Asianet News MalayalamAsianet News Malayalam

പിന്നെയും വന്നൂ, നിലാക്കുളിരോലുന്ന ധനുമാസരാവുകള്‍!

പൂത്തുലഞ്ഞ തിരുവാതിര രാവുകളുടെ പൂ ചൂടലും വ്രതശുദ്ധിയും ലാസ്യലാവണ്യവും പോയ്മറഞ്ഞത് പെണ്‍കരുത്തിന്റെ, സ്വത്വാവിഷ്‌കാരത്തിന്റെ അരങ്ങേറ്റത്തോടെയാണ് .

Thiruvathira tale of a dance form and a festival By Dr Geetha Kaavalam
Author
Thiruvananthapuram, First Published Dec 18, 2021, 4:26 PM IST

ആര്‍പ്പുവിളികളും കുരവകളും കെട്ടടങ്ങുമ്പോള്‍ പ്രണയത്തിനായുള്ള നിഷ്‌കളങ്കമായ പ്രാര്‍ത്ഥനകളും ജീവിത രതിയുടെ ഒടുങ്ങാത്ത കാത്തിരിപ്പുകളും കൂടി കെട്ടുപോകുന്നുണ്ടോ? പ്രണയത്തിന്റെ ഒരുപാട് അറകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു എന്ന് ഇന്ന് പെണ്ണുങ്ങള്‍തന്നെ പറയുമ്പോള്‍ ഗ്രാമവിശുദ്ധിയുടെ നൈര്‍മല്യത്തിന്റെ  ആ നനുത്ത സ്പര്‍ശം വീണ്ടും ഓര്‍മ്മയില്‍.

 

Thiruvathira tale of a dance form and a festival By Dr Geetha Kaavalam

 

പാലപ്പൂവിന്റെ മണമുള്ള ധനുമാസ രാത്രികള്‍! മഞ്ഞും നിലാവും  പെയ്യുന്ന മാസ്മരിക നീലിമ. പാട്ടും കളികളും തുടികുളി ഘോഷവുമായി ആര്‍ദ്രയായെത്തുന്ന ആതിര. പെണ്ണ്പൂക്കുന്ന ഗ്രാമാന്തരങ്ങള്‍.. നിലവിളക്കിനുമുന്നില്‍ അഷ്ടമംഗല്യം വച്ച് എട്ടങ്ങാടിയും ഇളനീരും കഴിച്ച് ഭൂമിയെ തൊട്ടുവന്ദിച്ച് തുടങ്ങുന്ന തിരുവാതിരച്ചോടുകള്‍.

           'ധനുമാസത്തില്‍ തിരുവാതിര
           ഭഗവാന്‍ തന്റെ തിരുനാളല്ലോ
           ഭഗവതിക്കും തിരുനോമ്പാണ്
           കുളിക്കണംപോല്‍ തുടിക്കണം പോല്‍ '

           
കന്യകമാരുടെ പ്രണയകാമനകളുടെയും സുമംഗലികളുടെ ദീര്‍ഘമാംഗല്യത്തിന്റെയും സ്വപ്ന വര്‍ണ്ണങ്ങളാല്‍ പാടി പ്രകീര്‍ത്തിച്ച ശിവപാര്‍വതീ കഥകള്‍! ചിലമ്പണിയാത്ത നാട്ടുപെണ്‍പാദങ്ങള്‍ ചവിട്ടിയ ചോടുകള്‍ക്കും പാട്ടുകള്‍ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ടാകും!  ഇഷ്ട ഭര്‍ത്തൃ ലാഭത്തിനായി ദാഹിച്ച പെണ്‍മനസ്സുകളുടെ ആരും കേള്‍ക്കാതെപോയ, ഉള്ളുവിങ്ങുന്ന നൊമ്പരങ്ങളുടെ കഥകള്‍!

'മംഗലയാതിര നല്‍ പുരാണം
എങ്കിലോ കേട്ടാലുമുള്ള വണ്ണം ..'

    
പാതിമെയ് പകര്‍ന്നുകൊടുത്ത ശിവപാര്‍വതീ പ്രണയത്തിന്റെ മുഗ്ധ സങ്കല്പങ്ങളില്‍ മതിമറന്ന് പാടിയാടി ഉറക്കൊഴിച്ച വ്രതശുദ്ധികള്‍ ഒരു കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ഫ്യൂഡല്‍ തറവാടുകളിലെ ശൈശവ വിവാഹവും കാരണവന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയ സംബന്ധ ബന്ധങ്ങളും പത്തോ പന്ത്രണ്ടോ വയസ്സുമുതല്‍ വൈധവ്യം സഹിക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ദുരിത ജീവിതവും ആരും ശ്രദ്ധിക്കാതെ പോകുമ്പോള്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ പ്രതികരിക്കാന്‍  കഴിയാതിരുന്ന ഒരു കാലത്തിന്റെ നൊമ്പരങ്ങളൊക്കെ ഈ ലാസ്യ ലാവണ്യത്തിനുളളില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.
   
