പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന്  മൂന്ന് പ്രണയാര്‍ദ്ര ലളിതഗാനങ്ങള്‍. ഹേമാമി എഴുതുന്നു 

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. 


പാടി മറന്നൊരു പല്ലവിയോ 

പാടി മറന്നൊരു പല്ലവിയോ നാം,
പാടാന്‍ മറന്നൊരു ഈരടിയോ

മൂളാന്‍ കൊതിച്ച മോഹചരണത്തിന്‍ 
സ്വരതാളമായോ നീയും ഞാനും


(പാടി മറന്നൊരു)


മഴയായ് പെയ്തു നീ കുളിരു പകരുമ്പോള്‍
ലതയായ് തളിരിട്ടു പൂത്തിടാം ഞാന്‍.

തംബുരു മീട്ടി നീ താരാട്ടു പാടുമ്പോള്‍
ആ രാഗലഹരിയില്‍ ഒഴുകിടാം ഞാന്‍
ഒരു താമരയായ് വിരിഞ്ഞു നില്‍ക്കാം

(പാടി മറന്നൊരു)

ഇളകും കുറുനിര തഴുകും കാറ്റിന്‍ 
അലകളില്‍ തലചായ്ച്ചു നീ മയങ്ങുമ്പോള്‍
ഒരു തേന്‍ മധുരം കിനിയും ചുണ്ടിനാല്‍
നറുമണമേകി ഞാന്‍ ഉമ്മ വെയ്ക്കും
ശിവപാര്‍വതിപോല്‍ ചേര്‍ന്നിരിക്കും.

(പാടിമറന്നൊരു)

കണിക്കൊന്ന പൂത്തപ്പോള്‍ 
ഗോപികയായ് ഞാന്‍

ഗോപീകൃഷ്ണാ ഗോപാലകൃഷ്ണാ 
ഗോപികമാരുടെ മായക്കണ്ണാ 
മുരളികയൂതി മായകള്‍ കാട്ടി 
മനതാരില്‍ നീ നിറയുന്നു
എന്‍ ഹൃദയത്തില്‍ നൃത്തമാടുന്നു. 

(ഗോപീകൃഷ്ണാ)

വാകച്ചാര്‍ത്തു തൊഴുതു ഞാന്‍ നിന്നപ്പോള്‍ 
വാതില്‍ പഴുതിലൂടെ നോക്കിയില്ലേ നീ 
കള്ളക്കണ്ണടച്ചെന്നെ വിളിച്ചില്ലേ നിന്റെ
മാറിലായ് മയങ്ങുവാന്‍ ക്ഷണിച്ചില്ലേ. 

(ഗോപീകൃഷ്ണ)

ഓട്ടുരുളിയില്‍ നിന്റെ വികൃതികള്‍ കാണുവാന്‍ 
കുന്നിക്കുരു മണികള്‍ നിറച്ചില്ലേ 
അതിലെന്റെ പേരു ഞാന്‍ എഴുതിയില്ലേ
നിന്റെ കാതിലെന്‍ നാമം കൊഞ്ചി ചൊല്ലിയില്ലേ. 

(ഗോപീകൃഷ്ണാ)

കണിക്കൊന്ന പൂത്തപ്പോള്‍ ഗോപികയായ് ഞാന്‍ 
പൊന്‍കണിയായി നീ നിന്ന നേരം 
നൈവേദ്യമായെന്റെ പ്രേമം ഞാന്‍ നല്‍കുന്നു
സ്വീകരിക്കു ദേവാ അനുരാഗമായ്. 

(ഗോപീകൃഷ്ണാ)


രതി മോഹിനീ നീ... 

ആദ്യമായ്ക്കണ്ടൊരാ സ്വപ്നരഥത്തിലെ 
രാജകുമാരിയെ തിരയുന്നു ഞാന്‍ 

പൂവിട്ടു നീ എന്നിലാദ്യാനുരാഗമായ് 
പൂമണം വീശി സുഗന്ധമായി. 

(ആദ്യമായ്)

എന്തിനു വന്നെന്റെ ചാരത്തു നിന്നു നീ
പൂക്കാലം പോലെ പ്രതീക്ഷ നല്‍കി 

എന്റെ ചിത്തത്തിന്റെ ചിത്രത്തില്‍ നീയൊരു 
ശൃംഗാര ജാലകം തുറന്നു വെച്ചു. 

(ആദ്യമായ് )

രതി മോഹിനിയായി നീ അലിഞ്ഞീടവെ 
മധുനുകരും വര്‍ണ്ണ ശലഭമായ് ഞാന്‍

മായികകാഴ്ചയിലായി ഞാന്‍ പിന്നെയും
കാതോര്‍ത്തിരുന്നു നിന്‍ വരവിനായി. 

(ആദ്യമായ് )

മതിലേഖ മാഞ്ഞുപോയ് മുകില്‍മുടിക്കുള്ളിലായ് 
മഴമുല്ല തോരണം ചാര്‍ത്തി നിന്നു 

എന്തിനു വന്നു നീയെന്‍ സ്വപ്നവീഥിയില്‍ 
എന്തിനായ് എന്നെ നീ തൊട്ടുണര്‍ത്തി. 

(ആദ്യമായ് ).