Asianet News MalayalamAsianet News Malayalam

'ഇതുപോലെ ജീവിച്ചുനോക്കണം, ജീവിതത്തിലെ ഓട്ടമൊന്നും ഒരാവശ്യവുമില്ലാത്തതാണെന്ന് മനസിലാവും'; ഈ ദമ്പതിക‍ൾ പറയുന്നു

ഈ ദിവസങ്ങളിലെല്ലാം മാര്‍ട്ട തന്‍റെ മകളെ പരിചരിച്ചു. അബ്രഹാം അടുത്തുള്ള വീട് പണിയാനുള്ള ശ്രമത്തിലുമായിരുന്നു. വീടിന് ചുറ്റും മനോഹരമായി കല്ലുകള്‍ കൊണ്ട് കെട്ടിയിട്ടുണ്ട്. മനോഹരമായൊരു വഴിയുണ്ട്. 

this family in spain chose village life reason
Author
Spain, First Published Dec 20, 2020, 9:08 AM IST

സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്നുള്ള ദമ്പതികളാണ് മാർട്ട സാഞ്ചസും അബ്രഹാം സോളോർസാനോയും. 2015 -ൽ, വടക്കൻ സ്‌പെയിനിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടതിനുശേഷം, അവർ ഒരു ചെറിയ വീട് പണിയാനും ഈ സ്ഥലത്തെ വീട്ടിലേക്ക് താമസം മാറാനും തീരുമാനിച്ചു. അവിടെ അവർ അവരുടെ കുഞ്ഞുമകളെ വളർത്തുകയും ഒരു വലിയ വീട് പണിയുകയും ചെയ്യും. മാര്‍ട്ടയ്ക്ക് 29 വയസാണിപ്പോള്‍. അബ്രഹാമിന് 40 വയസും മകൾ ജാറയ്ക്ക് ഒരു വയസും. നോര്‍ത്തേണ്‍ സ്പെയിനിലെ ഈ ഗ്രാമത്തില്‍ ഔദ്യോഗികമായുള്ള താമസക്കാര്‍ 26 പേരാണ്. നഗരജീവിതത്തിലെ തിരക്കും ബുദ്ധിമുട്ടുകളും കാരണമാണ് മാര്‍ട്ടയും അബ്രഹാമും ഇവിടെ സ്ഥലം വാങ്ങുന്നത്. 

മാര്‍ട്ട: ഇവിടെ വന്നപ്പോള്‍ തന്നെ ഈ സ്ഥലം ഞങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായി എന്നെന്നേക്കുമായി കുറച്ച് സ്ഥലം വേണമെന്ന് ഞങ്ങളാഗ്രഹിച്ചു. പക്ഷേ, തകര്‍ന്നടിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ മാത്രമേ ഇവിടെ വില്‍പ്പനയ്ക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ നോക്കുമ്പോഴാണ് അബ്രഹാം ഈ സ്ഥലം കണ്ടത്. റോഡില്‍ നിന്നും നോക്കുമ്പോള്‍ നാല് കല്ലുകള്‍ മാത്രമാണ് കാണുന്നത്. അവിടെ ഒരു പഴയ വീടും. അതിന് മേല്‍ക്കൂരയൊന്നും ഇല്ലായിരുന്നു. അങ്ങനെ അബ്രഹാം ഉടമയോട് ചോദിച്ചു. 'നമുക്ക് ഇത് വാങ്ങാം' എന്ന് പറഞ്ഞതിന് ശേഷമാണ് പുതിയൊരു ജീവിതത്തിന് തുടക്കമാവുന്നത്. ഇവിടെ ആകെ ഉണ്ടായിരുന്നത് ഒരു വലിയ വീടിന്‍റെ അവശിഷ്ടങ്ങളും ഒരു ചെറിയ പണിശാലയുമായിരുന്നു. അവിടെയാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്. 

ഇവിടെ നമുക്ക് ഒരു വീട് പണിയേണ്ടതായി വരുമെന്ന് അറിയാമായിരുന്നു. കാരണം, ഒരു ഒഴിഞ്ഞ സ്ഥലം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അബ്രഹാം ഒരു നിര്‍മ്മാണ തൊഴിലാളിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു വീട് പണിയുന്നത് എളുപ്പമാണെന്ന് തോന്നി. അങ്ങനെയാണ് വീട് പണിതു തുടങ്ങുന്നത്. ഈ ജീവിതത്തിന്‍റെ തുടക്കവും അവിടെ നിന്നാണ്. അവധിക്കാലത്തും അവധി ദിവസങ്ങളിലുമാണ് ഞങ്ങളിവിടെ വന്നിരുന്നത്. ഞങ്ങള്‍ കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കി. പിന്നെ ഒരു ബുള്‍ഡോസര്‍ വാങ്ങി. അതുകൊണ്ട് ചുറ്റും കിടന്നിരുന്ന കല്ലുകളൊക്കെ മാറ്റി ഇങ്ങോട്ട് വഴിയുണ്ടാക്കി. അവിടെ നിങ്ങള്‍ക്ക് ഒന്നും കാണാനാവില്ലെന്നൊക്കെ നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാം ഒരുങ്ങി വന്ന് തുടങ്ങിയപ്പോള്‍ എല്ലാം വ്യക്തമായി. 

