അപരിചിതരായ ആളുകൾക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് വിൽക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആഘോഷങ്ങളുടെ ചെലവും നടക്കുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്.
നല്ലൊരു വിവാഹച്ചടങ്ങിൽ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ട്. നല്ല അടിപൊളി ഡ്രസൊക്കെ ഇട്ട്, നല്ല ഫുഡൊക്കെ കഴിച്ച് അടിച്ചുപൊളിക്കണം എന്നാണ് ആഗ്രഹം. എന്നാൽ, അടുത്തൊന്നും കുടുംബത്തിലോ കൂട്ടുകാരുടെയോ ഒന്നും കല്ല്യാണവും ഇല്ല. എന്ത് ചെയ്യും? ഒന്നും ചെയ്യാനില്ല അല്ലേ? എന്നാൽ, അങ്ങനെ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് പാരീസിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ്. എന്നാൽ, ഇതിന്റെ ഹൈലൈറ്റ് വേറെയാണ്. ഇങ്ങനെ അതിഥികളെ ക്ഷണിക്കുന്നതിലൂടെ വരനും വധുവിനും നല്ലൊരു തുക ലഭിക്കും. അതിലൂടെ ചിലപ്പോൾ വിവാഹം നടത്താനുള്ള പണം വരെ കണ്ടെത്താനാവുമെന്ന് അർത്ഥം.
അപരിചിതരായ ആളുകൾക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് വിൽക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആഘോഷങ്ങളുടെ ചെലവും നടക്കുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. പകരമായി ഈ അതിഥികൾക്ക് വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനും സാധിക്കും.
ഈ വർഷം ആദ്യം ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കായി തന്റെ വീട് വാടകയ്ക്ക് നൽകുന്നതിനിടെയാണത്രെ ഇൻവൈറ്റിന്റെ സ്ഥാപകയായ കാറ്റിയ ലെക്കാർസ്‌കിക്ക് ഈ സ്റ്റാർട്ടപ്പിനുള്ള ആശയം മനസിലുദിച്ചത്. വിവാഹത്തിനെത്തിയ അതിഥികളെ കണ്ടപ്പോൾ കാറ്റിയയുടെ മകൾ, എന്തുകൊണ്ടാണ് ആ വിവാഹത്തിന് നമ്മളെ ക്ഷണിക്കാത്തത് എന്ന് ചോദിച്ചു. അപ്പോഴാണ് വിവാഹത്തിൽ ടിക്കറ്റ് വച്ച് പങ്കെടുക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും എന്ന് കാറ്റിയ ആലോചിക്കുന്നത്.
നേരത്തെ ഫാഷൻ മോഡലായിരുന്ന കാറ്റിയ കുട്ടികൾക്കുള്ള ഇന്റീരിയർ ഡിസൈൻ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമും നടത്തിയിരുന്നു.
ഇപ്പോൾ, ഇൻവിറ്റിൻ 15,353 രൂപ (150 യൂറോ) മുതൽ 40,941 രൂപ (400 യൂറോ) വരെ വിലയുള്ള വിവാഹ ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. നിരവധി ദമ്പതികൾ ഇത്തരത്തിൽ വിവാഹം നടത്താൻ കാറ്റിയയുടെ സ്ഥാപനത്തെ സമീപിക്കുന്നു. അതുപോലെ തന്നെ വിവാഹത്തിൽ പങ്കെടുക്കാനായി അതിഥികളും.
