Asianet News MalayalamAsianet News Malayalam

21 -ാം വയസിൽ കന്യകയാണോ എന്ന് പരിശോധന, ആട്ടവും പാട്ടും സമ്മാനങ്ങളുമായി ആഘോഷവും

ഈ ചടങ്ങ് സ്ത്രീകളുടെ മേല്‍ തങ്ങളുടെ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ചും തെംബാല ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരെ ബഹുമാനിക്കണമെന്നത് മാത്രമല്ല പുരുഷാധിപത്യം തങ്ങളിലടിച്ചേല്‍പ്പിക്കുന്നത്, സ്ത്രീകളുടെ ലൈംഗികജീവിതം വരെ നിയന്ത്രിക്കുന്നതാണ് ഇത്തരം ചടങ്ങുകള്‍. 

Umemulo tradition among Zulu people
Author
South Africa, First Published Nov 23, 2020, 3:53 PM IST

പല സംസ്‌കാരങ്ങളിലും 21 വയസാവുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നൈയാണ്. എന്നാല്‍, സൗത്ത് ആഫ്രിക്കയിലെ സുലു ഗോത്രവിഭാഗത്തില്‍ പെടുന്ന സ്ത്രീയാണ് 21 വയസിലെത്തുന്നതെങ്കില്‍ അതിന് കൂടുതല്‍ പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് കന്യകയായ 21 -കാരി കൂടിയാണെങ്കില്‍ അതിന്റെ പ്രാധാന്യം വർധിക്കും. അങ്ങനെ പരിശോധിക്കുന്ന ചടങ്ങ് അവർക്ക് ആഘോഷമാണ് ഉമെമൂലോ എന്നാണ് അത് അറിയപ്പെടുന്നത്. ആ അനുഭവം എഴുതിയിരിക്കുകയാണ് vice.com -ല്‍ തെംബാല മഖൂബ എന്ന യുവതി. 

മറ്റ് പലരെയും എന്നതുപോലെ തന്നെ സുലു ഗോത്രത്തിനിടയിലും വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മോശപ്പെട്ട കാര്യമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍, സ്ത്രീകള്‍ കന്യകകളാണോ എന്നറിയുന്നതിന് പ്രത്യേകം ആചാരം തന്നെ നിലവിലുണ്ട്. 21 -ാമത്തെ വയസില്‍ സ്ത്രീകള്‍ക്ക് കന്യകയാണോ എന്ന പരിശോധന നടത്തുകയും വിവാഹം പോലെ വലിയ ചടങ്ങോടെ ഇത് കൊണ്ടാടുകയുമാണ് ചെയ്യുന്നത്. സ്ത്രീകള്‍ കന്യകകളാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ അവരെ ആദരിക്കുകയും ചെയ്യും. അതിന്റെ ഭാഗമായി പശുവിനെ അറക്കുകയും ആഘോഷത്തിലെത്തുന്ന ആളുകള്‍ യുവതിക്ക് പണവും സമ്മാനങ്ങളും നല്‍കുകയും ചെയ്യുന്നു. 

തനിക്ക് 21 വയസാവുന്നതിന് ആറ് മാസം മുമ്പ് തന്നെ തന്റെ വീട്ടിലും ചടങ്ങിനുള്ള ഒരുക്കങ്ങളാരംഭിച്ചുവെന്ന് തെംബാല എഴുതുന്നു. വലിയ ചെലവ് വരുമെന്നുള്ളതുകൊണ്ടുതന്നെ ആറ് മാസം മുമ്പ് പണം സ്വരൂക്കൂട്ടിത്തുടങ്ങി. താന്‍ കന്യകയാണോ എന്നറിയാന്‍ അമ്മ തമാശ പോലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. കന്യകയല്ലെങ്കില്‍ തങ്ങള്‍ സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെടുമെന്ന് അമ്മ കരുതിയിട്ടുണ്ടാവണം. 21 വയസാവുന്നതിന് ഒരുമാസം മുമ്പ് വേറൊരു പെണ്‍കുട്ടിയുടെ ഉമെമൂലോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അമ്മ തന്നെയും കൂടെക്കൂട്ടിയ കാര്യം തെംബല എഴുതുന്നുണ്ട്. മറ്റുള്ളവരുടെ വീട്ടില്‍ പോയാലേ അവിടുത്തെ പെണ്‍കുട്ടികള്‍ തങ്ങളുടെ വീട്ടിലേക്കും ചടങ്ങിന് വരൂ എന്നാണ് അമ്മ പറഞ്ഞത്. മാത്രവുമല്ല, അവിടെ ചെല്ലുന്ന മറ്റ് പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ കന്യകയാണോ എന്ന പരിശോധന നടത്തുന്നുണ്ട്. അവിടെവച്ച് ഒരു മുറിയില്‍ സ്ത്രീകള്‍ ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. തന്റെ അടിവസ്ത്രം അഴിപ്പിക്കുകയും അവർ തന്നെ പരിശോധിക്കുകയും ചെയ്തുവെന്നും തെംബാല എഴുതുന്നു.  

