ഹാലോവീന്‍ എന്ന 'വിചിത്ര' ഉത്സവം അമേരിക്കന്‍ സംസ്‌കാരത്തിലെ അവിഭാജ്യഘടകമാണെങ്കിലും ഇതിന്റെ വേരുകള്‍ എത്തിനില്‍ക്കുന്നത് പുരാതന സെല്‍റ്റിക് സംസ്‌കാരത്തിലാണ്. ഏകദേശം 2000 വര്‍ഷം മുമ്പ് ……. 

'ട്രിക്കോര്‍ ട്രീറ്റ്' വിളികളും, മത്തങ്ങ വിളക്കുകളുടെ പ്രഭയും, വിചിത്ര വേഷങ്ങളുമണിഞ്ഞ് ലോകം കാത്തിരിക്കുന്ന ഹാലോവീന്‍ ആഘോഷത്തിന് ഇനി അധികനാളില്ല. പേടിപ്പെടുത്തുന്നതും എന്നാല്‍ ആഘോഷപൂര്‍ണവുമായ 'ഹാലോവീന്‍' ഒക്ടോബര്‍ 31-നാണ്. എന്നാല്‍ 2025-ല്‍ ഈ ആഘോഷത്തിന് ഒരല്‍പ്പം പ്രത്യേകതയുണ്ട്. കാരണം, ഈ വര്‍ഷം ഹാലോവീന്‍ വന്നെത്തുന്നത് ഒരു വെള്ളിയാഴ്ചയാണ്. നവംബര്‍ 1-ന് നടക്കാറുള്ള 'ഓള്‍ സെയിന്റ്സ് ഡേയ്ക്ക് 'തലേന്നാണ് എല്ലാ വര്‍ഷവും ഹാലോവീന്‍ ആഘോഷിക്കുന്നത്.

എന്തുകൊണ്ടാണ് ഈ 'വെള്ളിയാഴ്ച' ഇത്ര സ്‌പെഷ്യല്‍?

സാധാരണയായി, പ്രവൃത്തി ദിനത്തിലാണ് ഹാലോവീന്‍ വരുന്നതെങ്കില്‍ ആഘോഷങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് അവസാനിപ്പിക്കേണ്ടി വരും. എന്നാല്‍ ഈ വര്‍ഷം അത് വെള്ളിയാഴ്ചയായതിനാല്‍, പാര്‍ട്ടികള്‍ക്കു ദൈര്‍ഘ്യമേറും. ശനിയും ഞായറും അവധിയായതിനാല്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ തുടരാം. മുതിര്‍ന്നവര്‍ക്ക് ജോലിയില്ല എന്ന ആശ്വാസത്തില്‍ അടിച്ചുപൊളിക്കാം. കുട്ടികളുടെ ഇഷ്ട വിനോദമായ 'ട്രിക്ക് ഓര്‍ ട്രീറ്റിംഗ്' രാത്രി വൈകിയും അയല്‍പക്കങ്ങളില്‍ സജീവമാകും. ഒഴിവ് ദിവസങ്ങള്‍ മുന്നിലുള്ളതിനാല്‍ വേഷവിധാനങ്ങള്‍ ഒരുക്കാനും, വിളക്കുകള്‍ക്കായി മത്തങ്ങകള്‍ കൊത്തിയെടുക്കാനും കൂടുതല്‍ സമയം ലഭിക്കും.

ഇനിയൊരു കാത്തിരിപ്പ് 2031 വരെ:

അടുത്ത തവണ ഇങ്ങനെയൊരു 'ഫ്രൈഡേ ഹാലോവീന്‍' വരണമെങ്കില്‍ 2031 വരെ കാത്തിരിക്കണം. അതുകൊണ്ട് ഈ വര്‍ഷത്തെ ഹാലോവീന്‍ ആഘോഷം ഒരു ഉത്സവമായി മാറും. ഇത് ഒക്ടോബര്‍ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച കൂടിയാണ് എന്ന കൗതുകകരമായ പ്രത്യേകതയുമുണ്ട്.

ഹാലോവീന്റെ വേരുകള്‍...

ഹാലോവീന്‍ എന്ന 'വിചിത്ര' ഉത്സവം അമേരിക്കന്‍ സംസ്‌കാരത്തിലെ അവിഭാജ്യഘടകമാണെങ്കിലും ഇതിന്റെ വേരുകള്‍ എത്തിനില്‍ക്കുന്നത് പുരാതന സെല്‍റ്റിക് സംസ്‌കാരത്തിലാണ്. ഏകദേശം 2000 വര്‍ഷം മുമ്പ് സെല്‍റ്റുകള്‍ ആചരിച്ചിരുന്ന ഈ ഉത്സവം വേനല്‍ക്കാലത്തിന്റെ അവസാനവും ശൈത്യകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തി.

പുരാതന സെല്‍റ്റിക് ജനതയുടെ 'സാമ്‌ഹെയ്ന്‍' എന്ന വിളവെടുപ്പ് ഉത്സവത്തില്‍ നിന്നാണ് ഹാലോവീന്‍ ഉടലെടുത്തത്. മരിച്ചവരുടെ ലോകവും ജീവിച്ചിരിക്കുന്നവരുടെ ലോകവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്ന ദിവസമായി അവര്‍ ഈ ദിനത്തെ കണ്ടിരുന്നു. ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ തീയിടുകയും മൃഗത്തോലുകള്‍ ധരിക്കുകയും ചെയ്തു. ഈ ആചാരങ്ങളാണ് പിന്നീട് വേഷം മാറിയുള്ള ആഘോഷങ്ങള്‍ക്കും 'ട്രിക്ക് ഓര്‍ ട്രീറ്റിംഗിനും' വഴിയൊരുക്കിയത്.

പ്രധാന ആഘോഷ രീതികള്‍:

ജാക്ക്-ഒ'-ലാന്റേണ്‍ :

മത്തങ്ങകള്‍ കൊത്തിയെടുത്ത് പേടിപ്പെടുത്തുന്ന മുഖങ്ങളുണ്ടാക്കി, അതിനുള്ളില്‍ വിളക്ക് വെക്കുന്ന രീതിയാണിത്. അയര്‍ലന്‍ഡിലെ 'സ്റ്റിംഗി ജാക്ക്' എന്ന വികൃതിക്കാരനായ കഥാപാത്രമാണ് ഈ ആചാരത്തിന് പിന്നില്‍.

ട്രിക്ക് ഓര്‍ ട്രീറ്റിങ്:

കുട്ടികള്‍ വിചിത്ര വേഷങ്ങള്‍ ധരിച്ച് വീടുകളില്‍ ചെന്ന് മധുരപലഹാരങ്ങള്‍ ശേഖരിക്കുന്ന രീതി.

തീം പാര്‍ട്ടികള്‍:

ആളുകള്‍ തീം പാര്‍ട്ടികള്‍ ഒരുക്കുകയും, പ്രേതഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

എന്തായാലും, ഈ വെള്ളിയാഴ്ച ഹാലോവീന്‍ വന്നെത്തുന്നതോടെ, ലോകം ഒരു വലിയ പാര്‍ട്ടിക്കായി തയ്യാറെടുക്കുകയാണ്. 2025-ലെ ഈ പ്രത്യേക ഹാലോവീന്‍ ആഘോഷം ഒരു 'സ്പൂക്കി വീക്കെന്‍ഡ്' ആയി ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടും എന്നതില്‍ സംശയമില്ല.