ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വെനെഷ്യയ്ക്ക് നഗരജീവിതത്തോട് വിരക്തി തോന്നുന്നത്. എത്രമാത്രം അനാരോഗ്യകരമായ ചുറ്റുപാടിലായിരിക്കും കുഞ്ഞിന് വളരേണ്ടി വരിക എന്ന തോന്നലായിരുന്നു ഉള്ളില്‍. അങ്ങനെയാണ് മടുപ്പിക്കുന്ന ആ നഗരജീവിതത്തിന് ഒരു ഇടവേള നല്‍കാന്‍ അവര്‍ തീരുമാനിക്കുന്നത്. നേരത്തെ വെനെഷ്യയും ഭര്‍ത്താവും കാടുകളിലേക്കും മറ്റും യാത്ര പോവാറുണ്ടായിരുന്നു. കുന്നുകളിലും താഴ്വാരകളിലുമെല്ലാം സഞ്ചരിക്കുകയും കാടിനുള്ളില്‍ ടെന്‍റ് കെട്ടി കിടന്നുറങ്ങുകയും ചെയ്യാറുണ്ടായിരുന്നു. 

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആ ജീവിതം തന്നെ സ്ഥിരമാക്കിയാലെന്താണ് എന്നായി ചിന്ത. ഒപ്പം തന്നെ മിനിമല്‍ ജീവിതം പരിചയിക്കാനും ഇരുവരും തീരുമാനിച്ചു. അത്തരത്തിലൊരു ജീവിതരീതി ശീലിച്ചാല്‍ അത്യാവശ്യം കൂടിയേ തീരൂ എന്ന് തോന്നുന്ന പലതും ഇല്ലാതെ തന്നെ ജീവിക്കാന്‍ സാധിക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ആ ദമ്പതികള്‍ സക്ലേഷ്‍പുരില്‍ കുറച്ച് സ്ഥലം വാങ്ങി. ആഴ്ചാവസാനങ്ങളില്‍ അങ്ങോട്ടുള്ള യാത്രകളില്‍ അവിടെ അത്യാവശ്യം ജീവിക്കാനുള്ള സംവിധാനങ്ങളുറപ്പുവരുത്തി. 

ഗൗതം ബംഗളൂരുവില്‍ ജോലി ചെയ്‍തുകൊണ്ടിരിക്കെ ആഴ്ചാവസാനങ്ങളിലാണ് അങ്ങോട്ട് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, അപ്പോഴേക്കും മക്കളുമായി വെനിഷ്യ അങ്ങോട്ട് താമസം മാറിയിരുന്നു. ഒരു ടെന്‍റ്, കുറച്ച് തുണി, വെള്ളം ഇവയൊക്കെയായി മാത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജീവിതം ഇപ്പോള്‍ അത്യാവശ്യം സാധനസാമഗ്രികളൊക്കെയായി മാറിയിട്ടുണ്ട്. 'ദ വൈല്‍ഡ് സൈഡ്' എന്നാണ് അവര്‍ തങ്ങളുടെ ജീവിതത്തെ വിളിക്കുന്നത്. 

പിന്നീട്, അത്യാവശ്യം വേണ്ടുന്ന ചില സൗകര്യങ്ങളൊക്കെ ഒരുക്കി. കുളിമുറി, ഭക്ഷണം പാകം ചെയ്യാനൊരിടം, വസ്ത്രങ്ങള്‍ കഴുകാനുള്ള ഡിഷ് ഇവയൊക്കെയായിരുന്നു മനസില്‍. അങ്ങനെ ഒരു കമ്പോസ്റ്റ് ടോയ്‍ലെറ്റ് നിര്‍മ്മിച്ചു. ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പുണ്ടാക്കി. അവരുടെ ഫാം സന്ദര്‍ശിക്കുന്നവരും അത്യാവശ്യം വേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. 

ഇന്ന് ഗൗതമിന്‍റെയും വെനിഷ്യയുടെയും ഫാം സന്ദര്‍ശിക്കുകയാണെങ്കില്‍ ഒരു പച്ചക്കറിത്തോട്ടം, മണ്ണ് കൊണ്ടുള്ള കുളം തുടങ്ങിയവയൊക്കെ കാണാം. അവിടെയുള്ള കൃഷിയും മറ്റ് കാര്യങ്ങളുമെല്ലാം മിക്കവാറും അവര്‍ തനിയെ തന്നെയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ചിലര്‍ സന്നദ്ധരായെത്തി സഹായിക്കുന്നു. അവരുടെ അഞ്ചര വസയുകാരന്‍ മകന്‍ ഉത്പലാക്ഷ്, ഒരു വയസുകാരന്‍ തിയോ എന്നിവര്‍ പോലും അവര്‍ക്ക് കഴിയുന്ന കാര്യങ്ങളെല്ലാം ഫാമില്‍ ചെയ്യുന്നു. അവരും ഈ ജീവിതമാണ് പരിചയിക്കുന്നത്. മണ്ണും എര്‍ത്ത് ബാഗുകളും ഉപയോഗിച്ചാണ് ഇവരുടെ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ക്കൊപ്പം അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന മറ്റൊരു കുടുംബം കൂടി താമസിക്കാനെത്തിയിട്ടുണ്ട്. അത് ഫാമിനെ കൂടുതല്‍ ജീവനുറ്റതാക്കുന്നുവെന്ന് വെനെഷ്യ പറയുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