലോ വെളുപ്പിലോ ആയിരിക്കും. 

1775 -ന് ശേഷമാണ് ദ്വീപിൽ ഈ അവസ്ഥ ഉണ്ടായത് എന്ന് കരുതുന്നു. ആ സമയത്ത് ഒരു കൊടുങ്കാറ്റ് ദ്വീപിനെ ആകെ തകർത്ത് കളഞ്ഞു. വളരെ കുറച്ച് ആളുകൾ മാത്രമാണ് അതിനെ അതിജീവിച്ചത്. അതിലൊരാൾ ദ്വീപിലെ രാജാവായിരുന്നു. അദ്ദേഹത്തിന് വർണ്ണാന്ധത ബാധിച്ചിരുന്നു. പിന്നീട്, തലമുറകൾ അത് കൈമാറപ്പെടുകയായിരുന്നു എന്ന് കരുതുന്നു. ഇരുന്നൂറ് വർഷങ്ങൾക്കിടയിൽ ദ്വീപിൽ പത്തിലൊരാൾ വർണ്ണാന്ധത ഉള്ളവരായി മാറി.

Follow Us:
Download App:
  • android
  • ios