Asianet News MalayalamAsianet News Malayalam

പാക്കറ്റുകള്‍ക്കുള്ളിലെ ചെറിയ സിലിക്ക ജെല്‍ കവറുകള്‍, എന്തിനാണ് ഈ കവറുകള്‍?

എന്താണ് ഈ സിലിക്ക ജെല്‍? എന്തിനു വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്?

the science you need to know about silica gel pouches by thulasy joy
Author
First Published Jan 30, 2024, 5:44 PM IST

സിലിക്കജെല്‍ നിര്‍മ്മിച്ചിരിക്കുന്നത് വളരെ നേരിയ സുഷിരങ്ങള്‍ ഉള്ള പ്രതലത്തോടുകൂടിയാണ്. ഈ നേര്‍ത്ത പ്രതല സുഷിരങ്ങളിലേക്ക് ജലം പൊതിഞ്ഞു നിറയുന്നു. പക്ഷേ പരമാവധി ഈര്‍പ്പം അധിശോഷണം ചെയ്തതിനുശേഷവും ഇവ പുറത്തേക്ക് നനവ് പടര്‍ത്തുന്നില്ല

 

the science you need to know about silica gel pouches by thulasy joy

 

ഷൂ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ-വാങ്ങുന്നത് എന്തായാലും, അവയുടെയൊക്കെ പാക്കറ്റിനുള്ളില്‍ വെളുത്ത നിറത്തിലുള്ള ചെറിയ കവറുകള്‍ കാണാറില്ലേ. സിലിക്ക ജെല്‍ നിറച്ച കവറുകള്‍. 
 
എന്താണ് ഈ സിലിക്ക ജെല്‍? എന്തിനു വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്?

സിലിക്ക ജെല്‍ രാസപരമായി സിലിക്കണ്‍ ഡയോക്‌സൈഡ് ആണ്. ഇതേ സിലിക്കണ്‍ ഡയോക്‌സൈഡ് തന്നെയാണ് നമുക്ക് ചുറ്റും കാണുന്ന മണല്‍ത്തരികളും. പക്ഷേ ഘടനാപരമായ സവിശേഷത കൊണ്ട് ഈര്‍പ്പം വലിച്ചെടുക്കാന്‍ സിലിക്ക ജെല്ലിന് പ്രത്യേക കഴിവുണ്ട്.

ജെല്‍ എന്ന് പേരിലുണ്ടെങ്കിലും ഖരാവസ്ഥയില്‍ ആണ് ഇവ കാണാറുള്ളത്. പാക്കറ്റുകളില്‍ നിറച്ച ചെറിയ സ്ഫടിക ഗോളങ്ങളുടെ രൂപത്തിലാണ് പൊതുവേ ലഭ്യമാകുന്നത്. 

കോട്ടന്‍ തുണി, സ്‌പോഞ്ച് അല്ലെങ്കില്‍ പഞ്ഞി. വ്യാപ്തത്തിനുള്ളിലേക്ക് വെള്ളം ഉള്‍ക്കൊള്ളുന്നതാണ് ഇവയുടെ ആഗിരണം ( absorption).  നമുക്ക് സുപരിചിതമായ ഈ  ആഗിരണം അല്ല സിലിക്ക ജെല്‍ ക്രിസ്റ്റലുകളില്‍ നടക്കുന്നത്. അവ ഈര്‍പ്പം വലിച്ചെടുത്ത് നനവ് ഇല്ലാതാക്കുന്നത് അധിശോഷണം  (adsorption ) വഴിയാണ്. ഒരു പദാര്‍ത്ഥത്തിന്റെ പ്രതലത്തിലേക്ക് മാത്രമായി ദ്രാവകങ്ങളോ, വാതകങ്ങളോ അടിഞ്ഞുകൂടുന്ന ഉപരിതല പ്രതിഭാസമാണ് ഇത്.

ഒരു സിലിക്ക ജെല്‍ ബോള്‍ ഈ പ്രവര്‍ത്തനം വഴി അതിന്റെ ഭാരത്തിന്റെ നാല്പത് ശതമാനത്തോളം ഈര്‍പ്പം വലിച്ചെടുക്കുന്നു. 

സിലിക്കജെല്‍ നിര്‍മ്മിച്ചിരിക്കുന്നത് വളരെ നേരിയ സുഷിരങ്ങള്‍ ഉള്ള പ്രതലത്തോടുകൂടിയാണ്. ഈ നേര്‍ത്ത പ്രതല സുഷിരങ്ങളിലേക്ക് ജലം പൊതിഞ്ഞു നിറയുന്നു. പക്ഷേ പരമാവധി ഈര്‍പ്പം അധിശോഷണം ചെയ്തതിനുശേഷവും ഇവ പുറത്തേക്ക് നനവ് പടര്‍ത്തുന്നില്ല എന്നത് ഒരു സവിശേഷതയാണ്.

അടച്ചുവെച്ച പാത്രങ്ങള്‍ക്കുള്ളിലോ, ചെറിയ പെട്ടികള്‍ക്കുള്ളിലോ, അതേപോലെ അടഞ്ഞ ഇടങ്ങളിലോ ആണ് സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഈര്‍പ്പം വലിച്ചെടുക്കാനായി ഇട്ടു വയ്‌ക്കേണ്ടത്. ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി ഈര്‍പ്പം ആയി കഴിഞ്ഞാല്‍ ഈ കൊച്ചു സ്ഫടിക ഗോളങ്ങള്‍ നിഷ്‌ക്രിയമാണ് എന്നതുകൊണ്ട് തന്നെ, തുറന്നുവെച്ച ഇടങ്ങളില്‍ സിലിക്ക ജെല്‍ ഇട്ടു വച്ചതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാവുകയില്ല

Follow Us:
Download App:
  • android
  • ios