രണ്ട് വര്‍ഷം കൊണ്ടാണ് മാര്‍ട്ടയുടെയും അബ്രഹാമിന്‍റെയും 24 സ്ക്വയര്‍ മീറ്ററിലുള്ള വീട് പൂര്‍ത്തിയാവുന്നത്. വലിയൊരു വീടുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അവര്‍ ഇവിടെ താമസിച്ചു. 

മാര്‍ട്ട: ചെറിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുവാനായിരുന്നു പിന്നത്തെ ശ്രമം. ഈ ടേബിള്‍ ഞങ്ങള്‍ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ടയിടത്തുനിന്നാണ്. അടുക്കളയിലേക്കുള്ള ഫര്‍ണിച്ചറുകള്‍ക്ക് ഭയങ്കര വിലയായിരുന്നു. അതുകൊണ്ട് പൈന്‍ മരങ്ങള്‍ വാങ്ങി ഞങ്ങള്‍ തന്നെ അവയെല്ലാം പണിയുകയായിരുന്നു. 

ഈ ദിവസങ്ങളിലെല്ലാം മാര്‍ട്ട തന്‍റെ മകളെ പരിചരിച്ചു. അബ്രഹാം അടുത്തുള്ള വീട് പണിയാനുള്ള ശ്രമത്തിലുമായിരുന്നു. വീടിന് ചുറ്റും മനോഹരമായി കല്ലുകള്‍ കൊണ്ട് കെട്ടിയിട്ടുണ്ട്. മനോഹരമായൊരു വഴിയുണ്ട്. അതെല്ലാം തങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്തതാണ് എന്ന് മാര്‍ട്ട പറയുന്നു. ആ വഴി നീണ്ടു കിടക്കുന്നത് താഴെയുള്ള പാടത്തേക്കാണ്. അബ്രഹാം തന്നെയാണ് ഒരു കുഞ്ഞുമതിലും വീടിന് ചുറ്റും നിര്‍മ്മിച്ചത്. 

യുവാക്കളിപ്പോള്‍ കൂടുതലായും ഉപേക്ഷക്കപ്പെട്ടതോ തകര്‍ന്നുകൊണ്ടിരിക്കുന്നതോ ആയ ഗ്രാമങ്ങളിലേക്ക് മാറുകയാണ് സ്പെയിനിൽ. അത് സ്പെയിനിലെ നഗരങ്ങളിലുള്ള ജനസംഖ്യ കുറയാന്‍ കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് കൊവിഡ് 19 വ്യാപനത്തോടെയാണ് ആളുകള്‍ ഇത്തരം ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളില്‍ സ്ഥലം വാങ്ങുകയും അവിടെ താമസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് കൂടിയത്. ലോക്ക്ഡൗണും നഗരങ്ങളിലെ വാടക നിരക്ക് കൂടിയതുമെല്ലാം ഇതിന് കാരണങ്ങളായി. 

നഗരത്തിലെ തിരക്കും അതുണ്ടാക്കുന്ന ആശങ്കളും ആകുലതുകളുമെല്ലാം ഇല്ലാതെയാക്കാന്‍ ഈ പുതിയ ജീവിതം സഹായിച്ചുവെന്ന് മാര്‍ട്ട പറയുന്നു. നഗരത്തില്‍ വാടക കൊടുക്കാനാവുന്നില്ല, അവിടെ ശരിക്ക് ജീവിതം പോലുമുണ്ടായിരുന്നില്ല. അതിജീവിക്കാനുള്ള ഓട്ടം മാത്രമാണുള്ളത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, ഗ്രാമത്തിലെ ഈ ജീവിതം അത്തരം പ്രശ്നങ്ങളൊന്നും ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഇവിടുത്തെ ജീവിതം നമ്മുടെ അവസരങ്ങള്‍ പരിമിതപ്പെടുത്തിയേക്കാം. എന്നാലും ഇപ്പോള്‍ ആശ്വാസമുണ്ട് എന്നും മാര്‍ട്ട പറയുന്നു. 

Follow Us:
Download App:
  • android
  • ios