കേരളത്തിന്റെ മുന്നോട്ടുപോക്കുകളെ സക്രിയമായി പുനരാഖ്യാനം ചെയ്യുകയായിരുന്നു ലാഭേച്ഛ തീണ്ടാത്ത ഈ മനുഷ്യന്‍. എന്നാല്‍, അതിന്റെ സാംസ്‌കാരിക ചരിത്രപരമായ പ്രാധാന്യമോ അമൂല്യതയോ കേരളമൊരിക്കലും തിരിച്ചറിഞ്ഞേയില്ല. ആ ചിത്രങ്ങളെ ഭാവിയിലേക്ക് ഉചിതമായ വിധത്തില്‍ സൂക്ഷിച്ച് വെക്കാനുള്ള സാംസ്‌കാരിക ബാധ്യത പോലും കേരളം കാണിച്ചുമില്ല.  ഇതിലദ്ദേഹം ദു:ഖിതനുമായിരുന്നു. ഈ ചിത്രങ്ങള്‍ ആര്‍ക്കും വേണ്ടാതെ പോവുമെന്ന് അദ്ദേഹം സങ്കടപ്പെട്ടു.

 

 

കളര്‍ ചിത്രങ്ങള്‍ വന്നതോടെയാണ് തന്റെ ലോകം മാറിയതെന്ന് പറയുന്നൊരു പഴമട്ടുകാരന്‍. പുനലൂര്‍ രാജെനന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫറെ ആദ്യമായി അടുത്തറിഞ്ഞ നാള്‍ ഉള്ളിലുണര്‍ന്നത് അത്തരമൊരു തോന്നലാണ്. ഡിസി ബുക്‌സ് പുറത്തിറക്കിയ 'പുനലൂര്‍ രാജന്‍: ഓര്‍മ്മ ഛായ' എന്ന പുസ്തകത്തിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് ആദ്യം അദ്ദേഹത്തെ അറിയുന്നത്.  ഫോട്ടോഗ്രാഫറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ സമ്പൂര്‍ണ്ണമായി ചിത്രപ്പെടുത്തുന്ന ഒരു പുസ്തകമായിരുന്നു അത്.  രത്‌നാകരേട്ടനായിരുന്നു (മാങ്ങാട് രത്‌നാകരന്‍ ) ആ ശ്രമത്തില്‍ കൂട്ട്.

കളര്‍ ചിത്രങ്ങള്‍ വന്നതോടെ, മനുഷ്യരുടെ ഫോട്ടോ കാണല്‍ പ്രക്രിയയില്‍ ഉണ്ടായ ഭാവനാരാഹിത്യത്തെക്കുറിച്ച് ആഴത്തില്‍ സങ്കടപ്പെട്ടിരുന്ന ഒരാളായാണ് സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ മനസ്സിലാക്കിയത്. കളര്‍ ചിത്രങ്ങള്‍ സര്‍വവസാധാരണമായ ഒരു കാലത്ത് ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്കതില്‍ അതിശയമാണ് തോന്നിയത്. മാറാനുള്ള മടിയോ പുതിയവ അംഗീകരിക്കാനുളള വിസമ്മതമോ ഒക്കെ ആയാണ് ഞാനത് മനസ്സിലാക്കിയത്. എന്നാല്‍, പിന്നീട്, ചുറ്റുമുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രേരകമായി. കളര്‍ ഫോട്ടോഗ്രാഫിക്കും ഡിജിറ്റല്‍ പബ്ലിഷിംഗില്‍ ഉണ്ടായ മാറ്റങ്ങള്‍ക്കും ശേഷം ലോകമാകെ ഉണ്ടായ വര്‍ണ്ണങ്ങളുടെ ആധിക്യമായിരുന്നു ചുറ്റിലും. കലാനിരൂപകര്‍ ദൃശ്യമലിനീകരണം എന്നുപോലും വിശേഷിപ്പിച്ച നിറങ്ങളുടെ അതിസാരം. അതിന്റെ തുടര്‍ച്ചയായിരുന്നു  ലോകമാകെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കുകള്‍ ഉണ്ടായത്. വമ്പന്‍ ഡിസൈനുകളില്‍നിന്നും മിനിമല്‍ ഡിസൈനുകളിലേക്കും നിറങ്ങള്‍ വാരിപ്പൂശിയ ഫോട്ടോഗ്രാഫിയില്‍നിന്നും കറുപ്പും വെളുപ്പം പ്രതലങ്ങളില്‍ ലോകത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളിലേക്കുമുള്ള മാറ്റം, വര്‍ണ്ണപ്പകര്‍ച്ചയുടെ അതിവര്‍ഷത്തില്‍നിന്നുമുള്ള രക്ഷപ്പെടലുകള്‍ പോലെയായി അത് മാറി. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ കുടുങ്ങിപ്പോയ ഒരാളുടെ പരിഭവമോ പരിദേവനമോ അല്ല രാജേട്ടന്‍ വാദിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ കാരണമായത് സ്വയമറിഞ്ഞ ഈ മാറ്റങ്ങളായിരുന്നു. ക്യാമറക്കണ്ണിലൂടെ വിവര്‍ത്തനം ചെയ്യാനുദ്ദേശിക്കുന്ന ഇമേജുകളും, ആസ്വാദകരും ആ ചിത്രങ്ങളും തമ്മിലുള്ള സൗന്ദര്യാത്മകമായ കൊടുക്കല്‍ വാങ്ങലുകളുമാണ് കാലങ്ങളായി രാജേട്ടന്‍ ഉച്ചത്തില്‍ ഉദ്ദേശിച്ചു കൊണ്ടിരുന്നത് എന്ന് മനസ്സിലായി.  