സ്വന്തം വീട്ടിലെ ചടങ്ങില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. പരമ്പരാഗതരീതിയനുസരിച്ച് മുകള്‍ഭാഗത്ത് വസ്ത്രങ്ങളൊന്നും ധരിക്കില്ല. എന്നാല്‍, മാറില്‍ പശുവിന്റെ തോല്‍ ധരിപ്പിക്കും. തോല്‍ കണ്ണീര് വീണ് നനഞ്ഞിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടി കള്ളം പറയുകയാണ് എന്ന് വിശ്വസിക്കും. എന്നാല്‍, തന്റെ ചടങ്ങ് നന്നായി കഴിഞ്ഞു. മാതാപിതാക്കള്‍ സമ്മാനമായി തനിക്ക് നല്‍കിയത് കാറാണ്. ചടങ്ങിന് അലങ്കാരവും ഭക്ഷണവും എല്ലാം കൂടി മാതാപിതാക്കള്‍ നാല് ലക്ഷം രൂപയോളം ചെലവാക്കി. അമ്പതിനായിരത്തോളം രൂപയാണ് സമ്മാനമായി കിട്ടിയത് -തെംബാല എഴുതുന്നു. 

ഈ ചടങ്ങ് സ്ത്രീകളുടെ മേല്‍ തങ്ങളുടെ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ചും തെംബാല ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരെ ബഹുമാനിക്കണമെന്നത് മാത്രമല്ല പുരുഷാധിപത്യം തങ്ങളിലടിച്ചേല്‍പ്പിക്കുന്നത്, സ്ത്രീകളുടെ ലൈംഗികജീവിതം വരെ നിയന്ത്രിക്കുന്നതാണ് ഇത്തരം ചടങ്ങുകള്‍. എന്നാല്‍, പുരുഷന്മാര്‍ക്ക് ഇത്തരത്തിലുള്ള തെളിയിക്കലുകളുടെയൊന്നും ആവശ്യമില്ല. ഈ ചടങ്ങ് നിര്‍ത്തലാക്കണം എന്ന് താന്‍ പറയില്ല. പക്ഷേ, സ്ത്രീകളുടെ സദാചാരം എന്തുകൊണ്ടാണ് പുരുഷന്മാരേക്കാള്‍ കൂടുതലാവുന്നത് എന്നും അവര്‍ ചോദിക്കുന്നു. പെണ്‍കുട്ടികള്‍ വിവാഹം വരെ കന്യകയായി തുടരണമെന്നാണ് അവരാ​ഗ്രഹിക്കുന്നതെങ്കിൽ അവര്‍ വിവാഹം കഴിക്കുന്ന പുരുഷന്മാരും അങ്ങനെയാണ് എന്നുറപ്പിക്കേണ്ടതല്ലേ എന്ന ചോദ്യവും തെംബാല ഉയര്‍ത്തുന്നുണ്ട്. 

തന്റെ മാതാപിതാക്കളോട് ഈ പ്രശ്നം ഉന്നയിക്കുക അസാധ്യമാണ്. അങ്ങനെ ചെയ്താൽ താന്‍ ഒരുപാട് പഠിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്. ആയിരക്കണക്കിന് പെൺകുട്ടികൾ അവിടെ ഇത്തരം ആചാരം ഇഷ്ടപ്പെടുന്നവരായുണ്ട്. ഇതിൽ തെരഞ്ഞെടുക്കാനുള്ള പെൺകുട്ടികളുടെ അവകാശം കൂടി ഉൾപ്പെട്ടിരുന്നുവെങ്കിൽ അത് മനോഹരമായേനെ. എന്റെ ചടങ്ങിനെ ഞാനിഷ്ടപ്പെടുന്നതുപോലെ തന്നെ ഞാനൊരു കന്യകയല്ലെന്ന് അവർ പറഞ്ഞിരുന്നുവെങ്കിൽ എന്തുണ്ടായിരുന്നുവെന്നോർക്കുമ്പോൾ താനതിനെ വെറുക്കുകയും ചെയ്യുന്നുവെന്നും തെംബാല എഴുതുന്നു.

(ചിത്രം: വിക്കിപീഡിയ, By MduKhanyile)

Follow Us:
Download App:
  • android
  • ios