 'ഇക്കഥ പാടും മൈക്കണ്ണിമാര്‍ക്ക്
  വര്‍ദ്ധിക്കും നെടുമംഗല്യം'

  
'മംഗലയാതിര നല്‍ പുരാണം
  മടിയാതെ പാടി സ്തുതിക്കുന്നോര്‍ക്കും
  നിത്യവുമായിതു കേള്‍ക്കുന്നോര്‍ക്കും
  ഏഴു ജന്മത്തേക്കു പുത്രരോടും
  ഭര്‍ത്താവുമായി  സുഖിച്ചിരിക്കാം'

  
എന്നിങ്ങനെ ഒരോ പാട്ടിലും ഒടുവിലുള്ള ഫലശ്രുതികളില്‍ പൂവണിയാന്‍ കൊതിക്കുന്ന സുദൃഢദാമ്പത്യ പ്രതീക്ഷകളുടെ ഇമ്പമുണ്ട്.

വ്രതശുദ്ധിയാര്‍ന്ന് മാര്‍കഴിക്കുളിരില്‍ മതിമറന്നു പാടിയാടിയ ആണ്ടാളുടെ ശ്രീകൃഷ്ണ പ്രണയത്തിന്റെ, പാട്ടുപാരമ്പര്യത്തിന്റെ ദ്രാവിഡത്തനിമയാര്‍ന്ന പാട്ടു ശീലുകളും കുരവൈക്കൂത്തിലും കുടമൂത്തിലും കുമ്മികളിയിലും കോല്‍ക്കളിയിലും പകര്‍ന്നുപോന്ന  ദ്രാവിഡ നാടന്‍ നൃത്തച്ചുവടുകളും കെട്ടുപോകാതെ കാത്ത കേരളീയഗ്രാമീണ മങ്കമാരുടെ പാട്ടൊച്ചകള്‍ അകന്നു പൊയ്ക്കഴിഞ്ഞു. 

പൂത്തുലഞ്ഞ തിരുവാതിര രാവുകളുടെ പൂ ചൂടലും വ്രതശുദ്ധിയും ലാസ്യലാവണ്യവും പോയ്മറഞ്ഞത് പെണ്‍കരുത്തിന്റെ, സ്വത്വാവിഷ്‌കാരത്തിന്റെ അരങ്ങേറ്റത്തോടെയാണ് .

 

Thiruvathira tale of a dance form and a festival By Dr Geetha Kaavalam

 

പഴയതെന്തെല്ലാമാണ് ആധുനികതയ്ക്ക് വഴിമാറിയത്! താലികെട്ട് കല്യാണം മുതല്‍ വൈധവ്യത്തിന്റെ ദു:ശകുനങ്ങളെ വരെ അവഗണിച്ചുകൊണ്ട് ആത്മാഭിമാനത്തോടെ അകത്തളങ്ങളില്‍ നിന്ന് പുറത്തേക്കുളള പെണ്ണിന്റെ വരവിനൊപ്പം ദേവദാസിത്വത്തിന്റെ ചീത്തപ്പേരുവീണ് അകത്ത് ഒതുക്കപ്പെട്ടുപോയ അവളുടെ ആട്ടവും  പാട്ടുമൊക്കെ ഒപ്പം അരങ്ങിലേക്കെത്തുകയായിരുന്നു. നാട്ടുജീവിതത്തിന്റെ മണ്ണറിവുകള്‍ക്കും ഗന്ധ, രുചികള്‍ക്കും മാറ്റമുണ്ടാകുമ്പോള്‍ അതോടൊപ്പം കലയുടെ അര്‍ത്ഥവും ഭാവവും ചിലപ്പോള്‍ രൂപം തന്നെയും മാറുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്.

ഇത്തരം ആനന്ദനൃത്തങ്ങള്‍ ആചാരങ്ങളും ആഘോഷങ്ങളും മാത്രമായിരുന്നില്ല; രോഗാതുരമാകുന്ന മനുഷ്യമനസ്സുകളുടെ വിമലീകരണവും സ്വപ്നസാക്ഷാത്കാരത്തിന്റെ പകര്‍ന്നാട്ടങ്ങളും കൂടി ആയിരുന്നു. ആര്‍പ്പുവിളികളും കുരവകളും കെട്ടടങ്ങുമ്പോള്‍ പ്രണയത്തിനായുള്ള നിഷ്‌കളങ്കമായ പ്രാര്‍ത്ഥനകളും ജീവിത രതിയുടെ ഒടുങ്ങാത്ത കാത്തിരിപ്പുകളും കൂടി കെട്ടുപോകുന്നുണ്ടോ? പ്രണയത്തിന്റെ ഒരുപാട് അറകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു എന്ന് ഇന്ന് പെണ്ണുങ്ങള്‍തന്നെ പറയുമ്പോള്‍ ഗ്രാമവിശുദ്ധിയുടെ നൈര്‍മല്യത്തിന്റെ  ആ നനുത്ത സ്പര്‍ശം വീണ്ടും ഓര്‍മ്മയില്‍. 

 ഒരീരടി നാവില്‍ തുളുമ്പുന്നു:

'ബന്ധുരാംഗിമാരേ വരുവിന്‍ 
തിരുവാതിര ചിന്തുകള്‍ പാടിക്കളിക്കുവിന്‍...'

     

Follow Us:
Download App:
  • android
  • ios