സത്യത്തില്‍, കാലമായിരുന്നു, പുനലൂര്‍ രാജേട്ടനെ എനിക്ക് മനസ്സിലാക്കി തന്നത്. 'പഴമയെ സ്‌നേഹിക്കുന്ന പഴഞ്ചന്‍' എന്ന തോന്നലില്‍നിന്നും ധ്യാനഭരിതമായ ഒരനുഭവമായി ഫോട്ടോഗ്രാഫിയെ സമീപിച്ച ഋഷിതുല്യനായ ഒരാളാണ് പുനലൂര്‍ രാജന്‍ എന്ന തോന്നലിലേക്ക് എന്നെ എത്തിച്ചത് കാലം തന്നെയായിരുന്നു. 

 

..........................................................

Read more: കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ് 

തകഴി: ഫോട്ടോ പുനലൂര്‍ രാജന്‍
 

സ്‌പേസ് കുറയുന്നതിനാല്‍ ഡിലീറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ ഭാരം നിറഞ്ഞൊരു ലോകമാണിത്. ഉദ്ദേശ്യരഹിതമായ ചിത്രങ്ങളുടെ ബാഹുല്യം അത്രയേറെയുണ്ട്.  ശരിയായ അനുപാതത്തിലുള്ള നിഴലിനും വെളിച്ചത്തിനും വേണ്ടിയുള്ള ഫോട്ടോഗ്രാഫറുടെ കാത്തിരിപ്പിന്റെ പൂര്‍ണ്ണതയാണ് ഓരോ ചിത്രത്തെയും പൂര്‍ണ്ണമാക്കുന്നത്. തെളിവിനായി ഖനനാവശേഷിപ്പുകള്‍ പ്രതീക്ഷിച്ചിരിക്കുന്ന ചരിത്രമെഴുത്തുകാരുടെ കാത്തിരിപ്പു പോലെയാണ് ഫോട്ടോഗ്രാഫറുടെ ആ ധ്യാനം. പുനലൂര്‍ രാജന്‍ പകര്‍ത്തിയ നിമിഷങ്ങള്‍ ചരിത്രമാവുന്നത് അതുകൊണ്ടാണ്. 

