Asianet News MalayalamAsianet News Malayalam

ജോലിയുപേക്ഷിച്ച് ഭർത്താവിനെയും മക്കളെയും നോക്കുക, പാശ്ചാത്യരാജ്യങ്ങളിൽ ട്രെൻഡായി മാറുന്ന പുതുസംസ്കാരം

സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്ന് ഭർത്താവിനും കുട്ടികൾക്കും വേണ്ടി വച്ചുണ്ടാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന സിനിമകൾ താൻ കണ്ടിട്ടുണ്ട്. എന്ത് നല്ല റൊമാന്റിക് ജീവിതമാണ് അത് എന്ന് എപ്പോഴും തനിക്ക് തോന്നലുണ്ടായിരുന്നു എന്നും അലക്സിയ പറയുന്നു.

tradwives trend in western countries
Author
First Published Jan 23, 2023, 9:36 AM IST

സ്ത്രീകൾക്ക് വിദ്യാഭ്യാസം കൂടുതലായി കിട്ടിത്തുടങ്ങിയതോടെ വലിയ തരത്തിൽ അവരുടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി. അവർ കൂടുതലായി ജോലി സ്ഥലങ്ങളിൽ എത്തി തുടങ്ങി. എന്നിരുന്നാലും കുടുംബവും കുട്ടികളും ആയിക്കഴിയുമ്പോൾ സ്വന്തം കരിയറും സ്വപ്നങ്ങളും ഉപേക്ഷിച്ച് വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന സ്ത്രീകളും ഉണ്ട്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം ജോലി ഉപേക്ഷിച്ച് അങ്ങനെ ജീവിക്കുന്നവർ അപൂർവമായിരിക്കും. ഇവിടെ ഒരു യുവതി അതാണ് ചെയ്യുന്നത്. തനിക്ക് 1950 -കളിലെ വീട്ടമ്മയെ പോലെ ജീവിച്ചാൽ മതി എന്ന് പറഞ്ഞാണ് അലക്സിയ ഡെലോറസ് എന്ന 29 -കാരി ജോലി വിട്ട് വീട്ടിലിരുന്നത്. 

ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അലക്സിയ. എന്നാൽ, തനിക്ക് 1950 -കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കണം എന്നും പറഞ്ഞ് ജോലി വിട്ട് ഇപ്പോൾ വീട്ടിലിരുന്ന് കുട്ടികളെ നോക്കുകയാണ്. എന്നാൽ, രസം ഇതൊന്നുമല്ല അലക്സിയ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഒരുപാട് സ്ത്രീകൾ‌ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നുണ്ട്. അവർ 'tradwives' എന്ന് അറിയപ്പെടുന്ന ട്രെന്‍ഡിന്റിന്റെ ഭാ​ഗമാണത്രെ.

ഇതിൽ സ്ത്രീകൾ പഴയ പുരുഷാധിപത്യത്തെ ആരാധിക്കുന്നവരും അത്തരം വിവാഹങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണത്രെ. തീർന്നില്ല, സ്ത്രീകൾ വീടിനകത്ത് ഒതുങ്ങിയിരിക്കേണ്ടവരും പുരുഷന്മാർ മറ്റ് കാര്യങ്ങളെല്ലാം നോക്കേണ്ടുന്നവരാണെന്നുമുള്ള പിന്തിരിപ്പൻ‌ ചിന്താ​ഗതിയിൽ വിശ്വസിക്കുന്നവർ കൂടിയാണ് ഇവർ. tradwives -ലെ ഭാര്യമാർ ജോലി ഉപേക്ഷിക്കുകയും പൂർണമായും വീട്ടിലെ കാര്യങ്ങൾ നോക്കി ജീവിക്കുകയും ചെയ്യുന്നവരാണ്. ​ഗൂ​ഗിൾ ട്രെൻഡ്സ് നോക്കിയാൽ ഈ tradwives എന്ന വാക്ക് പ്രചാരം നേടിയത് 2018 -ന്റെ പകുതിയോട് കൂടിയാണ് എന്ന് കാണാം. 

അലക്സിയ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് കുട്ടിയെ അവ​ഗണിക്കുന്നത് പോലെ തോന്നി. അതാണ് ജോലി പൂർണമായും ഉപേക്ഷിച്ച് വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചത് എന്നാണ്. താൻ ഇഷ്ടപ്പെടുന്നത് 50 -കളിലെ വീട്ടമ്മമാരുടെ ജീവിതമാണ്. ഭാര്യ മുഴുവൻ സമയവും ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുക. ഭർത്താവ് മുഴുവൻ സമയവും ജോലിക്ക് പോവുക, അതാണ് തനിക്കിഷ്ടം എന്നും അലക്സിയ പറയുന്നു. 

സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്ന് ഭർത്താവിനും കുട്ടികൾക്കും വേണ്ടി വച്ചുണ്ടാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന സിനിമകൾ താൻ കണ്ടിട്ടുണ്ട്. എന്ത് നല്ല റൊമാന്റിക് ജീവിതമാണ് അത് എന്ന് എപ്പോഴും തനിക്ക് തോന്നലുണ്ടായിരുന്നു എന്നും അലക്സിയ പറയുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതം അവൾ ലോകവുമായി പങ്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. അലക്സിയ വിശ്വസിക്കുന്നത് വരും കാലത്ത് അനേകം സ്ത്രീകൾ തന്നെ പോലുള്ളവർ പിന്തുടരുന്ന ഈ ജീവിതരീതി പിന്തുടരും എന്നാണ്. 

എന്നാൽ, സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് അലക്സിയയ്ക്ക് കിട്ടുന്നത്. ചിലർ അവളെ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ കഠിനമായി വിമർശിക്കുന്നുമുണ്ട്.

വർഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് സ്ത്രീകൾക്ക് പൊതുവിടങ്ങളിൽ ഇടമുറപ്പിക്കാനായത്. അത്തരം മുന്നേറ്റങ്ങളെ അപഹസിക്കുകയാണ് tradwives ട്രെൻഡിനെ റൊമാന്‍റിസൈസ് ചെയ്യുന്നവര്‍ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

Follow Us:
Download App:
  • android
  • ios