പകര്‍ത്തിയ ഓരോ ചിത്രത്തിന്റെയും ചരിത്രപരമായ മൂല്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യം പുനലൂര്‍ രാജനുണ്ടായിരുന്നു. കോഴിക്കോട്ടെ തിരുവണ്ണൂരിലുള്ള സനഡുവിലെ മുറിയിലുള്ള വലിയ പെട്ടിയിലും അലമാരയിലുമായി ഫിലിമുകളായും ഫോട്ടോകളായും സി ഡി കളായും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാണ് അദ്ദേഹം അടുക്കി വെച്ചത്. ഒരു ചരിത്രകാരന്റെ സൂക്ഷ്മതയോടെയായിരുന്നു ആ അടുക്കിവെപ്പ്. മണ്‍മറഞ്ഞവര്‍ മാത്രമായിരുന്നില്ല ആ ചിത്രങ്ങളില്‍ കണ്‍തുറന്നുനിന്നത്.  ഒഴുകിപ്പോയ ഒരു കാലവും അക്കാലത്തെ മനുഷ്യ ബന്ധങ്ങളും ആഴമുള്ള സാംസ്‌കാരിക വിനിമയങ്ങളും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുടെ ആകാശങ്ങളും ആ ഫോട്ടോഗ്രാഫുകളില്‍ ഉണര്‍ന്നുനിന്നു.

 

..............................................................

Read more: 'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'


ശാരദ: ഫോട്ടോ പുനലൂര്‍ രാജന്‍

 

ഡോക്യുമെന്‍േറഷന്‍ എന്നും ആര്‍ക്കൈവല്‍ ഫോട്ടോഗ്രാഫി എന്നും കേരളം ചര്‍ച്ച ചെയ്യാത്ത കാലത്തായിരുന്നു ഈ മനുഷ്യന്‍ കാലത്തെ കൂട്ടിലാക്കിയത്. വരുംകാലത്തിനു വേണ്ടി അവ സൂക്ഷിച്ചുവെച്ചത്. വാസ്തവത്തില്‍, കേരളത്തിന്റെ മുന്നോട്ടുപോക്കുകളെ സക്രിയമായി പുനരാഖ്യാനം ചെയ്യുകയായിരുന്നു ലാഭേച്ഛ തീണ്ടാത്ത ഈ മനുഷ്യന്‍. എന്നാല്‍, അതിന്റെ സാംസ്‌കാരിക ചരിത്രപരമായ പ്രാധാന്യമോ അമൂല്യതയോ കേരളമൊരിക്കലും തിരിച്ചറിഞ്ഞേയില്ല. ആ ചിത്രങ്ങളെ ഭാവിയിലേക്ക് ഉചിതമായ വിധത്തില്‍ സൂക്ഷിച്ച് വെക്കാനുള്ള സാംസ്‌കാരിക ബാധ്യത പോലും കേരളം കാണിച്ചുമില്ല. 

ഇതിലദ്ദേഹം ദു:ഖിതനുമായിരുന്നു. ഈ ചിത്രങ്ങള്‍ ആര്‍ക്കും വേണ്ടാതെ പോവുമെന്ന് അദ്ദേഹം സങ്കടപ്പെട്ടു. വെയിലും മഴയും അവഗണനയും മറന്ന് താന്‍ ഡോക്യുമെന്റ് ചെയ്ത ചിത്രങ്ങള്‍ പാഴായിപ്പോയല്ലോ എന്ന്  നിരാശനായി. മുറിയിലെ വലിയ പെട്ടിയില്‍ സൂക്ഷിച്ച പഴയ ഫിലിമുകളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച ഫോട്ടോഗ്രാഫി പുസ്തകങ്ങളും, വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വ വിഖ്യാതമായ കത്തിയുമെല്ലാം, വലിയ സാംസ്‌കാരിക മുതല്‍ക്കൂട്ടുകളാണെന്ന് സ്വയം പറഞ്ഞു. തിരസ്‌കാരത്തിന്റെയും അവഗണനയുടെയും കഥകള്‍ മാത്രമാണ് സനഡുവിലേക്കുള്ള ഓരോ സന്ദര്‍ശനത്തിലും രാജേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നത്. ഒപ്പം, ക്രെഡിറ്റ് നല്‍കാതെ തന്റെ ഫോട്ടോകള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത ദുഃഖവും ദേഷ്യവുമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇതിനെതിരെ വ്യവഹാരത്തിനുവരെ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ ലോകത്തോടു തന്നെ വിവരണാതീതമായൊരു  ദേഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ദേഷ്യവും ദുഃഖവും  തീര്‍ത്ത ഏകാന്തതയെ തന്റെ ഭാഗമാക്കുകയും ആഘോഷഭരിതമായ ജീവിത സ്മരണകളെ തന്റെ ലോകമാക്കുകയും ചെയ്യുകയായിരുന്നു രാജേട്ടന്‍.

 

....................................................................

Read more: പാര്‍ട്ടി കോണ്‍ഗ്രസിലെ കെ.പി.എ.സി ലളിത! 
 

കെ പി എസി ലളിത: ഫോട്ടോ പുനലൂര്‍ രാജന്‍

 

ഫോട്ടോഗ്രഫി ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ പഴയ ഫോട്ടോകളെല്ലാം അദ്ദേഹം സി ഡി യിലാക്കി വെച്ചു. 'ഓര്‍മ്മ ഛായ' എന്ന പുസ്തകത്തിന് ഏറെ സഹായിച്ചത് ആ സി ഡി ആയിരുന്നു.  ബഷീറെന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ നിനവില്‍ വരുന്ന ബഷീര്‍ പുനലൂര്‍ രാജന്‍ ക്യാമറയിലൂടെ കണ്ട വൈക്കം മുഹമ്മദ് ബഷീറാണ്. തകഴി ശിവശങ്കരപ്പിള്ള എന്ന കുട്ടനാടന്‍ കര്‍ഷകനെ പുനലൂര്‍ രാജന്‍ പകര്‍ത്തിയിട്ടുണ്ട്. പക്ഷേ, തകഴിയുടെ ശരീരത്തിലെ കര്‍ഷക ഭാഷയെ സമര്‍ത്ഥമായി ആവിഷ്‌കരിച്ച ആ ചിത്രങ്ങള്‍ എന്തുകൊണ്ടോ ആഘോഷിക്കപ്പെട്ടില്ല; ഫിലിമില്‍ കൊത്തിയ ചരിത്രങ്ങള്‍ ചിലരുടെ ഓര്‍മ്മകളില്‍ മാത്രം ബാക്കിയായി. 

 

....................................................................

Read more: വീട്ടിലെ വയലാര്‍! 

വയലാര്‍ രാമവര്‍മ്മ: ഫോട്ടോ പുനലൂര്‍ രാജന്‍

 

പുസ്തകവുമായി ബന്ധപ്പെട്ട നീണ്ട സംസാരങ്ങളും ഇടപെടലുകളും വ്യക്തിപരമായ ഓര്‍മ്മകളുമെല്ലാം മനസ്സിലിപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. രാജേട്ടനുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരദ്ധ്യായമാണ് ആ നിലവിളക്ക്. ഇതുവരെ കത്തിക്കാത്ത പഴയ ആ ഓട്ടുവിളക്ക് ഇപ്പോഴുമുണ്ട് എന്റെ വീട്ടില്‍. ഒരിക്കല്‍ 'നീ ഇതു വെച്ചോ' എന്നു പറഞ്ഞു അത് കയ്യില്‍ അമര്‍ത്തി വെച്ച് തന്നതാണ് രാജേട്ടന്‍. സന്ധ്യയ്ക്ക് വിളക്ക് കൊളുത്താത്ത വീട്ടിലത് കാഴ്ചവസ്തുവായി ഇരിക്കുകയായിരുന്നു ഇക്കാലമത്രയും.  ഇനിയാ വിളക്ക് തെളിയുന്നത് രാജേട്ടന്‍ ബാക്കി വെച്ചു പോയ ഓര്‍മ്മകളിലായിരിക്കും.

 

Read more: പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള ഇ. എം.എസ് .

Read more:  ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല! 

Read more: പുനലൂര്‍ രാജന്‍ പകര്‍ത്തിയ ടി പത്മനാഭന്റെ അപൂര്‍വ്വചിത്രം!